Lok Sabha Election 2024

പിന്നോട്ടടിച്ചത് പത്തനംതിട്ടയില്‍ മാത്രം; വോട്ട് വിഹിതം 3.68 ശതമാനം ഉയർത്തി ബിജെപി

തൃശൂരില്‍ നാല് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലവും തൃശൂർ തന്നെ

വെബ് ഡെസ്ക്

സംസ്ഥാനത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിലാദ്യമായി സീറ്റ് നേടിയതിനൊപ്പം വോട്ട് വിഹിതവും ഗണ്യമായി ഉയർത്തി ബിജെപി. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 13 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട് വിഹിതം. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട വിവരപ്രകാരം ഇത്തവണയത് 16.68 ആയി ഉയർന്നു.

തൃശൂരില്‍ നാല് ലക്ഷത്തിലധികം വോട്ട് നേടിയായിരുന്നു സുരേഷ് ഗോപിയുടെ വിജയം. സംസ്ഥാനത്ത് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച മണ്ഡലവും തൃശൂർ തന്നെ, 4.12 ലക്ഷം.

തിരുവനന്തപുരം (രാജീവ് ചന്ദ്രശേഖർ - 3.42 ലക്ഷം), ആറ്റിങ്ങല്‍ (വി മുരളീധരന്‍ - 3.11 ലക്ഷം), ആലപ്പുഴ (ശോഭ സുരേന്ദ്രൻ - 2.99 ലക്ഷം) എന്നിവയാണ് വന്‍മുന്നേറ്റം കാഴ്ചവെച്ച മറ്റ് മണ്ഡലങ്ങള്‍. തിരുവനന്തപുരത്ത് അവസാന റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബിജെപിക്ക് ആറ്റിങ്ങലിനും ആലപ്പുഴയ്ക്കും പുറമെ പാലക്കാട്, കാസർഗോഡ്, പത്തനംതിട്ട മണ്ഡലങ്ങളിലും രണ്ട് ലക്ഷത്തിന് മുകളില്‍ വോട്ട് നേടാനായി.

സുരേഷ് ഗോപി

തൃശൂർ: 2019ലായിരുന്നു ആദ്യമായി സുരേഷ് ഗോപിയെ തൃശൂരില്‍ ബിജെപി പരീക്ഷിച്ചത്. 2014ല്‍ മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതം 11.15 ശതമാനമായിരുന്നു. 2019ല്‍ സുരേഷ് ഗോപിക്ക് ഇത് 28.19 ആയി ഉയർത്താനായി. പോള്‍ ചെയ്തതില്‍ 2.93 ലക്ഷം വോട്ടാണ് സുരേഷ് ഗോപി നേടിയത്. 17.04 ശതമാനത്തിന്റെ വർധനവ്. ഇത്തവണ 74,696 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ച സുരേഷ് ഗോപി ബിജെപിയുടെ വോട്ട് വിഹിതം 37.80 ശതമാനമായി ഉയർത്തി.

രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: 2009 ലോക്‌സഭ തിരഞ്ഞെടുപ്പ് വരെ പത്ത് ശതമാനത്തില്‍ താഴെയായിരുന്നു തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് വിഹിതം. എന്നാൽ 2014ല്‍ വോട്ട് വിഹിതം 30 ശതമാനം കടന്നു. 2014-ഒ രാജഗോപാല്‍ (32.32 ശതമാനം), 2019-കുമ്മനം രാജശേഖരന്‍ (31.30 ശതമാനം) എന്നിങ്ങനെയായിരുന്നു കണക്കുകള്‍. ഇത്തവണ കേന്ദ്ര ഐ ടി മന്ത്രി കൂടിയായി രാജീവ് ചന്ദ്രശേഖർ ഇത് 35.52 ശതമാനമാക്കി ഉയർത്തി. 3.78 ശതമാനത്തിന് വർധന. 3.42 ലക്ഷം വോട്ടാണ് രാജീവ് ചന്ദ്രശേഖറിന് ലഭിച്ചത്.

