Lok Sabha Election 2024

ചാവേറുകളായി എരിഞ്ഞടങ്ങുമോ, അതോ കറുത്ത കുതിരകളാകുമോ? കരുത്തരോട് ഏറ്റുമുട്ടുന്ന സ്ഥാനാര്‍ഥികള്‍

പ്രധാന നേതാക്കള്‍ക്കെതിരെ ഇത്തവണ മുന്നണികള്‍ രംഗത്തിറക്കിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന് നോക്കാം

വിഷ്‌ണു എസ് വിജയൻ

ലോക്‌സഭാ തിരഞ്ഞെടുപ്പ് ആവേശം രാജ്യമൊട്ടാകെ കത്തിക്കയറുകയാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും സഖ്യനീക്കങ്ങളും ഒക്കെയായി പാര്‍ട്ടികള്‍ കളംനിറഞ്ഞു. തഴക്കവും പഴക്കവും വന്ന പ്രധാന നേതാക്കളും സിനിമാ താരങ്ങളും വിദ്യാര്‍ഥി സംഘടന നേതാക്കളുമൊക്കെ തിരഞ്ഞെടുപ്പ് ഗോദയില്‍ പോരിനിറങ്ങിയിരിക്കുന്നു. മറ്റു തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച്, രണ്ട് പ്രമുഖ നേതാക്കള്‍ പരസ്പരം ഏറ്റുമുട്ടുന്ന മണ്ഡലങ്ങള്‍ ഇത്തവണ പൊതുവെ കുറവാണ്. പ്രധാന നേതാക്കള്‍ക്കെതിരെ ഇത്തവണ മുന്നണികള്‍ രംഗത്തിറക്കിയിരിക്കുന്ന സ്ഥാനാര്‍ഥികള്‍ ആരൊക്കെയാണെന്ന് നോക്കാം. ഇവര്‍ ചാവേറുകളാകുമോ, അതോ കറുത്ത കുതിരകളാകുമോ?

മോദിയെ നേരിടാന്‍ വീണ്ടും അജയ് റായ്

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ഈ തിരഞ്ഞെടുപ്പിലേയും 'പ്രധാന പ്രമുഖന്‍'. വാരാണസിയില്‍ ജനവിധി തേടുന്ന മോദി, രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ചേക്കുമെന്ന സൂചനയുണ്ടായിന്നു എങ്കിലും പിന്നീട്, ഉത്തർപ്രദേശിലെ വാരാണസിയില്‍ മാത്രം മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന്റെ അജയ് റായ് ആണ് മോദിയുടെ എതിരാളി. പിസിസി അധ്യക്ഷനായ അജയ് റായിയെ തന്നെയാണ് കഴിഞ്ഞ തവണയും കോണ്‍ഗ്രസ് മോദിക്കെതിരെ രംഗത്തിറക്കിയത്.

ബിജെപിയില്‍നിന്ന് രാഷ്ട്രീയ യാത്ര ആരംഭിച്ച അജയ്, സമാജ്‌വാദി പാര്‍ട്ടി വഴിയാണ് കോണ്‍ഗ്രസിലെത്തുന്നത്. 1996-ല്‍ ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് കൊലാസല മണ്ഡലത്തില്‍നിന്ന് സിപിഐ സിറ്റിങ് എംഎല്‍എ ഉദലിനെ 484 വോട്ടിന് തോല്‍പ്പിച്ചു കൊണ്ടാണ് അജയ് റായ് തിരഞ്ഞെടുപ്പ് രംഗത്തേക്കു കടന്നുവന്നത്. 2007-ല്‍ ബിജെപി വിട്ട് എസ്‌പിയില്‍ ചേര്‍ന്ന അജയ്, 2009-ല്‍ ബിജെപിയുടെ കരുത്തന്‍ മുരളി മനോഹര്‍ ജോഷിക്കെതിരെ വാരാണസിയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അജയ് റായ്‌

