Lok Sabha Election 2024

മുലായം കുടുംബം ഒന്നാകെ കളത്തില്‍; മത്സരിക്കുന്നത് അഞ്ചുപേര്‍, കനൗജ് തിരിച്ചുപിടിക്കാന്‍ അഖിലേഷ്

ആദ്യമായാണ് അഖിലേഷിന്റെ കുടുംബത്തില്‍നിന്ന് അഞ്ചുപേര്‍ മത്സര രംഗത്തിറങ്ങുന്നത്

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പ് മത്സര രംഗത്തേക്ക് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കൂടി കളത്തിലിറങ്ങിയതോടെ ഉത്തര്‍പ്രദേശില്‍ മുലായം സിങ് യാദവിന്റെ കുടുംബത്തില്‍നിന്ന് മത്സരിക്കുന്നത് അഞ്ച് പേര്‍. ആദ്യമായാണ് അഖിലേഷിന്റെ കുടുംബത്തില്‍നിന്ന് ഇത്രയുംപേർ മത്സരരംഗത്തിറങ്ങുന്നത്. എസ് പിയുടെ പരമ്പരാഗത മണ്ഡലങ്ങളില്‍നിന്നാണ് അഞ്ചുപേരും ജനവിധി തേടുന്നത്. കനൗജില്‍ മത്സരിക്കുന്ന അഖിലേഷ് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ്, ബന്ധുക്കളായ ധര്‍മേന്ദ്ര യാദവ്, ആദിത്യ യാദവ്, അക്ഷയ് യാദവ് എന്നിവരാണ് മത്സരരംഗത്തുള്ള മറ്റു കുടുംബാംഗങ്ങള്‍. മത്സരത്തില്‍നിന്ന് വിട്ടുനിന്ന് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനായിരുന്നു അഖിലേഷിന്റെ തീരുമാനം. എന്നാല്‍, പാര്‍ട്ടിക്കു കൂടുതല്‍ ആവേശം പകരാന്‍ താന്‍ മത്സരരംഗത്തുണ്ടാകുന്നത് നല്ലതാണെന്ന വിലയിരുത്തലിലാണ് അദ്ദേഹം തീരുമാനം മാറ്റിയത്. കനൗജില്‍നിന്ന് അഖിലേഷ് മത്സരിക്കണമെന്ന് പാര്‍ട്ടി അണികള്‍ക്കിടയിലും ആവശ്യമുയര്‍ന്നിരുന്നു.

1998- മുതല്‍ എസ് പിയുടെ തട്ടകമായിരുന്ന കനൗജില്‍ 2000-മുതല്‍ 2009-വരെ അഖിലേഷ് ആയിരുന്നു എംപി. 2012-ല്‍ മുഖ്യമന്ത്രിയായതോടെ അഖിലേഷ് എംപി സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ഡിംപിള്‍ യാദവ് ഇവിടെ മത്സരിച്ച് ജയിച്ചു. 2019-ലെ തിരഞ്ഞെടുപ്പില്‍ ഡിംപിള്‍ ബിജെപിയുടെ സുബ്രത് പഥകിനോട് ഡിംപിള്‍ പരാജയപ്പെട്ടിരുന്നു. ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കണമെന്ന വാശിയിലാണ് എസ് പി. ഇത്തവണ ഇവിടെ തേജ്പ്രതാപ് യാദവിനെ മത്സരിപ്പിക്കാനാണ് എസ് പി ആദ്യം തീരുമാനിച്ചിരുന്നത്.

മുലായം സിങ് യാദവും കുടുംബാംഗങ്ങളും മാറിമാറി മത്സരിച്ചു ജയിച്ചുപോന്ന മെയിന്‍പുരിയില്‍, 2022-ല്‍ മുലായത്തിന്റെ മരണത്തെത്തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഡിംപിള്‍ യാവ് വിജയിച്ചിരുന്നു. ഇത്തവണയും ഡിംപിള്‍ തന്നെയാണ് ഇവിടെനിന്ന് മത്സരിക്കുന്നത്. ബിജെപിയുടെ ജയ്‌വീര്‍ സിങ് ആണ് ഡിംപിളിന്റെ എതിരാളി.

എസ് പി നേതാക്കളില്‍ പ്രമുഖനും മുലായത്തിന്റെ കുടുംബാംഗവുമായ ധര്‍മേന്ദ്ര യാദവ് അസംഗഡില്‍നിന്ന് ജനവിധി തേടുന്നു. ആദ്യം അദ്ദേഹത്തിന് ബദൗന്‍ സീറ്റാണ് നല്‍കിയിരുന്നത്. എന്നാല്‍, പിന്നീട് അസംഗഡ് സീറ്റിലേക്ക് മാറ്റുകയായിരുന്നു. 2019-ല്‍ അഖിലേഷ് യാദവ് ജയിച്ച മണ്ഡലമാണ് അസംഗഡ്. 2022-ല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച അഖിലേഷ്, ഇരട്ട പദവി വഹിക്കാന്‍ പാടില്ലാത്ത സാഹചര്യത്തിൽ രാജിവെച്ചപ്പോള്‍ അസംഗഡില്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. ഈ തിരഞ്ഞെടുപ്പില്‍ ധര്‍മേന്ദ്ര യാദവ് ബിജെപിയുടെ ദിനേശ് ലാല്‍ യാദവിനോട് 8,679 വോട്ടിന്റെ ഭൂരിപക്ഷത്തിന് തോറ്റു. ഇത്തവണയും ദിനേശ് തന്നെയാണ് ബിജെപി സ്ഥാനാര്‍ഥി. മുലായം സിങ് യാദവിന്റെ സഹോദരന്‍ അഭയ് റാം യാദവിന്റെ മകനാണ് ധര്‍മേന്ദ്ര.

ആദിത്യ യാദവാണ് മുലായം കുടുംബത്തില്‍നിന്ന് മത്സരിക്കുന്ന മറ്റൊരാൾ. മുപ്പത്തിയഞ്ചുകാരനായ ആദിത്യ, മുലായത്തിന്റെ സഹോദരന്‍ ശിവപാല്‍ യാദവിന്റെ മകനാണ്. ബദൗനില്‍ നിന്നാണ് ആദിത്യ കന്നിയങ്കത്തിന് ഇറങ്ങുന്നത്. ബിജെപി ഇവിടെ കളത്തിലിറക്കുന്നതും പുതുമുഖത്തെയാണ്. ദുര്‍വിജയ് സിങ് ഷാഖ്യയാണ് ബിജെപി സ്ഥാനാര്‍ഥി. മുലായത്തിന്റെ ബന്ധു റാം ഗോപാല്‍ യാദവിന്റെ മകന്‍ മുപ്പത്തിനാലുകാരനായ അക്ഷയ് യാദവാണ് യാദവ് കുടുംബത്തില്‍നിന്ന് മത്സര രംഗത്തുള്ള അടുത്ത നേതാവ്. ഫിറോസാബാദ് മണ്ഡലത്തില്‍നിന്നാണ് അക്ഷയ് മത്സരിക്കുന്നത്. 2014-ല്‍ ഈ മണ്ഡലത്തില്‍ വിജയിച്ച അക്ഷയ്, 2019-ല്‍ പരാജയപ്പെട്ടിരുന്നു.

2019-ല്‍ കോണ്‍ഗ്രസ് സഖ്യമില്ലാതെ മത്സരിച്ച എസ് പി ഇത്തവണ ഇന്ത്യ സഖ്യത്തിനൊപ്പമാണ്. പല മണ്ഡലങ്ങളിലും ഇത് ഗുണമാകുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. അഖിലേഷ് കൂടി കളത്തിലിറങ്ങുന്നതോടെ, ബിജെപിക്കു വലിയ വെല്ലുവിളി സൃഷ്ടിക്കാന്‍ സാധിക്കുമെന്നും എസ് പി കരുതുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