വി മുരളീധരൻ

ആറ്റിങ്ങല്‍: 2019ല്‍ ശോഭ സുരേന്ദ്രന്‍ വോട്ട് വിഹിതം 10.53 ശതമാനത്തില്‍നിന്ന് 24.97ലേക്ക് എത്തിച്ച മണ്ഡലമാണ് ആറ്റിങ്ങല്‍. 2.48 ലക്ഷം വോട്ടായിരുന്നു ശോഭ സുരേന്ദ്രന് അന്ന് ലഭിച്ചത്. ഇത്തവണ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എത്തിയതോടെ ത്രികോണപ്പോര് കടുത്തിട്ടും ബിജെപിക്ക് വോട്ടുവിഹിതം 31.64 ആയി ഉയർത്താനായി. 3.11 ലക്ഷം വോട്ടാണ് മുരളീധരന് ആറ്റിങ്ങലില്‍ ലഭിച്ചത്.

ശോഭ സുരേന്ദ്രന്‍

ആലപ്പുഴ: 2019ല്‍ ആറ്റിങ്ങലില്‍ കാഴ്ചവെച്ച പ്രകടനം 2024 ആലപ്പുഴയില്‍ ആവർത്തിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍. വോട്ട് വിഹിതം 17.24 ശതമാനത്തില്‍ നിന്ന് 28.3 ആയി ഉയർത്താന്‍ ശോഭയ്ക്ക് സാധിച്ചു. 2.99 ലക്ഷം വോട്ടാണ് ആലപ്പുഴയില്‍ ശോഭ സുരേന്ദ്രന്‍ നേടിയത്.

പാലക്കാട്: ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സ്ഥിരതയോടെ വോട്ട് വിഹിതം ഉയർത്താൻ കഴിഞ്ഞ മണ്ഡലമാണ് പാലക്കാട്. 2014 (15 ശതമാനം), 2019 (21.4 ശതമാനം) എന്നിങ്ങനെയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ വോട്ടുവിഹിതം. സി കൃഷ്ണകുമാർ ഇത്തവണ വോട്ട് വിഹിതം 24.31 ശതമാനമാക്കി ഉയർത്തി. രണ്ടരലക്ഷത്തിലധികം വോട്ടും നേടി.

അനില്‍ ആന്റണി

പത്തനംതിട്ട: 2019ല്‍ യുഡിഎഫ് തരംഗത്തിലും മൂന്ന് ലക്ഷത്തോളം വോട്ട് നേടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് സാധിച്ച മണ്ഡലമാണ് പത്തനംതിട്ട. 28.97 ശതമാനം വോട്ടാണ് സുരേന്ദ്രന്‍ നേടിയത്. ഇത്തവണ അനില്‍ ആന്റണി മത്സരിച്ചപ്പോള്‍ വോട്ടില്‍ കാര്യമായ ഇടിവ് സംഭവിച്ചു. വോട്ട് വിഹിതം 25.49 ശതമാനമായി കുറഞ്ഞു. 3.48 ശതമാനത്തിന്റെ കുറവാണ് ഉണ്ടായത്. 2.34 ലക്ഷം വോട്ടാണ് അനിലിന് ലഭിച്ചത്.

എം എല്‍ അശ്വിനി

കാസർഗോഡ്: മണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായി ബിജെപി രണ്ട് ലക്ഷത്തിലധികം വോട്ടുനേടി. 2.19 ലക്ഷം വോട്ടാണ് എം എല്‍ അശ്വിനി നേടിയത്. 3.83 ശതമാനമാണ് വോട്ട് വിഹിതത്തിലെ വർധന.

