Lok Sabha Election 2024

സീറ്റില്ലെങ്കില്‍ കല്യാണം കഴിക്കും!; ഭാര്യയെ സ്ഥാനാര്‍ഥിയാക്കും, ഇത്‌ 'ഗ്യാങ്‌സ് ഓഫ് ബിഹാര്‍'

രക്തരൂക്ഷിത ഗ്യാങ് വാറുകള്‍ നടത്തിയ പാരമ്പര്യമാണ് മഹ്തോയുടേത്

വെബ് ഡെസ്ക്

ബിഹാറിലെ പട്നയില്‍ ചൊവ്വാഴ്ച ഒരു വിവാഹം നടന്നു. 62-കാരനായ അശോക് മഹ്തോ 46-കാരിയായ അനിത കുമാരിയെ വിവാഹം കഴിച്ചു. ഈ കല്യാണത്തില്‍ എന്താണ് ഇത്ര പുതുമ എന്നല്ലേ? ജയിലില്‍ നിന്നിറങ്ങി അധികം ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പേയാണ് മഹ്തോയുടെ കല്യാണം. അശോക് മഹ്തോ ചെറിയ പുള്ളിയൊന്നുമല്ല, ബിഹാറിനെ ഉള്ളംകയ്യില്‍ കൊണ്ടുനടക്കുന്ന ക്രിമിനല്‍ ഡോണ്‍ ആണ്. ജയിലില്‍ നിന്നിറങ്ങിയ ഉടന്‍ ഈ പ്രായത്തില്‍ വിവാഹം കഴിച്ചതിന് പിന്നിലും ഒരു കഥയുണ്ട്, ലോക്സഭ തിരഞ്ഞെുപ്പില്‍ ഒരു സീറ്റാണ് മഹ്തോയുടെ ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ, ബിഹാറില്‍ ഇത്തരം വിവാഹങ്ങളുടെ സീസണും ആരംഭിക്കാന്‍ പോവുകയാണ്.

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗ്യാങ്സ്റ്റര്‍ നേതാക്കള്‍ വിവാഹം കഴിക്കുന്നതും ഭാര്യമാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതും ബിഹാറില്‍ സ്ഥിരമാണ്. ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ഭാര്യമാരേയും അമ്മമാരേയും സഹോദരങ്ങളെയും ഒക്കെ കളത്തിലിറക്കി ഇവര്‍ അധികാരം പിടിച്ചെടുക്കും

2001-ല്‍ നവാഡ ജയില്‍ തകര്‍ത്ത് തടവറയില്‍ നിന്ന് രക്ഷപ്പെട്ട കേസില്‍ പതിനേഴു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞാണ് മഹ്തോ പുറത്തിറങ്ങിയത്. മുംഗെര്‍ ലോക്സഭ സീറ്റില്‍ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കണം എന്നായിരുന്നു മഹ്തോയുടെ ആഗ്രഹം. എന്നാല്‍, ക്രിമിനല്‍ കേസുകളില്‍ പ്രതിയായി ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍, മഹ്തോയ്ക്ക് സീറ്റ് നല്‍കാന്‍ ആര്‍ജെഡിക്ക് താത്പര്യമില്ലെന്നാണ് സൂചന. ഇത് മറികടക്കാനാണ് മഹ്തോ വേഗത്തില്‍ ഒരു കല്യാണം കഴിച്ചത്.

തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ ഭാര്യയ്ക്ക് നല്‍കിയാല്‍ മതിയെന്നാണ് നിലപാട്. വിവാഹം കഴിഞ്ഞ് അനിതയും മഹ്തോയും നേരെ പോയത് ആര്‍ജെഡിയുടെ സമുന്നത നേതാവ് ലാലുപ്രസാദ് യാദവിനെ കാണാനാണ്. തങ്ങള്‍ അനുഗ്രഹം വാങ്ങാന്‍ പോയതാണെന്നും സീറ്റിനെ കുറിച്ച് ചര്‍ച്ചയൊന്നും നടത്തിയില്ലെന്നുമാണ് മഹ്തോ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, മഹ്തോയുടേയും സംഘത്തിന്റേയും ലക്ഷ്യം ലോക്സഭ തിരഞ്ഞെടുപ്പ് തന്നെയാണെന്ന് ബിഹാറിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അശോക് മഹ്‌തോയുടെ വിവാഹ ചടങ്ങില്‍നിന്ന്

ബിഹാറിനെ രക്തത്തില്‍ മുക്കിയ ഗ്യാങ് ലീഡര്‍

രക്തരൂക്ഷിത ഗ്യാങ് വാറുകള്‍ നടത്തിയ പാരമ്പര്യമാണ് മഹ്തോയുടേത്. ഒരുകാലത്ത് ബിഹാറിനെ പിടിച്ചുകുലുക്കിയ ക്രിമിനല്‍ ആക്രമണങ്ങളുടെ പിന്നിലെ മുഖ്യസൂത്രധാരന്‍. കുര്‍മി ജാതിയില്‍പ്പെട്ട ഒരുവിഭാഗം നേതാക്കളാണ് അശോക് മഹ്തോയുടെ ഗ്യാങിനെ നയിക്കുന്നത്. വെറുമൊരു ക്രിമിനല്‍ ഗ്യാങ് എന്നതിന് അപ്പുറത്തേക്ക്, നിരവധി ജാതി, രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘം കൂടിയാണ് മഹ്തോയുടേത്.

നവാഡ, ഷെയ്ഖ്പുര ജില്ലകളിലെ പിന്നോക്ക വിഭാഗക്കാരുടെ പിന്തുണ ഈ സംഘത്തിനുണ്ട്. ബിഹാറില്‍ നിലനിന്നിരുന്ന സവര്‍ണ-പിന്നോക്ക ഏറ്റുമുട്ടലുകളില്‍ ഈ സംഘത്തിന്റെ പങ്ക് വളരെ വലുതാണ്. ഭൂമിഹാര്‍ ബ്രാഹ്‌മണരുടെ സംഘങ്ങളുമായാണ് ഇവര്‍ ഏറ്റുമുട്ടിയിരുന്നത്. ഭൂമിഹാര്‍ വിഭാഗത്തിലെ പ്രബല ഗ്യാങ്സ്റ്റര്‍ അഖിലേഷ് സിങിന്റെ സംഘവും മഹ്തോയുടെ ഗ്യാങും തമ്മിലുള്ള ഏറ്റുമുട്ടല്‍, നവാഡ, നളന്ദ, ഷെയ്ഖ്പുര ജില്ലകളിലെ നൂറോളം ഗ്രാമങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു.

1998-2006 കാലത്തില്‍ ഇരു ഗ്യാങ്ങുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഇരുന്നൂറോളം പേരുടെ ജീവന്‍ നഷ്ടമായിട്ടുണ്ട്. 2003-ല്‍ അഖിലേഷ് സിങിന്റെ ഭാര്യ അരുണയുടെ പിതാവിനെ മഹ്തോ ഗ്യാങ് കൊലപ്പെടുത്തി. ബിജെപി, ലോക്ജനശക്തി പാര്‍ട്ടി ടിക്കറ്റുകളില്‍ മത്സരിച്ച് നിയമസഭയിലെത്തിയ അരുണ പിന്നീട് കോണ്‍ഗ്രസില്‍ എത്തിയെങ്കിലും 2010-ല്‍ പരാജയപ്പെട്ടു. അശോക് മഹ്തയോടെ സഹോദരന്‍ പ്രദീപ് മഹ്തോയാണ് ജെഡിയു ടിക്കറ്റില്‍ മത്സരിച്ച് അരുണയെ പരാജയപ്പെടുത്തിയത്.

