Lok Sabha Election 2024

കനയ്യ കുമാറിന്റെ സീറ്റില്‍ പുകഞ്ഞ് ഡല്‍ഹി കോണ്‍ഗ്രസ്; പാര്‍ട്ടി വിട്ടുപോകില്ലെന്ന് രാജിവെച്ച പിസിസി പ്രസിഡന്റ്

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച അര്‍വിന്ദര്‍ സിങ് ലവ്‌ലി

വെബ് ഡെസ്ക്

ബിജെപിയില്‍ ചേരുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഡല്‍ഹി പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവെച്ച അര്‍വിന്ദര്‍ സിങ് ലവ്‌ലി. താന്‍ കോണ്‍ഗ്രസിന്റെ പ്രാഥമികാഗംത്വം രാജിവെച്ചിട്ടില്ലെന്നും മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും എഎപിയും തമ്മിലുള്ള സഖ്യത്തിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനാണ് പിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''ഇതെന്റെ മാത്രം വേദനയല്ല, എല്ലാ കോണ്‍ഗ്രസുകാരുടേതുമാണ്. ഇക്കാര്യം ഞാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോട് കത്തില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. എനിക്ക് സീറ്റ് ലഭിക്കാത്തതുകൊണ്ടാണ് രാജിവച്ചതെന്നാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. എന്നാല്‍ മൂന്നുദിവസം മുന്‍പ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത് ഞാനാണ്,''അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെ അഴിമതിക്കേസില്‍ ജയിലിലായിട്ടും എഎപിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയതിനെതിരെ തനിക്ക് വിയോജിപ്പുണ്ടെന്ന് ഖാര്‍ഗെയ്ക്ക് എഴുതിയ കത്തില്‍ ലവ്‌ലി പറഞ്ഞിരുന്നു. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താത്പര്യം സംരക്ഷിക്കാന്‍ കഴിയാത്തതിനാലാണ് താന്‍ രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജി വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മുപ്പത്തിയഞ്ചോളം നേതാക്കള്‍ തന്നെ കണ്ടിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പ്രശ്‌നങ്ങളാണ് ലവ്‌ലിയുടെ രാജിയിലേക്ക് നയിച്ചത് എന്നാണ് സൂചന. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി മണ്ഡലത്തില്‍ കനയ്യ കുമാറിന് സീറ്റ് നല്‍കിയതിന് എതിരെ കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. പുറത്തുനിന്നുള്ള സ്ഥാനാര്‍ഥിയെ വേണ്ടെന്നും പ്രാദേശിക നേതൃത്വത്തില്‍ നിന്നൊരാള്‍ സ്ഥാനാര്‍ഥിയാകണമെന്നും ആവശ്യപ്പട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കനയ്യ കുമാറിന് എതിരെ പ്രതിഷേധം നടത്തിയിരുന്നു.

കനയ്യ കുമാറിന്റെ പുതുതായി ഉദ്ഘാടനം ചെയ്ത ഓഫീസിന് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കനയ്യക്ക് എതിരെ ലവ്‌ലിയും രംഗത്തുവന്നിരുന്നു. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ സ്ഥാനാര്‍ഥി അനാവശ്യമായി അരവിന്ദ് കെജ് രിവാളിനെ പുകഴ്ത്തുകയാണെന്നും അത് പാര്‍ട്ടി പ്രവര്‍ത്തകരെ വിഷമിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ബിഹാറിലെ ബെഗുസരായിയില്‍ കനയ്യക്ക് സീറ്റ് നല്‍കാന്‍ ആര്‍ജെഡി വിസമ്മതിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ഡല്‍ഹിയില്‍ സീറ്റ് നല്‍കിയത്. അവസാന നിമിഷം വരെ രാഹുല്‍ ഗാന്ധി വിലപേശി നോക്കിയെങ്കിലും തേജസ്വി യാദവ് നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബഗുസരായി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന സിപിഐയുടെ ആവശ്യം ലാലു പ്രസാദ് യാദവും തേജസ്വിയും അംഗീകരിക്കുകയായിരുന്നു. സിപിഐ വിട്ടു കോണ്‍ഗ്രസിലെത്തിയ കനയ്യയെ ബിഹാറില്‍ തന്നെ മറ്റൊരു സീറ്റില്‍ മത്സരിപ്പിക്കാനുള്ള ആലോചന നടത്തിയെങ്കിലും പിന്നീട് ഡല്‍ഹിയില്‍ സീറ്റ് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. സിറ്റിങ് എംപി മനോജ് തിവാരിയാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥി.

ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷം കനയ്യയെ ഡല്‍ഹി പിസിസി അധ്യക്ഷനാക്കിയേക്കും എന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഇതും ലവ്‌ലിയെ ചൊടിപ്പിച്ചിരിക്കാം. ലോക്‌സഭ തിരഞ്ഞെടുപ്പിനിടെയുള്ള അപ്രതീക്ഷിത നീക്കത്തില്‍ നിന്ന് പിന്‍മാറാനായി ലവ്‌ലിയുമായി എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ല.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