ടി എൻ സരസു

ആലത്തൂർ: മണ്ഡലത്തില്‍ പത്ത് ശതമാനമാണ് വോട്ട് വിഹിതത്തില്‍ ബിജെപിക്കുണ്ടായ വർധന. 2019ൽ 8.82 ശതമാനമായിരുന്നു മണ്ഡലത്തില്‍ ബിജെപിക്ക് ലഭിച്ച വോട്ട്. ഇത്തവണ ഇത് 18.97 ശതമാനമാണ്. 1.88 ലക്ഷം വോട്ടാണ് ടി എന്‍ സരസു നേടിയത്.

കൃഷ്ണകുമാർ

കൊല്ലം: 7.15 ശതമാനമാണ് കൊല്ലം മണ്ഡലത്തിൽ വോട്ടുവിഹിതത്തിലുണ്ടായ വർധനവ്. ജി കൃഷ്ണകുമാർ 1.63 ലക്ഷം വോട്ട് നേടി.

കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍ മത്സരിച്ച വയനാട് ബിജെപിക്ക് 5.8 ശതമാനം വർധനവാണുണ്ടായത്. 2019 ല്‍ വയനാട് മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്നു മത്സര രംഗത്തുണ്ടായിരുന്നു. തുഷാര്‍ വെള്ളാപ്പള്ളി 78000 വോട്ടുകളായിരുന്നു വയനാട്ടില്‍ നേടിയത്. പോള്‍ ചെയ്ത വോട്ടിന്‌റെ 7.2 ശതമാനം മാത്രമായിരുന്നു ഇത്. 2014 ല്‍ പിആര്‍ രശ്മില്‍നാഥ് മത്സരിച്ചപ്പോള്‍ 80752 വോട്ടുകള്‍ നേടിയിരുന്നു.

കണ്ണൂരില്‍ ചരിത്രത്തിലാദ്യമായി ബിജെപിയുടെ വോട്ട് ഒരു ലക്ഷം കടന്നു. വോട്ട് വിഹിതത്തില്‍ 4.71 ശതമാനത്തിന്റെ വർധനയുണ്ടായി. എറണാകുളത്ത് 1.44 ലക്ഷം വോട്ട് നേടിയപ്പോള്‍ 1.63 ശതമാനത്തിന്റെ വർധനയാണ് ബിജെപിക്ക് വോട്ട് വിഹിതത്തിലുണ്ടായത്. കോഴിക്കോട് 1.63 ശതമാനം വോട്ട് വർധിപ്പിച്ച് നിലമെച്ചപ്പെടുത്താനും ബിജെപിക്ക് കഴിഞ്ഞു. പൊന്നാനി (1.29 ശതമാനം), വടകര (2.39 ശതമാനം), മലപ്പുറം (1.6 ശതമാനം) എന്നിവയാണ് ബിജെപിക്ക് വോട്ട് വിഹിതം കൂട്ടാനായ മണ്ഡലങ്ങള്‍.

ഇടുക്കി, കോട്ടയം, മാവേലിക്കര, ചാലക്കുടി എന്നിവിടങ്ങളില്‍ എൻഡിഎ സഖ്യകക്ഷിയായ ബിഡിജെഎസായിരുന്നു മത്സരിച്ചത്.

അതേസമയം, കോണ്‍ഗ്രസിന്റെ വോട്ട് വിഹിതത്തില്‍ ഇത്തവണ പ്രകടമായ ഇടിവ് സംഭവിച്ചു. 2019ല്‍ 37.46 ശതമാനമായിരുന്നു കോണ്‍ഗ്രസിനു ലഭിച്ച വോട്ട്. ഇത്തവണ 35.06 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് നേടിയത്. മറുവശത്ത് സിപിഎമ്മിന്റെ വോട്ട് വിഹിതത്തില്‍ കാര്യമായ ഇടിവ് സംഭവിച്ചില്ല. 2019ല്‍ 25.97 ശതമാനമായിരുന്നത് 2024ല്‍ 25.82 ആയി. നേരിയതോതില്‍ വോട്ട് വർധിപ്പിക്കാന്‍ മുസ്ലിം ലീഗിനും സിപിഐക്കുമായിട്ടുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം