Lok Sabha Election 2024

നാലാമൂഴം തേടി ആന്റോ, അധ്യായം തുടങ്ങാന്‍ ഐസക്, അരങ്ങേറ്റം കുറിക്കാന്‍ അനില്‍; പത്തനംതിട്ടയില്‍ പടിയേറ്റം ആര്‍ക്ക്?

രൂപീകരണകാലം മുതല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായി നിലനിന്ന പത്തനംതിട്ടയില്‍ പക്ഷേ, ഇത്തവണ 2019-നെക്കാള്‍ കടുത്ത വാശിയാണ്

വിഷ്‌ണു എസ് വിജയൻ

2019ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയ്ക്ക് അല്‍പ്പം കനം കൂടുതലുണ്ടായിരുന്നു. ശബരിമല യുവതീപ്രവേശന വിധിയും പിന്നാലെയുണ്ടായ കോലാഹലങ്ങളും നേരിട്ട് ബാധിക്കുന്ന മണ്ഡലം എന്ന നിലയില്‍, പത്തനംതിട്ടയുടെ വിധി എന്തായിരിക്കും എന്നറിയാന്‍ രാഷ്ട്രീയ കേരളം കണ്ണുംകാതും കൂര്‍പ്പിച്ചിരുന്നു. ഫലം വന്നപ്പോള്‍, അത്ഭുതങ്ങള്‍ സംഭവിച്ചില്ല, താമര വിരിഞ്ഞില്ല, ആന്റോ ആന്റണി ഹാട്രിക് അടിച്ച് പാര്‍ലമെന്റിലേക്ക് പോയി. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തില്‍.

രൂപീകരണകാലം മുതല്‍ കോണ്‍ഗ്രസിന്റെ ഉരുക്കുകോട്ടയായി നിലനിന്ന പത്തനംതിട്ടയില്‍ പക്ഷേ, ഇത്തവണ 2019-നെക്കാള്‍ കടുത്ത വാശിയാണ്. മണ്ഡലത്തിന്റെ 'സ്ഥാപക എംപി' ആന്റോ ആന്റണി നാലാം അങ്കത്തിനിറങ്ങുമ്പോള്‍, അരിവാള്‍ ചുറ്റിക നക്ഷത്രം അടയാളത്തില്‍ കളത്തിലിറങ്ങുന്നത് സാക്ഷാല്‍ ടിഎം തോമസ് ഐസക്. കെ സുരേന്ദ്രന്‍ ആവുംവിധം ശ്രമിച്ചിട്ടും പൊങ്ങാത്ത മലയുയര്‍ത്താന്‍ ബിജെപി കളത്തില്‍ ഇറങ്ങിയിരിക്കുന്നത് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ.

പിസി ജോര്‍ജിന്റെ പിണക്കവും ആന്റോ ആന്റണിയുടെ പുല്‍വാമ വിവാദവും തോമസ് ഐസക്കിന്റെ ഇഡി കേസുകളും അടക്കം ഇതിനോടകം തന്നെ മണ്ഡലം കടുത്ത രാഷ്ട്രീയ ചര്‍ച്ചയിലേക്ക് വന്നുവീണു കഴിഞ്ഞു. ശബരിമലയുടെ ഹാങ് ഓവര്‍ തീരാത്തവരെ ലക്ഷ്യം വെച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'സ്വാമിയേ ശരണമയ്യപ്പ' വിളിയും പത്തനംതിട്ടക്കാര്‍ ഇതിനോടകം കേട്ടു.

