ലോക്‌സഭ തിരഞ്ഞെടുപ്പിൽ ആദ്യ അഞ്ച് ഘട്ടങ്ങളിൽ വോട്ട് ചെയ്ത് ആളുകളുടെ എണ്ണം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. പോൾ ചെയ്ത വോട്ടുകളുടെ ഡേറ്റകളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
പോളിങ് നടന്ന് 48 മണിക്കൂറിനുള്ളിൽ കമ്മീഷന്റെ വെബ്സൈറ്റിൽ ബൂത്ത് തിരിച്ചുള്ള വോട്ടർമാരുടെ എണ്ണവും ഫോം 17 സിയുടെ (ഓരോ പോളിങ് സ്റ്റേഷനിലും പോൾ ചെയ്ത വോട്ടുകൾ കാണിക്കുന്ന) പകർപ്പുകളും നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതി മാറ്റിവച്ചതിന് പിന്നാലെയാണ് കമ്മീഷൻ കണക്കുകൾ പുറത്തുവിട്ടത്.
തിരഞ്ഞെടുപ്പ് പ്രക്രിയയെ തകിടം മറിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളും മറ്റും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായും തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. പോൾ ചെയ്ത വോട്ടുകളുടെ കണക്കുകളും അത് സൂക്ഷിക്കുന്ന പ്രക്രിയയും കർശനവും സുതാര്യവുമുള്ളതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലെയും വോട്ടർമാരുടെ കേവല എണ്ണം ഉൾപ്പെടുത്തുന്നതിനായി പോളിങ് ഡേറ്റയുടെ ഫോർമാറ്റ് വിപുലീകരിക്കാൻ തീരുമാനിച്ചതായും കമ്മീഷൻ പറഞ്ഞു. ഇതിലൂടെ എല്ലാ പൗരന്മാർക്കും പാർലമെന്റ് മണ്ഡലങ്ങൾ തിരിച്ച് കണക്കുകൾ മനസിലാക്കാൻ സാധിക്കുമെന്നും ഇവ നിലവിൽ പൊതുജനങ്ങൾക്ക് കാണാവുന്ന തരത്തിൽ പുറത്തുവിട്ടിട്ടിട്ടുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി.
ആദ്യ അഞ്ച് ഘട്ടങ്ങളിൽ നാലാം ഘട്ടത്തിൽ ആണ് ഏറ്റവും കുടുതൽ വോട്ടിങ് നടന്നത്. 69.16 ശതമാനം വോട്ടുകളാണ് ഈ ഘട്ടത്തിൽ പോൾ ചെയ്യപ്പെട്ടത്. ആദ്യ ഘട്ടത്തിൽ 66.14 ശതമാനവും രണ്ടാം ഘട്ടത്തിൽ 66.71 ശതമാനവും മൂന്നാം ഘട്ടത്തിൽ 65.68 ശതമാനവും പോളിങ് നടന്നു. നാലാം ഘട്ടത്തിൽ 69.16 ശതമാനവും അഞ്ചാം ഘട്ടത്തിൽ 62.20 ശതമാനവുമാണ് പോളിങ് നടന്നത്.
ഒന്നാം ഘട്ടം 11 കോടി വോട്ടർമാരും, രണ്ടാം ഘട്ടത്തിൽ 10 കോടി വോട്ടർമാരും മൂന്നാം ഘട്ടത്തിൽ 11 കോടി മുപ്പത്തിരണ്ട് ലക്ഷവും നാലാം ഘട്ടത്തിൽ 12 കോടി ഇരുപത്തിനാല് ലക്ഷവും വോട്ടർമാരാണ് സമ്മതിദാനവകാശം ഉപയോഗിച്ചത്. അഞ്ചാം ഘട്ടത്തിൽ അഞ്ച് കോടി അമ്പത്തിയേഴ് ലക്ഷം പേരുമാണ് വേട്ട് ചെയ്തത്.