ചാലക്കുടി ആരുടെ കോട്ടയാണ്? അത് പറയുക അസാധ്യം. മുകുന്ദപുരം യുഡിഎഫ് കോട്ടയായിരുന്നെങ്കില്‍ അത് ചാലക്കുടിയായി രൂപം മാറിയപ്പോള്‍ എല്‍ഡിഎഫും യുഡിഎഫും ജയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെ കരുത്തുറ്റവര്‍ വാഴുകയും വീഴുകയും ചെയ്ത മണ്ഡലത്തില്‍നിന്ന് ആരാണ് ലോക്‌സഭയിലേക്ക് എത്തുകയെന്ന് പ്രവചിക്കുക അസാധ്യം.
മണ്ഡലത്തിന്റെ പൊതുമനസ് തങ്ങള്‍ക്കൊപ്പമാണെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. പ്രൊഫ. സി രവീന്ദ്രനാഥിനെപ്പോലെ ജനപ്രീതിയുള്ള ഒരാളെ ഇറക്കി മണ്ഡലം തിരികെ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ട് നേടിയത് എന്‍ഡിഎയ്ക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും ബദലായി മറ്റൊരു സ്ഥാനാര്‍ത്ഥിയും ചാലക്കുടിയില്‍ ഇത്തവണ ശക്തി തെളിയിക്കാന്‍ ഇറങ്ങിയിട്ടുണ്ട്. ട്വന്‌റി 20യുടെ ചാര്‍ലി പോള്‍. ഈ വരവ് ആര്‍ക്കുള്ള വെല്ലുവിളിയാണെന്നതിലും ആശ്രയിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം.
പ്രതീക്ഷകളും വെല്ലുവിളികളും
എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, കുന്നത്തുനാട്, പെരുമ്പാവൂര്‍, തൃശൂര്‍ ജില്ലയിലെ ചാലക്കുടി, കൈപ്പമംഗലം, കൊടുങ്ങല്ലൂർ എന്നിവ ചേരുന്നതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. 2014-ല്‍ ഇന്നസെന്റിനോടേറ്റ പരാജയത്തില്‍നിന്ന് ബെന്നി ബഹനാന്റെ വലിയ മാര്‍ജിനിലുള്ള ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ബെന്നി ബെഹനാന്‍ വ്യക്തിപരമായി അത്രത്തോളം സ്വീകാര്യനാണെന്ന് പറയാന്‍ കഴിയില്ലെങ്കിലും പ്രാപ്യനായിരുന്ന എംപി എന്ന വിശ്വാസം ജനങ്ങള്‍ക്കുണ്ട്. മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പ്രചാരണം മുന്നോട്ടുപോവുന്നത്. എപ്പോഴും യുഡിഎഫിനോട് ഒരു ചായ്‌വ് മണ്ഡലം കാണിച്ചിട്ടുണ്ടെന്നത് അവര്‍ക്ക് ആത്മവിശ്വാസം കൂട്ടുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും നാല് മണ്ഡലങ്ങള്‍ യുഡിഎഫിനൊപ്പമായിരുന്നു.
എന്നാല്‍ പൊതുവെ ഇടതിന് സ്വാധീനമുള്ള കൊടുങ്ങല്ലൂരും കൈപ്പമംഗലവും ഉള്‍പ്പെടെയുള്ള നിയമസഭാ മണ്ഡലങ്ങള്‍ ബെന്നി ബെഹനാന് വെല്ലുവിളിയാവുമെന്നാണ് വിലയിരുത്തല്‍. പെരുമ്പാവൂരും കുന്നത്തുനാടും അങ്കമാലിയും ഉള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ട്വന്റി ട്വന്റിക്ക് സ്വാധീനമുള്ള മേഖലകളാണ്. ട്വന്‌റി 20-യുടെ സാബു ജേക്കബും ബെന്നി ബെഹനാനും തമ്മിലുള്ള പരസ്യമായ പോര് ഈ മേഖലകളില്‍ ബെന്നിക്ക് തിരിച്ചടിയാവുമോയെന്ന സംശയവും പലരും ഉന്നയിക്കുന്നു. കിറ്റെക്സ് മാലിന്യപ്രശ്നം ബെന്നി പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ഉന്നയിച്ചതിന്റെ അസ്വസ്ഥതകള്‍ ഇരുകൂട്ടര്‍ക്കുമിടയില്‍ നിലനില്‍ക്കുന്നുണ്ട്. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്വന്‌റി 20യെയും കിഴക്കമ്പലം പഞ്ചായത്തിനെയും പരസ്യമായി അവഹേളിച്ചുവെന്ന് പറഞ്ഞ് പ്രതിഷേധ റാലി സംഘടിപ്പിക്കുകയും പിന്നീട് കുടുംബയോഗങ്ങളില്‍ ബെന്നിക്ക് വോട്ട് നല്‍കേണ്ടതില്ലെന്ന തീരുമാനവും ട്വന്‌റി 20 എടുത്തിരുന്നു. എന്നാല്‍ 2019ല്‍ ഇതിനെയെല്ലാം മറികടന്നുവെന്നത് ബെന്നിയുടെ ആത്മവിശ്വാസമാണ്.
കാര്യമായ വിമര്‍ശനങ്ങള്‍ക്കൊന്നും ഇടംകൊടുത്തിട്ടില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകനാണ് എൽഡിഎഫ് സ്ഥാനാർഥി സി രവീന്ദ്രനാഥ്. തൃശൂരിലൂടെ സൈക്കിള്‍ സവാരി ചെയ്യുന്ന പ്രൊഫസറുടെ ലാളിത്യവും മാന്യമായ പെരുമാറ്റവും എക്കാലത്തും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. സാധാരണക്കാരന്‍ ഇമേജുള്ള ജനകീയമുഖമായ രവീന്ദ്രനാഥിന്റെ ആസൂത്രണ മികവും എടുത്തുപറയേണ്ടതാണ്. എന്നാല്‍ ബെന്നി കഴിഞ്ഞതവണ നേടിയ ഭൂരിപക്ഷത്തെ ഇടതുപാളയത്തിലേക്ക് എത്തിക്കാന്‍ ഇത് മതിയാവുമോ എന്നത് സംശയമാണ്. സാമുദായിക സമവാക്യങ്ങള്‍ പരിശോധിച്ചാല്‍ ക്രിസ്തീയ സമൂഹത്തിനു മേല്‍ക്കൈ ഉള്ള പ്രദേശങ്ങളാണ് ചാലക്കുടി മണ്ഡലത്തില്‍ ഏറെയും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് ഈഴവ, മുസ്ലിം വോട്ടുകളും. ക്രിസ്ത്യന്‍ സമുദായത്തില്‍ തന്നെ യാക്കോബായ വിഭാഗത്തിനു മേല്‍ക്കൈ ഉള്ള സ്ഥലങ്ങളും കൂടിയാണ് ചാലക്കുടിയിലേത്. ചര്‍ച്ച് ബില്‍ അടക്കം ചര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ യാക്കോബായ സമുദായം എന്ത് നിലപാടെടുക്കുമെന്നത് പ്രധാനമാണ്. പൊതുവെ യുഡിഎഫിനോട് ആഭിമുഖ്യം കാണിക്കുന്നവരുമാണ് യാക്കോബായ സഭയിലെ സാധാരണക്കാര്‍.