ആന്റോയെ വിറപ്പിച്ച 'ഓട്ടോറിക്ഷ'

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, പത്തനംതിട്ട ജില്ലയിലെ തിരുവല്ല റാന്നി, ആറന്മുള, കോന്നി, അടൂര്‍ നിയമസഭ മണ്ഡലങ്ങളാണ് പത്തനംതിട്ട ലോക്സഭ മണ്ഡലത്തിന് കീഴില്‍ വരുന്നത്. ഏഴ് നിയമസഭ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പം. മണ്ഡലം രൂപീകൃതമായതിന് ശേഷം ആദ്യം നടന്ന 2009-ലെ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയും സിപിഎമ്മിലെ അഡ്വ. കെ അനന്തഗോപനും തമ്മിലായിരുന്നു പോരാട്ടം. ബിജെപി സ്ഥാനാര്‍ഥിയായി ബി രാധാകൃഷ്ണനും രംഗത്തിറങ്ങി. 51 ശതമാനം വോട്ട് നേടിയ ആന്റോ ആന്റണി 4,08,232 വോട്ട് വാരിക്കൂട്ടി. കെ അനന്തഗോപന്‍ 2,97026 വോട്ട് പിടിച്ചു. 37.26 ശതമാനമായിരുന്നു വോട്ട് വിഹിതം. 1,11,206 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ആന്റോ ജയിച്ചുകയറി. ബിജെപി സ്ഥാനാര്‍ഥി ബി രാധാകൃഷ്ണന് ലഭിച്ചത് 56,294 വോട്ട്. ഏഴ് നിയമസഭ മണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു മേല്‍ക്കൈ.

എന്നാല്‍, തൊട്ടടുത്ത തിരഞ്ഞെടുപ്പുകളില്‍ ആന്റോയ്ക്ക് ഈസി വാക്കോവര്‍ ആയിരുന്നില്ല. 2014-ല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ഇടതു ക്യാമ്പിലെത്തിയ പീലിപ്പോസ് തോമസിനെ സിപിഎം ഇടത് സ്വതന്ത്രനായി രംഗത്തിറക്കി. ഓട്ടോറിക്ഷ ചിഹ്നത്തില്‍ പീലിപ്പോസ് തോമസ് കളത്തിലിറങ്ങിയപ്പോള്‍ ആന്റോ ശരിക്കും വിയര്‍ത്തു. 3,58,842 വോട്ടാണ് ആന്റോ ആന്റണി നേടിയത്. 41.3 ശതമാനം വോട്ട്. പീലിപ്പോസ് തോമസ് 3,02,651 വോട്ട് നേടി. 34.8 ശതമാനം വോട്ട് വിഹിതം. ബിജെപി സ്ഥാനാര്‍ഥി എംടി രമേശ് ആയിരുന്നു. 138,954 വോട്ടും 16 ശതമാനം വോട്ടു വിഹിതവും ബിജെപി പിടിച്ചു. ഇത് ബിജെപിയെ പത്തനംതിട്ടയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലേക്ക് നയിച്ചു. 56,191 വോട്ടിനായിരുന്നു ആന്റോ ആന്റണി വിജയിച്ചത്. എല്ലാ നിയമസഭ മണ്ഡലങ്ങളിലും ആന്റോ ആന്റണി മുന്നിലെത്തിയെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ എല്‍ഡിഎഫിനായി.

2016 നിയമസഭ തിരഞ്ഞെടുപ്പ്

2016-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ നിയമസഭകളില്‍ എല്‍ഡിഎഫ് മേല്‍ക്കൈയായിരുന്നു. കേരള കോണ്‍ഗ്രസ്(എം) യുഡിഎഫ് പാളയത്തിലായിരുന്നു. തിരുവല്ല, റാന്നി, ആറന്‍മുള, അടൂര്‍ എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനൊപ്പം നിന്നു. കോന്നിയും കാഞ്ഞിരപ്പള്ളിയും യുഡിഎഫിനൊപ്പം. ഇടതും വലതും അടുപ്പിക്കാതെ നിന്ന പിസി ജോര്‍ജ് പൂഞ്ഞാറില്‍ തനിച്ച് മത്സരിച്ച് വിജയിച്ചു. 27,821 വോട്ടിനായിരുന്നു പിസി ജോര്‍ജിന്റെ വിജയം. മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലിറങ്ങിയ വീണാ ജോര്‍ജ് ആറന്‍മുളയില്‍ കന്നിയങ്കം കുറിച്ചതും 2016-ല്‍. സിപിഎം ടിക്കറ്റില്‍ മത്സരിച്ച വീണ 7,646 വോട്ടിന് വിജയിച്ചു. അടൂരില്‍ എല്‍ഡിഎഫിന്റെ ചിറ്റയം ഗോപകുമാര്‍ ജയിച്ചു കയറിയത് 25,460 വോട്ടിന്. കോന്നിയില്‍ യുഡിഎഫിന്റെ അടൂര്‍ പ്രകാശിന് 20,748 വോട്ടിന്റെ വിജയം. കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി എന്‍ ജയരാജ് 3,900 വോട്ടിന് വിജയിച്ചു. തിരുവല്ലയില്‍ എല്‍ഡിഎഫിന്റെ മാത്യു ടി തോമസ് 8,262 വോട്ടിന് വിജയിച്ച് മന്ത്രിയായി. റാന്നിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി രാജു എബ്രഹാം 14,596 വോട്ടിന് വിജയിച്ചു.

