Lok Sabha Election 2024

കണ്ണൂരിന്റെ കെ എസ് ആയി കസറി സുധാകരന്‍

തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക സുധാകരനുണ്ടായിരുന്നു

വെബ് ഡെസ്ക്

കണ്ണൂരില്‍നിന്ന് രണ്ടാമതും ലോക്സഭയിലേക്ക് കെ സുധാകരന്‍. ഇക്കുരി അപ്രതീക്ഷിതമായാണ് സ്ഥാനാര്‍ഥിത്വം കെ സുധാകരനെ തേടിയെത്തിയത്. പാര്‍ട്ടിയുടെ തീരുമാനം ഒട്ടും തെറ്റിയില്ലെന്നാണ് സുധാകരന്റെ വിജയം കാണിക്കുന്നത്. സിപിഎമ്മിന്റ എം വി ജയരാജനെ  108982 ഭൂരിപക്ഷത്തിലാണ് സുധാകരന്‍ തോല്‍പ്പിച്ചത്. കെ സുധാകരന്‍ 518524 വോട്ട് നേടിയപ്പോള്‍ ജയരാജന്‍ 409542 വോട്ടും ബിജെപിയുടെ സി രഘുനാഥ് 119876 വോട്ടും നേടി.

ഏറെ അനിശ്ചിതത്വത്തിന് ശേഷമാണ് കെ സുധാകരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി വീണ്ടും കണ്ണൂരിലെത്തിയത്. കെപിസിസി പ്രസിഡന്റ് ആയതിനാല്‍ മത്സരിക്കാന്‍ താത്പ്യമില്ലെന്ന് സുധാകരന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചു. എന്നാല്‍, സിറ്റിങ് എംപിമാര്‍ എല്ലാവരും മത്സരിക്കണമെന്ന ഹൈക്കമാന്‍ഡിന്റെ നിലപാടിന് മുന്നില്‍ സുധാകരന്റെ കടുംപിടിത്തം വിലപ്പോയില്ല. തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്ക സുധാകരനുണ്ടായിരുന്നു. തൃശൂരില്‍ ടിഎന്‍ പ്രതാപനെ മാത്രം ഒഴിവാക്കി എഐസിസി സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. അപ്പോഴേക്കും എല്‍ഡിഎഫ് പ്രചാരണത്തില്‍ ഒു റൗണ്ട് പിന്നിട്ടിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനെ സിപിഎം രംഗത്തിറക്കി.

കെ സുധാകരൻ

എന്ത് വിലകൊടുത്തും സുധാകരന്റെ മണ്ഡലം പിടിച്ചെടുക്കുമെന്ന വാശിയിലായിരുന്നു സിപിഎം. നിയമസഭ തിരഞ്ഞെടുപ്പ് വിജയവും ഭരണമികവും ചൂണ്ടിക്കാട്ടിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. മറുവശത്ത്, ബിജെപി കളത്തിലിറക്കിയത് സുധാകരന്റെ വിശ്വസ്തനായിരുന്ന സി രഘുനാഥിനെയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് പിണറായി വിജയന് എതിരെ മത്സരിച്ച രഘുനാഥ്, സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടിവിടുകയായിരുന്നു. സുധാകരന് വേണ്ടി നിരന്തരം പോരാടിയ തന്നെ അദ്ദേഹം അവഗണിച്ചു എന്നായിരുന്നു രഘുനാഥിന്റെ ആരോപണം. അഞ്ചു പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചുള്ള രഘുനാഥിന്റെ വരവ് വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇത്തവണ കോണ്‍ഗ്രസില്‍നിന്ന് പുറത്തായ മമ്പറം ദിവാകരനും മത്സര രംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്‍മാറി. ധര്‍മടത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ 2011ലും 2016ലും സിപിഎമ്മിനെതിരെ മത്സരിച്ചത് മമ്പറം ദിവാകരനാണ്.

എംവി ജയരാജന്‍

തളിപ്പറമ്പ്, ഇരിക്കൂര്‍, അഴീക്കോട്, കണ്ണൂര്‍, ധര്‍മടം, മട്ടന്നൂര്‍, പേരാവൂര്‍ എന്നീ ഏഴ് നിയസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ്കണ്ണൂര്‍ ലോക്‌സഭ മണ്ഡലം. നിയമസഭാ മണ്ഡലങ്ങളില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ. തളിപ്പറമ്പ്, അഴീക്കോട്, ധര്‍മടം, മട്ടന്നൂര്‍, കണ്ണൂര്‍ എന്നീ മണ്ഡലങ്ങള്‍ ഇടതുമുന്നണിക്കൊപ്പം നില്‍ക്കുമ്പോള്‍ മുസ്ലിം ലീഗിന്റെ ബലത്തില്‍ പേരാവൂരും ഇരിക്കൂറുമാണ് യുഡിഎഫ് നേടിയത്.

2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കെ സുധാകരന്‍ നേടിയത് 529,741 വോട്ട്. 50.74 ശതമാനം വോട്ടാണ് സുധാകരന് ലഭിച്ചത്. 4,35,182 വോട്ടാണ് സിപിഎമ്മിന് വേണ്ടി കളത്തിലിറങ്ങിയ സിറ്റിങ് എംപി പികെ ശ്രീമതിക്ക് ലഭിച്ചത്. ബിജെപിയുടെ സികെ പത്മാനഭന് 68,509 വോട്ടും ലഭിച്ചു. 94,559 വോട്ടിനാണ് സുധാകരന്‍ ജയിച്ചത്.

സിപിഎമ്മിന്റെ ഉരുക്കുകോട്ടയാണ് കണ്ണൂരെങ്കിലും, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലം ഇടതുപക്ഷത്തിനൊപ്പം നിന്നത് ചുരുങ്ങിയകാലം മാത്രമായിരുന്നു. 1977-ലാണ് കണ്ണൂര്‍ മണ്ഡലം രൂപീകൃതമായത്. പുതിയ കണ്ണൂരിന്റെ എംപിയായി ജനം സിപിഐയുടെ സി കെ ചന്ദ്രപ്പനെ ലോക്‌സഭയിലേക്ക് അയച്ചു. 1984 മുതല്‍ കണ്ണൂരില്‍ മുല്ലപ്പള്ളി യുഗവും ഒപ്പം കോണ്‍ഗ്രസ് യുഗവും ആരംഭിച്ചു. 1999-വരെ മുല്ലപ്പള്ളി കണ്ണൂര്‍ അടക്കിവാണു. മുല്ലപ്പള്ളിയെ നേരിടാന്‍ പല നേതാക്കളെയും കളത്തിലിറക്കിയ സിപിഎം അവസാനം പരീക്ഷിച്ചത് 'അത്ഭുതക്കുട്ടി'യെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ച അബ്ദുള്ളക്കുട്ടിയെയായിരുന്നു. മണ്ഡലം രൂപീകരിക്കപ്പെട്ടതിന് ശേഷം ആദ്യമായി ലോക്സഭയിലെത്തുന്ന സിപിഎം പ്രതിനിധി.

ആറ് തവണ അടുപ്പിച്ച് കോണ്‍ഗ്രസ് മാത്രം ജയിച്ചിടത്ത് അബ്ദുള്ളക്കുട്ടിയെ വച്ച് സിപിഎം നടത്തിയ പരീക്ഷണം വിജയം കണ്ടു, ഭൂരിപക്ഷം 10,247. 2004ലും മുല്ലപ്പള്ളിയെ 50 ശതമാനം വോട്ട് നേടി അബ്ദുള്ളക്കുട്ടി തോല്‍പ്പിച്ചു. 2008-ലെ മണ്ഡല പുനനിര്‍ണയത്തിനുശേഷം കണ്ണൂര്‍ വീണ്ടും കോണ്‍ഗ്രസ് പക്ഷത്തേക്ക് ചാഞ്ഞു. അബ്ദുള്ളക്കുട്ടിയും രാഷ്ട്രീയത്തില്‍ ചാടിക്കളിച്ചു. തുടര്‍ച്ചയായി രണ്ട് തവണ കോണ്‍ഗ്രസില്‍നിന്ന് മണ്ഡലത്തെ രക്ഷിച്ച രക്ഷകന്റെ മുഖമായിരുന്ന അബ്ദുള്ളക്കുട്ടിയെ സിപിഎം പുറത്താക്കി. അബ്ദുള്ളക്കുട്ടിയാകട്ടെ കോണ്‍ഗ്രസിലേക്ക് ചേക്കേറി.

2009-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സിപിഎം കളത്തിലിറക്കിയത് കെ കെ രാഗേഷിനെയായിരുന്നു. കോണ്‍ഗ്രസിനുവേണ്ടി കെ സുധാകരനും. സുധാകരനിലൂടെ സിപിഎമ്മില്‍നിന്ന് കണ്ണൂര്‍ മണ്ഡലം വീണ്ടും കോണ്‍ഗ്രസ് പിടിച്ചെടുത്തു. 2014-ല്‍ മണ്ഡലം വീണ്ടും സിപിഎം പിടിച്ചെടുത്തു. പി കെ ശ്രീമതിയെയായിരുന്നു അത്തവണ സുധാകരന്റെ എതിരാളി. നേരിയ ഭൂരിപക്ഷത്തില്‍ ശ്രീമതി സുധാകരനെ വീഴ്ത്തി. 6566 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പികെ ശ്രീമതി ലോക്സഭയിലെത്തിയത്. ശ്രീമതി 4,27,622 വോട്ട് നേടിയപ്പോള്‍ സുധാകരന് ലഭിച്ചത് 4,21,056 വോട്ട്. കണ്ണൂരിന്റെ ചരിത്രത്തില്‍ ആദ്യമായി മത്സരിച്ച, വിജയിച്ച വനിതാ സ്ഥാനാര്‍ത്ഥിയെന്ന പ്രത്യേകതയും ശ്രീമതിക്കുണ്ടായിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