അശോക് മഹ്തോ

അരുണയുടെ പിതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഇരു ഗ്യാങുകളും തമ്മില്‍ ഏറ്റുമുട്ടലുകളുടെ വന്‍ പരമ്പര തന്നെയുണ്ടായി. 2005-ല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായിരുന രാജോ സിങിനെ മഹ്തോ ഗ്രൂപ്പ് കൊലപ്പെടുത്തി. 2006-ല്‍ മഹ്തോയെ പോലീസ് അറസ്റ്റ് ചെയ്തു. അര്‍ധനനഗ്‌നനായി ചെരുപ്പുമാല അണിഞ്ഞ് മുറിവുകളുമായി പോകുന്ന മഹ്തോയുട ചിത്രം പുറത്തുവന്നതോടെ, ബിഹാറില്‍ വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറി. ഭൂമിഹാര്‍ വിഭാഗത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് പോലീസ് ഇങ്ങനെ ചെയ്തത് എന്ന് പരക്കെ വിമര്‍ശനമുണ്ടായി.

ഐപിഎസുകാരന്റെ പുസ്തകം, നെറ്റ്ഫ്ലിക്സ് സീരീസ്

രാജോ സിങിന്റെ കൊലപാതകത്തിന് പിന്നില്‍ അന്നത്തെ മുഖ്യമന്ത്രി നിതീഷ് കുമാറിനും ജെഡിയു നേതാവ് ലാലന്‍ സിങിനും പങ്കുണ്ടെന്ന് ആര്‍ജെഡി ആരോപിച്ചു. അശോക് മഹ്തോയുടെ ഗ്രൂപ്പിലെ പ്രധാനിയായി പിന്റു മഹ്തോ പിന്നീട് ജെഡിയുവില്‍ ചേരുകയും പിന്റുവിന്റെ ഭാര്യ ബിഹാര്‍ നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തു. 2023 ഡിസംബര്‍ 10-നാണ് മഹ്തോ ജയില്‍ മോചിതനാകുന്നത്. 2022-ല്‍ പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്സ് വെബ്സീരീസ് കാക്കി, ദി ബിഹാര്‍ ചാപ്റ്റര്‍ എന്ന വെബ്സീരിസില്‍ മഹ്തോ-അഖിലേഷ് സിങ് ഗ്യാങ്ങുകളുടെ ഏറ്റുമുട്ടലുകളാണ് പറയുന്നത്. ഐപിഎസ് ഓഫീസര്‍ അമിത് ലോധയുടെ ബിഹാര്‍ ഡയറീസ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നെറ്റ്ഫ്ലിക്സ് ഈ സീരീസ് നിര്‍മ്മിച്ചത്. മഹ്തോ ഗ്യാങിനെ അമര്‍ച്ച ചെയ്യാനായി ബിഹാര്‍ പോലീസ് നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് ലോധയുടെ പുസ്തകത്തില്‍ പറയുന്നത്.

അമിത് ലോധ

വിവാഹ വേഷത്തില്‍ നോമിനേഷന്‍ കൊടുത്ത കവിത

തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഗ്യാങ്സ്റ്റര്‍ നേതാക്കള്‍ വിവാഹം കഴിക്കുന്നതും ഭാര്യമാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതും ബിഹാറില്‍ സ്ഥിരമാണ്. ടിക്കറ്റ് ലഭിച്ചില്ലെങ്കില്‍ ഭാര്യമാരേയും അമ്മമാരേയും സഹോദരങ്ങളെയും ഒക്കെ കളത്തിലിറക്കി ഇവര്‍ അധികാരം പിടിച്ചെടുക്കും. 2011-ല്‍ മറ്റൊരു ഗ്യാങ്സ്റ്റര്‍ അജയ് സിങ് ഇങ്ങനെ വിവാഹം കഴിച്ചിരുന്നു. ജയിലില്‍ നിന്നിറങ്ങിയ ഉടനേയായിരുന്നു സിങിന്റേയും വിവാഹം. എംഎല്‍എ ആയിരുന്ന സിങിന്റെ മാതാവ് ജഗ്മതോ ദേവി അന്തരിച്ചതിനെ തുടര്‍ന്ന് 2011-ല്‍ ദൗന്ത മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. എന്നാല്‍, സിങിന്റെ ക്രിമിനല്‍ പശ്ചാത്തലം കണക്കിലെടുത്ത് ജെഡിയു സീറ്റ് നല്‍കാന്‍ വിസമ്മതിച്ചു.

തുടര്‍ന്ന് കവിതാ സിങ് എന്ന യുവതിയെ അജിത് സിങ് വിവാഹം കഴിച്ചു. വിവാഹ വേഷത്തില്‍ എത്തിയ കവിത, നാമനിര്‍ദേശ പത്രിക പൂരിപ്പിച്ചു നല്‍കി ജെഡിയു സ്ഥാനാര്‍ഥിയായി. ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച കവിത 26-ാം വയസ്സില്‍ എംഎല്‍എ ആയി. പിന്നീട് ബിഹാറിലെ പ്രധാന ജെഡിയു നേതാവായി വളര്‍ന്നു. 2019-ല്‍ ജെഡിയു കവിതയ്ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്‍കി. സിവാനില്‍ നിന്ന് മറ്റൊരു ഗ്യാങ്സ്റ്റര്‍ മുഹമ്മദ് ഷഷഹാബുദ്ദീന്റെ ഭാര്യ സഹബയെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തി. നാല് തവണ എംപി ആയിരുന്ന ഷഹാബുബുദ്ദീന്‍ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതാടോയാണ്, ഭാര്യയെ തിരഞ്ഞെടുപ്പ് ഗോദയില്‍ ഇറക്കിയത്. 2019- ലോക്സഭ തിരഞ്ഞെുപ്പില്‍ കോണ്‍ഗ്രസ് മത്സരിപ്പിച്ചത് ഗ്യാങ്സ്റ്റര്‍ ആനന്ദ് സിങിന്റെ ഭാര്യ നീലം ദേവിയെ ആയിരുന്നു. 'ഛോട്ടേ സര്‍ക്കാര്‍' എന്നറിയപ്പെട്ടിരുന്ന ഇയാള്‍, ബിഹാര്‍ രാഷ്ട്രീയത്തിലെ വമ്പന്‍മാരുമായി അടുത്ത ബന്ധമുള്ളയാളാണ്.

2019-ല്‍ നവാഡയില്‍ ഏറ്റുമുട്ടിയത് മുന്‍ ആര്‍ജെഡി എംഎല്‍എ രാജ് ബല്ലഭിന്റെ ഭാര്യ വിഭ ദേവിയും മറ്റൊരു ഗ്യാങ് ലീഡര്‍ സൂരജ് ഭാന്‍ സിങിന്റെ സഹോദരന്‍ ചന്ദന്‍ കുമാറും തമ്മിലായിരുന്നു മത്സരം. മുഹമ്മദ് ഷഹബുദീന്‍, മോഹന്‍ സിങ്, ആനന്ദ് സിങ് തുടങ്ങി ഗ്യാങ്സ്റ്റര്‍ ലോകത്ത് നിന്ന് തിരഞ്ഞെടുപ്പ് കളരിയില്‍ ഇറങ്ങിയ നിരവധിപേര്‍ ബിഹാറിലുണ്ട്. എന്നാല്‍, ഇപ്പോള്‍, ഭാര്യമാരേയും മക്കളേയും ബന്ധുക്കളേയും തിരഞ്ഞെടുപ്പ് കളത്തിലിറക്കി മന്ത്രിമാരും എംപിമാരുമാക്കി അധികാരം കയ്യാളുകയാണ് ഇവര്‍.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം