Lok Sabha Election 2024

മൂന്നാം അങ്കത്തിന് ജോയ്‌സും ഡീനും; ഇടുക്കിയില്‍ ആരാകും മിടുക്കന്‍?

കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിയുടെ സാവധാനമുള്ള വളർച്ചയ്ക്കാണ് ഇടുക്കി സാക്ഷ്യം വഹിക്കുന്നത്. ഇത്തവണ വോട്ടുവിഹിതം 10 ശതമാനം കടത്തുക എന്ന ലക്ഷ്യം എന്‍ഡിഎയ്ക്കുണ്ടാകും

ഹരികൃഷ്ണന്‍ എം

മല മേലെ തിരിവെച്ച് പെരിയാറിന്‍ തളയിട്ട് ചിരിതൂകും പെണ്ണല്ലെ ഇടുക്കി...മലയാളക്കരയുടെ മടിശീല നിറയ്ക്കണ നനവേറും നാടല്ലോ ഇടുക്കി...‍! റഫീഖ് അഹമ്മദിന്റെ വരികളാണ്, ഇടുക്കിയുടെ സൗന്ദര്യവും സംസ്കാരവും ഇത്രത്തോളം കൃത്യമായി വർണിച്ച ഒരുഗാനമുണ്ടോയെന്ന് തന്നെ സംശയം. എന്നാല്‍ വരികളില്‍ തെളിയുന്ന സൗന്ദര്യത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണോ ഇടുക്കിയിലെ മനുഷ്യ ജീവിതം.

അവിട മനുഷ്യ-മൃഗ സംഘർഷമുണ്ട്, പാരിസ്ഥിതിക പ്രശ്നങ്ങളുണ്ട്, ഏത് നിമിഷവും മണ്ണെടുത്തേക്കാമെന്ന ഭീതിയില്‍ ജീവിക്കുന്ന വിഭാഗങ്ങളുണ്ട്, ഇന്നും തീരാത്ത പട്ടയപ്രശ്നങ്ങളുണ്ട്, കർഷക ആത്മഹത്യകളുണ്ട്...അങ്ങനെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇന്നും പരിഹാരം കാണാനാകാത്തവിധം പ്രതിസന്ധികളില്‍ ഉലയുന്ന ഇടുക്കി വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്.

ഇടുക്കി ലോക്‌സഭാ മണ്ഡലം

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പ്രകാരം 12 ലക്ഷത്തിലധികം (12,0832) വോട്ടർമാരാണ് ഇടുക്കി ജില്ലയിലുള്ളത്. 2011ലെ സെന്‍സസ് അനുസരിച്ച് മണ്ഡലത്തിലെ ആകെ വോട്ടർമാരില്‍ 11.5 ശതമാനവും (1,38,096) പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. 48,033 (നാല് ശതമാനം) വോട്ടർമാരാണ് പട്ടികവർഗവിഭാഗത്തില്‍ നിന്നുള്ളത്.

10.74 ലക്ഷം (89.5 ശതമാനം) വോട്ടർമാരും ഗ്രാമീണ മേഖല കേന്ദ്രീകരിച്ചാണ്. നഗര കേന്ദ്രീകൃതമായി താമസിക്കുന്ന വോട്ടർമാരുടെ സംഖ്യ 1.26 ലക്ഷമാണ്(10.5 ശതമാനം).

2004 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ റാന്നി, പത്തനംതിട്ട, തൊടുപുഴ, ദേവികുളം, ഇടുക്കി, ഉടുമ്പുംചോല, പീരുമേട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേരുന്നതായിരുന്നു ഇടുക്കി. മണ്ഡല പുനർനിർണയത്തിന് ശേഷം റാന്നിക്കും പത്തനംതിട്ടയ്ക്കും പകരം മൂവാറ്റുപുഴയും കോതമംഗലും ഇടുക്കിയുടെ ഭാഗമായി. 2000ന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് (എല്‍ഡിഎഫ്) ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് റാന്നി. കോതമംഗലമാകട്ടെ കോണ്‍ഗ്രസിനേയും കേരള കോണ്‍ഗ്രസിനേയും സിപിഎമ്മിനേയും ഒരുപോലെ തുണച്ചിട്ടുമുണ്ട്.

പി ടി തോമസ്

പി ടി വന്നു, കേരള കോണ്‍ഗ്രസ് വീണു (2009)

തുടർച്ചയായ അഞ്ച് ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പം (1984, 89, 91, 96, 98) നിന്ന ഇടുക്കിയെ ഇടത്തോട്ട് ചായ്ച്ചത് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷമായിരുന്നു. ഫ്രാന്‍സിസ് ജോർജിലൂടെ 1999, 2004 തിരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ജയം. മണ്ഡല പുനർനിർണയത്തിന് ശേഷവും സ്ഥാനാർഥിയെ മാറ്റി ചിന്തിക്കാന്‍ ഇടതുപക്ഷം തയാറായില്ല. മൂന്നാം വട്ടവും ഫ്രാന്‍സിസ് ജോർജ് തിരഞ്ഞെടുപ്പ് ഗോധയില്‍.

എന്നാല്‍, ഇടുക്കിയില്‍ സ്ഥാനാർഥിയെ മാറ്റി പരീക്ഷിക്കുന്ന രീതി കോണ്‍ഗ്രസ് തുടർന്നു. 1999-ല്‍ പി ജെ കുര്യനേയും 2004-ല്‍ ബെന്നി ബഹനാനെയും മത്സരിപ്പിച്ച കോണ്‍ഗ്രസിന്റെ നറുക്ക് ഇത്തവണ വീണത് പി ടി തോമസിനായിരുന്നു. 2006 നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ ശക്തികേന്ദ്രമായ തൊടുപുഴ പി ജെ ജോസഫിനോട് നഷ്ടപ്പെടുത്തിയ പി ടിയെ ലോക്‌സഭയിലെ ശബ്ദമാക്കാന്‍ യുഡിഎഫ് തീരുമാനിച്ചു.

യുഡിഎഫ് തരംഗം ആഞ്ഞടിച്ച തിരഞ്ഞെടുപ്പില്‍ ഫ്രാന്‍സിസ് ജോർജിന്റെ വോട്ടുകോട്ട പി ടി തകർത്തു. 74,796 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പി ടിയുടെ വിജയം. വോട്ടുവിഹിതം 52 ശതമാനം തൊട്ടു. ഏത് തരംഗത്തിലും കേരള കോണ്‍ഗ്രസിനൊപ്പം വോട്ടർമാർ നില്‍ക്കുമെന്ന ജോസഫ് പക്ഷത്തിന്റെ കണക്കുകൂട്ടല്‍ അപ്പാടെ തെറ്റുകയും ചെയ്തു. ഫ്രാന്‍സിസ് ജോർജിന്റെ വോട്ടുവിഹിതം 48.6 ശതമാനത്തില്‍ നിന്ന് 42.4ലേക്ക് വീഴുകയും ചെയ്തു.

അന്ന് ഇടുക്കിയില്‍ പി ടിയുടെ സമ്പൂർണ ആധിപത്യം തന്നെയായിരുന്നു സംഭവിച്ചത്. ഏഴ് നിയമസഭാ മണ്ഡലത്തിലും പി ടി മുന്നേറി. എല്‍ഡിഎഫിന്റെ കോട്ടയായ പീരുമേട്‌, ഉടുമ്പുംചോല, ദേവികുളം എന്നിവിടങ്ങളില്‍ പോലും ഫ്രാന്‍സിസ് ജോർജിന് മുന്നിലെത്താന്‍ കഴിഞ്ഞില്ല. പീരുമേട്ടില്‍ പതിനയ്യായിരത്തിനും മറ്റ് രണ്ട് മണ്ഡലങ്ങളിലും പതിനായിരത്തിനടുത്തുമായിരുന്നു പി ടിയുടെ ലീഡ്.

പി ജെ ജോസഫ്

ജോസഫ് പക്ഷം വലത്തോട്ട്, ഇടുക്കിയും കേരളവും (2011)

2006ലെ വി എസ് അച്യുതാനന്ദന്‍ സർക്കാരിന്റെ കാലത്ത് പി ജെ ജോസഫിനെ സംബന്ധിച്ച് അഗ്നിപരീക്ഷ തന്നെയായിരുന്നു. വിമാനയാത്രയ്ക്കിടെ സഹയാത്രികയോട് അപരമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ മന്ത്രിക്കസേരയില്‍ 100 ദിവസം പോലുമിരിക്കാന്‍ അന്ന് ജോസഫിനായില്ല. 2006 ഓഗസ്റ്റ് മൂന്നിന് കൊച്ചി-ചെന്നൈ വിമാനത്തില്‍ വെച്ചായിരുന്നു സംഭവം. ജോസഫ് പിന്നിലിരുന്ന് പലതവണ തന്നെ സ്പർശിച്ചതായായിരുന്നു പരാതിക്കാരിയുടെ ആരോപണം.

വിമാന ടേക്ക് ഓഫ് ചെയ്ത സമയത്ത് അറിയാതെ സംഭവിച്ചതാകാം എന്നായിരുന്നു ജോസഫിന്റെ പ്രതിരോധം. പക്ഷേ, മന്ത്രിസ്ഥാനം സുരക്ഷിതമാക്കാന്‍ അത് മതിയായിരുന്നില്ല. മൂന്ന് വർഷത്തോളം സംഭവത്തില്‍ ജോസഫ് അന്വേഷണം നേരിട്ടു. 2009-ല്‍ മതിയായ തെളിവുകളില്ലാത്തതിനാല്‍ ജോസഫിനെ വെറുതെ വിടുകയായിരുന്നു. കുറ്റവിമുക്തനായതിന് പിന്നാലെ അതിവേഗം രാഷ്ട്രീയ കരുക്കള്‍ നീക്കി ജോസഫ്.

2011 നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ 2010ല്‍ ജോസഫ് പക്ഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനൊപ്പം ചേർന്നു. 23 വർഷം നീണ്ട പിണക്കത്തിന് ശേഷമായിരുന്നു ഇണക്കം. പിളരും തോറും വളരുകയും വളരും തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന കെ എം മാണിയുടെ സമവാക്യം ആവർത്തിക്കപ്പെട്ടു ഒരിക്കല്‍ക്കൂടി. ജോസഫ് പക്ഷത്തേയും ഒപ്പം കൂട്ടിയായിരുന്നു യുഡിഎഫ് 2011 നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുക്കി ലോക്‌സഭയിലെ ഏഴില്‍ നാല് സീറ്റുകളും യുഡിഎഫ് നേടി. മൂവാറ്റുപുഴ (ജോസഫ് വാഴയ്ക്കന്‍, കോണ്‍ഗ്രസ്), കോതമംഗലം (ടി യു കുരുവിള, കേരള കോണ്‍ഗ്രസ്-എം), തൊടുപുഴ (പി ജെ ജോസഫ്, കേരള കോണ്‍ഗ്രസ്-എം), ഇടുക്കി (റോഷി അഗസ്റ്റിന്‍, കേരള കോണ്‍ഗ്രസ് എം) എന്നീ മണ്ഡലങ്ങളിലായിരുന്നു യുഡിഎഫിന്റെ വിജയം. 2006ല്‍ നഷ്ടമായ മൂവാറ്റുപുഴ തിരിച്ചുപിടിക്കാനായി എന്നതാണ് നേട്ടം.

മറുവശത്ത് ദേവികുളം (എസ് രാജേന്ദ്രന്‍, സിപിഎം), ഉടുമ്പുംചോല (കെ കെ ജയചന്ദ്രന്‍, സിപിഎം), പീരുമേട്‌ (ഇ എസ് ബിജിമോള്‍, സിപിഐ) എന്നിവയാണ് എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങള്‍.

പി ജെ ജോസഫിന്റെ വരവ് യുഡിഎഫിന് ഗുണം ചെയ്തു. 2006ല്‍ ഏഴ് സീറ്റില്‍ ചുരുങ്ങിയ കേരള കോണ്‍ഗ്രസ് 2011ല്‍ ഒന്‍പതിലേക്ക് ഉയർന്നു. അന്ന് ഫോട്ടോഫിനിഷിലായിരുന്നു കേരളത്തില്‍ യുഡിഎഫ് അധികാരത്തിലേറിയത്. 140ല്‍ 72 സീറ്റുകള്‍ യുഡിഎഫ് നേടിയപ്പോള്‍ എല്‍ഡിഎഫ് 68 മണ്ഡലങ്ങളില്‍ വിജയിച്ചു. ജോസഫ് പക്ഷം കേരള കോണ്‍ഗ്രസിലേക്ക് ചുവടുമാറ്റിയില്ലായിരുന്നെങ്കിലും പല മണ്ഡലങ്ങളിലും ഫലം മാറിമറിയുകയും ഭരണത്തുടർച്ചയെന്ന ചരിത്ര നേട്ടം വി എസ് സർക്കാരിന് സ്വന്തമാക്കാനും കഴിഞ്ഞേനെ.

ജോയ്‌സ് ജോർജ്

ജോയ്‌സിലൂടെ സിപിഎമ്മിന് ജോയ് (2014)

ജോസഫ് പക്ഷത്തിന്റെ കൂട്ടില്ലാതെ കേരള കോണ്‍ഗ്രസിന് വേരോട്ടമുള്ള ഇടുക്കിയുടെ മണ്ണില്‍ എല്‍ഡിഎഫിനായി പോരിനിറങ്ങിയത് അഡ്വ. ജോയ്‌സ് ജോർജ്. കോണ്‍ഗ്രസ് പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നെത്തിയ ജോയ്‌സ് സിപിഎമ്മിന്റെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായാണ് 2014ല്‍ മത്സരിച്ചത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പി ടി തോമസിനെ ഇടുക്കിയില്‍ നിന്ന് വലിച്ച യുഡിഎഫ് മണ്ഡലം നിലനിർത്താനിറക്കിയത് ഡീന്‍ കുര്യാക്കോസിനെയായിരുന്നു.

ജോയ്‌സിനെ മുന്നില്‍ നിർത്തിയ എല്‍ഡിഎഫിന്റെ തന്ത്രം തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യുഡിഎഫിനൊരു ഷോക്കായിരുന്നു. കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലം, കേരള കോണ്‍ഗ്രസിന് വേരൊട്ടമുള്ള മണ്ണ്...മൂന്ന് പതിറ്റാണ്ടിന് ശേഷം സിപിഎം പിടിച്ചെടുത്തു. അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ജോയ്‌സിന്റെ വിജയം.

മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ എന്നീ മണ്ഡലങ്ങളില്‍ ഡീനിന് ലീഡ് ചെയ്യാനായി. ദേവികുളം, ഉടുമ്പുംചോല, ഇടുക്കി, പീരുമേട് എന്നിവിടങ്ങളിലായിരുന്നു ജോയ്‌സിന്റെ മുന്നേറ്റം. യുഡിഎഫിന്റെ ശക്തികേന്ദ്രമായ ഇടുക്കിയില്‍ ഡീനിനേക്കാള്‍ പതിനയ്യായിരത്തോളം വോട്ടുകൂടുതല്‍ നേടാനായി ജോയ്‌സിന്. എല്‍ഡിഎഫ് കോട്ടകളില്‍ പോലും ഇത്തരമൊരു മുന്നേറ്റം ജോയ്‌സിന് തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല.

ഇടുതു തരംഗത്തില്‍ ഇടുക്കി (2016)

ഉമ്മന്‍ ചാണ്ടി സർക്കാർ അഴിമതിയാരോപണങ്ങളുടെ കയത്തില്‍ മുങ്ങി നിന്ന സാഹചര്യത്തില്‍ കേരളം ഇടത്തോട്ട് തിരിയുമെന്നത് ഉറപ്പായിരുന്നു. അഴിമതിയുടെ കറകളയാന്‍ ജന(സമ്പർക്കം)ങ്ങളിലേക്ക് ഇറങ്ങിയ ഉമ്മന്‍ ചാണ്ടി സർക്കാരിനെ ചേർത്തു നിർത്താന്‍ കേരളം തയാറായില്ല.

വി എസിനെ മുന്‍നിർത്തി പിണറായി വിജയന്‍ നയിച്ച തിരഞ്ഞെടുപ്പില്‍ 91 സീറ്റോടെയായിരുന്നു എല്‍ഡിഎഫ് അധികാരത്തിലേറിയത്, യുഡിഎഫ് 47ലൊതുങ്ങി. ഇടതുകൊടുങ്കാറ്റില്‍ ശക്തികേന്ദ്രമായ എറണാകുളവും കോട്ടയവുമൊക്കെ യുഡിഎഫിനെ കൈവിട്ടില്ല. പക്ഷേ, ഇടുക്കിയുടെ കാര്യം മറിച്ചായിരുന്നു.

ലോക്‌സഭയിലുള്‍പ്പെട്ട ഏഴ് മണ്ഡലങ്ങളില്‍ യുഡിഎഫിന് വിജയിക്കാനായത് രണ്ടെണ്ണത്തില്‍ മാത്രം, തൊടുപുഴയില്‍ പി ജെ ജോസഫും ഇടുക്കിയില്‍ റോഷിയും. കോതമംഗലവും (എല്‍ദൊ എബ്രഹാം, സിപിഐ) മൂവാറ്റുപുഴയും (ആന്റണി ജോണ്‍, സിപിഎം) എല്‍ഡിഎഫ് പിടിച്ചെടുത്തു. ദേവികുളവും പിരൂമേടും രാജേന്ദ്രനും ബിജിമോളും നിലനിർത്തി. ഉടുംമ്പുംചോലയില്‍ വിവാദങ്ങളും അധിക്ഷേപങ്ങളും അതിജീവിച്ച് എം എം മണിയും നിയമസഭയിലെത്തി. 1,109 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു മണിയുടെ വിജയം.

ഡീന്‍ കുര്യാക്കോസ്

ഇടുക്കി ഡീലാക്കി ഡീന്‍ (2019)

കസ്തീരിരംഗന്‍ റിപ്പോർട്ട്, പ്രളയം, മനുഷ്യ-മൃഗ സംഘർഷം തുടങ്ങി നിരവധി പ്രതസന്ധികളിലൂടെ ഇടുക്കിയിലെ ജനത കടന്നുപോകവെയാണ് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് എത്തുന്നത്. പ്രളയത്തില്‍ പാതി തകർന്ന ഇടുക്കി അതിജീവന പാതയിലൂടെയായിരുന്നു. മറ്റ് ജില്ലകളില്‍ മോദി വിരുദ്ധതയും രാഹുല്‍ ഗാന്ധി ഇഫക്ടും ശബരിമലയുമൊക്കെ ശ്രദ്ധാകേന്ദ്രമായപ്പോള്‍ ഇടുക്കിയിലെ തിരഞ്ഞെടുപ്പ് വിഷയങ്ങള്‍ മാനുഷികം മാത്രമായിരുന്നു. തങ്ങള്‍ക്ക് തുണയാകാന്‍ ആർക്ക് സാധിക്കുമെന്ന ചോദ്യമായിരുന്നു തിരഞ്ഞെടുപ്പിലുടനീളം ഇടുക്കിക്കാർ ചോദിച്ചത്.

2014ല്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുണ്ടായിരുന്ന ജോയ്‌സിനെ തന്നെയായിരുന്നു എല്‍ഡിഎഫ് സ്ഥാനാർഥിയായി തീരുമാനിച്ചത്. ഇത്തവണയും ഇടതു സ്വതന്ത്രന്‍ എന്ന ടാഗോടെ ജോയ്‌സ് വോട്ടു ചോദിച്ചു. യുഡിഎഫ് സ്ഥാനാർഥിയാരാകുമെന്നതില്‍ വലിയ ചർച്ചകള്‍ നടന്നു. ഉമ്മന്‍ ചാണ്ടി, ഡീന്‍ കുര്യാക്കോസ്, മാത്യു കുഴല്‍നാടന്‍, റോയ് കെ പൗലോസ് എന്നിങ്ങനെ നിരവധി പേരുകള്‍ ഉയർന്നു കേട്ടു. പക്ഷേ, ഡീനിന് തന്നെ അവസാനം നറുക്ക് വീണു.

ജോയ്‌സിലൂടെ എല്‍ഡിഎഫ് കർഷകരെ ഒന്നടങ്കം വഞ്ചിച്ചെന്നായിരുന്നു യുഡിഎഫിന്റെ വാദം. ലോക്‌സഭയിലെ ജോയ്‌സിന്റെ പ്രകടനങ്ങള്‍ നിരത്തിയ എല്‍ഡിഎഫിന് അത് വോട്ടാക്കി മാറ്റാന്‍ അന്ന് സാധിക്കാതെ പോയി. ഫലം വന്നപ്പോള്‍ 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഡീനിന്റെ വിജയം. മണ്ഡലത്തില്‍ പോള്‍ ചെയ്ത വോട്ടിന്റെ 54 ശതമാനവും ഡീനിന്റെ പെട്ടിയിലായിരുന്നു. ജോയ്‌സിന്റെ വോട്ടുവിഹിതം 46 ശതമാനത്തില്‍ നിന്ന് 35ലേക്ക് വീഴുകയും ചെയ്തു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉജ്വല വിജയം നേടിയ മണ്ഡലങ്ങളുടെ പട്ടികയില്‍ മുന്നില്‍ ഇടുക്കിയുമുണ്ടായി.

പ്രളയത്തില്‍ തകർന്ന ചെറുതോണി പാലം പുനർനിർമാണത്തിനിടെ

ഇടുക്കി എല്‍ഡിഎഫിനൊപ്പം തന്നെ (2021)

സുപ്രധാനമായ രാഷ്ട്രീയ ചുവടുമാറ്റങ്ങള്‍ക്കും പ്രളയവും കോവിഡും പോലുള്ള പ്രതിസന്ധികള്‍ക്കും ശേഷമായിരുന്നു കേരളം 2021 നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടന്നത്. കെ എം മാണിയുടെ മരണത്തോടെ കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയും പി ജെ ജോസഫും തമ്മില്‍ അധികാരത്തർക്കമുണ്ടാകുകയും പിളർപ്പിലേക്ക് നീങ്ങുകയും ചെയ്തു. കോടതി വരെ നീണ്ട തർക്കത്തിനൊടുവില്‍ പാർട്ടി ചെയർമാന്‍ സ്ഥാനവും രണ്ടില ചിഹ്നവും ജോസ് കെ മാണിക്ക് ലഭിച്ചു. യഥാർത്ഥ കേരള കോണ്‍ഗ്രസ് എം ജോസ് കെ മാണി പക്ഷമാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും വിധിയെഴുതി.

പാലാ ഉപതിരഞ്ഞെടുപ്പില്‍ ജോസ് കെ മാണി പക്ഷത്തിന്റെ സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിനുണ്ടായ പരാജയം യുഡിഎഫിനുള്ളില്‍ തന്നെ വലിയ കോളിളക്കത്തിന് കാരണമായി. ജോസഫ് പക്ഷം സഹായിച്ചില്ലെന്ന ഗുരുതര ആരോപണം ജോസ് വിഭാഗം ഉയർത്തി. ഏറെക്കാലമായി കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിലേക്ക് പോകുമെന്ന അഭ്യൂഹം യാഥാർഥ്യമാകുന്ന നാളുകളായിരുന്നു പിന്നീട്. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടുപക്ഷത്തിന്റെ മുഖ്യസഖ്യകക്ഷിയായി കേരള കോണ്‍ഗ്രസ് എം മാറി.

എം എം മണി

2016 തിരഞ്ഞെടുപ്പിലെ 5-2 ആധിപത്യം നിലനിർത്താന്‍ മാണി വിഭാഗത്തിന്റെ വരവ് എല്‍ഡിഎഫിനെ സഹായിച്ചു. മൂവാറ്റുപുഴ മാത്യു കുഴല്‍നാടനിലൂടെ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചു, തൊടുപുഴ പി ജെ ജോസഫിലൂടെ നിലനിർത്തുകയും ചെയ്തു.

ദേവികുളത്ത് രാജേന്ദ്രന് പകരം അഡ്വ. എ രാജയും പീരുമേട്ടില്‍ ബിജിമോള്‍ക്ക് പകരം വാഴൂർ സോമനും എല്‍ഡിഎഫിനായി മണ്ഡലം നിലനിർത്തി. കോതമംഗലത്ത് ആന്റണി ജോണ്‍ വിജയം ആവർത്തിച്ചു. ഉടുമ്പുംചോലയില്‍ 2016-ല്‍ കേവലം ആയിരം വോട്ടിലൊതുങ്ങിയ ഭൂരിപക്ഷം 38,000 ആക്കി ഉയർത്താന്‍ മണിക്കായി. എതിർസ്ഥാനാർഥിയേക്കാള്‍ ഇരട്ടി വോട്ടുനേടി തിളക്കം വർധിപ്പിക്കാനും മണിക്ക് സാധിച്ചു.

കേരള കോണ്‍ഗ്രസ് എം സ്ഥാനാർഥി റോഷി ഇടുക്കിയില്‍ അഞ്ചാം തവണയും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇടതിന് ഇടുക്കിയിലെ സീറ്റുനില അഞ്ചാക്കി നിലനിർത്താനായത്.

മൂന്നാമങ്കം (2024)

തുടർച്ചയായ മൂന്നാം തവണ ലോക്‌സഭയില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ് ഡീനും ജോയ്‌സും. പ്രളത്തില്‍ നിന്ന് അതിജീവിച്ച ഇടുക്കിക്ക് ഇടതു സർക്കാർ നല്‍കിയ കരുതലായിരിക്കും ജോയ്‌സ് ഉയർത്തിക്കാണിക്കുക. പ്രളയത്തില്‍ തകർന്ന ചെറുതോണി പാലം പുനർനിർമ്മിച്ചത് വലിയ രീതിയില്‍ ഇടതു സൈബറിടങ്ങള്‍ കൊട്ടിഘോഷിച്ചിരുന്നു, പ്രത്യേകിച്ചും നവകേരള യാത്രയുടെ സമയത്ത്.

എന്നാല്‍, പരിസ്ഥിതി പ്രശ്നങ്ങളും കർഷക ആത്മഹത്യയും മനുഷ്യ-മൃഗ സംരക്ഷണവും അതിജീവിക്കാന്‍ ഇടുക്കി ജനതയെ സഹായിക്കാന്‍ സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ക്ക് സാധിച്ചോയെന്ന ചോദ്യം മണ്ഡലത്തില്‍ പ്രസക്തമായി തന്നെ അവശേഷിക്കുന്നുണ്ട്. ജോയ്‌സിനെ കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും സഹായിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി ഇത്തവണ സമദൂരമാണ്. ആർക്ക് വേണമെങ്കിലും വോട്ടു ചെയ്തോളുവെന്നാണ് സമിതി നേതൃത്വം നല്‍കിയിരിക്കുന്ന നിർദേശം.

10 ശതമാനം കടക്കുമോ ബിജെപി?

കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപിയുടെ സാവധാനമുള്ള വളർച്ചയ്ക്കാണ് ഇടുക്കി സാക്ഷ്യം വഹിക്കുന്നത്. 2009ല്‍ ശ്രീനഗരി രാജനായിരുന്നു ബിജെപിക്കായി മത്സരിച്ചത്, വോട്ടുശതമാനം 3.6. 2014ല്‍ അഡ്വ. സാബു വർഗീസ് ഇത് 6.2 ശതമാനമാക്കി ഉയർത്തിക്കൊണ്ടുവന്നു. 2019ല്‍ ബിഡിജെഎസിലേക്ക് എത്തിയതോടെ വോട്ടുവിഹിതം 8.6 ശതമാനമായി. ബിജു കൃഷ്ണനായിരുന്നു കഴിഞ്ഞ തവണ എന്‍ഡിഎയ്ക്കായി മത്സരിച്ചത്. 78,648 വോട്ടുകളായിരുന്നു ബിജു അന്ന് നേടിയത്. അതുകൊണ്ട് തന്നെ പത്ത് ശതമാനം മറികടക്കുക എന്ന ലക്ഷ്യം എന്‍ഡിഎയ്ക്ക് ഉണ്ടാകും.

സംഗീത വിശ്വനാഥ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം

ഭാരത് ധർമ ജന സേനയുടെ (ബിഡിജെഎസ്) സംഗീത വിശ്വനാഥാണ് ഇക്കുറി ഇടുക്കിയിലെ ബിജെപി സ്ഥാനാർഥി. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്ങല്ലൂര് നിന്നും 2021ല്‍ ഇടുക്കിയില്‍ നിന്നും എന്‍ഡിഎ ടിക്കറ്റില്‍ സംഗീത വിശ്വനാഥ് മത്സരിച്ചിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ അന്ന് 22 ശതമാനം വോട്ടുപിടിച്ച സംഗീത ഇടുക്കിയിലെത്തിയപ്പോള്‍ ഏഴ് ശതമാനമായി കുറഞ്ഞിരുന്നു. എസ് എന്‍ ഡി പി യോഗം വനിത സംഘം കേന്ദ്ര കമ്മിറ്റി സെക്രട്ടറി, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും സംഗീത വഹിച്ചിട്ടുണ്ട്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം