ലോകത്തെ ഏറ്റും വലിയ ജനാധിപത്യ രാജ്യത്തെ അടുത്ത അഞ്ച് വര്‍ഷം ആര് നയിക്കുമെന്ന് അറിയാന്‍ ഇനി നിമിഷങ്ങള്‍ മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി- എന്‍ഡിഎ സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇന്ത്യയെ തിരിച്ചുപിടിക്കാനെന്ന പ്രചാരണവുമായാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിറങ്ങിയത്. എന്‍ഡിഎയ്ക്ക് എതിരെ 25-ലേറെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി അണിനിരന്നു.
എക്‌സിറ്റ് പോളുകള്‍ തുടര്‍ഭരണം പ്രവചിച്ചതിന്റെ പൂര്‍ണ ആത്മവിശ്വാസത്തിലാണ് ബിജെപിയും എന്‍ഡിഎയും. എന്നാല്‍, പ്രവചനങ്ങള്‍ക്ക് അതീതമായി രാജ്യത്ത് ഭരണം പിടിക്കാമെന്ന് വലിയ പ്രതീക്ഷയിലാണ് ഇന്ത്യ മുന്നണി നേതാക്കള്‍. കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ ഫലമുണ്ടാകുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചനം. എക്‌സിറ്റ് പോളുകളെ വിശ്വസിക്കില്ലെന്ന് നേരത്തേ തന്നെ സിപിഎം വ്യക്തമാക്കിയിരുന്നു.
വിധി തീരുമാനിച്ചത് 64.21 കോടി ഇന്ത്യക്കാർ
പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ആകെ വോട്ട് ചെയ്തത് 64.21 കോടി ആളുകൾ. 2019 ൽ 61.47 ആളുകൾ വോട്ട് ചെയ്തപ്പോൾ 2024 ൽ 2.74 കോടി ആളുകൾ കൂടി വോട്ട് ചെയ്തു. 65.79 ശതമാനം ആളുകളാണ് വോട്ട് ചെയ്തത്. കഴിഞ്ഞ തവണ ഇത് 67.40 ശതമാനമായിരുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം 97.61 കോടി പേരാണ് വോട്ടർ പട്ടികയിൽ ഇടംപിടിച്ചത്. 2019 ൽ 91.20 കോടി ആളുകളായിരുന്നു വോട്ടർമാരായി ഉണ്ടായിരുന്നത്. പോസ്റ്റൽ വോട്ടുകൾ കൂടി പരിഗണിക്കുമ്പോൾ 0.30 ശതമാനം കൂടി വർധിക്കും.
2019 ൽ 28 ലക്ഷം പോസ്റ്റൽ വോട്ടുകളായിരുന്നു അന്തിമമായി കണക്കിൽ ഉൾപ്പെടുത്തിയിരുന്നത്.
64.2 കോടി വോട്ടര്‍മാര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ പതിനെട്ടാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന്റെ ഫലങ്ങള്‍ എട്ടുമണി മുതല്‍ ലഭ്യമായിത്തുടങ്ങും. അരമണിക്കൂറിനുശേഷം വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. അരമണിക്കൂറിനുള്ളില്‍ത്തന്നെ ലീഡ് നില ലഭിക്കും.
ആദ്യം പോസ്റ്റല്‍ ബാലറ്റുകളും ശേഷം ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളുമാണ് എണ്ണുക. അരമണിക്കൂറിനുള്ളില്‍ മിക്ക മണ്ഡലങ്ങളിലെയും ആദ്യ ട്രെന്‍ഡ് പൊതുജനങ്ങള്‍ക്ക് ലഭ്യമാകും. ആന്ധ്രാപ്രദേശ്, ഒഡീഷ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണലിനുള്ള അന്തിമ ഒരുക്കങ്ങള്‍ പൂര്‍ണം. കണ്‍ട്രോള്‍ യൂണിറ്റുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമുകള്‍ തുറന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വന്‍സുരക്ഷയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. സ്‌ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്നു കണ്‍ട്രോള്‍ യൂണിറ്റുകള്‍ പോലീസ് അകമ്പടിയോടെ കൗണ്ടിങ് സെന്ററുകളിലേക്ക് എത്തിച്ചു.
ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് ഓഫീസറുടെ മേശപ്പുറത്താവും എണ്ണുക. ഇതിനു ശേഷമാണ് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുന്നത്.
വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റാണ് വോട്ടെണ്ണലിന് ഉപയോഗിക്കുക. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കണ്‍ട്രോള്‍ യൂണിറ്റുമാണ് വോട്ടെണ്ണല്‍ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളില്‍ കണ്‍ട്രോള്‍ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തില്‍ കൗണ്ടിങ് സൂപ്പര്‍വൈസര്‍ വോട്ടിങ് യന്ത്രം പരിശോധിച്ച് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സീല്‍പൊട്ടിക്കും. തുടര്‍ന്ന് ഏജന്റുമാരുടെ നിരീക്ഷണത്തില്‍ ഓരോ യന്ത്രത്തിലെയും റിസല്‍ട്ട് ബട്ടണില്‍ സൂപ്പര്‍വൈസര്‍ വിരല്‍ അമര്‍ത്തി ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ട് ഡിസ്പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും.
2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഔദ്യോഗികമായി ആരംഭിച്ചു. ആദ്യ ഫലസൂചനകള്‍ 15 മിനിറ്റിനുള്ളില്‍ ലഭ്യമാകും. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്ത്. എന്‍ഡിഎ പത്തു സീറ്റുകളില്‍ മുന്നിലാണ്, ഇന്ത്യ മുന്നണി ആറു സീറ്റുകളില്‍ മുന്നിലാണ്.
തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റം. അമ്പതിലേറെ സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. ഇന്ത്യ മുന്നണി 25 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
തിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകളില്‍ എന്‍ഡിഎയ്ക്ക് വ്യക്തമായ മുന്നേറ്റം.നൂറിലേറെ സീറ്റുകളില്‍ എന്‍ഡിഎ മുന്നിലാണ്. ഇന്ത്യ മുന്നണി 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.
രാജ്യം ഉറ്റുനോക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ലോക്സഭാ സീറ്റുകള്‍ ഉള്ള ഉത്തര്‍പ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എന്‍ഡിഎ സഖ്യം 32 സീറ്റുകളിലും ഇന്ത്യ സഖ്യം 20 സീറ്റുകളിലും ലീഡ് ചെയ്യുന്നു. സൂചന ലഭിക്കുന്നതനുസരിച്ച് രാജ്യത്ത് 125 സീറ്റുകളില്‍ എന്‍ഡിഎയും നൂറു സീറ്റില്‍ ഇന്ത്യ മുന്നണിയുമായി ലീഡ് ചെയ്യുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ ഇന്ത്യ സഖ്യം നിലമെച്ചപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. ഒടുവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകള്‍ പ്രകാരം 'ഇന്ത്യ' സഖ്യം ലീഡ് ചെയ്യുന്ന സീറ്റുകളുടെ എണ്ണം 190 കവിഞ്ഞു.
വോട്ടെണ്ണല്‍ പുരോഗമിക്കവേ കനത്ത പോരാട്ടവുമായി ഇന്ത്യ സഖ്യം. തൃണമൂലിനെ കൂടാതെ തന്നെ ഇന്ത്യ സഖ്യം ഇരുന്നൂറ് സീറ്റില്‍ ലീഡ് നില കടന്നു. 280 സീറ്റുകളിലാണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്.
വോട്ടെണ്ണല്‍ പുരോഗമിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദി വരാണാസിയില്‍ പിന്നില്‍. കോണ്‍ഗ്രസിന്റെ അജയ് റായ് 6223 വോട്ടുകള്‍ക്ക് മുന്നിലാണ്
വാരാണസിയില്‍ പിന്നിലായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിലെത്തി. അതേസമയം, അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി പിന്നിലാണ്. 9590 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കിഷോരിലാലാണ് മുന്നില്‍
വോട്ടെണ്ണല്‍ പുരോഗമിക്കവേ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷവും കടന്ന് മൂന്നൂറിലേക്ക്. ശക്തമായ പോരാട്ടവുമായി ഇന്ത്യ മുന്നണിയും രംഗത്തുണ്ട്. 215 സീറ്റുകളിലാണ് ഇന്ത്യ മുന്നണിയുടെ ലീഡ്.
രാജ്യത്തിന്റെ ഭരണം ആര്‍ക്കെന്ന് നിശ്ചയിക്കുന്ന ഉത്തര്‍ പ്രദേശില്‍ ഞെട്ടിക്കുന്ന മുന്നേറ്റവുമായി ഇന്ത്യ മുന്നണി. 80 സീറ്റുകളില്‍ 42 സീറ്റുകളിലാണ് സഖ്യം മുന്നേറുന്നത്. ഇതില്‍ 34 സീറ്റുകളും എസ്പിക്കാണ്. 35 സീറ്റുകളില്‍ ബിജെപി മുന്നേറുകയാണ്.
ഹാസന്‍ മണ്ഡലത്തില്‍ ലൈംഗികാരോപണത്തില്‍ ഉള്‍പ്പെട്ട പ്രജ്വല്‍ രേവണ്ണക്ക് തോല്‍വി. 25 വര്‍ഷമായി ജെഡിഎസ് തോല്‍വി അറിയാത്ത മണ്ഡലമാണ് ദേവെ ഗൗഡയുടെ തട്ടകമായ ഹാസന്‍ പ്രജ്വലിനെ തോല്‍പ്പിച്ചത് കോണ്‍ഗ്രസിന്റെ ശ്രേയസ് പാട്ടീല്‍ അതേസമയം, ഡി കെ ശിവകുമാറിന്റെ സഹോദരന്‍ പിന്നിലാണ്. ഡികെ സുരേഷ് 80,000 വോട്ടുകള്‍ക്കാണ് പിന്നില്‍. എച്ച് ഡി ദേവഗൗഡയുടെ മരുമകന്‍ ഡോ സി എന്‍ മഞ്ജുനാഥ് (ബിജെപി ) ലീഡ് ചെയ്യുന്നു. കല്‍ബുര്‍ഗിയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകന്‍ പിന്നില്‍. മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡമണിയെ പിന്നിലാക്കി ബിജെപി സ്ഥാനാര്‍ഥിയാണ് മുന്നില്‍. ശിവമോഗയില്‍ യെദ്യുരപ്പയുടെ മകന്‍ മുന്നിലാണ്. ബി വൈ രാഘവേന്ദ്ര ( ബിജെപി ) ലീഡ് ചെയ്യുന്നു.
വോട്ടെണ്ണല്‍ പുരോഗമിക്കവേ രാജ്യത്ത് എന്‍ഡിഎ മുന്നണി കേവല ഭൂരിപക്ഷ കടന്നെങ്കിലും ഇന്ത്യ മുന്നണിയും സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങി. ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരെ തങ്ങള്‍ക്കൊപ്പം കൂട്ടാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം ആരംഭിച്ചത്.