Lok Sabha Election 2024

ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ല; ഗുജറാത്തില്‍ ന്യൂനപക്ഷത്തെ അകറ്റിനിര്‍ത്തി കോണ്‍ഗ്രസും

2019-ല്‍ പേരിന് ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച കോണ്‍ഗ്രസ്, ഇത്തവണ എല്ലാ സീറ്റില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തെ മാറ്റിനിര്‍ത്തി

വെബ് ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും മത്സരിപ്പിക്കാതെ കോണ്‍ഗ്രസ്. ഗുജറാത്തിലെ 26 ലോക്‌സഭ മണ്ഡലങ്ങളില്‍ 25 സീറ്റിലും മെയ് ഏഴിനാണ് വോട്ടെടുപ്പ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ വിജയിച്ചിരുന്നു. 2019-ല്‍ പേരിന് ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ച കോണ്‍ഗ്രസ്, ഇത്തവണ എല്ലാ സീറ്റില്‍ നിന്നും ന്യൂനപക്ഷ വിഭാഗത്തെ മാറ്റിനിര്‍ത്തി.

35 മുസ്ലിം സ്ഥാനാര്‍ഥികളാണ് ഗുജറാത്തിലുള്ളത്. ബിജെപിയും ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്തിയിട്ടില്ല. 9.7ശതമാനമാണ് ഗുജറാത്തില്‍ മുസ്ലിം വിഭാഗത്തിന്റെ ജനസംഖ്യ. മുന്‍പും മുസ്ലിം വിഭാഗത്തെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് വിമുഖത പ്രകടിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സമുന്നത നേതാവായിരുന്ന അഹമ്മദ് പട്ടേല്‍ ആണ് ഗുജറാത്തില്‍ നിന്നുള്ള അവസാന മുസ്ലിം എംപി. 1984-ല്‍ ആയിരുന്നു അഹമ്മദ് പട്ടേലിന്റെ വിജയം. 1977-ല്‍ അഹമ്മദാബാദ് മണ്ഡലത്തില്‍ ഇഹ്‌സാന്‍ ജഫ്രിയേയും ഭറൂചില്‍ നിന്ന് അഹമ്മദ് പട്ടേലിനേയും കോണ്‍ഗ്രസ് വിജയിപ്പിച്ചിട്ടുണ്ട്.

1980-ലും 1984-ലും അഹമ്മദ് പട്ടേല്‍ ഈ സീറ്റില്‍ നിന്ന് ലോക്‌സഭയിലെത്തി. 84-ലെ പട്ടേലിന്റെ വിജയത്തിന് ശേഷം ഒരു മുസ്ലിം എംപിപോലും ഗുജറാത്തില്‍ നിന്നുണ്ടായിട്ടില്ല. ഇഹ്‌സാന്‍ ജാഫ്രി പിന്നീട് ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. 2002-ലെ ഗുജറാത്ത് കലാപത്തിന് മുന്‍പ് നടന്ന 1998,1999 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ഒരു മുസ്ലിം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്തിയില്ല. കലാപത്തിന് ശേഷം 2004-ല്‍ നടന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗത്തെ ഒഴിച്ചുനിര്‍ത്തി. 2009,2014,2019 തിരഞ്ഞെടുപ്പുകളില്‍ ഓരോ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നെങ്കിലും ഇവരെല്ലാവരും പരാജയപ്പെട്ടു.

അഹമ്മദ് പട്ടേല്‍

ഒരേയൊരു മുസ്ലിം എംഎല്‍എ മാത്രമാണ് നിലവില്‍ ഗുജറാത്ത് നിയമസഭയിലുള്ളത്. 2017-ല്‍ മൂന്നുപേരുണ്ടായിരുന്നു. ഗുജറാത്തിലെ 35 മുസ്ലിം സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും സ്വതന്ത്രരായി മത്സരിക്കുന്നവരാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ ഭറൂച് മണ്ഡലം ഇത്തവണ, മുന്നണി ധാരണ പ്രകാരം എഎപിക്ക് നല്‍കിയിരിക്കുകയാണ്.

മുസ്ലിം സ്ഥാനാര്‍ഥിയെ നിര്‍ത്തിയ പ്രധാന പാര്‍ട്ടി ബിഎസ്പിയാണ്. ആഭ്യന്തര മന്ത്രി അമിത് ഷാ മത്സരിക്കുന്ന ഗാന്ധി നഗറില്‍ മുഹമ്മദ് അനിസ് ദേശായിയെയാണ് ബിഎസ്പി മത്സരിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പഞ്ച്മഹല്‍ ലോക്‌സഭ സീറ്റില്‍ ബിഎസ്പി മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിച്ചിരുന്നു. സ്വതന്ത്രരായാണെങ്കിലും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന മുസ്ലിം വിഭാഗത്തിന്റെ എണ്ണവും കുറഞ്ഞുവരികയാണ്. 2019-ല്‍ 43 പേര്‍ മത്സര രംഗത്തുണ്ടായിരുന്നു. ഇത്തവണ ഇത് 35 ആയി കുറഞ്ഞു.

''ഭറൂചില്‍ നിന്നാണ് സാധാരണ കോണ്‍ഗ്രസ് മുസ്ലിം സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്. ഇത്തവണ ഈ സീറ്റ് എഎപിക്ക് നല്‍കി. ഏത് സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കണമെന്ന് അവരാണ് തീരുമാനിക്കുന്നത്. മുസ്ലിം സ്ഥാനാര്‍ഥികള്‍ നിന്നാല്‍ ജയിക്കാന്‍ സാധ്യതയുള്ള മറ്റു രണ്ട് മണ്ഡലങ്ങള്‍ അഹമ്മദബാദും കച്ചുമാണ്. എന്നാല്‍ ഈ രണ്ട് മണ്ഡലങ്ങളും നിലവില്‍ പട്ടികവിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്'', കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം ചെയര്‍മാന്‍ വാജിര്‍ഖാന്‍ പത്താന്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത് ഇങ്ങനെയാണ്.

അമിത് ഷായ്ക്ക് എതിരെ എട്ട് മുസ്ലിം സ്ഥാനാര്‍ഥികള്‍

ഭറൂച് സീറ്റില്‍ ഇത്തവണ അഹമ്മദ് പട്ടേലിന്റെ മക്കള്‍ക്ക് കണ്ണുണ്ടായിരുന്നു. മകന്‍ ഫൈസല്‍ പട്ടേലും മകന്‍ മുംതാസ് പട്ടേലും സീറ്റിനുവേണ്ടി അവകാശവാദം ഉന്നയിച്ചെങ്കിലും സീറ്റ് എഎപിക്ക് നല്‍കിയതോടെ ഇവര്‍ നിരാശരായി. ഗാന്ധിനഗര്‍ ഗുജറാത്തിലെ ഒരുതാര മണ്ഡലമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഇവിടെ മത്സരിക്കുന്നത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എട്ടു മുസ്ലിം സ്ഥാനാര്‍ഥികളാണ് അമിത് ഷായ്ക്ക് എതിരെ ഗാന്ധിനഗറില്‍ മത്സരിക്കുന്നത്. ഗാന്ധിനഗര്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ മുസ്ലിം വിഭാഗങ്ങള്‍ മത്സരിക്കുന്ന മണ്ഡലവും. ജാംനഗര്‍, നവസാരി മണ്ഡലങ്ങളില്‍ അഞ്ച് വീതം മുസ്ലിം സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. പഠാനിലും ഭറൂചിലും നാലുവിതം. പോര്‍ബന്തറിലും ഖേദയിലും രണ്ടുവീതം സ്ഥാനാര്‍ഥികളുണ്ട്. അഹമ്മദാബാദ് ഈസ്റ്റ്, ബനസ്‌കന്ത, ജുനഗഡ്, പഞ്ച്മഹല്‍, സബര്‍കന്ത എന്നിവിടങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികളും മത്സരിക്കുന്നു. റൈറ്റ് ടു റീ കാള്‍ പാര്‍ട്ടി, ഭാരതീയ ജന്‍ നായക് പാര്‍ട്ടി, എസ്ഡിപിഐ, ഗരീബ് കല്യാണ്‍ പാര്‍ട്ടി, ലോഗ് പാര്‍ട്ടി എന്നിവരാണ് മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ ആകെയുള്ള 26 സീറ്റും ബിജെപി നേടിയിരുന്നു. 63.1 ശതമാനം വോട്ടാണ് ബിജെപി നേടിയത്. 26 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് 32.6 ശതമാനം വോട്ട് ലഭിച്ചെങ്കിലും ഒരിടത്ത് പോലും ജയിക്കാന്‍ സാധിച്ചിട്ടില്ല. 2014-ലും മുഴുവന്‍ സീറ്റും ബിജെപിക്കായിരുന്നു. 2009-ല്‍ കോണ്‍ഗ്രസിന് 11 എംപിമാരുണ്ടായിരുന്നു. അന്ന് ബിജെപിക്ക് 15 സീറ്റായിരുന്നു. ഗുജറാത്ത് കലാപത്തിന് ശേഷം നടന്ന 2004-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പതിനാലും കോണ്‍ഗ്രസിന് പന്ത്രണ്ടുമായിരുന്നു സീറ്റ്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി