Lok Sabha Election 2024

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയ; വൈവിധ്യങ്ങളുടെ മഹത്തായ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഗാഥ

വടക്ക് ഹിമാലയം മുതല്‍ തെക്ക് സമുദ്രാതിര്‍ത്തി വരെ, കിഴക്കന്‍ മലനിരകള്‍ മുതല്‍ പടിഞ്ഞാറന്‍ മരുഭൂമികള്‍ വരെ വിശാലമായ ഭൂപ്രദേശത്തെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ്

പൊളിറ്റിക്കൽ ഡെസ്ക്

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് കാഹളം ഉയരുന്നു. മൂന്ന് മാസത്തോളം നീണ്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പ് പ്രക്രിയാണ് ഇന്ത്യ ഇനിയുള്ള അഞ്ച് വര്‍ഷം ആര് ഭരിക്കണമെന്ന് വിധിയെഴുതുന്നത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പ് നടപടികള്‍ക്കും ഔദ്യോഗികമായി തുടക്കമാവുകയാണ്.

ഹിമാലയം മുതല്‍ കന്യാകുമാരി വരെ

വടക്ക് ഹിമാലയം മുതല്‍ തെക്ക് ഇന്ത്യന്‍ മഹാ സമുദ്രാതിര്‍ത്തി വരെ, കിഴക്കന്‍ മലനിരകള്‍ മുതല്‍ പടിഞ്ഞാറന്‍ മരുഭൂമികള്‍ വരെ വിശാലമായ ഭൂപ്രദേശത്തെ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പ്. ഇതില്‍ ലോകത്തെ തന്നെ വലിയ നഗരങ്ങള്‍ മുതല്‍ ചെറു ഗ്രാമങ്ങള്‍ വരെ ഉള്‍പ്പെടുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 96.7 കോടി ജനങ്ങള്‍ക്കാണ് രാജ്യത്ത് സമ്മതിദാന അവകാശമുള്ളത്. അവര്‍ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കേണ്ടത് 543 ജന പ്രതിനിധികളെയാണ്. നാമനിര്‍ദേശം ചെയ്യപ്പെടുന്ന രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 545 പേരാണ് ഇന്ത്യയുടെ അധോസഭയെ പ്രതിനിധീകരിക്കുന്നത്. രാജ്യത്തിന്റെ ഘടനയും സംസ്‌കാരങ്ങളും പോലെ തന്നെ വൈവിധ്യവും ദുര്‍ഘടവും നിറഞ്ഞതാണ് തിരഞ്ഞെടുപ്പ് നടപടികളും.

82 ദിനങ്ങള്‍, എഴ് ഘട്ടങ്ങള്‍

വോട്ടെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരികയും ചെയ്ത മാര്‍ച്ച് 16 മുതല്‍ വോട്ടെണ്ണുന്ന ജൂണ്‍ നാല് വരെ 82 ദിവസങ്ങള്‍ നീളുന്ന തിരഞ്ഞെടുപ്പ് നടപടികളാണ് ഇത്തവണ. ഏപ്രില്‍ 19-നാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രില്‍ 26-ന് കേരളം ഉള്‍പ്പെടെ വിധിയെഴുതും. മെയ് 7-ന് മൂന്നാഘട്ടം. മെയ് 13-ന് നാലാം ഘട്ടം. മെയ് 20-ന് അഞ്ചാം ഘട്ടം. മെയ് 25-ന് ആറാം ഘട്ടം. ഏഴാം ഘട്ടം ജൂണ്‍ ഒന്നിന്.

കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തും. 46 ദിവസമാണ് ആദ്യ വോട്ടെടുപ്പിന് ശേഷം ഫലപ്രഖ്യാപനത്തിന് വേണ്ടി കാത്തിരിക്കേണ്ടത്.

ഇന്ത്യന്‍ തിരഞ്ഞടുപ്പ് ചരിത്രത്തില്‍ തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ എടുത്ത ദിവസങ്ങളും വ്യത്യാസപ്പെട്ടിക്കുന്നു. 1980-ല്‍ നാല് ദിവസങ്ങള്‍ കൊണ്ട് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കില്‍ 2019-ലെ തിരഞ്ഞെടുപ്പില്‍ 39 ദിവസങ്ങള്‍ വരെയും 2024-ല്‍ 44 ദിവസങ്ങള്‍ വരെയും നീളുന്നു.

96.6 കോടി വോട്ടര്‍മാര്‍

യൂറോപ് ഭൂഖണ്ഡത്തിലെ ആകെ ജനസംഖ്യയേക്കള്‍ കൂടുതലാണ് ഇന്ത്യയിലെ സമ്മതിദായകരുടെ എണ്ണം. ഇത്രയും വരുന്ന ജനങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്താന്‍ പത്ത് ലക്ഷത്തിലധികം പോളിങ് ബുത്തുകളാണ് ഒരുക്കുന്നത്. 55 ലക്ഷം വോട്ടിങ് യന്ത്രങ്ങളിലൂടെയാണ് വോട്ടുകള്‍ ശേഖരിക്കുന്നത്. പോളിങ് സ്റ്റേഷനുകളില്‍ ചിലത് ഹിമാലയത്തിലെ മഞ്ഞുമൂടിയ മലമടക്കുകളിലും രാജസ്ഥാനിലെ മരുഭൂമികളിലും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപുകളിലും സ്ഥിതി ചെയ്യുന്നു.

ഒന്നരക്കോടി ഉദ്യോഗസ്ഥരെയാണ് പോളിങ്ങിനായി നിയോഗിക്കുന്നത്. ഇവരെ പോളിങ് സ്റ്റേഷനിലേക്ക് എത്തിക്കുക എന്നതും ശ്രമകരമായ നടപടികളാണ്. ബോട്ടുകള്‍ മുതല്‍ ഹെലികോപ്റ്ററുകള്‍ വരെ ഇതിനായി സജ്ജമാക്കേണ്ടതുണ്ട്.

പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പ്

ലോകത്തെ ഏറ്റവും സങ്കീര്‍ണമായ തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍‍ത്തിയാകുമ്പോള്‍ അതിന്റെ ചെലവും റെക്കോഡ് സൃഷ്ടിക്കും. 12,000 കോടി രൂപയോളമാണ് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് വിപണിയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവിടുകയെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ തുക തൊട്ടു മുന്‍പ് നടന്ന 2019 പൊതു തിരഞ്ഞെടുപ്പില്‍ ചെലവിട്ട 6000 കോടിയുടെ ഇരട്ടിയോളം വരും.

ഔദ്യോഗിക കണക്കുകള്‍ ഇങ്ങനെയെങ്കിലും സ്ഥാനാര്‍ത്ഥികള്‍ ചെലവിടുന്ന ശരിയായ തുക ഇതിലും എത്രയോ അധികമാണെന്ന് പകല്‍ പോലെ വ്യക്തം.

പ്രകൃതിയോട് മല്ലടിച്ച്, രാജ്യത്തിന്റെ പരമാധികാരം ഉറപ്പിച്ച്

തിരഞ്ഞെടുപ്പ് എന്നാല്‍ ഇന്ത്യയില്‍ ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന നടപടി മാത്രമല്ല. മറിച്ച് രാജ്യം അതിന്റെ ജനങ്ങളെ കൂടിയാണ് അടയാളപ്പെടുത്തുന്നത്. 2019-ലെ തിരഞ്ഞടുപ്പില്‍ നാല് ദിവസം യാത്ര ചെയ്ത് പോളിങ് ബുത്ത് സ്ഥാപിച്ച് വോട്ടെടുപ്പ് പുര്‍ത്തിയാക്കിയ സംഭവം ഇതില്‍ ഒന്ന് മാത്രം. ചൈന തങ്ങളുടേത് എന്ന് അവകാശപ്പെടുന്ന അരുണാചല്‍ പ്രദേശിലെ ഗ്രാമത്തിലേക്കായിരുന്നു പോളിങ് ഉദ്യോഗസ്ഥരുടെ ആ യാത്ര.

ഹിമാചല്‍ പ്രദേശിലെ ഒരു ഗ്രാമത്തിലെ പോളിങ് സ്റ്റേഷന്‍ സ്ഥിതി ചെയ്തിരുന്നത് സമുദ്ര നിരപ്പില്‍ നിന്നും 4650 മീറ്റര്‍ ഉയരത്തിലായിരുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലെ പോളിങ് ബുത്ത് സ്ഥാപിക്കാന്‍ മുതലകള്‍ നിറഞ്ഞ ജലാശയങ്ങള്‍ താണ്ടിയാണ് ഉദ്യോസ്ഥര്‍ സഞ്ചരിച്ചത്. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തേക്ക് 15 കിലോമീറ്ററോളം കാല്‍നടയായും ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കേണ്ടി വന്നിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികള്‍

ഏകദേശം 2660 രാഷ്ട്രീയ പാര്‍ട്ടികളാണ് രാജ്യത്തെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ദേശീയ പാര്‍ട്ടികള്‍ മുതല്‍ പ്രാദേശിക പാര്‍ട്ടികള്‍ വരെ ഇതില്‍ ഉള്‍പ്പെടുന്നു. 2019-ല്‍ ഏഴ് ദേശീയ പാര്‍ട്ടികളും, 43 സംസ്ഥാന പാര്‍ട്ടികളും 623 അംഗീകാരമില്ലാത്ത പാര്‍ട്ടികളുമാണ് മത്സരരംഗത്തുണ്ടായിരുന്നത്.

2019-ല്‍ മത്സരിച്ച പാര്‍ട്ടികളില്‍ 36 പാര്‍ട്ടികള്‍ക്ക് മാത്രമാണ് ഒന്നോ അതില്‍ അധികമോ സീറ്റുകള്‍ നേടാനായത്. ഈ തിരഞ്ഞെടുപ്പില്‍ 3461 സ്വതന്ത്രര്‍ ഉള്‍പ്പെടെ 8054 സ്ഥാനാര്‍ഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.

തിരഞ്ഞെടുക്കുപ്പെട്ട 543 സ്ഥാനാര്‍ത്ഥികളില്‍ 397 പേര്‍ ദേശീയ പാര്‍ട്ടികളുടെ പ്രതിനിധികളും 136 പേര്‍ സംസ്ഥാന പാര്‍ട്ടികളുടെ പ്രതിനിധികളുമാണ്. ആറ് പേര്‍ മറ്റ് പാര്‍ട്ടികളെ പ്രതിനിധീകരിച്ചപ്പോള്‍ നാല് പേര്‍ സ്വതന്ത്രരായി മത്സരിച്ചാണ് ലോക്സഭയിലെത്തിയത്. 2019ല്‍ 61.2 കോടി വോട്ടര്‍മാരാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. 67.4 ശതമാനമായിരുന്നു വോട്ടിങ്. 67.18 ശതമാനം സ്ത്രീകളും അന്ന് വോട്ട് രേഖപ്പെടുത്തി.

ഭരണപക്ഷം/പ്രതിപക്ഷം

ബിജെപി ഭരണത്തുടര്‍ച്ചയും വലിയ വിജയവും സ്വന്തമാക്കിയ വിജയമായിരുന്നു 2019 ല്‍ ഉണ്ടായത്. 303 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്‍ഡിഎ മുന്നണി 353 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 52 സീറ്റുകള്‍ നേടി. യുപിഎ 91 സീറ്റുകള്‍ നേടി.

ഇത്തവണയും ഭരണ തുര്‍ച്ച പ്രതീക്ഷിച്ചാണ് ബിജെപി മത്സരത്തിന് ഇറങ്ങുന്നത്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സര്‍വേകളും ബിജെപി ഭരണതുടര്‍ച്ച നേടുമെന്ന് പ്രവചിക്കുന്നു. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 12 എണ്ണത്തിലും ബിജെപിയാണ് ഭരണം നിയന്ത്രിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് അധികാരത്തില്‍.

ചരിത്രം കുറിക്കുമോ, ഇടറി വീഴുമോ?

വലിയ ലക്ഷ്യമാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നത്. 370 സീറ്റുകളാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. എന്‍ഡിഎ 400 സീറ്റുകളും. 2019-നെ അപേക്ഷിച്ച് 67 സീറ്റുകള്‍ കൂടുതല്‍ നേടാനാണ് ബിജെപി പദ്ധതി. ഇന്ത്യന്‍ ചരിത്രത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി 370 സീറ്റുകള്‍ നേടിയിട്ടുള്ളത് 1984-ലെ തിരഞ്ഞെടുപ്പിലാണ്. ഇന്ദിരാഗാന്ധി വധത്തിന് പിന്നാലെ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 414 സീറ്റുകള്‍ നേടി.

ബിജെപി വിജയം നേടി അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന മൂന്നാമത്തെ വ്യക്തിയായി നരേന്ദ്ര മോദി മാറും. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഏകദേശം 16 വര്‍ഷവും 9 മാസവും തുടര്‍ച്ചയായി രാജ്യം ഭരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി ഏകദേശം 15 വര്‍ഷവും 11 മാസവും ഇന്ത്യന്‍ പ്രധാനമന്ത്രി പദവിയില്‍ തുടര്‍ന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