Lok Sabha Election 2024

വടകരയെ ഭൂരിപക്ഷത്തിന്റെ 'വന്‍കര' കടത്തി ഷാഫി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയം ഏറ്റവുകൂടുതല്‍ ചര്‍ച്ച ചെയ്ത മണ്ഡലമായിരുന്നു വടകര

വെബ് ഡെസ്ക്

വടകര, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തീപാറും പോരാട്ടം നടന്ന മണ്ഡലം. രാഷ്ട്രീയ വാക്‌പോര് മാത്രമല്ല, വര്‍ഗീയ ആരോപണങ്ങളാല്‍ ഏറെ വിവാദങ്ങള്‍ ക്ഷണിച്ചു വരുത്തിയ മണ്ഡലം കൂടിയായിരുന്നു വടകര. കോണ്‍ഗ്രസിന്റെ യുവരക്തം ഷാഫി പറമ്പില്‍ സിപിഎമ്മിന്റെ ടീച്ചറമ്മ കെ കെ ഷൈലജയെ തറപറ്റിച്ചത് 1,14,506 വോട്ടുകള്‍ക്ക്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നേറിയ ഷാഫി സിപിഎമ്മിന്റെ ഉരുക്കുക്കോട്ടകളില്‍ പോലും മിന്നുന്ന മുന്നേറ്റം നടത്തി. 5,57,528  വോട്ടുകള്‍ (49.65%) ഷാഫി സ്വന്തമാക്കിയപ്പോള്‍ 4,43,022 വോട്ടുകള്‍ (39.45%) ശൈലജ സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ഥി പ്രഭുല്‍ കൃഷ്ണ 1,11,979 വോട്ടുകള്‍ സ്വന്തമാക്കി. കഴിഞ്ഞ തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ സിപിഎം നേതാവ് പി ജയരാജനെ പരാജയപ്പെടുത്തിയതിനേക്കാള്‍ വലിയ ഭൂരിക്ഷമാണ് ഇത്തവണ ഷാഫി സ്വന്തമാക്കിയത്.

ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരള രാഷ്ട്രീയം ഏറ്റവുകൂടുതല്‍ ചര്‍ച്ച ചെയ്ത മണ്ഡലമായിരുന്നു വടകര. ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷവും മണ്ഡലത്തില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നു. കെ കെ ശൈലജ ടീച്ചറെ നേരിടാന്‍ സിറ്റിങ് എംപി കെ മുരളീധരന്‍ തന്നെ വരുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം നല്‍കിയിരുന്ന സൂചന. എന്നാല്‍, അവസാന നിമിഷം അപ്രതീക്ഷിത മാറ്റമുണ്ടായി. കെ മുരധീരന്‍ തൃശൂരിലേക്ക് പോയപ്പോള്‍പകരം വന്നത് പാലക്കാട് എംഎല്‍എ ഷാഫി പറമ്പില്‍.

ഷാഫിക്ക് വടകരയില്‍ യുഡിഎഫ് നല്‍കിയ വന്‍ വരവേല്‍പ്പോടെ, മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പോരാട്ടം ആരംഭിച്ചു. കോവിഡ്, നിപ്പ മഹാമാരി കാലങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെകെ ശൈലജയുടെ പ്രചാരണം. ഇന്ത്യ സഖ്യത്തെ അധികാരത്തിലെത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി ഷാഫി പറമ്പിലും മുന്നോട്ടുപോയി. എന്നാല്‍ പെട്ടെന്നാണ് പ്രചാരണത്തിന്റെ സ്വഭാവം മാറിയത്.

കെകെ ശൈലജയെ വ്യക്തിഹത്യ നടത്തുന്ന തരത്തില്‍ യുഡിഎഫ് സമൂഹ മാധ്യമങ്ങളില്‍ ക്യാമ്പയിന്‍ ആരംഭിച്ചു. തന്റെ മോര്‍ഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു എന്നാരോപിച്ച് ശൈലജ ടീച്ചര്‍ വാര്‍ത്താ സമ്മേളനം നടത്തിയതോടെ വിഷയത്തിന്റെ ഗൗരവം വര്‍ധിച്ചു. ഇത് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ അറിവോടെയാണ് എന്നായിരുന്നു കെകെ ശൈലജയുടെ ആരോപണം. എന്നാല്‍, ഇത് നിഷേധിച്ച് ഷാഫി പറമ്പിലും യുഡിഎഫും രംഗത്തെത്തി.

വീഡിയോ അല്ല, മോര്‍ഫ് ചെയ്ത ചിത്രങ്ങളാണ് പ്രചരിപ്പിച്ചതെന്ന് തിരുത്തി കെകെ ശൈലജ പിന്നീട് രംഗത്തെത്തി. പരസ്യമായി മാപ്പുപറഞ്ഞില്ലങ്കില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷാഫി ശൈലജയ്ക്ക് എതിരെ വക്കീല്‍ നോട്ടീസ് അയച്ചു. എന്നാല്‍, മാപ്പു പറയാന്‍ ശൈലജ ടീച്ചര്‍ തയാറായില്ല.

കെകെ ശൈലജ

തിരഞ്ഞെടുപ്പിന് തലേദിവസം പുറത്തുവന്ന 'കാഫിര്‍' മെസ്സേജിന്റെ സ്‌ക്രീന്‍ഷോട്ട് കാര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുന്ന സാഹചര്യത്തിലേക്ക് കൊണ്ടത്തിച്ചു. 'ഷാഫി അഞ്ചുനേരം നിസ്‌കരിക്കുന്ന ദീനിയായ ചെറുപ്പക്കാരനാമ്. മറ്റേതോ കാഫിറായ സ്ത്രീ സ്ഥാനര്‍ഥി. ആര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്'' എന്ന സ്‌ക്രീന്‍ ഷോട്ടാണ് വോട്ടെടുപ്പ് ദിവസത്തിന് തൊട്ടുമുന്‍പ് പ്രചരിച്ചത്. 'അമ്പാടിമുക്ക് സഖാക്കള്‍, കണ്ണൂര്‍' എന്ന സിപിഎം പേജിലൂടെയാണ് ഈ സ്‌ക്രീന്‍ഷോട്ട് പുറത്ത് വന്നത്. യൂത്ത് ലീഗ് വാട്‌സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് എന്ന തരത്തിലാണ് സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചത്. എന്നാല്‍, സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും സിപിഎം സൈബര്‍ സഖാക്കളാണ് വ്യാജ പോസ്റ്റിന് പിന്നിലെന്നും ആരോപിച്ച് യുഡ്എഫ് രംഗത്തുവന്നതോടെ വിഷയം വലിയ ചര്‍ച്ചയായി. മുസ്ലിം ലീഗ് നേതൃത്വം സിപിഎമ്മിന് എതിരെ രൂക്ഷ വിമര്‍ശനം നടത്തി. വടകരയില്‍ സിപിഎം വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് എന്നായിരുന്നു യുഡിഎഫ് ആരോപണം. എന്നാല്‍, തങ്ങളല്ല സ്‌ക്രീന്‍ഷോട്ടിന് പിന്നിലെന്നാണ് സിപിഎം നിലപാട്.

തിരഞ്ഞെടുപ്പ് ദിവസത്തിലും വടകരയില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ നിറഞ്ഞിനിന്നു. പലയിടത്തും വോട്ടിങ് വൈകിയത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് യുഡിഎഫ് ആരോപിച്ചു. തിരഞ്ഞെടുപ്പിന് ശേഷവും മണ്ഡലത്തില്‍ രാഷ്ട്രീയന്തരീക്ഷം തെളിഞ്ഞില്ല. വടകരയില്‍ നടന്ന യുഡിഎഫ് പരിപാടിയില്‍ ആര്‍എംപി നേതാവ് കെഎസ് ഹരിഹരന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായി. വടകരയിലെ വിവാദ വ്യാജ വീഡിയോ വിഷയത്തില്‍ കെകെ ശൈലജ, മഞ്ജുവാര്യര്‍ എന്നിവരുടെ പേരെടുത്തുപറഞ്ഞ് നടത്തിയ പരാമര്‍ശമായിരുന്നു വിവാദത്തിലായത്. 'സിപിഎം വര്‍ഗീയതയ്‌ക്കെതിരേ നാടൊരുമിക്കണം' എന്ന സന്ദേശവുമായി യുഡിഎഫ് വടകരയില്‍ നടത്തിയ ക്യാംപയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ?, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസിലാകും' എന്നായിരുന്നു പരാമര്‍ശം.

ഷാഫി പറമ്പില്‍

ഇതിന് പിന്നാലെ, കെഎസ് ഹരിഹരന്റെ വീടിന് നേരെ ആക്രണം നടന്നു. കേസില്‍ അറസ്റ്റിലായ ഹരിഹരനെ പിന്നീട് ജാമ്യത്തില്‍വിട്ടു. വോട്ടെണ്ണല്‍ ദിനത്തിലും സംഘര്‍ഷ സാധ്യത കണക്കിലെടുത്തു വടകരയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വിജയാഹ്ലാദ പ്രകടനത്തിന് ഏഴുമണിക്ക് ശേഷം അനുമതിയില്ല. പോലീസ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനമെടുത്തത്.

ദേശീയ തലത്തില്‍ വിജയിക്കുന്ന മുന്നണിയുടെ പ്രവര്‍ത്തകര്‍ക്ക് തൊട്ടടുത്ത ദിവസം വൈകീട്ട് ഏഴു മണി വരെ ആഹ്ലാദ പ്രകടനം നടത്താമെന്നും തീരുമാനമായി.

1998 മുതല്‍ 2004 വരെ സിപിഎമ്മിനൊപ്പം നിന്നതൊഴിച്ചാല്‍ വടകര ഇടതുപക്ഷത്തേക്ക് അധികം ചാഞ്ഞിട്ടില്ല. 2009-മുതല്‍ യുഡിഎഫിനൊപ്പമാണ് നിന്നത്. 526,755 വോട്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കെ മുരളീധരന്‍ നേടിയത്. 49.81 ശതമാനം വോട്ടും ലഭിച്ചു. 4,42,092 വോട്ടാണ് എല്‍ഡിഎഫിന്റെ പി ജയരാജന് ലഭിച്ചത്. ബിജെപിയുടെ വികെ സജീവന് 80,128 വോട്ടും ലഭിച്ചു. 84,663 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ മുരളീധരന്‍ വിജയിച്ചത്.

2014-ല്‍ യുഡിഎഫിന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചത് 3,306 വോട്ടിനായിരുന്നു. 416,479 വോട്ടാണ് മുല്ലപ്പള്ളി നേടിയത്. 4,13,173 വോട്ടാണ് എഎന്‍ ഷംസീര്‍ നേടിയത്. ബിജപിയുടെ വികെ സജീവന് ലഭിച്ചത് 76,313 വോട്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം