തലയില്‍ കിരീടം, ചുറ്റും ജയ് വിളിക്കുന്ന പ്രവര്‍ത്തകര്‍. മെയിന്‍പുരിയില്‍ ഗ്രാമങ്ങളില്‍ വന്നിറങ്ങുന്ന അദിതി യാദവിന് ലഭിക്കുന്ന സ്വീകരണം ഇങ്ങനെയാണ്. 21 വയസുകാരിയായ അദിതി യാദവ്, ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലെ 'പിന്തുടര്‍ച്ചക്കാരില്‍' പ്രധാനിയായി മാറുമോ എന്നാണ് ഈ സ്വീകരണങ്ങള്‍ കാണുമ്പോള്‍ ഉയരുന്ന ചോദ്യം. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെയും ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവിന്റെയും മൂന്നു മക്കളില്‍ മൂത്തവളാണ് അദിതി. എസ് പിയുടെ തലതൊട്ടപ്പനായ മണ്‍മറഞ്ഞ മുലായം സിങ് യാദവിന്റെ ചെറുമകള്‍.
മുലായത്തിന്റെ വംശപരമ്പരയിലെ അഞ്ചുപേര്‍ ഉത്തര്‍പ്രദേശ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അമ്മയ്ക്കു വേണ്ടി വോട്ട് ചോദിച്ച് മെയിന്‍പുരിയില്‍ ഇറങ്ങിയ അദിതി, ഇവര്‍ക്കുവേണ്ടിയും പ്രചാരണം നടത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെത്തിയ മകളെ, ജനങ്ങള്‍ക്ക് മുന്നില്‍ സുപരിചിതയാക്കാനുള്ള നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍
ഡിംപിള്‍ യാദവിന് വേണ്ടി വോട്ട് ചോദിക്കുന്ന അദിതിയുടെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ്. എസ് പി അണികള്‍ ഇത് വലിയ രീതിയില്‍ പ്രചരിപ്പിക്കുന്നുമുണ്ട്. യൂണിവേഴ്സ്റ്റി കോളേജ് ലണ്ടനില്‍ പൊളിറ്റിക്‌സ് ആൻഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദത്തിന് പഠിക്കുന്ന അദിതി, തന്റെ അവധിക്കാലത്തില്‍ നാട്ടിലെത്തിയതാണെന്നാണ് എസ് പി കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കുന്ന വിശദീകരണം. എന്നാല്‍, തിരഞ്ഞെടുപ്പ് കാലത്ത് നാട്ടിലെത്തിയ മകളെ, ജനങ്ങള്‍ക്ക് മുന്നില്‍ സുപരിചിതയാക്കാനുള്ള നീക്കമാണ് അഖിലേഷിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അദിതിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലും എസ് പിക്ക് വേണ്ടിയുള്ള പ്രചാരണങ്ങള്‍ തകൃതിയാണ്. അഖിലേഷിന്റെ പിഡിഎ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള പോസ്റ്റുകളും പ്രചാരണ വീഡിയോകളും തനിക്ക് ലഭിക്കുന്ന സ്വീകരണങ്ങളും ഇന്‍സ്റ്റഗ്രാമിലൂടെയും എക്‌സിലൂടെയും നിരന്തരം പങ്കുവയ്ക്കുന്നുണ്ട് അദിതി. പിച്ചഡെ (പിന്നാക്കക്കാര്‍), ദളിതുകള്‍, അല്‍പസംഖ്യാസ് (ന്യൂനപക്ഷം) എന്നതാണ് പിഡിഎയിയിലൂടെ അഖിലേഷ് മുന്നോട്ടുവെക്കുന്ന ആശയം. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലും ഇതേ മുദ്രാവാക്യം തന്നെയായിരുന്നു എസ് പി മുന്നോട്ടുവെച്ചത്.
സ്ത്രീശാക്തീകരണം ഉയര്‍ത്തിക്കാട്ടിയാണ് അദിതിയുടെ പ്രസംഗം. പത്ത് വനിതാ സ്ഥാനാര്‍ഥികളെയാണ് എസ് പി മൂന്നാംഘട്ടം വരെ തിരഞ്ഞെടുപ്പ് കളരിയിലിറക്കിയിട്ടുള്ളത്. ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള മണ്ഡലങ്ങളിലെ വനിതാ സ്ഥാനാര്‍ഥികള്‍ക്കുവേണ്ടി അദിതി പ്രചാരണത്തിന് എത്തിയേക്കുമെന്ന സൂചനയുമുണ്ട്. മുത്തച്ഛന്‍ മുലായം സിങ് യാദവിന്റെ ഓര്‍മകള്‍ പങ്കുവെച്ചുള്ള പ്രസംഗത്തില്‍, അദ്ദേഹത്തെ 'നേതാജി' എന്നാണ് അദിതി വിശേഷിപ്പിച്ചിരിക്കുന്നത്. എസ് പി നേതാക്കള്‍ സ്ഥിരമായി മുലായം സിങ് യാദവിനെ പരാമര്‍ശിക്കുമ്പോള്‍ പ്രയോഗിക്കുന്ന പേര്. മെയിന്‍പുരിയില്‍ ചെറിയ നാട്ടുകൂട്ടങ്ങളെ അഭിവാദ്യം ചെയ്യുന്ന അദിതി, സ്ത്രീകളോടും യുവാക്കളോടുമാണ് സംവദിക്കുന്നത്. രാവിലെ മുതല്‍ ആരംഭിക്കുന്ന പര്യടനങ്ങള്‍ രാത്രിവൈകിയും തുടരുന്നുണ്ട്.
