പതിനെട്ടാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴ് ഘട്ടമായി. ഏപ്രില്‍ 19-നാണ് ആദ്യ ഘട്ടം. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-നാണ് കേരളം വിധിയെഴുതുന്നത്. മെയ് 7-ന് മൂന്നാഘട്ടം. മെയ് 13-ന് നാലാം ഘട്ടം. മെയ് 20-ന് അഞ്ചാം ഘട്ടം. മെയ് 25-ന് ആറാം ഘട്ടം. ഏഴാം ഘട്ടം ജൂണ്‍ ഒന്നിന്. കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും. 46 ദിവസമാണ് ആദ്യ വോട്ടെടുപ്പിന് ശേഷം ഫലപ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കേണ്ടത്.
ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു.
ലോക്‌സഭ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്കും തിരഞ്ഞെടുപ്പ് നടക്കും. ആന്ധ്രയിലും ഒഡീഷയിലും മെയ് 13-നും അരുണാചല്‍പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഏപ്രില്‍ 19-നുമാണ് വോട്ടെടുപ്പ്. ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന ജൂണ്‍ നാലിന് ഈ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ 26 നിയമസഭ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പും നടത്തും.
17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണപ്രദേശങ്ങളിലും ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദ്രനഗര്‍ ഹവേലി, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ലഡാക്ക്, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാലാലാന്‍ഡ്, സിക്കിം, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത്.
നാല് സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും. കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലാണ് രണ്ട് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നത്. ഛത്തീസ്ഗഡ്, അസം എന്നിവടങ്ങളില്‍ മൂന്നു ഘട്ടമായി തിരഞ്ഞെടുപ്പു നടത്തും. ഒഡീഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ് എന്നിവിടങ്ങലില്‍ നാല് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും. മഹാരാഷ്ട്രയിലും ജമ്മു കശ്മീരിലും അഞ്ച് ഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശിലും പശ്ചിമ ബംഗാളിലും ഏഴ് ഘട്ടമായി വോട്ടെടുപ്പ് നടത്തും.
ഒന്നാം ഘട്ടം-വോട്ടെടുപ്പ് ഏപ്പില്‍ 19.
തമിഴ്നാട്, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാന്‍, ജമ്മു കാശ്മീര്‍, ഉത്തരാഖണ്ഡ്, സിക്കിം, പശ്ചിമ ബംഗാള്‍, മേഘാലയ, അസം, നാഗാലാന്‍ഡ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മിസോറാം, ത്രിപുര, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പുതുച്ചേരി.
രണ്ടാം ഘട്ടം- വോട്ടെടുപ്പ് ഏപ്രില്‍ 26.
അസം, ബിഹാര്‍, ഛത്തിസ്ഗഢ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, രാജസ്ഥാന്‍, ത്രിപുര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍.
മൂന്നാംഘട്ടം- വോട്ടെടുപ്പ് മെയ് 7.
അസം, ബിഹാര്‍, ഛത്തിസ്ഗഢ്, ഗോവ, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ദാദ്ര, നാഗാര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, ജമ്മു കാശ്മീര്‍.
നാലം ഘട്ടം- മെയ് 13.
ആന്ധ്രാപ്രദേശ്, ബിഹാര്‍, ജാര്‍ഖണ്ഡ,് മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍.
അഞ്ചാം ഘട്ടം- മെയ് 20.
ബിഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഒഡിഷ, യുപി, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍, ലഡാക്ക്.
ആറാം ഘട്ടം- മെയ് 25.
ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ,് ഒഡിഷ,ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ഡല്‍ഹി.
ഏഴാം ഘട്ടം- ജൂണ്‍ 1.
ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഡ്.
ആകെ 96.8 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ടര്‍ പട്ടികയിലുള്ളത്. ഇതില്‍ 49.7 കോടി പുരുഷന്മാരും 47.1 കോടി സ്ത്രീകളും 48,000 ട്രാന്‍സ്ജെന്‍ഡറുകളും ഉള്‍പ്പെടുന്നു. 1.8 കോടി കന്നി വോട്ടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോട്ടര്‍മാരും ഉണ്ട്.
12 സംസ്ഥാനങ്ങളില്‍ പുരുഷ വോട്ടര്‍മാരേക്കാള്‍ സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 85 വയസ്സിനു മുകളില്‍ പ്രായമുള്ള 82 ലക്ഷം വോട്ടര്‍മാരും നൂറു വയസ്സിനു മുകളിലുള്ള 2.18 ലക്ഷം വോട്ടര്‍മാരുമുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ പറഞ്ഞു. 85 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കും. നിലവിലെ ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16ന് അവസാനിക്കും. അതിനുമുന്‍പ് പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കണം.