കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിന് പുറമെ റായ്ബറേലിയിലും മത്സരിക്കും. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. രാഹുല്‍ നേരത്തെ മത്സരിച്ചിരുന്ന അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയാണ് സ്ഥാനാര്‍ഥി. സോണിയക്കും രാഹുലിനും വേണ്ടി റായ്ബറേലിയിലും അമേഠിയിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചിരുന്ന നേതാവാണ് കിഷോരിലാല്‍ ശര്‍മ.
അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ രാഹുല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്നും യുപി പ്രാദേശികനേതാക്കള്‍ സൂചിപ്പിക്കുന്നു.
ഇന്നലെ രാത്രി പ്രഖ്യാപനമുണ്ടാകും എന്നായിരുന്നു സൂചന. എന്നാല്‍, രാത്രി ഏറെ വൈകിയും ഔദ്യോഗിക പ്രഖ്യാപനമുണ്ടായില്ല. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, പ്രിയങ്ക ഇത്തവണയും മത്സരത്തിനില്ല.
2004 മുതല്‍ റായ്ബറേയില്‍ നിന്നുള്ള എംപിയായ സോണിയാ ഗാന്ധി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറിയതിന് പിന്നാലെ, റായ്ബറേലി സീറ്റില്‍ പ്രിയങ്ക മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. പാര്‍ട്ടി നേതൃത്വം എന്തു തീരുമാനിക്കുന്നോ, അത് അംഗീകരിക്കുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നെങ്കിലും, എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ റായ്ബറേലിയിലും വിജയിച്ചാല്‍, വയനാട് സീറ്റ് ഒഴിയാനാകില്ലെന്ന് രാഹുല്‍ നിബന്ധനവെച്ചു എന്നാണ് റിപ്പോര്‍ട്ട്.
അമേഠിയില്‍ കേന്ദ്രമന്ത്രിയും സിറ്റിങ് എംപിയുമായ സ്മൃതി ഇറാനിയും റായ്ബറേലിയില്‍ യുപി മന്ത്രി ദിനേശ് പ്രതാപ് സിങുമാണ് ബിജെപി സ്ഥാനാര്‍ഥികള്‍.2019-ല്‍ സോണിയ ഗാന്ധിയോട് മത്സരിച്ച് തോറ്റയളാണ് ദിനേശ് പ്രതാപ് സിങ്.
വയനാട്ടില്‍ മാത്രം മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാഹുലിനോട് രണ്ടാമതൊരു മണ്ഡലം കൂടി തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ടത്തില്‍ മെയ് 20-നാണ് ഇരു മണ്ഡലങ്ങളിലേയും വോട്ടെടുപ്പ്. അമേഠിയില്‍ ഇതിനോടകം സ്മൃതി ഇറാനി വലിയതോതിലുള്ള പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. രാഹുല്‍ ഗാന്ധി അമേഠിയിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ കൂറ്റന്‍ ഫ്‌ളക്‌സുകള്‍ കഴിഞ്ഞദിവസം മണ്ഡലത്തില്‍ സ്ഥാപിച്ചിരുന്നു. വയനാട്ടില്‍ മാത്രം മത്സരിക്കുന്നത് ഉത്തരേന്ത്യയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് രാഹുലിനോട് രണ്ടാമതൊരു മണ്ഡലം കൂടി തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടത്.