ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ മിക്ക സംസ്ഥാനങ്ങളിലും ഭേദപ്പെട്ട പോളിങ്ങ്. ഒരു മണിവരെയുള്ള കണക്കുകള്‍ പ്രകാരം 40 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി.
ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ്. 53.4 ശതമാനമാണ് ത്രിപുരയില്‍ ഉച്ചവരെ രേഖപ്പെടുത്തിയത്. കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലാണ് ഏറ്റവും കുറച്ച് പേര്‍ വോട്ട് രേഖപ്പെടുത്തിയത്, 29.91 ശതമാനം. തമിഴ്നാട് 39.51 ശതമാനം, ഉത്തര്‍പ്രദേശ് 36.96, ഉത്തരാഖണ്ഡ് 37.33, രാജസ്ഥാന്‍ 33.73, പുതുച്ചേരി 44.95, നാഗാലാന്റ് 39.66, മിസോറാം 37.43, മേഘാലയ 48.91, മണിപ്പൂര്‍ 46.92, മഹാരാഷ്ട്ര 32.36, മധ്യപ്രദേശ് 44.43, ജമ്മു കശ്മീര്‍ 43.11 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
വോട്ടെടുപ്പിനിടെ അക്രമ സംഭവങ്ങളും വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബംഗാളില്‍ പരസ്പരം ആരോപണങ്ങളുന്നയിച്ച് ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. ചന്ദമാരിയില്‍ ജനങ്ങളെ വോട്ടെടുപ്പില്‍നിന്ന് തടയാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞതായി ബിജെപി ആരോപിച്ചു. ബെഗാകത്ത മേഖലയില്‍ ബിജെപി പ്രവര്‍ത്തകര്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായി ടിഎംസിയും ആരോപിച്ചു. പത്ത് മണിയോടെ തന്നെ ഒരു ഡസനോളം പരാതികളാണ് കൂച്ച് ബിഹാര്‍ മേഖലയില്‍ മാത്രം ഉയര്‍ന്നത്. കുച്ച് ബിഹാര്‍ മേഖലയിലാണ് അനിഷ്ട സംഭവങ്ങള്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഛത്തീസ്ഗഡിലെ ബസ്തര്‍ മേഖലയില്‍ സ്‌ഫോടനവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബീജാപൂര്‍ ജില്ലയിലെ ഗുല്‍ഗാം മേഖലയില്‍ രാവിലെ ആയിരുന്നു സ്‌ഫോടനം. പോളിങ് സ്റ്റേഷന് 500 മീറ്റര്‍ മാത്രം മാറിയുണ്ടായ സ്‌ഫോടനത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരുക്കേറ്റതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മണിപ്പൂരിലെ ബിഷ്ണുപൂരിലാണ് അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത മറ്റൊരു മേഖല. ഇവിടെ ബൂത്ത് പിടിക്കാന്‍ ശ്രമം നടക്കുന്നതിനിടെ പോലീസ് ആകാശത്തേക്ക് വെടിവെച്ചു. ഇംഫാല്‍ ഈസ്റ്റില്‍ വോട്ടിങ് യന്ത്രങ്ങള്‍ അടിച്ചുതകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഉത്തരാഖണ്ഡിലെ അല്‍മോറ സുനിയക്കോട്ട് ഗ്രാമത്തിലെ വോട്ടര്‍മാര്‍ 'റോഡ് നഹി തോ വോട്ട് നഹി' എന്ന മുദ്രാവാക്യവുമായി ഘോഷയാത്ര നടത്തുകയും വോട്ടെടുപ്പ് ബഹിഷ്‌കരിക്കുകയും ചെയ്തു.