ട്വന്‌റി 20 ഇരുകൂട്ടര്‍ക്കും വെല്ലുവിളി
തിരഞ്ഞെടുപ്പുകളിലൂടെ വളര്‍ന്ന പാര്‍ട്ടിയാണ് ട്വന്‌റി 20. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ഓരോ പഞ്ചായത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുന്ന പാര്‍ട്ടിക്ക് ചാലക്കുടി മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുണ്ട്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ തന്നെയാണ് കൂടുതലും ട്വന്‌റി 20 വളര്‍ന്നതെന്നും ശ്രദ്ധേയമാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്നിലാക്കി മൂന്നാം സ്ഥാനത്തേക്ക് വന്ന ചരിത്രവും പാര്‍ട്ടിക്കുണ്ട്. 2015-ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ച 19 സീറ്റുകളില്‍ 17 സീറ്റുകളും വിജയിച്ച് കിഴക്കമ്പലത്തിന്റെ ഭരണം ഏറ്റെടുത്തതോടെയാണ് ട്വന്റി 20 എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എതിരാളിയായി മാറിയത്.
2020-ല്‍ നാല് പഞ്ചായത്തുകളിലേക്ക് കൂടി ശക്തി വ്യാപിപ്പിച്ചു. മഴുവന്നൂര്‍, ഐക്കരനാട്, കുന്നത്തുനാട് അടക്കം അഞ്ച് പഞ്ചായത്തുകള്‍ ഭരിക്കുന്ന പാര്‍ട്ടിയായി ട്വന്‌റി 20 വളര്‍ന്നു. 2021 നിയമസഭാ തിരഞ്ഞെടുപ്പില്‍ എട്ട് മണ്ഡലങ്ങളില്‍ മത്സരിച്ച പാര്‍ട്ടി ഈ മണ്ഡലങ്ങളില്‍ നിന്നെല്ലാമായി 1,45,664 വോട്ട് സമാഹരിച്ചു. കുന്നത്തുനാട്ടിലും പെരുമ്പാവൂരും ബിജെപി നാലാം സ്ഥാനത്തായി. അങ്ങനെയിരിക്കെ ട്വന്‌റി 20 ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാവുമെന്നാണ് വിലയിരുത്തല്‍. ബെന്നി ബെഹനാനെതിരാണ് ട്വന്റി 20 എന്നത് പോലെതന്നെ എക്സാലോജിക് വിഷയത്തില്‍ വീണയെ ഉള്‍പ്പെടെ വിമര്‍ശിച്ച സാബു ജേക്കബിന്റെ നിലപാട് എല്‍ഡിഎഫിനും ഭീഷണിയാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള മത്സരം മുറുകുമ്പോള്‍ ട്വന്‌റി 20 എത്ര വോട്ട് പിടിക്കുമെന്നത് വിജയത്തെ നിര്‍ണയിച്ചേക്കും.
'ആപ്പ്' വച്ച ആപ്പ് ട്വന്‌റി 20 ആവര്‍ത്തിക്കുമോ?
മുകുന്ദപുരത്തുനിന്ന് ചാലക്കുടിയായി മാറിയ മണ്ഡലത്തില്‍ ആദ്യം യുഡിഎഫിന്റെ കെ പി ധനപാലനാണ് വിജയിച്ചത്. എന്നാല്‍ 2014-ല്‍ ഇന്നസെന്റ് അട്ടിമറി വിജയം നേടി. സേഫ് സീറ്റെന്ന നിലയില്‍ തൃശൂരില്‍നിന്ന് സീറ്റ് മാറി ചാലക്കുടിയിലെത്തിയ പി സി ചാക്കോയ്ക്ക് അടിപതറി. ഇന്നസെന്റ് 13,884 വോട്ടുകള്‍ക്ക് വിജയിച്ചു. മണ്ഡലത്തില്‍ താരതമ്യേന നേരിയ ഭൂരിപക്ഷമായിരുന്നെങ്കിലും ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റിലൂടെ എല്‍ഡിഎഫ് മണ്ഡലം പിടിച്ചെടുത്തു. പക്ഷേ ഈ വിജയത്തിന് നിര്‍ണായകമായി മാറിയത് അന്ന് കേരളത്തില്‍ ചെറു ചലനങ്ങള്‍ ഉണ്ടാക്കിയ ആം ആദ്മി പാര്‍ട്ടിയായിരുന്നു. ബിജെപിയുടെ ബി ഗോപാലകൃഷ്ണന്‍ 92,848 വോട്ട് നേടി എന്‍ഡിഎയുടെ നില മെച്ചപ്പെടുത്തിയപ്പോള്‍ എഎപിയുടെ സ്ഥാനാര്‍ത്ഥി കെ എം നൂറുദ്ദീന്‍ 35,189 വോട്ടുകള്‍ നേടി. ഈ രണ്ട് ഘടകങ്ങളും ഇരുമുന്നണികള്‍ക്കും വെല്ലുവിളിയായെങ്കിലും യുഡിഎഫിനെയാണ് കൂടുതല്‍ ബാധിച്ചതെന്ന വിലയിരുത്തലുകള്‍ അന്നുണ്ടായി. ട്വന്‌റി 20യുടെ സാന്നിധ്യം ഇതേ അവസ്ഥ ഇരുമുന്നണികള്‍ക്കും ഉണ്ടാക്കുമെന്നാണ് കണക്കുകൂട്ടല്‍. എന്നാല്‍ ആരെയാണ് കൂടുതല്‍ ബാധിക്കുക എന്നതിനനുസരിച്ചിരിക്കും തിരഞ്ഞെടുപ്പ് ഫലം.
രാഷ്ട്രീയ കില്ലാടികളുടെ മുകുന്ദപുരം
രാഷ്ട്രീയത്തിലെ അതികായനായ പനമ്പള്ളി ഗോവിന്ദ മേനോന്‍, കെ കരുണാകരന്‍, ഇ ബാലാനന്ദന്‍, സാവിത്രി ലക്ഷ്മണ്‍ എന്നിങ്ങനെ നിരവധി പേരെ ലോക്‌സഭയിലേക്ക് അയച്ച മണ്ഡലമാണ് മുകുന്ദപുരം. ഐക്യകേരളം രൂപീകരണത്തിന് മുമ്പ് നടന്ന തിരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന 16 തിരഞ്ഞെടുപ്പിലുമായി 11 തവണ യുഡിഎഫ് വിജയിച്ച മണ്ഡലം. രണ്ട് തവണ ഇടത് സ്വതന്ത്രരും രണ്ട് തവണ എല്‍ഡിഎഫും ഒരു തവണ കേരള കോണ്‍ഗ്രസും വിജയിച്ചു.
ഇടതിന്റെ നാരായണന്‍കുട്ടി മേനോനായിരുന്നു ആദ്യ എം പി. എന്നാല്‍ 1962 മുതല്‍ 77 വരെ മണ്ഡലം യുഡിഎഫ് കൈയില്‍ വച്ചു. ഇതില്‍ 62 മുതല്‍ 67 വരെ പനമ്പിള്ളി ഗോവിന്ദമേനോന്‍ ആയിരുന്നു എംപി. കേരളത്തില്‍ നിന്നുള്ള ആദ്യ കേന്ദ്രമന്ത്രിയും അദ്ദേഹമായിരുന്നു. പിന്നീട് രണ്ട് തവണ എ സി ജോര്‍ജിലൂടെ മണ്ഡലം യുഡിഎഫ് നിലനിര്‍ത്തി. 57-ലെ വിജയത്തിനുശേഷം 19 വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിലാണ് പിന്നീട് എല്‍ഡിഎഫിന്റെ ഒരു സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വിജയിക്കുന്നത്. ഇ ബാലാനന്ദനാണ് അന്ന് ആ വിജയം ഇടതിന് സമ്മാനിച്ചത്. പിന്നീടുള്ള തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസുകാരനായ കെ മോഹന്‍ദാസ് വിജയിക്കുന്നു. 1989 മുതല്‍ 98-വരെ വീണ്ടും കോണ്‍ഗ്രസിന്റെ കയ്യിലേക്ക് മണ്ഡലം തിരികെപ്പോയി.
സാവിത്രി ലക്ഷ്മണും പിസി ചാക്കോയും എ സി ജോര്‍ജും കെ കരുണാകരനും അക്കാലയളവില്‍ എം പിമാരായി. പക്ഷേ 2004-ല്‍ മുകുന്ദപുരം മണ്ഡലത്തിലെ അവസാന തിരഞ്ഞെടുപ്പില്‍ പത്മജ വേണുഗോപാല്‍ മത്സരിച്ചപ്പോള്‍ മണ്ഡലം എല്‍ഡിഎഫിനെ വിജയിപ്പിച്ചു. ലോനപ്പന്‍ നമ്പാടനോട് 1,17,097 വോട്ടിനാണ് പത്മജ പരാജയപ്പെട്ടത്.
2008ല്‍ പുതിയ മണ്ഡലം. തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലവും ചാലക്കുടിയും കൊടുങ്ങല്ലൂരും കൂടിച്ചേര്‍ന്നുള്ള ചാലക്കുടി മണ്ഡലത്തിലെ ആദ്യ തിരഞ്ഞെടുപ്പില്‍, 2009-ല്‍, ധനപാലന് അനായാസ വിജയമായിരുന്നു. എല്‍ഡിഎഫിന്റെ യു പി ജോസഫിനെ 71,679 വോട്ടുകള്‍ക്കാണ് ധനപാലന്‍ പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ വി സാബു 45,367 വോട്ട് നേടി. 2014-ല്‍ കാര്യങ്ങള്‍ മാറി. കോണ്‍ഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങള്‍ക്കൊടുവില്‍ തനിക്ക് ചാലക്കുടി സീറ്റ് വേണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു. അവസാന നിമിഷം തൃശൂര്‍ ചാലക്കുടി മണ്ഡലങ്ങള്‍ പരസ്പരം വച്ചുമാറി. പി സി ചാക്കോയ്ക്ക് ചാലക്കുടിയും ധനപാലന് തൃശൂരും നല്‍കി പാര്‍ട്ടി. എന്നാല്‍ ചാക്കോയുടെ അടവ് പിഴച്ചു. ചലച്ചിത്ര താരമായ ഇന്നസെന്റ് മണ്ഡലത്തില്‍ വിജയിച്ചു. 3,58,440 വോട്ടാണ് അന്ന് ഇന്നസെന്റ് കരസ്ഥമാക്കിയത്. ചാക്കോയ്ക്ക് 3,44,556 വോട്ടുകളാണ് ലഭിച്ചത്. ബി ഗോപാലകൃഷ്ണനിലൂടെ എന്‍ഡിഎ വോട്ടുകള്‍ ഇരട്ടിയായി വര്‍ധിച്ചു.
2019-ല്‍ യുഡിഎഫ് തരംഗത്തിനൊപ്പം ചാലക്കുടി മണ്ഡലവും പോയി. ഇടുക്കി മണ്ഡലത്തില്‍ പരാജയപ്പെട്ടിരുന്ന ബെന്നി ചാലക്കുടിയില്‍ ജയിക്കുമോയെന്ന സംശയങ്ങള്‍ക്കെല്ലാം തിരഞ്ഞെടുപ്പ് മറുപടി കൊടുത്തു. 2014-ല്‍ ഇന്നസെന്റ് നേടിയ ഭൂരിപക്ഷത്തിന്റെ പത്തിരട്ടി ഭൂരിപക്ഷത്തിനാണ് ബെന്നി വിജയിച്ചത്. ബിജെപിയുടെ എ എന്‍ രാധാകൃഷ്ണനും പിന്നോട്ട് പോയില്ല. 1,28,996 വോട്ടുകളാണ് അദ്ദേഹം നേടിയത്.
മുകുന്ദപുരത്തുനിന്ന് ചാലക്കുടിയായപ്പോള്‍ യുഡിഎഫിന്റെ കോട്ട തകര്‍ന്നുവെന്ന വിലയിരുത്തലുകളാണുള്ളത്. അത് യാഥാര്‍ഥ്യമാണോ? ഈ തിരഞ്ഞെടുപ്പ് ആ ചോദ്യത്തിനുള്ള ഉത്തരംകൂടിയാവും.