പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് നടത്തുന്ന പത്രസമ്മേളനത്തിലാണ് കമ്മീഷൻ തീയതികൾ പ്രഖ്യാപിക്കുക. ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ്, ഒഡിഷ, സിക്കിം നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികളും കമ്മീഷന്‍ അറിയിച്ചേക്കും. തിരഞ്ഞെടുപ്പ് തീയതികള്‍ കമ്മീഷന്‍ തീരുമാനിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെക്കുറിച്ചുള്ള ദേശീയ സർവേ കമ്മീഷന്‍ കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ജമ്മു കശ്മീരിലെ പരിശോധനയോടെയാണ് ഈ ആഴ്ച സർവേ പൂർത്തിയായത്.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഒഴിവുകളിലേക്ക് മുൻ ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറിനെയും സുഖ്ബീര്‍ സിങ് സന്ധുവിനേയും ഇന്നലെ തിരഞ്ഞെടുത്തിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി ഇരുവരും ചുമതലയേറ്റു.
ഇരുവരെയും ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മൂന്നംഗ സമിതി യോഗമാണ് കമ്മീഷണർമാരായി തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് രീതിയിൽ പ്രതിപക്ഷ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമിതിയിലെ മറ്റൊരു അംഗം.
രാഷ്ട്രീയ ഫണ്ടിങ് സുത്യാര്യമാക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്നലെ പ്രസിദ്ധീകരിച്ചിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് കമ്മീഷന്‍ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് എസ്ബിഐ വിവരങ്ങള്‍ കമ്മീഷന് കൈമാറിയത്. മാര്‍ച്ച് 15-നകം വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നായിരുന്നു സുപ്രീംകോടതി നല്‍കിയ നിര്‍ദേശം.
2019 തിരഞ്ഞെടുപ്പില്‍ 351 സീറ്റുകള്‍ നേടിയായിരുന്നു എന്‍ഡിഎ സർക്കാർ അധികാരത്തിലേറിയത്. 303 സീറ്റുകളുമായി ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. കോണ്‍ഗ്രസിന് 52 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു വിജയിക്കാനായത്.