2012-ലാണ് അജയ് റായ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2014-ല്‍ കോണ്‍ഗ്രസ് വാരാണാസിയില്‍ മോദിയെ നേരിടാന്‍ രംഗത്തിറക്കി. ഈ തിരഞ്ഞെടുപ്പില്‍ മോദിയോട് ഏറ്റുമുട്ടാന്‍ എഎപിയുടെ അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി. ഫലം, മോദിക്ക് 3,71,784 വോട്ടിന്റെ കൂറ്റന്‍ വിജയം. നരേന്ദ്ര മോദി 5,81,022 വോട്ട് നേടിയപ്പോള്‍ കെജ്‌രിവാള്‍ 2,09,238 വോട്ട് നേടി. 75,614 വോട്ടായിരുന്നു അജയ് റായിയുടെ സമ്പാദ്യം.

2019-ലും അജയ് റായ് തന്നെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. എസ്‌പിയുടെ ശാലിനി യാദവ് രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ അജയ് വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മോദിയുടെ ഭൂരിപക്ഷം 4,79,505. അജയ് റായിക്ക് ലഭിച്ചത് 1,52,548 വോട്ട്. ശാലിനി യാദവിന് 1,95,159 വോട്ടും മോദിക്ക് 6,74,664 വോട്ടും. ഇത്തവണ പക്ഷേ, എസ്‌പി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. മോദിയും അജയ് റായിയും തമ്മിലാണ് പോരാട്ടം.

വാരാണാസി സീറ്റ് തങ്ങള്‍ക്ക് തന്നെ നല്‍കണമെന്ന് ഇന്ത്യ സഖ്യത്തില്‍ കോണ്‍ഗ്രസ് കടുംപിടിത്തം പിടിക്കുകയായിരുന്നു. വാരാണസിക്ക് പകരം എസ്‌പി ചോദിച്ച് വാങ്ങിയത് മധ്യപ്രദേശിലെ ഖജുരാഹോ സീറ്റാണ്. എസ്‌പിക്ക് സ്ഥാനാര്‍ഥിയില്ലാത്തതും ഇന്ത്യ സഖ്യമായി മത്സരിക്കുന്നതും മോദിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

നരേന്ദ്ര മോദി

ഒരുവട്ടം സിപിഎമ്മും പലതവണ കോണ്‍ഗ്രസും വിജയിച്ച വാരാണസി, 2009-ല്‍ മുരളി മനോഹര്‍ ജോഷിയുടെ വരവോടെയാണ് സ്ഥിരമായി കാവി പുതച്ചത്. 2004-ലാണ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് അവസാനമായി വിജയിച്ചത്. കോണ്‍ഗ്രസിന്റെ ശങ്കര്‍ പ്രസാദ് ജയ്‌സ്വാളും ബിജെപിയുടെ രാജേഷ് കുമാര്‍ മിശ്രയും തമ്മില്‍ നടന്ന പോരാട്ടത്തില്‍ ജയ്‌സ്വാള്‍ 57,436 വോട്ടിന് ജയിച്ചു. പിന്നീടൊരിക്കലും കോണ്‍ഗ്രസിന് വാരാണസിയില്‍ ശക്തിതെളിയിക്കാന്‍ സാധിച്ചിട്ടില്ല.

രാഹുല്‍ ഗാന്ധിയും ആനി രാജയും

ഇന്ത്യ സഖ്യത്തില്‍ പ്രധാന മുഖം രാഹുല്‍ ഗാന്ധിയാണ്. വയനാട്ടില്‍നിന്ന് രണ്ടാം തവണ ജനവിധി തേടുന്ന രാഹുല്‍ ഗാന്ധിയുടെ പ്രധാന എതിരാളിയും ഇന്ത്യ സഖ്യത്തില്‍ നിന്നുതന്നെ. കനത്ത പോരാട്ടം നടത്താനായി സിപിഐ രംഗത്തിറക്കിയിരിക്കുന്നത് എന്‍എഫ്‌ഐഡബ്ല്യു ജനറല്‍ സെക്രട്ടറി ആനി രാജയെ. സംഘപരിവാര്‍ വിരുദ്ധ സമരങ്ങളുടെ മുന്നണിയില്‍ നില്‍ക്കുന്ന ആനി രാജയ്ക്ക് രാഹുലിന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐ. ആനിയുടെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം കൂടിയാണിത്.

