Lok Sabha Election 2024

ജയിച്ച ഒമ്പതും കോണ്‍ഗ്രസിന്; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സീറ്റ് വിഭജനം പൂര്‍ത്തിയാക്കി ഡിഎംകെ

ഇതോടെ ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് മുന്നണിയുടെ (എസ്‌പിഎ) സീറ്റ് വിഭജനം പൂർത്തിയായി

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ സീറ്റ് ധാരണയിലെത്തി ഡിഎംകെയും കോണ്‍ഗ്രസും. തമിഴ്‌നാട്ടില്‍ ഒന്‍പതും പുതുച്ചേരിയില്‍ ഒരു സീറ്റിലും കോണ്‍ഗ്രസ് മത്സരിക്കും. 2019ന് സമാനമായാണ് സീറ്റ് വിഭജനം. 2019ല്‍ മത്സരിച്ച 10 മണ്ഡലങ്ങളില്‍ ഒന്‍പതിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. 39 ലോക്‌സഭാ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടിലുള്ളത്.

മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലിന്റെ സാന്നിധ്യത്തിലാണ് തമിഴ്‌നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ സെല്‍വെപെരുന്തഗൈയും മുഖ്യമന്ത്രി എം കെ സ്റ്റാലിനും സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനത്തിലെത്തിയത്. സഖ്യം എല്ലാ സീറ്റുകളിലും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ സഖ്യകക്ഷികളുമായി 2019ലെ സമവാക്യം തന്നെയാണ് ഇത്തവണയും ഡിഎംകെ ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം വിടുതലൈ ചിരുതൈഗള്‍ കക്ഷിക്ക് (വിസികെ) രണ്ടും എംഡിഎംകെയ്ക്കും ഓരു സീറ്റും അനുവദിച്ചിരുന്നു. വിസികെ ചിദംബരം, വില്ലുപുരം എന്നീ സംവരണ മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. വിസികെയുടെ സിറ്റിങ് സീറ്റുകളാണിവ.

ഒരു ജനറല്‍ സീറ്റുള്‍പ്പടെ മൂന്ന് സീറ്റുകളായിരുന്നു വിസികെ ആവശ്യപ്പെട്ടത്. എന്നാല്‍ തമിഴ്‌നാട്ടിലേയും ഇന്ത്യയിലേയും രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് എല്ലാ സീറ്റുകളിലും വിജയിക്കുക എന്നത് ഉറപ്പാക്കുന്നതിനും വേണ്ടിയാണ് രണ്ട് സീറ്റില്‍ ധാരണയിലെത്തിയതെന്ന് വിസികെ നേതാവ് തോള്‍ തിരുമാവലവന്‍ പറഞ്ഞു.

ഇതോടെ ഡിഎംകെ നയിക്കുന്ന സെക്കുലർ പ്രോഗ്രസീവ് മുന്നണിയുടെ (എസ്‌പിഎ) സീറ്റ് വിഭജനം പൂർത്തിയായി. സിപിഎം, സിപിഐ, ഐയുഎംഎല്‍, കെഎംഡികെ, വിസികെ, എംഡിഎംകെ എന്നീ പാർട്ടികളാണ് മുന്നണിയിലുള്ളത്.

ഇന്ന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യം (എംഎന്‍എം) മുന്നണിയുടെ ഭാഗമായിരുന്നു. 2025 രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എമ്മിന് ഒരു സീറ്റ് നല്‍കും. സ്റ്റാലിനും കമല്‍ ഹാസനും നടത്തിയ ചർച്ചയിലാണ് തീരുമാനം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എംഎന്‍എം മത്സരിക്കില്ല, പക്ഷേ പ്രചാരണത്തിനിറങ്ങും.

2019 ലോക്‌‍‍സഭാ തിരഞ്ഞെടുപ്പില്‍ 39ല്‍ 38 സീറ്റുകളിലും ഡിഎംകെ മുന്നണി വിജയിച്ചിരുന്നു. എഐഎഡിഎംകെയാണ് അവശേഷിച്ച ഒരു സീറ്റ് നേടിയത്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം