രണ്ടു ലക്ഷത്തി എണ്‍പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷം, ഹിന്ദുത്വ മനസ്സുകളെ ആവേശത്തിലാഴ്ത്തുന്ന തീപ്പൊരി പ്രസംഗം. അമ്മ കൈമാറിയ സീറ്റില്‍ വലിയ വിജയം, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കിറങ്ങിയപ്പോള്‍, വന്‍ വരവേല്‍പ്പായിരുന്നു വരുണ്‍ ഗാന്ധിക്ക്. ചെറു പ്രായത്തില്‍ ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് എത്തിയ നേതാവ്. രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയും കടന്നാക്രമിക്കാന്‍ മുന്‍നിരയില്‍ നിന്ന വരുണ്‍ ഗാന്ധിയെ ഒടുവിൽ ബിജെപി തഴയുകയാണ്. പിലിഭത്ത് ലോക്‌സഭ സീറ്റില്‍ ഉത്തര്‍പ്രദേശ് മന്ത്രി ജിതിന്‍ പ്രസാദയ്ക്ക് സീറ്റ് നല്‍കിയതോടെ, വരുണ്‍ ഗാന്ധിയെ ബിജെപി വെട്ടിനിരത്തിയോ എന്ന ചോദ്യം പ്രസക്തമാവുകയാണ്.
രാജ്‌നാഥ് സിങ് കൈപിടിച്ചുയര്‍ത്തിയ വരുണ്‍ ഗാന്ധി നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും അത്ര പ്രിയപ്പെട്ടവനല്ല. 2004 മുതല്‍ 2019 വരെ വരുണ്‍ ഗാന്ധിയുടെ സുവര്‍ണ കാലമായിരുന്നു. അമ്മ മനേക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ രാഷ്ട്രീയ യാത്രയ്ക്ക് ബിജെപി പൂര്‍ണ പിന്തുണ നല്‍കി. സംഘപരിവാറിന്റെ വര്‍ഗീയ വിഷം തുപ്പുന്ന നേതാക്കളെ അമ്പരിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ വരുണ്‍ ഗാന്ധി വലിയ കൈയടി പ്രസംഗങ്ങള്‍ നടത്തി. വളരെ പെട്ടെന്നായിരുന്നു വരുണ്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ച നേതാവായി മാറിയത്. പക്ഷേ, ഒരൊറ്റ പ്രസംഗം വരുണ്‍ ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഗതി മാറ്റിയെഴുതി.
മോദിയുടെ കണ്ണിലെ കരടായ പ്രസംഗം
നരേന്ദ്ര മോദിയെ ദേശീയ നേതാവായി ഉയര്‍ത്തിക്കാട്ടി ബിജെപി ക്യാമ്പയിനുകള്‍ ആരംഭിച്ച സമയമായിരുന്നു വരുണ്‍ ഗാന്ധി രാജ്‌നാഥ് സിങിനെ മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയോട് ഉപമിച്ച് പ്രസംഗിച്ചത്. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉത്തമന്‍ രാജ്‌നാഥ് സിങ് ആണെന്ന ശ്രുതി വരുണിന്റെ പ്രസംഗത്തിലുണ്ടായിരുന്നു. തനിക്ക് വലിയ സ്ഥാനം തന്ന രാജ്‌നാഥിനോടുള്ള കൂറുകാട്ടലാണോ, നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് എത്തുന്നതിലുള്ള എതിര്‍പ്പാണോ അങ്ങനെയൊരു പരാമര്‍ശം നടത്താന്‍ വരുണിനെ പ്രേരിപ്പിച്ചത് എന്നറിയില്ലെങ്കിലും ഇതോടെ, നരേന്ദ്ര മോദിയുടെ കണ്ണിലെ കരടായി വരുണ്‍ ഗാന്ധി. ദേശീയ ജനറല്‍ സെക്രട്ടറിയായി ഒരുവര്‍ഷത്തിനുള്ളില്‍, 2014-ല്‍ ബിജെപി വരുണിനെ സ്ഥാനത്ത് നിന്ന് നീക്കി.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട വരുണ്‍ ഗാന്ധി
പാര്‍ട്ടിയും വരുണും തമ്മില്‍ തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുന്നത് 2016-ലാണ്. പ്രയാഗ്‌രാജില്‍ വെച്ച് നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന് അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു ബിജെപി പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമൊപ്പം വരുണ്‍ ഗാന്ധി നിറഞ്ഞുനിന്നു. ഇതോടെ, 2017- ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി വരുണ്‍ ഗാന്ധി സ്വയം പ്രതിഷ്ഠിക്കുകയാണെന്ന് ബിജെപിയില്‍ വിമര്‍ശനമുയര്‍ന്നു. ഉത്തര്‍പ്രദേശിലെ തലമുതിര്‍ന്ന ബിജെപി നേതാക്കളെക്കാള്‍ തനിക്ക് ജനപ്രീതിയുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ വരുണ്‍ ഗാന്ധി മന:പ്പൂര്‍വം ശ്രമം നടത്തിയെന്നായിരുന്നു മറ്റു നേതാക്കളുടെ ആരോപണം. എന്നാല്‍ അവിടംകൊണ്ട് ഒന്നും അവസാനിച്ചില്ല, മറ്റു വലിയ പൊട്ടിത്തെറികള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
പാവപ്പെട്ടവര്‍ക്കും ദളിതര്‍ക്കും മുസ്ലിംകള്‍ക്കും വീടു വെച്ചുനല്‍കുന്ന പദ്ധതിയുമായി വരുണ്‍ രംഗത്തെത്തിയതാണ് ബിജെപിയെ പിന്നീട് ചൊടിപ്പിച്ചത്. എംപി ഫണ്ടും സ്വന്തം നിലയ്ക്കുള്ള ഫണ്ടും ഇതിനുവേണ്ടി വരുണ്‍ ഉപയോഗിച്ചു. ഇത് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കി. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യംവെച്ചുള്ളതാണ് ഇത്തരം നീക്കങ്ങളെന്ന് ബിജെപി വിലയിരുത്തി.