ഉത്തര്‍പ്രദേശില്‍ മോദിക്കെതിരെ കോണ്‍ഗ്രസ് പിസിസി അധ്യക്ഷനെ രംഗത്തിറക്കിയ അതേ മാതൃകയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വയനാട്ടില്‍ ബിജെപി രംഗത്തിറക്കി. കഴിഞ്ഞതവണ ബിഡിജെഎസിന് വേണ്ടി തുഷാര്‍ വെള്ളാപ്പള്ളിയാണ് മത്സരിച്ചത്. പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണെന്ന് വരുത്തിത്തീര്‍ക്കുക കൂടി ലക്ഷ്യമിട്ടാണ് കെ സുരേന്ദ്രനെ ബിജെപി രംഗത്തിറക്കിയത്.

മണ്ഡല രൂപീകരണം മുതല്‍ കോണ്‍ഗ്രസിനൊപ്പം നിന്ന വയനാട്ടില്‍, 2019-ല്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 4,31,770 വോട്ടായിരുന്നു. രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 706,367 വോട്ട്. പിപി സുനീറിന് 274,597 വോട്ടും ലഭിച്ചു.

ആനി രാജ

അമിത് ഷായെ നേരിടാന്‍ സോനാല്‍ പട്ടേല്‍

ബിജെപിയിലെ 'രണ്ടാമന്‍' കേന്ദ്രമന്ത്രി അമിത് ഷായാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലെ മറ്റൊരു പ്രധാന മുഖം. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്ന് മത്സരിക്കുന്ന അമിത് ഷായെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് വനിതാ നേതാവിനെയാണ്. അറുപത്തിരണ്ടുകാരിയായ സോനാല്‍ പട്ടേലാണ് സ്ഥാനാര്‍ഥി. എഐസിസി സെക്രട്ടറിയും മുംബൈയുടെയും പശ്ചിമ മഹാരാഷ്ട്രയുടേയും ചുമതലയുള്ള നേതാവുമാണ് സോനാല്‍ പട്ടേല്‍. മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയായും സോനാല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമണ്‍ പട്ടേലിന്റെ മകളായ സോനാല്‍, രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിന് മുന്‍പ്, ആര്‍ക്കിടെക്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് സോനാലിന്റെ ആദ്യ മത്സരമാണ് ഇത്. 2022-ല്‍ ഗുജറാത്ത് നിയമസഭയിലേക്ക് നരനപുരയില്‍നിന്ന് മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു.

സോനാല്‍ പട്ടേല്‍

രാജ്യത്തിലെ പ്രധാന 'സ്റ്റാര്‍ മണ്ഡലങ്ങളില്‍' ഒന്നാണ് ഗുജറാത്തിലെ ഗാന്ധിനഗര്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുന്‍ ഉപ പ്രധാനമന്ത്രി എല്‍ കെ അദ്വാനിയും ജയിച്ചുവന്ന മണ്ഡലം. 1989-ല്‍ ശങ്കര്‍സിങ് വഘേല ജയിച്ചതു മുതല്‍ ബിജെപിക്കൊപ്പമാണ് മണ്ഡലം. 1991-ല്‍ അദ്വാനിയും 1996-ല്‍ വാജ്‌പേയിയും മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. 1998 മുതല്‍ 2014 വരെ അദ്വാനിയുടേതായിരുന്നു മണ്ഡലം.

2019-ലാണ് അമിത് ഷാ ആദ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസിന്റെ ചതുര്‍സിങ് ജവാന്‍ജി ചാവ്ദയായിരുന്നു ഷായുടെ എതിരാളി. 5,57,014 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് അമിത് ഷാ ജയിച്ചത്. നരേന്ദ്ര മോദിക്ക് ആദ്യ തിരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം അമിത് ഷായ്ക്ക് തന്റെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നേടാന്‍ സാധിച്ചു. 2014-ല്‍ മോദിയുടെ ഭൂരിപക്ഷം 3,71,784 ആയിന്നു. ചാവ്ദയ്ക്ക് 3,37,610 വോട്ട് ലഭിച്ചപ്പോള്‍ അമിത് ഷായ്ക്ക് ലഭിച്ചത് 8,94,000 വോട്ടാണ്. 2014-ല്‍ അദ്വാനിയുടെ അവസാന തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം 4,83,121 വോട്ടായിരുന്നു.

മഹുവയെ വീഴ്ത്താന്‍ 'രാജമാത'

രാജ്യം ശ്രദ്ധിക്കുന്ന മറ്റൊരു പോരാട്ടം നടക്കുന്ന മണ്ഡലം പശ്ചിമബംഗാളിലെ കൃഷ്ണനഗറാണ്. ചോദ്യത്തിന് കോഴ ആരോപണത്തെ തുടര്‍ന്ന് ലോക്‌സഭയില്‍ നിന്ന അയോഗ്യയാക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസിന്റെ മഹുവ മൊയ്ത്ര വീണ്ടും മത്സരത്തിനിറങ്ങുന്ന മണ്ഡലം. അതുകൊണ്ടുതന്നെ തൃണമൂലിന് കൃഷ്ണനഗര്‍ അതീവ പ്രധാന്യമുള്ള മണ്ഡലമാണ്. തൃണമൂലിന്റെ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണം മുഖ്യമന്ത്രി മമത ബാനര്‍ജി ആരംഭിച്ചതുതന്നെ കൃഷ്ണനഗറില്‍നിന്നാണ്.

'രാജമാത' അമൃത റോയി ആണ് ബിജെപിയുടെ സ്ഥാനാര്‍ഥി. കൃഷ്ണനഗര്‍ മുന്‍ രാജകുടുംബത്തില്‍ ഇപ്പോഴത്തെ രാജമാതയാണ് അമൃത റോയി. മാര്‍ച്ച് 20-നാണ് അമൃത ബിജെപിയില്‍ ചേര്‍ന്നത്. കൃഷ്ണ നഗര്‍ മുന്‍ രാജകുടുംബത്തോട് ജനങ്ങള്‍ക്കുള്ള ബഹുമാനം വോട്ടാക്കി മാറ്റാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് അമൃത റോയിയെ ബിജെപി രംഗത്തിറക്കിയിരിക്കുന്നത്. ആദ്യമായാണ് അമൃത റോയി തിരഞ്ഞെടുപ്പ് കളരിയില്‍ ഇറങ്ങുന്നത്.

സിറാജ് ഉദ്ധ്വളയ്ക്ക് എതിരെ ബ്രിട്ടീഷുകാരുമായി ചേര്‍ന്ന് യുദ്ധം നടത്തിയ കൃഷ്ണനഗര്‍ കുടുംബത്തിലെ അംഗത്തെ രംഗത്തിറക്കുന്നതിലൂടെ, ഹിന്ദു വോട്ട് ഏകീകരിക്കുകയെന്ന ലക്ഷ്യം കൂടി ബിജെപിക്കുണ്ട്. കൃഷ്ണനഗറില്‍ സിപിഎമ്മും മത്സര രംഗത്തുണ്ട്. മുന്‍ എംഎല്‍എ എസ് എം സാദിയെയാണ് സിപിഎം ഇറക്കിയിരിക്കുന്നത്.

അമൃത റോയി

1999-ല്‍ ഈ മണ്ഡലത്തില്‍നിന്ന് ബിജെപി ജയിച്ചിട്ടുണ്ട്. 2004-ല്‍ സിപിഎമ്മിന്റെ ജ്യോതിർമയി സിക്ദര്‍ ആണ് അവസാനം ജയിച്ച ഇടത് സ്ഥാനാര്‍ഥി. 2009-ലും 2014-ലും തൃണമൂലിന്റെ തപസ് പോള്‍ ജയിച്ച മണ്ഡലത്തില്‍ 2019-ലാണ് മഹുവ മൊയ്ത്ര എത്തുന്നത്. 63,218 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു മഹുവയുടെ വിജയം. 614,872 വോട്ട് മഹുവ നേടിയപ്പോള്‍, ബിജെപിയുടെ കല്യാണ് ചൗബെ രണ്ടാം സ്ഥാനത്തെത്തി. 5,51,654 വോട്ടാണ് കല്യാണ്‍ നേടിയത്. സിപിഎമ്മിന്റെ ഡോ. ശന്തു ഝായാണ് ഇടതുപക്ഷത്തിനുവേണ്ടി മത്സരിച്ചത്. ഝായ്ക്ക് ലഭിച്ചത് 1,20,22 വോട്ട്.

കനിമൊഴിയെ വെല്ലാന്‍ ശിവസാമി വേലുമണി

തേജസ്വി യാദവ്, അഖിലേഷ് യാദവ്, ശരദ് പവാര്‍, ഉദ്ധവ് താക്കറെ തുടങ്ങി ഇന്ത്യ സഖ്യത്തിന് നിരവധി നേതാക്കളുണ്ടെങ്കിലും ഈ പോസ്റ്റര്‍ മുഖങ്ങളാരും ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടുന്നില്ല. ഇന്ത്യ സഖ്യത്തില്‍നിന്ന് ജനവിധി തേടുന്ന മറ്റൊരു പ്രധാന മുഖം ഡിഎംകെയുടെ കനിമൊഴിയാണ്. തൂത്തുക്കുടി മണ്ഡലത്തില്‍നിന്നാണ് കനിമൊഴി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. എഐഎഡിഎംകെയുടെ ശിവസാമി വേലുമണിയാണ് കനിമൊഴിയുടെ പ്രധാന എതിരാളി. തമിഴ് മാനില കോണ്‍ഗ്രസിനാണ് എന്‍ഡിഎ സീറ്റ് നല്‍കിയിരിക്കുന്നത്. എസ് ഡി ആര്‍ വിജയശെല്‍വനാണ് സ്ഥാനാര്‍ഥി.

ഡിഎംകെയുടെ ഡല്‍ഹി മുഖമായ കനിമൊഴി, 2019-ലാണ് ആദ്യമായി ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിട്ടത്. 3,47,209 വോട്ടിന്റെ വമ്പന്‍ ഭൂരിപക്ഷത്തിലായിരുന്നു വിജയം. ബിജെപിയുടെ തമിഴിസൈ സൗന്ദരരാജനായിരുന്നു കനിമൊഴിയോട് ഏറ്റുമുട്ടിയത്. 5,63,143 വോട്ട് കനിമൊഴി നേടിയപ്പോള്‍ 2,15,934 വോട്ടാണ് തമിഴിസൈ നേടിയത്. തമിഴിസൈ പിന്നീട് തെലങ്കാന ഗവര്‍ണറായി. ഗവര്‍ണര്‍ സ്ഥാനം രാജിവച്ച തമിഴിസൈ ഇത്തവണ ചെന്നൈ സൗത്തില്‍നിന്ന് മത്സരിക്കുന്നുണ്ട്.

ശിവസാമി വേലുമണി

പാര്‍ലമെന്റില്‍ ഡിഎംകെയുടെ മുഖമായി മാറിയ കനിമൊഴി, ബിജെപിയെയും നരേന്ദ്ര മോദിയെയും കടന്നാക്രമിക്കുന്നതില്‍ മുന്നിലുള്ള നേതാവാണ്. മോദിവിരുദ്ധത തന്നെയാണ് കനിമൊഴിയുടെ പ്രധാന പ്രചാരണായുധവും. മറുവശത്ത് എഎൈഎഡിഎംകെയും എന്‍ഡിഎയും പ്രധാന ആയുധമാക്കുന്നത് പ്രളയ ധനസഹായം നല്‍കുന്നതിലെ വീഴ്ചയും ഡിഎംകെ സര്‍ക്കാരിന് എതിരെയുള്ള അഴിമതി ആരോപണങ്ങളുമാണ്. ഡിഎംകെയുടെ കോട്ടയായ തൂത്തുക്കുടിയില്‍ ഒരുവതവണ പോലും എഐഎഡിഎംകെയ്ക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല.

ഗഡ്കരിക്കെതിരെ വികാസ് താക്കറെ

ആര്‍എസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയിലെ നാഗ്പൂരില്‍നിന്ന് മൂന്നാമതും കളത്തിലിറങ്ങുന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അവകാശപ്പെടുന്നത് തനിക്ക് ജയിക്കാന്‍ പോസ്റ്ററുകളുടെ പോലും ആവശ്യമില്ലെന്നാണ്. ഗഡ്കരിക്കെതിരെ പടനയിക്കാന്‍ കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത് ഡിസിസി ജില്ലാ പ്രസിഡന്റ് വികാസ് താക്കറെയെയാണ്. നാഗ്പൂര്‍ വെസ്റ്റ് മണ്ഡലത്തില്‍നിന്നുള്ള നിയമസഭാംഗമാണ് വികാസ്. താഴേത്തട്ടിലുള്ള ജനങ്ങള്‍ക്കിടയില്‍ ശക്തമായ വേരോട്ടമുള്ള നേതാവാണ് വികാസ്.

മണ്ഡലത്തിന്റെ പൊതുചിത്രം പരിശോധിച്ചാല്‍, കോണ്‍ഗ്രസിന് മേല്‍ക്കൈയുണ്ടായിരുന്ന മണ്ഡലമാണ് നാഗ്പൂര്‍. ആര്‍എസ്എസിന്റെ ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍, നിതിന്‍ ഗഡ്കരി വരുന്നതുവരെ ബിജെപിക്ക് കഷ്ടകാലമായിരുന്നു. 1996-ല്‍ ബന്‍വാരിലാല്‍ പുരോഹിത് ജയിച്ചത് ഒഴിച്ചാല്‍, ബിജെപിയുടെ കൊടി പറിയിട്ടില്ല. 1971-ല്‍ ചെങ്കൊടി പാറിയിട്ടുമുണ്ട്. ഫോര്‍വേര്‍ഡ് ബ്ലോക്കിന് വേണ്ടി ജമ്പുവന്ത്‌റാവു ധോതെയാണ് വിജയിച്ചത്.

വികാസ് താക്കറെ

2014-ല്‍ നിതിന്‍ ഗഡ്കരി 2,84,848 വോട്ടിനാണ് വിജയിച്ചത്. വിലാസ് മുത്തെവാര്‍ ആയിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 5,87,767 വോട്ടാണ് ഗഡ്കരിക്ക് ലഭിച്ചത്. 3,02,919 വോട്ടാണ് വിലാസിന് ലഭിച്ചത്.

2019-ല്‍ ഗഡ്കരിയുടെ ഭൂരിപക്ഷം 2,16,009 ആയി കുറഞ്ഞു. 6,60,221 വോട്ടാണ് ഗഡ്കരിക്ക് ലഭിച്ചത്. പിസിസി അധ്യക്ഷനായിരുന്ന നാന പടോള്‍ ആയിരുന്നു അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 4,44,212 വോട്ടാണ് പട്ടോളിന് ലഭിച്ചത്. നരേന്ദ്ര മോദിയും അമിത് ഷായും കഴിഞ്ഞാല്‍, ബിജെപിയില്‍ ഏറ്റവും പ്രാധാന ജനകീയ മുഖം ഗഡ്കരിയാണ്. ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയെന്ന നിലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഗഡ്കരിയുടെ വോട്ട് പിടിത്തം.

ആലപ്പുഴയില്‍ കെസിയും ആരിഫും

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ കഴിഞ്ഞാല്‍, കോണ്‍ഗ്രസിന്റെ വാക്കിന് മറുവാക്കില്ലാത്ത നേതാവാണ് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഇത്തവണ സ്വന്തം തട്ടകമായ ആലപ്പുഴയില്‍ കെസി രംഗത്തിറങ്ങുന്നത് സിപിഎമ്മിന്റെ ഏക സിറ്റിങ് എംപി എ എം ആരിഫിനെതിരെയാണ്.

കെസി വേണുഗോപാല്‍

ജന്മനാടായ കണ്ണൂര്‍ വിട്ട് ആലപ്പുഴയില്‍ മത്സരിത്തിനിറങ്ങിയ കെസിയെ ആലപ്പുഴക്കാര്‍ ഇതുവരെയും കൈവിട്ടിട്ടില്ല. 1996-ല്‍ ആലപ്പുഴയില്‍നിന്ന് ആദ്യമായി എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001, 2006 വർഷങ്ങളിലും ഇതേ മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. 2009-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ സിറ്റിങ് എംപിയായിരുന്ന ഡോ. കെഎസ്. മനോജിനെ വീഴ്ത്തിയാണ് ഡല്‍ഹിക്ക് പോയത്. 2011 മുതല്‍ 2014 വരെ കേന്ദ്ര മന്ത്രിയായി. 2014-ലും ആലപ്പുഴയില്‍നിന്ന് ലോക്‌സയഭയിലെത്തിയ കെ സി വേണുഗോപാല്‍ പക്ഷേ 2019-ല്‍ മത്സരിച്ചില്ല. പകരം രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലെത്തി.

2019-ലെ തിരഞ്ഞെടുപ്പില്‍ സിപിഎം തകര്‍ന്നടിഞ്ഞപ്പോള്‍ കനലൊരു തരിയായത് ആരിഫ് മാത്രമായിരുന്നു. ഷാനിമോള്‍ ഉസ്മാനായിരുന്നു മറുവശത്ത്. 10,474 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആരിഫിന്റെ വിജയം. 445,981 വോട്ടാണ് ആരിഫിന് ലഭിച്ചത്. ഷാനിമോള്‍ക്ക് 4,35,496 വോട്ട് ലഭിച്ചു.

എ എം ആരിഫ്

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ആരിഫ്, 2006-ല്‍ അരൂരില്‍നിന്ന് കെ ആര്‍ ഗൗരിയമ്മയെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 2011-ലും 2016-ലും ആലപ്പുഴയില്‍നിന്ന് എംഎല്‍എയായി. നേരിട്ട തിരഞ്ഞെടുപ്പുകളില്‍ ഒന്നിലും ആരിഫ് തോല്‍വി അറിഞ്ഞിട്ടില്ല. മണ്ഡലത്തില്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങള്‍ പറഞ്ഞാണ് ആരിഫിന്റെ പ്രചാരണം. ആലപ്പുഴയില്‍ കെസി ജയിച്ചാല്‍, രാജസ്ഥാനില്‍ ഒഴിവുവരുന്ന രാജ്യസഭ സീറ്റില്‍ ബിജെപി ജയിക്കുമെന്ന് സിപിഎം പ്രചരിപ്പിക്കുന്നുണ്ട്.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം