Lok Sabha Election 2024

'ജയന്റ് കില്ലര്‍' കിശോരിലാല്‍; സ്മൃതി ഇറാനിയെ തറപറ്റിച്ച് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍

നാല് പതിറ്റാണ്ട് വന്‍മരങ്ങളുടെ നിഴലായിനിന്ന് രണ്ട് മണ്ഡലങ്ങളില്‍ ഓടിനടന്ന കിശോരിലാല്‍ ശര്‍മയുടെ ആദ്യ തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്

പൊളിറ്റിക്കൽ ഡെസ്ക്

2019ല്‍ വീണ കണ്ണീരിന് പകരം വീട്ടി കോണ്‍ഗ്രസ്. അമേഠിയില്‍ സ്മൃതി ഇറാനിയെ തറപറ്റിച്ച് നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിശോരിലാല്‍ ശര്‍മ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണക്കുപ്രകാരം, 1,39,450 വോട്ടിനാണ് കിശോരിലാല്‍ ശര്‍മ ലീഡ് ചെയ്യുന്നത്. രാഹുല്‍ ഗാന്ധിയെ തറപറ്റിച്ച ആത്മവിശ്വാസത്തില്‍ അമേഠിയില്‍ വീണ്ടും വിജയം കൊയ്യാനിറങ്ങിയ സ്മൃതിക്ക് ഇക്കുറി അപ്പാടെ തെറ്റി. വോട്ടെണ്ണല്ലിന്റെ തുടക്കം മുതല്‍ ലീഡ് ചെയ്തത് കിശോരിലാല്‍ ആയിരുന്നു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലായിരുന്നു കോണ്‍ഗ്രസ് അമേഠിയില്‍ കിശോരിലാലിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. രാഹുല്‍ തന്നെ സ്ഥാനാര്‍ഥിയായി വരുമെന്നായിരുന്നു പൊതുവേയുള്ള പ്രചാരണം. എന്നാല്‍, കിശോരിലാലാണ് പകരം വന്നത്.

തന്നോട് ഏറ്റുമുട്ടാന്‍ രാഹുലിന് ഭയമാണ് എന്ന രീതിയില്‍ സ്മൃതി പ്രചാരണം നടത്തി. എന്നാല്‍ കിശോരിലാല്‍ മണ്ഡലത്തില്‍ സുപരിതിനായിരുന്നു. 1983-ല്‍ അമേഠിയിലേക്ക് രാജീവ് ഗാന്ധിക്കൊപ്പം വന്നതാണ് കിശോരിലാല്‍ ശര്‍മ. പിന്നീട്, അമേഠിയിലേയും റായ്ബറേലിയിയേലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കിശോരിലാല്‍ പരിചിതമുഖമായി.

വന്‍മരങ്ങള്‍ക്ക് കാവല്‍ നിന്ന കിശോലിരാല്‍

നാല് പതിറ്റാണ്ട് വന്‍മരങ്ങളുടെ നിഴലായിനിന്ന് രണ്ട് മണ്ഡലങ്ങളില്‍ ഓടിനടന്ന കിശോരിലാല്‍ ശര്‍മയുടെ ആദ്യ തിരഞ്ഞെടുപ്പുകൂടിയായിരുന്നു ഇത്. 1991-ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടശേഷവും കിശോരിലാല്‍ അമേഠിയില്‍ തന്നെ തുടര്‍ന്നു. സോണിയ ഗാന്ധി തിരഞ്ഞെടുപ്പ് രംഗത്തേക്ക് വരാതിരുന്ന ആ കാലഘട്ടത്തില്‍, മറ്റു നേതാക്കള്‍ക്ക് വേണ്ടിയും കിശോരിലാല്‍ പ്രചാരണം നടത്തി. 1999-ല്‍ സോണിയ ആദ്യമായി തിരഞ്ഞെടുപ്പ് കളരിയിലിറങ്ങിയപ്പോള്‍, മുഖ്യ പ്രചാരകന്റെ വേഷം കിശോരിലാല്‍ ഏറ്റെടുത്തു. രാജീവിന്റെ ഓര്‍മകളുറങ്ങുന്ന അമേഠിയുടെ മണ്ണില്‍ കിശോരിലാല്‍ സോണിയക്കൊപ്പം നടന്നു. രാജീവ് ഗാന്ധിക്കുണ്ടായിരുന്ന അതേ പരിഗണന സോണിയയും പിന്നീട് രാഹുലും അദ്ദേഹത്തിന് നല്‍കി.

2004-ല്‍ സോണിയ റായ്ബറേലിയിലേക്ക് മാറുകയും രാഹുല്‍ ഗാന്ധിയെ അമേഠിയില്‍ മത്സരത്തിനിറക്കുകയും ചെയ്തു. അന്നും അമേഠിയില്‍ രാഹുലിന്റെ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് കിശോരിലാല്‍ തന്നെയായിരുന്നു. സോണിയ റായ്ബറേലിയിലും രാഹുല്‍ അമേഠിയിലും മത്സരിച്ചതോടെ, രണ്ടു മണ്ഡലങ്ങളിലും കിശോരിലാല്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ദേശീയനേതാക്കളായതിനാല്‍, സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും റായ്ബറേലിയിലും അമേഠിയിലും സ്ഥിരമായി എത്താറില്ല. ഇത് പരിഹരിക്കാന്‍ കോണ്‍ഗ്രസ് കണ്ടെത്തിയ മാര്‍ഗം കിശോരിലാല്‍ ആയിരുന്നു. പദ്ധതികളുടെ ഏകോപനവും നടത്തിപ്പുമായി കിശോരിലാല്‍ ഇരു മണ്ഡലങ്ങളിലും നിറഞ്ഞുനിന്നു. ഇതിനിടെ, ബിഹാറിന്റെയും പഞ്ചാബിന്റെയും ചുമതലയുള്ള എഐസിസി അംഗമായി. അപ്പോഴും റായ്ബറേലിയും അമേഠിയും വിട്ടുകളയാന്‍ കിശോരിലാല്‍ തയ്യാറായില്ല.