2021 നിയമസഭ തിരഞ്ഞെടുപ്പ്

പിണറായി വിജയന്‍ സര്‍ക്കാരിന് തുടര്‍ഭരണം നേടിക്കൊടുത്ത 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ മുഴുവന്‍ നിയമസഭ മണ്ഡലങ്ങളും ഇടതുപക്ഷത്തിനൊപ്പം നിന്നു. ആറന്‍മുളയില്‍ നിന്ന് രണ്ടാംവട്ടം ജയിച്ചെത്തിയ വീണാ ജോര്‍ജിനെ ആരോഗ്യമന്ത്രി സ്ഥാനം തേടിയെത്തി. ശിവദാസന്‍ നായരെ മലര്‍ത്തിയടിച്ച വീണയുടെ ഭൂരിപക്ഷം 19003 വോട്ടായിരുന്നു. അടൂരില്‍ നിന്നെത്തിയ ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറായി. കോണ്‍ഗ്രസിന്റെ എം ജി കണ്ണനെ 2819 വോട്ടിനാണ് ചിറ്റയം പരാജയപ്പെടുത്തിയത്. 2016-ല്‍ 25,460 വോട്ടിന് ജയിച്ചു കയറിയ ചിറ്റയത്തിന്റെ ഭൂരിപക്ഷം ഇത്തവണ ഗണ്യമായി കുറഞ്ഞു.

കാഞ്ഞിരപ്പള്ളിയില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ എന്‍ ജയരാജ് യുഡിഎഫിന്റെ ജോസഫ് വാഴയ്ക്കനെ 13,703 വോട്ടിന് തോല്‍പ്പിച്ചു. പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ മലര്‍ത്തിയടിച്ച സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഭൂരിപക്ഷം 16,817. തിരുവല്ലയില്‍ ജനതാദള്‍ എസിന്റെ മാത്യു ടി തോമസ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലെ കുഞ്ഞു കോശി പോളിനെ 11,421 വോട്ടിന് പരാജയപ്പെടുത്തി. റാന്നിയില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി പ്രമോദ് നാരായണ്‍ കോണ്‍ഗ്രസിലെ റിങ്കു ചെറിയാനെ 1285 വോട്ടിന് തോല്‍പ്പിച്ചു. കോന്നിയില്‍ കെ യു ജനീഷ് കുമാര്‍ കോണ്‍ഗ്രസിലെ റോബിന്‍ പീറ്ററെ 8508 വോട്ടിന് തോല്‍പ്പിച്ചു.

2019 ലോക്‌സഭ തിരഞ്ഞെടുപ്പ്

ശബരിമല യുവതീപ്രവേശന വിധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളില്‍ കേരളം ചൂടുപിടിച്ചുനിന്നപ്പോള്‍ നടന്ന തിരഞ്ഞെടുപ്പ് മൂന്നു മുന്നണികള്‍ക്കു ജീവന്‍ മരണ പോരാട്ടമായിരുന്നു. ശബരിമലയ്‌ക്കൊപ്പം വയനാടന്‍ ചുരംകയറി രാഹുല്‍ ഗാന്ധികൂടി എത്തിയപ്പോള്‍ ഇടതുമുന്നണി അടപടലം കടപുഴകി വീണു. പത്തനംതിട്ടയില്‍ വീണാ ജോര്‍ജിനെയാണ് ആന്റോ ആന്റണിയെ നേരിടാന്‍ സിപിഎം രംഗത്തിറക്കിയത്. ശബരിമല പ്രക്ഷോഭം തുണയ്ക്കുമെന്ന പ്രതീക്ഷയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ എന്‍ഡിഎയ്ക്ക് വേണ്ടി കളത്തിലിറങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബിജെപിയുടെ സ്റ്റാര്‍ ക്യാമ്പയിനര്‍മാര്‍ പത്തനംതിട്ടയിലെത്തി. രാജ്യത്തിന്റെയാകെ ശ്രദ്ധ പതിഞ്ഞ മണ്ഡലമായി പത്തനംതിട്ട മാറി. ഫലം വന്നപ്പോള്‍ ബിജെപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആന്റോ ആന്റണി ഹാട്രിക് വിജയവുമായി ലോക്‌സഭയിലേക്ക് പോയി.

380,92 വോട്ടാണ് ആന്റോ ആന്റണിക്ക് ലഭിച്ചത്. വീണാ ജോര്‍ജിന് 336,684 വോട്ട്. കെ സുരേന്ദ്രന് ലഭിച്ചത് 297,36 വോട്ട്. 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ആന്റോയുടെ വിജയം. 2014-ല്‍ 41.3 ശതമാനം വോട്ട് നേടിയ ആന്റോ ആന്റണിക്ക് 2019-ല്‍ കിട്ടിയത് 37.1 ശതമാനം വോട്ട്. 34.8 ശതമാനം വോട്ടാണ് 2014-ല്‍ പീലിപ്പോസ് തോമസ് നേടിയത്. വീണാ ജോര്‍ജിന് ഇത് മറികടക്കാന്‍ സാധിച്ചില്ല. 32.8 ശതമാനം ആയിരുന്നു വീണയ്ക്ക് ലഭിച്ച വോട്ട് വിഹിതം. എംടി രമേശ് നേടിയ 16 ശതമാനം വോട്ടില്‍ നിന്ന് കെ സുരേന്ദ്രന്‍ ബിജെപിയുടെ വോട്ട് വിഹിതം 29 ശതമാനാക്കി വര്‍ധിപ്പിച്ചു. ശബരിമല വിഷയം ഉയര്‍ത്തി കാടിളക്കി പ്രചാരണം നടത്തിയിട്ടും ബിജെപിക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

ഏഴ് നിയമസഭ മണ്ഡലങ്ങളില്‍ ആറിലും ആന്റോ ആന്റണി തന്നെയായിരുന്നു മുന്നില്‍. അടൂരില്‍ വീണാ ജോര്‍ജ് മുന്നിലെത്തി. 53,216 വോട്ട് ഇവിടെ വീണയ്ക്ക് ലഭിച്ചപ്പോള്‍, ആന്റോയ്ക്ക് കിട്ടിയത് 49280 വോട്ട്. വീണയുടെ നിയമസഭ മണ്ഡലമായ ആറന്‍മുളയില്‍ ആന്റോ തേരോട്ടം നടത്തി. 59,277 വോട്ടാണ് ഇവിടെ യുഡിഎഫിന് ലഭിച്ചത്. വീണാ ജോര്‍ജിന് 52,684 വോട്ട് ലഭിച്ചു. പൂഞ്ഞാറിയാലിരുന്നു യുഡിഎഫിന് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. ഇവിടെ 61,530 വോട്ടാണ് ആന്റോയ്ക്ക് ലഭിച്ചത്. കോന്നിയില്‍ വീണാ ജോര്‍ജും കെ സുരേന്ദ്രനും ഒപ്പത്തിനൊപ്പമായിരുന്നു. 46,946 വോട്ട് വീണയ്ക്ക് ലഭിച്ചപ്പോള്‍ സുരേന്ദ്രന് 46,506 വോട്ട് കിട്ടി. ഇതാണ് പിന്നാലെവന്ന ഉപതിരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് മത്സരിക്കാന്‍ കെ സുരേന്ദ്രനെ പ്രേരിപ്പിച്ചത്.

കോന്നി ഉപതിരഞ്ഞെടുപ്പ്

2019-ല്‍ പാര്‍ലമെന്റിലേക്ക് പോയ യുഡിഎഫ് അംഗങ്ങളില്‍ കോന്നിയില്‍ നിന്നുള്ള നിയമസഭാംഗവും ഉണ്ടായിരുന്നു. കോന്നി വിട്ട അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ വഴി ഡല്‍ഹിക്ക് പോയപ്പോള്‍ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 1996 മുതല്‍ 2019 വരെ അടൂര്‍ പ്രകാശിന്റെ കോട്ടയായിരുന്നു കോന്നി. കെ യു ജനീഷ് കുമാറിനെ സിപിഎം രംഗത്തിറക്കി. പി മോഹന്‍രാജ് ആയിരുന്നു കോണ്‍സ്ര് സ്ഥാനാര്‍ഥി. 9,953 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജനീഷ് കുമാര്‍ കോന്നിയില്‍ ചെങ്കൊടി പാറിച്ചു. 2019-ല്‍ കിട്ടിയ വോട്ടിന്റെ പ്രതീക്ഷയില്‍ കോന്നിയിലിറങ്ങിയ കെ സുരേന്ദ്രന് വീണ്ടും തോല്‍ക്കാനായിരുന്നു വിധി. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട കെ സുരേന്ദ്രന് ലഭിച്ചത് 39,786 വോട്ട്. ജനീഷ് കുമാര്‍ 54,009 വോട്ട് നേടി. പി മോഹന്‍രാജ് 44,146 വോട്ട് പിടിച്ചു. 2021 നിയമസഭ തിരഞ്ഞെടുപ്പിലും ജനീഷ് കുമാര്‍ കോന്നിയെ ഇടതുപക്ഷത്തുതന്നെ ഉറപ്പിച്ചുനിര്‍ത്തി. ഇത്തവണയും കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സഭാ സമവാക്യങ്ങള്‍

മലങ്കര ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണ് പത്തനംതിട്ട. 2016-ല്‍ വീണാ ജോര്‍ജ് ആറന്‍മുള മണ്ഡലത്തില്‍ മത്സരിക്കുമ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരോക്ഷ പിന്തുണ വീണയ്ക്കുണ്ടായിരുന്നു. ഇതിന്റെകൂടി ബലത്തിലായിരുന്നു സിപിഎം വിജയം. ഇത് ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു 2019-ല്‍ ആന്റോ ആന്റണിക്ക് എതിരെ വീണയെ പരീക്ഷിക്കാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. പള്ളിത്തര്‍ക്കത്തില്‍ യാക്കോബായ വിഭാഗത്തിനോട് സര്‍ക്കാരിന് അനുകമ്പയുണ്ടെന്ന പ്രചാരണം ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ സിപിഎമ്മിന് എതിരാകുന്നതിന് കാരണമായി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ടിറങ്ങി പ്രചാരണം നയിച്ചതും ഓര്‍ത്തഡോക്‌സ് വോട്ടുകള്‍ ഏകീകരിക്കുന്നതിന് കാരണമായി. കോണ്‍ഗ്രസ് കേന്ദ്രത്തില്‍ അധികാരം പിടിക്കുമെന്നുമുള്ള ധാരണ പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി അടക്കമുള്ള മേഖലകളിലെ മുസ്ലിം വോട്ടുകള്‍ കൂട്ടത്തോടെ യുഡിഎഫിന് ലഭിച്ചു. കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയതില്‍ എന്‍എസ്എസ് നിലപാടും നിര്‍ണായകമായിരുന്നു.

