Lok Sabha Election 2024

പ്രചാരണത്തിനിടെ കനയ്യ കുമാറിനുനേരെ ആക്രമണം; ബിജെപിയെന്ന് കോണ്‍ഗ്രസ്

വെബ് ഡെസ്ക്

നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കനയ്യ കുമാറിനുനേരെ ആക്രമണം. നന്ദ്‌നഗരിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. പൂമാല അണിയിക്കാനെന്ന വ്യാജേന എത്തിയ എട്ടോളം പേരടങ്ങിയ സംഘം കനയ്യയെയും പ്രവര്‍ത്തകരെയും കയ്യേറ്റം ചെയ്യുകയായിരുന്നു. കനയ്യക്കുനേരെ സംഘം മഷിയെറിഞ്ഞു.

കനയ്യയുടെ ഒപ്പമുണ്ടായിരുന്നവര്‍ ആക്രമണം തടയാന്‍ ശ്രമിച്ചു. ആം ആദ്മി പാര്‍ട്ടി വനിതാ കൗണ്‍സിലര്‍ ഛായ ഗൗരവ് ശര്‍മയോട് അക്രമികള്‍ അപമര്യാദയായി പെരുമാറിയെന്നും പരാതിയുണ്ട്. കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. ബിജെപി സ്ഥാനാര്‍ഥി മനോജ് തിവാരിയുടെ അനുയായികളാണ് ആക്രമണത്തിനു പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഛായയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

താനും കനയ്യ കുമാറും കര്‍താര്‍ നഗറിലെ പാര്‍ട്ടി ഓഫീസില്‍നിന്ന് ഇറങ്ങുമ്പോള്‍ ഏഴോ എട്ടോ പേര്‍ അടങ്ങുന്ന സംഘം അദ്ദേഹത്തെ ഹാരമണിയിക്കാനെത്തുകയും മഷി എറിയുകയും തുടര്‍ന്ന് മര്‍ദിക്കുകയും ചെയ്തുവെന്ന് ഛായ പരാതിയില്‍ പറയുന്നു. നാലോളം സ്ത്രീകള്‍ക്ക് പരുക്കേറ്റതായും ഒരു വനിതാ മാധ്യമപ്രവര്‍ത്തക അഴുക്കുചാലില്‍ വീണതായും പരാതിയില്‍ പറയുന്നു. അക്രമികള്‍ തന്നെ ഒരുവശത്തേക്കു തള്ളിമാറ്റിയെന്നും ഭര്‍ത്താവിനെയും തന്നേയും കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഛായ പരാതിയില്‍ പറയുന്നു.

പരാതി പരിശോധിച്ച് വരികയാണെന്നും ശേഷം നടപടിയെടുക്കുമെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. സംഘത്തിലുള്ളവര്‍ കറുത്ത മഷി എറിയുന്നതിന്റെ വീഡിയോ പുറത്തുവന്നു. കയ്യേറ്റം തുടങ്ങുന്നതിനു മുന്‍പ് 'കനയ്യയെ ഇപ്പോള്‍ ആക്രമിക്കുമെന്ന്' ഒരാള്‍ പറയുന്നത് കേള്‍ക്കാം.

നേരത്തെ, കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തിനെതിരെ കോണ്‍ഗ്രസില്‍ തന്നെ തര്‍ക്കമുണ്ടായിരുന്നു. കനയ്യ പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയാണെന്ന് ആരോപിച്ച് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും പോസ്റ്റര്‍ പ്രചാരണം നടത്തുകയും ചെയ്തിരുന്നു. കനയ്യയ്ക്കു സീറ്റ് നല്‍കിയത് അടക്കമുള്ള വിഷയങ്ങളെത്തുടര്‍ന്നാണ് പിസിസി അധ്യക്ഷനായിരുന്ന അര്‍വിന്ദര്‍ സിങ് ലവ്‌ലി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും