കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സിപിഐ ദേശീയ നേതാവ് ആനി രാജ എന്നിവര്‍ ഏറ്റുമുട്ടുന്ന വയനാടാണ് രണ്ടാം ഘട്ടത്തിലെ വിഐപി മണ്ഡലം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മണ്ഡലത്തില്‍ മത്സരരംഗത്തുണ്ട്. കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ (തിരുവനന്തപുരം), വിദേശകാര്യ-പാര്‍ലമെന്ററി വി മുരളീധരന്‍ (ആറ്റിങ്ങല്‍), ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ എന്നിവര്‍ രണ്ടാം ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി മണ്ഡ്യയില്‍നിന്ന് ജനവിധി തേടുന്നു. ബിജെപിയുടെ തേജസ്വി സൂര്യ (ബെംഗളൂരു നോര്‍ത്ത്), കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് (ജോധ്പുര്‍) ഹേമാ മാലിനി (മഥുര), രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്ലോട്ട് (ജലോര്‍), എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ കെ സി വേണുഗോപാല്‍ (ആലപ്പുഴ), എന്നിവരും രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖരാണ്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്.
എന്നാല്‍, ഏറ്റവും കൂടുതല്‍ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ഒന്നാം ഘട്ടത്തില്‍ പോളിങ് ശതമാനം കുറഞ്ഞതിനാല്‍ സമയം ദീര്‍ഘിപ്പിക്കുന്നതുള്‍പ്പെടെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിച്ചേക്കും.
18-19 പ്രായക്കാരായ 5,34,394 കന്നിവോട്ടര്‍മാര്‍ ഉള്‍പ്പെടെ 2,77,49,159 വോട്ടര്‍മാരാണ് ഇക്കുറി സംസ്ഥാനത്തുള്ളത്. ഇവരില്‍ 1,43,33,499 പേര്‍ സ്ത്രീകളാണ്. 2,64232 ഭിന്നശേഷി വോട്ടര്‍മാരും 367 ഭിന്നലിംഗ വോട്ടര്‍മാരും സംസ്ഥാനത്തുണ്ട്.
സംസ്ഥാനത്ത് 13,272 കേന്ദ്രങ്ങളിലായി 25,231 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കിയിരിക്കുന്നത്. പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക.
സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.
30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്‌ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. പ്രാഥമിക പരിശോധന, മൂന്ന്ഘട്ട റാന്‍ഡമൈസേഷന്‍, മോക്ക് പോളിങ് എന്നിവ പൂര്‍ത്തിയാക്കി കുറ്റമറ്റതെന്ന് ഉറപ്പാക്കിയവയാണ് വോട്ടിങ് യന്ത്രങ്ങള്‍.
വെള്ളിയാഴ്ച രാവിലെ ആറിന് പോളിങ് ബൂത്തുകളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വീണ്ടും മോക്പോള്‍ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക.
സുഗമമായ വോട്ടിങ് പ്രക്രിയ ഉറപ്പുവരുത്താനായി 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ദിവസം ഉണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ മൂലം തിരഞ്ഞെടുപ്പ് തടസ്സപ്പെടാതിരിക്കാന്‍ ദ്രുതകര്‍മ്മസേനയെയും എല്ലാ പോലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളില്‍ കേന്ദ്രസേനയെ ഉള്‍പ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പ്രശ്നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും 20 ലോക്സഭാ മണ്ഡലങ്ങളിലെ ആര്‍.ഒമാരുടെ കീഴിലും സജ്ജമാക്കിയിട്ടുള്ള കണ്‍ട്രോള്‍ റൂമുകളിലും വെബ്കാസ്റ്റിങ് ദൃശ്യങ്ങള്‍ തത്സമയം നിരീക്ഷിക്കും.
പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്ന രണ്ടാം ഘട്ട പോളിങ്ങ് ഇന്ന്. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലെ 89 മണ്ഡലങ്ങളിലെ ജനങ്ങളാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുന്നത്. കേരളമാണ് മുഴുവന്‍ മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന ഏക സംസ്ഥാനം. രണ്ടാംഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ വോട്ടെടുപ്പ് നടക്കുന്നതും കേരളത്തില്‍ തന്നെ. 89 മണ്ഡലങ്ങളില്‍ നിന്നായി 1206 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ ജനവിധി തേടുന്നത്. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ഥികളാണ് ഇക്കുറി മല്‍സര രംഗത്തുള്ളത്.
കേരളത്തിലെ 20 സീറ്റിന് പുറമേ, കര്‍ണാടക-14, രാജസ്ഥാന്‍- 13, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര- എട്ട് വീതം, മധ്യപ്രദേശ്- ഏഴ്, ബിഹാര്‍, അസം- അഞ്ച് വീതം,ഛത്തീസ്ഗഡ്, ബംഗാള്‍-മൂന്നു വീതം, ത്രിപുര, ജമ്മു കശ്മീര്‍- ഒന്നു വീതം, മണിപ്പൂരിലെ ഒരു മണ്ഡലത്തിലെ ബാക്കിയുള്ള ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
വോട്ട് രേഖപ്പെടുത്താല്‍ എത്തുമ്പോള്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡിനു പുറമേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം.
രണ്ടാം ഘട്ട പോളിങ് ആരംഭിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ കേരളത്തില്‍ മോക്ക് പോളിങ്ങിന് തുടക്കം. വോട്ടിങ് യന്ത്രങ്ങളുടെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കാനാണ് മോക്ക് പോളിങ്.
മോക്ക് പോളിങ്ങില്‍ കോഴിക്കോട് മണ്ഡലത്തിലെ ബുത്ത് നമ്പര്‍ ഒന്നിലും പത്തനംതിട്ട മണ്ഡലത്തിലെ ബുത്ത് നമ്പര്‍ 22 ലും വോട്ടിങ് മെഷീനുകള്‍ക്ക് തകരാറ് കണ്ടെത്തി. പകരം ക്രമീകരണത്തിന് ശ്രമം തുടങ്ങി.
തിരഞ്ഞെടുപ്പ് ദിന സന്ദേശവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗൾ ഐഎഎസ്.
പതിനെട്ടാമത് ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പോളിങ്ങിന് തുടക്കം. കേരളം ഉള്‍പ്പെടെ 13 സംസ്ഥാനങ്ങളിലായി 89 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്പിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ സംസ്ഥാനത്തെ പലബൂത്തുകളിലും നീണ്ട വരി പ്രത്യക്ഷപ്പെട്ടു.
മോക്ക് പോളിങ്ങില്‍ തകരാറ് ശ്രദ്ധയില്‍പെട്ട ബൂത്തുകളില്‍ പ്രശ്‌നം പരിഹരിച്ച് വോട്ടിങ് ആരംഭിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.
സംസ്ഥാനത്ത് വോട്ടടുപ്പ് ആരംഭിച്ച ആദ്യമിനിറ്റില്‍ തന്നെ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ വോട്ട് ചെയ്തു. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍, മുതിര്‍ന്ന നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ബിജെപി നേതാവും തൃശൂരിലെ സ്ഥാനാര്‍ഥിയുമായ സുരേഷ് ഗോപി എന്നിവര്‍ തങ്ങളുടെ ബൂത്തുകളില്‍ ആദ്യ വോട്ടര്‍മാരായി വോട്ട് ചെയ്തു.
വോട്ട് രേഖപ്പെടുത്തിയ ശേഷം ആത്മവിശ്വാസം പ്രകടിപ്പിച്ച് തൃശൂരിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. ആദ്യമായാണ് തനിക്ക് തന്നെ വോട്ട് ചെയ്യുന്നതെന്നും വിജയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
പൊന്നാനിയിലും മലപ്പുറത്തും വമ്പിച്ച ഭൂരിപക്ഷം ഉണ്ടാകുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രണ്ടിടങ്ങളിലും രണ്ട് ലക്ഷത്തിൽ പരം ഭൂരിപക്ഷമുണ്ടാകും. കേരളത്തിൽ യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്.
മതേതരത്വവും ജനാധിപത്യവുമാണ് നെടുംതൂൺ് എന്നും ഇത് സംരക്ഷിക്കുന്നവർക്കാണ് വോട്ടെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. എല്ലാ സ്ഥാനാർത്ഥികളും വന്നു കണ്ടിരുന്നു. സമദൂരമാണ് എൻ എസ് എസിന്റെ നിലപാട് എന്നും ഇഷ്ടമുള്ള ആളുകൾക്ക് വോട്ട് ചെയ്യാമെന്നും സുകുമാരൻ നായർ പറഞ്ഞു.
മാവേലിക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി എ അരുണ്‍ കുമാര്‍ വോട്ട് രേഖപ്പെടുത്തി.
സംസ്ഥാനത്തെ 20 ലോക്‌സഭാ സീറ്റുകളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ശക്തമാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് എതിരാണ് ജനവികാരം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി ഭരണത്തില്‍ തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും പറവൂരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വി ഡി സതീശന്‍ പ്രതികരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധര്‍മ്മടം മണ്ഡലത്തിലെ പിണറായി ആര്‍സി അമല ബിയുപി സ്‌കൂളിലാണ് മുഖ്യമന്ത്രി കുടുംബസമേതം വോട്ട് രേഖപ്പെടുത്താനെത്തിയത്.
സംസ്ഥാനത്ത് പോളിങ്ങ് ആദ്യ മണിക്കൂര്‍ പിന്നിടുമ്പോള്‍ മികച്ച ജനപങ്കാളിത്തം. മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആകെ 2,77,49,159 വോട്ടർമാരാണു സംസ്ഥാനത്ത് സമ്മതിദിനാവകാശം വിനിയോഗിക്കുന്നത്. മണ്ഡലങ്ങളിലെ പോളിങ്ങ് ശതമാനം ഇങ്ങനെ.
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024-പോളിങ് ശതമാനം (8.20 AM)
സംസ്ഥാനം-5.62
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-5.59
2. ആറ്റിങ്ങല്‍ -6.24
3. കൊല്ലം -5.59
4. പത്തനംതിട്ട-5.98
5. മാവേലിക്കര -5.92
6. ആലപ്പുഴ -5.96
7. കോട്ടയം -6.01
8. ഇടുക്കി -5.75
9. എറണാകുളം-5.71
10. ചാലക്കുടി -5.97
11. തൃശൂര്‍-5.64
12. പാലക്കാട് -5.96
13. ആലത്തൂര്‍ -5.59
14. പൊന്നാനി -4.77
15. മലപ്പുറം -5.15
16. കോഴിക്കോട് -5.28
17. വയനാട്- 5.73
18. വടകര -4.88
19. കണ്ണൂര്‍ -5.74
20. കാസര്‍ഗോഡ്-5.24
പോളിങ് ശതമാനം (8.05 AM)
1. തിരുവനന്തപുരം-2.97
2. ആറ്റിങ്ങല്‍ -2.18
3. കൊല്ലം -1.69
4. പത്തനംതിട്ട-3.05
5. മാവേലിക്കര -2.77
6. ആലപ്പുഴ -1.70
7. കോട്ടയം -3.25
8. ഇടുക്കി -2.22
9. എറണാകുളം-2.11
10. ചാലക്കുടി -1.85
11. തൃശൂര്‍-2.60
12. പാലക്കാട് -2.72
13. ആലത്തൂര്‍ -1.66
14. പൊന്നാനി -2.03
15. മലപ്പുറം -2.35
16. കോഴിക്കോട് -2.32
17. വയനാട്- 2.83
18. വടകര -2.08
19. കണ്ണൂര്‍ -1.45
20. കാസര്‍ഗോഡ്-1.32
ഇ പി ജയരാജന്‍ ബിജെപിയില്‍ ചേരാന്‍ ശ്രമിച്ചിരുന്നു എന്ന ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങള്‍ ശരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് ചര്‍ച്ചകള്‍ നടന്നതെന്ന് കെ സുരേന്ദ്രന്‍ കോഴിക്കോട് പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്ന ജൂണ്‍ നാലിന് കൂടുതല്‍ നേതാക്കള്‍ ബിജെപിയില്‍ എത്തും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത പേരുകളും ഉണ്ടാവുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപി പ്രവേശനത്തിനായി ഇ പി ജയരാജന്‍ ചര്‍ച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണത്തില്‍ ചൂടുപിടിച്ച് വോട്ടെടുപ്പ് ദിനത്തില്‍ കേരള രാഷ്ട്രീയം. കൂട്ടുകെട്ടുകള്‍ ഇ പി ജയരാജന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ടാം ഘട്ട വോട്ടെടുപ്പ് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിങ് പത്ത് ശതമാനത്തിലേക്ക്. രാവിലെ 11 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 24 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-23.75
2. ആറ്റിങ്ങല്‍-26.03
3. കൊല്ലം-23.82
4. പത്തനംതിട്ട-24.39
5. മാവേലിക്കര-24.56
6. ആലപ്പുഴ-25.28
7. കോട്ടയം-24.25
8. ഇടുക്കി-24.13
9. എറണാകുളം-23.90
10. ചാലക്കുടി-24.93
11. തൃശൂര്‍-24.12
12. പാലക്കാട്-25.20
13. ആലത്തൂര്‍-23.75
14. പൊന്നാനി-20.97
15. മലപ്പുറം-22.44
16. കോഴിക്കോട്-23.13
17. വയനാട്-24.64
18. വടകര-22.66
19. കണ്ണൂര്‍-24.68
20. കാസര്‍ഗോഡ്-23.74
ഇ പി ജയരാജന് എതിരായ ആരോപണങ്ങള്‍ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേലയുടെ ഭാഗമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇത്തരം ആരോപണങ്ങള്‍ വോട്ടെടുപ്പ് ദിനത്തോടെ അവസാനിക്കും. ആരെയെങ്കിലും കാണുന്നതില്‍ എന്താണ് പ്രശ്‌നം. പലരും വരും പലരെയും കാണും.
സിപിഎമ്മിന് എതിരെ, മുഖ്യമന്ത്രിക്ക് എതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇടതു മുന്നണി എന്നിവര്‍ക്ക് എതിരെ പലകേന്ദ്രങ്ങളില്‍ നിന്ന് നിരന്തരമായ കടന്നാക്രമണങ്ങള്‍ നടക്കുന്നു. ഇതെല്ലാം പൊതുവായ തത്വത്തില്‍ കണ്ട് തള്ളിക്കളയുന്നതായും എംവി ഗോവിന്ദന്‍ പ്രതികരിച്ചു.
രണ്ടാം ഘട്ട വോട്ടെടുപ്പ് നാലുമണിക്കൂർ പിന്നിടുമ്പോൾ പോളിങ് 26 ശതമാനം കടന്നു. രാവിലെ 11.15 വരെയുള്ള കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷനാണ് പുറത്തുവിട്ടത്. ആറ്റിങ്ങലാണ് ഇതുവരെ ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-25.66
2. ആറ്റിങ്ങല്‍-27.81
3. കൊല്ലം-25.94
4. പത്തനംതിട്ട-26.67
5. മാവേലിക്കര-26.76
6. ആലപ്പുഴ-27.64
7. കോട്ടയം-26.41
8. ഇടുക്കി-26.12
9. എറണാകുളം-25.92
10. ചാലക്കുടി-27.34
11. തൃശൂര്‍-26.41
12. പാലക്കാട്-27.60
13. ആലത്തൂര്‍-26.19
14. പൊന്നാനി-23.22
15. മലപ്പുറം-24.78
16. കോഴിക്കോട്-25.62
17. വയനാട്-26.81
18. വടകര-25.08
19. കണ്ണൂര്‍-27.26
20. കാസര്‍ഗോഡ്-26.33
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്തെ പോളിങ് 31 ശതമാനം കടന്നു. പന്ത്രണ്ട് മണി പിന്നിടുമ്പോൾ 31.06 ശതമാനം കേരളത്തിൽ ഉടനീളം രേഖപ്പെടുത്തിയ പോളിങ്. ആറ്റിങ്ങൽ മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് ഇതുവരെ നടന്നത്
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-30.59
2. ആറ്റിങ്ങല്‍-33.18
3. കൊല്ലം-30.86
4. പത്തനംതിട്ട-31.39
5. മാവേലിക്കര-31.46
6. ആലപ്പുഴ-32.58
7. കോട്ടയം-31.39
8. ഇടുക്കി-31.16
9. എറണാകുളം-30.86
10. ചാലക്കുടി-32.57
11. തൃശൂര്‍-31.35
12. പാലക്കാട്-32.58
13. ആലത്തൂര്‍-30.92
14. പൊന്നാനി-27.20
15. മലപ്പുറം-29.11
16. കോഴിക്കോട്-30.16
17. വയനാട്-31.74
18. വടകര-29.53
19. കണ്ണൂര്‍-31.82
20. കാസര്‍ഗോഡ്-31.14
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ സംസ്ഥാനത്തെ പോളിങ് ഉച്ചയ്ക്ക് ഒരു മണിവരെ 40.21 ശതമാനമാണ്
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-39.13
2. ആറ്റിങ്ങല്‍-41.91
3. കൊല്ലം-39.43
4. പത്തനംതിട്ട-40.06
5. മാവേലിക്കര-40.16
6. ആലപ്പുഴ-42.25
7. കോട്ടയം-40.28
8. ഇടുക്കി-40.03
9. എറണാകുളം-39.49
10. ചാലക്കുടി-41.81
11. തൃശൂര്‍-40.58
12. പാലക്കാട്-41.99
13. ആലത്തൂര്‍-40.51
14. പൊന്നാനി-35.90
15. മലപ്പുറം-38.21
16. കോഴിക്കോട്-39.32
17. വയനാട്-41.10
18. വടകര-39.03
19. കണ്ണൂര്‍-42.09
20. കാസര്‍ഗോഡ്-41.28
ബിജെപി ബന്ധത്തിന്റെ പേരില്‍ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ മുഖ്യമന്തി പരസ്യമായി ശാസിച്ച സാഹചര്യത്തില്‍ അദ്ദേഹം ഉടനടി കണ്‍വീനര്‍ സ്ഥാനം രാജി വക്കണമെന്ന് കെ പി സി സി ആക്ടിങ് പ്രസിഡന്റ് എം എം ഹസന്‍.
ബിജെപി നേതാവ് പ്രകാശ് ജാവേദ്ക്കറുമായുള്ള ജയരാജന്റെ കൂടിക്കാഴ്ചയെ മുഖ്യമന്തിക്ക് തള്ളിപ്പറയേണ്ടി വന്നത് സി പി എം - ബിജെപി ഡീല്‍ പുറത്തു വന്നതിന്റെ ജാള്യം മറയ്ക്കാനാണ് .
നല്ല കമ്യൂണിസ്റ്റുകാരന്‍ എന്ന് മുഖ്യമന്ത്രി തന്നെ വിശേഷിപ്പിച്ചിട്ടുള്ള ജയരാജനില്‍ മുഖ്യ മന്ത്രിക്ക് വിശ്വാസം നഷ്ടപ്പെട്ടു. കടിച്ചു തൂങ്ങാതെ രാജി വയ്ക്കുന്നതാണ് അദ്ദേഹത്തിനും അഭികാമ്യം.
കേരളത്തില്‍ സി പി എം - ബിജെപി ഡീലിന്റെ സൂത്രധാരകന്‍ ജയരാജനാണ്. മുഖ്യമന്ത്രിയുടെ വ്യക്തമായ നിര്‍ദേശപ്രകാരമാണ് ദീര്‍ഘകാലമായി ചര്‍ച്ച നടക്കുന്നതെന്നും ഹസന്‍ പറഞ്ഞു.
തൃശ്ശൂരില്‍ ബിജെപിക്ക് മുന്നേറ്റം ഉണ്ടാകുമെന്ന് പത്മജ വേണുഗോപാല്‍. സഹോദര ബന്ധം വീട്ടില്‍ മാത്രം. സുരേഷ് ഗോപി പ്രതീക്ഷിച്ചതിലും വലിയ പിന്തുണ നേടുമെന്നാണ് വിലയിരുത്തല്‍ എന്നും പ്തമജ പ്രതികരിച്ചു. സുരേഷ് ഗോപി ജയിക്കുമെന്ന് നൂറ് ശതമാനം വിശ്വസിക്കുന്നു.
സിപിഎം-ബിജെപി ബന്ധം ഇപ്പോള്‍ മറ നീക്കി പുറത്തു വന്നിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ പ്രതിപക്ഷം ബിജെപി- സിപിഎം അവിഹിത ബന്ധത്തെ കുറിച്ച് സംസാരിച്ചിരുന്നു. പ്രതിപക്ഷം പറഞ്ഞ വാക്കുകള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ നടന്ന സംഭവങ്ങള്‍. കൂട്ടുപ്രതിയെ തള്ളപ്പറഞ്ഞ് ഒന്നാം പ്രതിയായ മുഖ്യമന്ത്രി രക്ഷപ്പെടാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിക്ക് ദല്ലാള്‍ നന്ദകുമാറിനോട് മാത്രമെ വിരോധമുള്ളൂ. വി എസ് അച്യുതാനന്ദന്‍-പിണറായി പോരാട്ട കാലത്ത് അച്യുതാനന്ദന്റെ കൂടെയുണ്ടായിരുന്ന ആളാണ് നന്ദകുമാര്‍. അതുകൊണ്ടാണ് പിണറായിക്ക് ദേഷ്യം. നന്ദകുമാറും അച്യുതാനന്ദനും തമ്മിലുള്ള ബന്ധത്തെ കുറിച്ച് 2011-ല്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞ ആളാണ് ഞാന്‍. പല സിപിഎം നേതാക്കളുമായും നന്ദകുമാറിന് ബന്ധമുണ്ട്. എന്നിട്ടാണ് ഏത് നന്ദകുമാ റെന്ന് ഇ.പി ജയരാജന്‍ ചോദിച്ചത്. നന്ദകുമാറിന്റെ വീട് സന്ദര്‍ശിച്ച് അയാളുടെ അമ്മയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തയാളാണ് ജയരാജന്.
യുവാക്കളുടെ വികാരമായിരിക്കും ഇത്തവണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ആര് ജയിക്കുമെന്ന പ്രവചനം അസാധ്യം
13 സംസ്ഥാനങ്ങളിലായി 88 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ ഒരു മണിവരെയുള്ള കണക്കുകള്‍ പ്രകാരം ത്രിപുരയില്‍ മികച്ച പോളിങ്ങാണ്. ഒറ്റ മണ്ഡലത്തില്‍ മാത്രമാണ് ത്രിപുരയില്‍ പോളിങ്. 54.47% ആണ് പോളിങ്. അതേസമയം, മഹാരാഷ്ട്രയില്‍ പോളിങ് മന്ദഗതിയിലാണ്. 31.77% ആണ് പോളിങ്.
കർണാടക - 38.23%
പശ്ചിമ ബംഗാൾ - 47.29%
അസം - 46.31%
യുപി - 35.73%
ഛത്തീസ്ഗഡ് - 53.09%
മധ്യപ്രദേശ് - 38.96%
രാജസ്ഥാൻ - 40.39%
ത്രിപുര - 54.47%
ജമ്മു കശ്മീർ 42.88%
ബിഹാർ - 33.80%
മഹാരാഷ്ട്ര - 31.77%
മണിപ്പൂർ - 54.26%
തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും, എന്നാല്‍ അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണിതെന്നും, എന്നാല്‍, പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം വ്യക്തമാക്കി.
എറണാകുളം മണ്ഡലത്തില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു രണ്‍ജി പണിക്കര്‍. ജനാധിപത്യത്തിന്റെ നിലനില്‍പ്പിനു വേണ്ടി, അല്ലെങ്കില്‍ അതിന്റെ അപകടസന്ധിയെ തരണം ചെയ്യുന്നതിനായാണ് വോട്ട് ചെയ്തത്. എല്ലാ പരിമിതികള്‍ക്കും പരാധീനതകള്‍ക്കും ഉള്ളില്‍ നിന്നുകൊണ്ടു തന്നെ ജനാധിപത്യത്തിന് അതിന്റേതായ അതിജീവന മെക്കാനിസം ഉണ്ടെന്നു വിശ്വസിക്കുന്ന വോട്ടറാണു താനെന്നും രണ്‍ജി പണിക്കര്‍.
ലോക്സഭാ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പിൽ കേരളത്തിലെ പോളിങ് ശതമാനം വൈകിട്ട് 6 ന് 67.27 ശതമാനമാണ്
മണ്ഡലം തിരിച്ച്:
1. തിരുവനന്തപുരം-64.40
2. ആറ്റിങ്ങല്‍-67.62
3. കൊല്ലം-65.33
4. പത്തനംതിട്ട-62.08
5. മാവേലിക്കര-64.27
6. ആലപ്പുഴ-70.90
7. കോട്ടയം-64.14
8. ഇടുക്കി-64.57
9. എറണാകുളം-65.53
10. ചാലക്കുടി-69.05
11. തൃശൂര്‍-68.51
12. പാലക്കാട്-69.45
13. ആലത്തൂര്‍-68.89
14. പൊന്നാനി-63.39
15. മലപ്പുറം-67.12
16. കോഴിക്കോട്-68.86
17. വയനാട്-69.69
18. വടകര-69.04
19. കണ്ണൂര്‍-71.54
20. കാസര്‍ഗോഡ്-70.37
സംസ്ഥാനത്ത് ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള പോളിങ് സമയം അവസാനിച്ചു. ആറു മണിക്ക് ശേഷവും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര ദൃശ്യമാണ്. ആറു മണിക്കു മുന്‍പ് ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ടോക്കണ്‍ നൽകി. ഇവർക്കു വോട്ട് ചെയ്യാനുള്ള അവസരം നൽകും.
പോളിങ് സമയം അവസാനിച്ചിട്ടും സംസ്ഥാനത്ത് പലയിടത്തും വോട്ടര്‍മാരുടെ നീണ്ടനിര. ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് ഇതുവരെ 69.04 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. പല ബൂത്തുകളിലും പോളിങ് തുടരുന്നതിനാല്‍ അന്തിമ കണക്കില്‍ മാറ്റമുണ്ടാകും. പലയിടത്തും പോളിങ് വൈകുകയാണ്. കടുത്ത ചൂടും യന്ത്രത്തകരാറും മറ്റുമാണ് പോളിങ് വൈകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
പോളിംഗ് ശതമാനം(06.45 PM, മണ്ഡലം തിരിച്ച്):
1. തിരുവനന്തപുരം-65.68
2. ആറ്റിങ്ങല്‍-68.84
3. കൊല്ലം-66.87
4. പത്തനംതിട്ട-63.05
5. മാവേലിക്കര-65.29
6. ആലപ്പുഴ-72.84
7. കോട്ടയം-65.29
8. ഇടുക്കി-65.88
9. എറണാകുളം-67.00
10. ചാലക്കുടി-70.68
11. തൃശൂര്‍-70.59
12. പാലക്കാട്-71.25
13. ആലത്തൂര്‍-70.88
14. പൊന്നാനി-65.62
15. മലപ്പുറം-69.61
16. കോഴിക്കോട്-71.25
17. വയനാട്-71.69
18. വടകര-71.27
19. കണ്ണൂര്‍-73.80
20. കാസര്‍ഗോഡ്-72.52
കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന മറ്റു സംസ്ഥാനങ്ങളിലെ പോളിങ് അവസാനിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, അസം, ബിഹാര്‍, രാജസ്ഥാന്‍, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ വിവിധ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്, 77.53 ശതമാനം. ഏറ്റവും കുറവ് ഉത്തര്‍പ്രദേശിലാണ. ഇവിടെ വോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ 52.74 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്.
പോളിങ് ശതമാനം
മഹാരാഷ്ട്ര- 53.51
ഉത്തര്‍പ്രദേശ്- 52.74
ത്രിപുര- 77.53
മണിപ്പൂര്‍- 76.06
വെസ്റ്റ് ബംഗാള്‍- 71.84
ഛത്തീസ്ഗഡ്- 72.13
ആസാം- 70.66
ബീഹാര്‍- 53.03
മധ്യപ്രദേശ്- 54.83
രാജസ്ഥാന്‍- 59.19
കര്‍ണാടക- 63.90
ജമ്മു ആന്‍ഡ് കാശ്മീര്‍- 67.22
വോടെടുപ്പിന്റെ ഔദ്യോഗിക സമയപരിധി പിന്നിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും സംസ്ഥാനത്ത് പല ബൂത്തുകളിലും പോളിങ് തുടരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ രാത്രി എട്ടിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ പോളിങ് ശതമാനം 70 കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 70.35 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ ശക്തമായ പോരാട്ടം നടക്കുന്ന വടകര മണ്ഡലത്തില്‍ പല ബൂത്തുകളിലും എട്ടുമണിക്കും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ്.
പോളിംഗ് ശതമാനം(08.00 PM മണ്ഡലം തിരിച്ച്)
1. തിരുവനന്തപുരം-66.41
2. ആറ്റിങ്ങല്‍-69.39
3. കൊല്ലം-67.82
4. പത്തനംതിട്ട-63.34
5. മാവേലിക്കര-65.86
6. ആലപ്പുഴ-74.25
7. കോട്ടയം-65.59
8. ഇടുക്കി-66.37
9. എറണാകുളം-67.97
10. ചാലക്കുടി-71.59
11. തൃശൂര്‍-71.91
12. പാലക്കാട്-72.45
13. ആലത്തൂര്‍-72.42
14. പൊന്നാനി-67.69
15. മലപ്പുറം-71.49
16. കോഴിക്കോട്-73.09
17. വയനാട്-72.71
18. വടകര-73.09
19. കണ്ണൂര്‍-75.57
20. കാസര്‍ഗോഡ്-74.16
സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാത്രി വൈകിയും തുടരുന്നു. പല മണ്ഡലങ്ങളിലും നിരവധി ബൂത്തുകളില്‍ രാത്രി ഒമ്പതിനു ശേഷവും പോളിങ് തുടരുകയാണ്. യന്ത്രത്തകരാറും കാലാവസ്ഥയുമാണ് പലയിടത്തും വോട്ടിങ് വൈകാന്‍ കാരണം. രാത്രി ഒമ്പതിന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ഇതുവരെ 71 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്, 75.74 ശതമാനം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്, 63.34 ശതമാനം.
കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അര്‍ധരാത്രി വരെ നീളാന്‍ സാധ്യത. രാത്രി പത്തിനും വിവിധ ബൂത്തുകളില്‍ നീണ്ട വോട്ടര്‍മാരുടെ ക്യൂവാണ്. വടകര, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ പോളിങ് തുടരുകയാണ്. രാത്രി 10 വരെയുള്ള കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 71.35 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് 224 ബൂത്തുകളില്‍ പോളിങ് പുരോഗമിക്കുന്നു. ആലത്തൂരില്‍ ഒമ്പത് ബൂത്തുകളിലും മലപ്പുറത്തും പൊന്നാനിയിലും ഏഴു ബൂത്തുകളിലും വടകരയില്‍ നാല് ബൂത്തുകളിലും രാത്രി പത്തിനു ശേഷവും വോട്ടര്‍മാരുടെ നിരയാണ്.