സ്മൃതിയുടെ വരവും അടക്കിവാഴലും

2014ല്‍ 4,08,651 വോട്ടാണ് രാഹുല്‍ ഗാന്ധി അമേഠിയില്‍ നേടിയത്. സ്മൃതി ഇറാനിക്ക് ലഭിച്ചത് 3,00748 വോട്ട്. 2014ലെ തോല്‍വിക്ക് ശേഷം, സ്മൃതി ഇറാനി അമേഠിയില്‍ നിന്ന് തിരിച്ചുപോയില്ല. മണ്ഡലത്തില്‍ തന്നെ തമ്പടിച്ചാല്‍, വിജയം ഉറപ്പാണെന്ന് സ്മൃതിക്കും ബിജെപിക്കും നിശ്ചയമുണ്ടായിരുന്നു. 2011-ല്‍ ഗുജറാത്തില്‍ നിന്ന് രാജ്യസഭ എംപിയായ സ്മൃതിയെ 2014-ല്‍ നരേന്ദ്ര മോദി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇതോടെ, വിവിധ കേന്ദ്ര പദ്ധതികളുമായി സ്മൃതി ഇറാനി അമേഠിയില്‍ ചുറ്റിക്കറങ്ങി. അമേഠിയില്‍ വികസനം എത്തിച്ചത് തങ്ങളാണെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു ബിജെപിയുടെ ആദ്യ ശ്രമം.

സ്മൃതി ഇറാനി

ഗ്രാമങ്ങളിലേക്ക് കടന്നു ചെന്ന സ്മൃതി, സ്ത്രീകള്‍ക്കിടയില്‍ തന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തി. പാര്‍ലമെന്റിന് അകത്തും പുറത്തും രാഹുല്‍ ഗാന്ധിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. പ്രസംഗങ്ങളില്‍ അമേഠി സ്ഥിരം ചര്‍ച്ചാ വിഷയമാക്കി. കേന്ദ്ര ഫണ്ടുകള്‍ അമേഠിയിലേക്ക് ഒഴുകി. കോണ്‍ഗ്രസ് തിരിച്ചറിവിന്റെ പാതയിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ അമേഠിയില്‍ ബിജെപി തങ്ങളുടെ 'ഭാവി പദ്ധതി' നടപ്പാക്കി കഴിഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയെ കടന്നാക്രമിക്കാന്‍ വേണ്ടിമാത്രം ഒരുവിഭാഗം നേതാക്കളെ ബിജെപി രംഗത്തിറക്കിയതു പോലെയായിരുന്നു പിന്നീടങ്ങോട്ടുള്ള പ്രവര്‍ത്തനങ്ങള്‍.

2019ലെ രാഹുലിന്റെ വീഴ്ച

അമേഠി മണ്ഡലം സുരക്ഷിതമല്ലെന്ന് മനസിലാക്കിയ രാഹുല്‍ ഗാന്ധി മറ്റൊരു സുരക്ഷിത മണ്ഡലം കൂടി ആലോചിക്കുന്ന സമയത്താണ് കേരളത്തിലെ നേതാക്കള്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യവുമായി എത്തുന്നത്. മുതിര്‍ന്ന നേതാക്കളുടെ ഉപദേശം സ്വീരിച്ച് രാഹുല്‍ അമേഠിക്കൊപ്പം വയനാട്ടിലും മത്സരിച്ചു. ഇത് ആയുധമാക്കിയ സ്മൃതിയും ബിജെപിയും വന്‍ പ്രചാരണം അഴിച്ചുവിട്ടു. തന്നെ ഭയന്നാണ് രാഹുല്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുന്നതെന്ന് സ്മൃതി ഇറാനി പാടിനടന്നു. വയനാട്ടിലെ പ്രകടനങ്ങളിലെ മുസ്ലിം ലീഗ് പതാകകള്‍ പാകിസ്താന്‍ പതാകയാണെന്ന് പ്രചാരണം നടത്തി.

രാഹുല്‍ ഗാന്ധി

സുരക്ഷിത മണ്ഡലം തേടി ദക്ഷിണേന്ത്യയിലേക്ക് വന്നത്, പ്രത്യേകിച്ച് ബിജെപിയുടെ കണ്ണിലെ കരടായ കേരളത്തിലേക്ക് വന്നത് അമേഠിയില്‍ രാഹുലിന് തിരിച്ചടിയായി. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വന്‍ വിദ്വേഷ പ്രചാരണവും സ്മൃതിക്ക് കൂട്ടിനുണ്ടായിരുന്നു. ഒടുവില്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍, 468,514 വോട്ട് നേടി സ്മൃതി ഇറാനി വിജയിച്ചു. 49.71 ശതമാനം വോട്ട് സ്മൃതിക്ക് ലഭിച്ചു. രാഹുല്‍ ഗാന്ധിക്ക് ലഭിച്ചത് 413,394 വോട്ടും 43.84 ശതമാനം വോട്ടു വിഹിതവും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