അച്ഛനുവേണ്ടിയും ഇറങ്ങിയാല്‍ ഉറപ്പിക്കാം!
അദിതി കൂടി തിരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതോടെ, എസ് പിക്ക് എതിരായ 'കുടുംബാധിപത്യ' പ്രചാരണം ബിജെപി കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് അദിതി മാധ്യമ ശ്രദ്ധയിലേക്കു കടന്നുവരുന്നത്. എന്നാല്‍, അഖിലേഷിന്റെ പതിനെട്ടുകാരിയായ മകള്‍ ടിന യാദവ് ഇതിനോടകം തന്നെ മാധ്യമങ്ങളില്‍ നിറഞ്ഞിട്ടുണ്ട്. 2020-ല്‍ പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരത്തില്‍ ടിന യാദവ് പങ്കെടുത്തുവെന്നതരത്തില്‍ വ്യാപക പ്രചാരണമുണ്ടായിരുന്നു. ലഖ്‌നൗവില്‍ പൗരത്വ നിയമത്തിന് എതിരെ സമരം ചെയ്യുന്നവരുടെ കൂട്ടത്തിലെ ടിനയുടേത് എന്ന തരത്തില്‍ ഒരു ചിത്രം പ്രരിച്ചിരുന്നു. എന്നാല്‍, ലഖ്‌നൗവിലെ ക്ലോക്ക് ടവറിന് മുന്നില്‍ ടിന നടക്കാന്‍ പോയപ്പോഴുള്ള ചിത്രമാണ് ഇതെന്നാണ് എസ്പി ഇതിന് മറുപടി നല്‍കിയത്. ഇതിന് ശേഷം, പിന്നീട് ടിനയെ പൊതു വേദികളില്‍ കാണുന്നത് വിരളമായിരന്നു.
അമ്മയ്ക്കുവേണ്ടി ഇറങ്ങിയ മകള്‍ അച്ഛനുവേണ്ടി പ്രചാരണത്തിന് പോകുമോയെ എന്ന ചോദ്യം ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ അദിതി പ്രത്യക്ഷപ്പെട്ടാല്‍, എസ് പിയില്‍ അദിതിയെ വളര്‍ത്തിക്കൊണ്ടുവരാന്‍ മുലായം കുടുംബം തീരുമാനിച്ചിരിക്കുന്നുവെന്ന് ഉറപ്പിക്കാമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
മെയിന്‍പുരിയില്‍ ഇത്തവണ ഡിംപിളിന് അഭിമാന പോരാട്ടമാണ്. 1996-മുതല്‍ മുലായം സിങ് യാദവ് അടക്കിഭരിച്ച മണ്ഡലം. 2014-ല്‍ ചെറുമകന്‍ തേജ്പ്രതാപ് സിങ് യാദവിന് മണ്ഡലം നല്‍കിയെങ്കിലും 2019-ല്‍ അദ്ദേഹം മെയിന്‍പുരിയിലേക്ക് തന്നെ തിരിച്ചുവന്നു. ഇവിടെ എംപിയായിരിക്കെയാണ് 2022-ല്‍ മുലായം അന്തരിച്ചത്. ശേഷം വന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാദവ് ബിജെപിയുടെ രഘുരാജ് സിങ് ഷാഖ്യയെ രണ്ടുലക്ഷം വോട്ടിന് പരാജയപ്പെടുത്തി. ഇത്തവണ ഡിംപിളിനെതിരെ ബിജെപി കളത്തിലിറക്കിയിരിക്കുന്നത് ജയ്‌വീര്‍ സിങിനെയാണ്.
മുലായം കുടുംബത്തിന് അഭിമാന പോരാട്ടം
ആദ്യമായാണ് മുലായം സിങ് യാദവിന്റെ കുടുംബത്തില്‍നിന്ന് അഞ്ച് പേര്‍ ഒരുമിച്ച് മത്സര രംഗത്തിറങ്ങുന്നതെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിലുണ്ട്. ആദ്യം മത്സര രംഗത്തുനിന്ന് മാറിനിന്ന അഖിലേഷ് പിന്നീട് കനൗജില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 1998 മുതല്‍ എസ് പിയുടെ തട്ടകമായിരുന്ന കനൗജില്‍ 2000-മുതല്‍ 2009-വരെ അഖിലേഷ് ആയിരുന്നു എംപി. 2012-ല്‍ മുഖ്യമന്ത്രിയായതോടെ അഖിലേഷ് എംപി സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ഡിംപിള്‍ യാദവ് ഇവിടെ മത്സരിച്ച് ജയിച്ചു. 2019-ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുബ്രത് പഥകിനോട് ഡിംപിള്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് എസ് പി. അതുകൊണ്ടാണ് ആദ്യം സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്ന തേജ് പ്രതാപ് യാദവിനെ മാറ്റി അഖിലേഷ് തന്നെ കനൗജിലേക്ക് ഇറങ്ങുന്നത്.
എസ് പി നേതാക്കളില്‍ പ്രമുഖനും മുലായത്തിന്റെ കുടുംബാംഗവുമായ ധര്‍മേന്ദ്ര യാദവ് അസംഗഡില്‍നിന്നാണ് ജനവിധി തേടുന്നത്. ആദ്യം അദ്ദേഹത്തിന് ബദൗന്‍ സീറ്റാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് അസംഗഡ് സീറ്റിലേക്ക് മാറ്റുകയായിരുന്നു. 2019-ല്‍ അഖിലേഷ് യാദവ് ജയിച്ച മണ്ഡലമാണ് അസംഗഡ്. 2022-ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അഖിലേഷ്, ഇരട്ട പദവി വഹിക്കാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ രാജിവെച്ചപ്പോള്‍ അസംഗഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്ര യാദവ് ബിജെപിയുടെ ദിനേശ് ലാല്‍ യാദവിനോട് 8,679 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോറ്റു. ഇത്തവണയും ദിനേശ് തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി. മുലായം സിങ് യാദവിന്റെ സഹോദരന്‍ അഭയ് റാം യാദവിന്റെ മകനാണ് ധര്‍മേന്ദ്ര.
ആദിത്യ യാദവാണ് മുലായം കുടുംബത്തില്‍നിന്ന് മത്സരിക്കുന്ന മറ്റൊരാള്‍. മുപ്പത്തിയഞ്ചുകാരനായ ആദിത്യ, മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിന്റെ മകനാണ്. ബദൗനില്‍ നിന്നാണ് ആദിത്യ കന്നിയങ്കത്തിന് ഇറങ്ങുന്നത്. ബിജെപി ഇവിടെ കളത്തിലിറക്കുന്നതും പുതുമുഖത്തെയാണ്. ദുര്‍വിജയ് സിങ് ഷാഖ്യയാണ് ബിജെപി സ്ഥാനാര്‍ഥി. മുലായത്തിന്റെ ബന്ധു റാം ഗോപാല്‍ യാദവിന്റെ മകന്‍ മുപ്പത്തിനാലുകാരനായ അക്ഷയ് യാദവാണ് യാദവ് കുടുംബത്തില്‍നിന്ന് മത്സര രംഗത്തുള്ള അടുത്ത നേതാവ്. ഫിറോസാബാദ് മണ്ഡലത്തില്‍നിന്നാണ് അക്ഷയ് മത്സരിക്കുന്നത്. 2014-ല്‍ ഈ മണ്ഡലത്തില്‍ വിജയിച്ച അക്ഷയ്, 2019-ല്‍ പരാജയപ്പെട്ടിരുന്നു.
അഖിലേഷ് യാദവ് തന്നെയാണ് യുപിയിലെ 'ഇന്ത്യാ' സഖ്യത്തിന്റെയും പ്രധാന പ്രചാരകന്‍. പതിനേഴ് സീറ്റില്‍ മത്സരിക്കുന്ന കോണ്‍ഗ്രസിനുവേണ്ടി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സജീവമായി കളത്തിലില്ല. ഇന്ത്യ സഖ്യത്തിനുവേണ്ടി റാലികള്‍ നടത്തുന്നതും അഖിലേഷ് തന്നെ. മുലായം സിങ് യാദവ് ഇല്ലാത്ത ആദ്യ തിരഞ്ഞെടുപ്പുകൂടിയാണിത്. അതുകൊണ്ടുതന്നെ, ഭാരമത്രയും അഖിലേഷിന്റെ തോളിലാണ്. കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതിനെക്കാള്‍ കരുത്തില്‍ ബിജെപി അഖിലേഷ് യാദവിനെയും എസ് പിയെയും കടന്നാക്രമിക്കുന്നുണ്ട്. സമാജ്വാദി പാര്‍ട്ടിയുടെ ജീവന്‍ മരണ പോരാട്ടം നേരില്‍ക്കണ്ടുകൊണ്ടാണ് അഖിലേഷിന്റെ മകള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്. അദിതിയുടെ ഇത്തവണത്തെ വേനലവധി കുറച്ചധികം ചൂടുകൂടുതലായിരിക്കുമെന്ന് ചുരുക്കം.