അതികായനെ ഇറക്കി സിപിഎം

പത്തനംതിട്ട പിടിക്കാന്‍ ഇത്തവണ സിപിഎം രംഗത്തിറക്കിയിരിക്കുന്നത് പാര്‍ട്ടിയുടെ ജനകീയ മുഖങ്ങളില്‍ പ്രധാനിയായ ഡോ. ടിഎം തോമസ് ഐസക്കിനെയാണ്. ജില്ലയുടെ ചുമതല നല്‍കി തിരഞ്ഞെടുപ്പിന് മുന്‍പുതന്നെ കളം നിറയാന്‍ തോമസ് ഐസക്കിന് സിപിഎം അവസരം ഒരുക്കിനല്‍കി. കിഫ്ബി മസാല ബോണ്ട് വിഷയത്തിലെ ഇ ഡി കേസും നിയമപോരാട്ടവും ഒക്കെയായി തോമസ് ഐസക് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇത് മുന്‍നിര്‍ത്തിയാണ് ഐസക്കിന് എതിരെ യുഡിഎഫും എന്‍ഡിഎയും പ്രചാരണം കൊഴുപ്പിക്കുന്നത്. സിപിഎം കേന്ദ്രകമ്മിറ്റി അംഗവും ദീര്‍ഘകാലം നിയമസഭാ സാമാജികനും രണ്ടുതവണ ധനമന്ത്രിയുമായിരുന്ന തോമസ് ഐസക്കിന്റെ ആദ്യ ലോക്‌സഭ തിരഞ്ഞെടുപ്പ് അങ്കമാണ്.

തോമസ് ഐസക്

ആന്റോ ആന്റണി നാലാം അങ്കത്തിനിറങ്ങുമ്പോള്‍

കെഎസ്‌യുവിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച ആന്റോ ആദ്യമായി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ തോല്‍വിയായിരുന്നു ഫലം. 2004- ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2009-ല്‍ പത്തനംതിട്ടയില്‍ എത്തിയ ശേഷം ആന്റോ തോല്‍വി അറിഞ്ഞിട്ടില്ല. ഇത്തവണ പക്ഷേ, ആന്റോ ആന്റണി നിരവധി പ്രതികൂല ഘടകങ്ങള്‍ നേരിടുന്നുണ്ട്. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും എസ്എഫ്‌ഐ രക്തസാക്ഷികളെ കുറിച്ചുള്ള ആന്റോയുടെ പരാമര്‍ശങ്ങള്‍ ഇതിനോടകം വിവാദമായിട്ടുണ്ട്.

അനില്‍ ആന്റണിയെന്ന തുറുപ്പുചീട്ട്

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നോവ് എകെ ആന്റണിക്ക് പത്തനംതിട്ട മണ്ഡലം ഒരു ദുസ്വപ്‌നമായി മാറിയിരിക്കുയാണ്. വാര്‍ധക്യകാലത്തില്‍പിന്നില്‍നിന്നു കുത്തി ബിജെപി പാളയത്തിലെത്തിയ മകന്‍ അനില്‍ ആന്റണി പത്തനംതിട്ടയില്‍ കളംപിടിക്കുകയാണ്. അപ്രതീക്ഷിതമായി ആയിരുന്നു അനില്‍ ആന്റണിയുടെ ബിജെപി പ്രവേശനം. അതിലും അപ്രതീക്ഷിതമായി അനിലിനെ ബിജെപി പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കി.

നരേന്ദ്ര മോദിക്കൊപ്പം അനില്‍ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണത്തിന് തുടക്കം കുറിച്ചു. സീറ്റ് മോഹിച്ച് കേരള ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിച്ച പിസി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും നിരാശരായി. പിസി ജോര്‍ജിന്റെ നാവിന് കൂച്ചുവിലങ്ങിടാന്‍ പാടുപെടുകയാണ് ബിജെപി ഇപ്പോള്‍. എകെ ആന്റണി മകന് എതിരെ പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യം എല്‍ഡിഎഫ് ക്യാമ്പ് ശക്തമായി ഉയര്‍ത്തുന്നുണ്ട്. പതിനെട്ടടവും പയറ്റുന്ന പാര്‍ട്ടികളില്‍ ആര് പത്തനംതിട്ടയുടെ പടി താണ്ടുമെന്ന് കാത്തിരുന്നു കാണാം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