കോവിഡ് കാലത്തെ വിമര്‍ശനങ്ങള്‍
കോവിഡ് മഹാമാരി സമത്ത് വരുണ്‍ ഗാന്ധിയും ബിജെപിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പൂര്‍ണതോതില്‍ പുറത്തുവന്നു. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ രാത്രി കര്‍ഫ്യു നടപ്പാക്കാനുള്ള യുപി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് വരുണ്‍ ഗാന്ധി രംഗത്തെത്തി. ലക്ഷക്കണക്കിന് പേരെ പങ്കെടുപ്പിച്ച് റാലികള്‍ സംഘടിപ്പിച്ചതിന് ശേഷം രാത്രികാലങ്ങളില്‍ കര്‍ഫ്യു ഏര്‍പ്പെടുത്തിയതുകൊണ്ട് എന്ത് കാര്യമെന്ന് വരുണ്‍ ഗാന്ധി തുറന്നടിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ചപറ്റിയെന്നും വരുണിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായി.
ലഖിംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനും സംഘവും കര്‍ഷകര്‍ക്ക് നേരെ വാഹനം പായിച്ചു കയറ്റി എട്ടുപേരെ കൊലപ്പെടുത്തിയപ്പോള്‍, വരുണ്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. പിന്നാലെ, മനേക ഗാന്ധിയേയും വരുണ്‍ ഗാന്ധിയേയും ബിജെപി ദേശീയ എക്‌സിക്യൂട്ടിവിൽ നിന്ന് പുറത്താക്കി.
അമേഠിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയ നടപടിക്ക് എതിരെ വരുണ്‍ ഗാന്ധി നടത്തിയ വിമര്‍ശനം മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ചൊടിപ്പിച്ചു. ആശുപത്രിയുടെ പേര് സഞ്ജയ് ഗാന്ധി എന്നായതിനാലാണ് സര്‍ക്കാര്‍ ലൈസന്‍സ് റദ്ദാക്കിയത് എന്നായിരുന്നു വരുണിന്റെ വിമര്‍ശനം.
2024-ല്‍ സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ, നരേന്ദ്ര മോദിയേയും സര്‍ക്കാരിന്റെ വികസന നേട്ടങ്ങളേയും പുകഴ്ത്തി വരുണ്‍ കളംമാറ്റി ചവിട്ടാന്‍ ശ്രമിച്ചുന്നു. പക്ഷേ, വരുണ്‍ ഗാന്ധിയെ ഒതുക്കാന്‍ ബിജെപി തീരുമാനിച്ചു കഴിഞ്ഞിരുന്നു. 2023 മെയില്‍ കേദാര്‍നാഥില്‍ വെച്ച് രാഹുല്‍ ഗാന്ധിയും വരുണ്‍ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇത് വരുണ്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ പരത്തി.
വരുണിനെ തഴയുമ്പോഴും മനേക ഗാന്ധിയെ കൈവിടാന്‍ ബിജെപി തയാറല്ല. സുല്‍ത്താന്‍പുര്‍ മണ്ഡലം മേനക ഗാന്ധിക്ക് നല്‍കിയിട്ടുണ്ട്. ഗാന്ധി കുടുംബത്തില്‍ നിന്നുള്ള രണ്ടു പേര്‍ തങ്ങള്‍ക്കൊപ്പമുള്ളത് കരുത്താണെന്ന് മുന്‍പ് ബിജെപി കരുതിയിരുന്നു. എന്നാല്‍, വരുണ്‍ ഗാന്ധിയുടെ അതിരിവിട്ട അഭിപ്രായ പ്രകടനങ്ങള്‍ അദ്ദേഹത്തെ ബിജെപിക്കുള്ളില്‍ അനഭിമതനാക്കി. വരുണിനെ എസ്പി പാളയത്തില്‍ എത്തിക്കാന്‍ അഖിലേഷ് യാദവ് ശ്രമം തുടങ്ങിയെന്നാണ് സൂചന.