Lok Sabha Election 2024

'മമതയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ തീരുമാനം ഹൈക്കമാന്‍ഡ് സ്വീകരിക്കും'; അധിർ രഞ്ജന്‍ ചൗധരിയെ തള്ളി ഖാർഗെ

വെബ് ഡെസ്ക്

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനർജിയെ ഇന്ത്യ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെ. കോണ്‍ഗ്രസ് ബംഗാള്‍ അധ്യക്ഷന്‍ അധിർ രഞ്ജന്‍ ചൗധരി മമതയ്ക്കെതിരെ തുടർച്ചയായി വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ഖാർഗയുടെ വാക്കുകള്‍. മമതയെ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കുന്നതെന്നും ചൗധരിയല്ലെന്നും ഖാർഗെ മുംബൈയില്‍ പറഞ്ഞു.

"മമത സഖ്യത്തിനൊപ്പമാണ്. അധീർ ചൗധരിയല്ലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കോണ്‍ഗ്രസ് പാർട്ടിയും ഹൈക്കമാന്‍ഡും തീരുമാനമെടുക്കും. ഹൈക്കമാന്‍ഡിന്റെ നിലപാടിനൊപ്പം നില്‍ക്കാത്തവർ പുറത്തുപോകേണ്ടി വരും," ഖാർഗെ കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ സർക്കാരിനൊപ്പം ചേരാന്‍ മമത തീരുമാനിച്ചിട്ടുണ്ടെന്നും ഖാർഗെ അവകാശപ്പെട്ടു. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ഇടതുപക്ഷപാർട്ടികള്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയ കാര്യം ചൂണ്ടിക്കാണിച്ചായിരുന്നു ഖാർഗെയുടെ പ്രസ്താവന.

മമതയ്ക്കെതിരായ വിമർശനങ്ങള്‍ വ്യക്തിപരമല്ലെന്നായിരുന്നു ചൗധരിയുടെ വിശദീകരണം. "എന്റെ പാർട്ടിയെ തകർക്കാന്‍ ശ്രമിക്കുന്നവർക്കൊപ്പം നില്‍ക്കാന്‍ എനിക്ക് സാധിക്കില്ല. മമതയ്ക്കെതിരായ എന്റെ പോരാട്ടം ധാർമ്മികമാണ്, വ്യക്തിപരമല്ല. ബംഗാളില്‍ എന്റെ പാർട്ടിയെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ഞാന്‍ കോണ്‍ഗ്രസിന്റെ സേവകനാണ്, എനിക്ക് ഈ പോരാട്ടം അവസാനിപ്പിക്കാനാകില്ല,"- ചൗധരി കൂട്ടിച്ചേർത്തു.

സർക്കാർ രൂപീകരിക്കുന്നതിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയുന്നത്ര സീറ്റുകള്‍ നേടാന്‍ സഖ്യത്തിന് സാധിച്ചാല്‍ പുറത്തു നിന്ന് പിന്തുണ നല്‍കുമെന്ന് മമത വ്യക്തമാക്കിയിരുന്നു. എന്നാല്‍ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും മമത വിശദീകരണം നടത്തി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെപോലെ തന്നെ മമതയ്ക്കും ബംഗാളില്‍ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്. പാട്‌ന, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലായി നടന്ന ഇന്ത്യ സഖ്യത്തിന്റെ മീറ്റിങ്ങില്‍ ചൗധരിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമൊപ്പം മമതയും പങ്കെടുത്തിരുന്നു.

ബംഗാളില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയിലെത്താതെ പോയതോടെയായിരുന്നു മമത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമർശനങ്ങള്‍ നല്‍കിയത്. കോണ്‍ഗ്രസ് 2019ല്‍ നേടിയ രണ്ട് സീറ്റുകള്‍ വിട്ടു നല്‍കാമെന്നായിരുന്നു മമതയുടെ നിലപാട്. എന്നാല്‍ 12 സീറ്റ് വേണമെന്ന ആവശ്യം കോണ്‍ഗ്രസ് ഉയർത്തി. ഇതോടെയാണ് സീറ്റ് വിഭജനം സാധ്യമാകാതെ പോയത്. പിന്നീട് ഇടതുപക്ഷവുമായി ചേർന്ന് 13 സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം