Lok Sabha Election 2024

പ്രജ്വല്‍ വീഡിയോയില്‍ പൊള്ളി ബിജെപി, കോണ്‍ഗ്രസിനെ പറ്റിച്ച് സ്ഥാനാര്‍ഥികള്‍, അമേഠി വിട്ട രാഹുല്‍; സംഭവബഹുലം മൂന്നാംഘട്ടം

കര്‍ണാടക രാഷ്ട്രീയമാണ് മൂന്നാംഘട്ട പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ കത്തിനില്‍ക്കുന്നത്

പൊളിറ്റിക്കൽ ഡെസ്ക്

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പിന് ഇനി 24 മണിക്കൂര്‍ മാത്രം ബാക്കി. കര്‍ണാടക രാഷ്ട്രീയമാണ് മൂന്നാംഘട്ട പ്രചാരണത്തിന്റെ അവസാന നിമിഷങ്ങളില്‍ കത്തിനില്‍ക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനത്ത്, പ്രജ്വല്‍ രേവണ്ണയ്ക്ക് എതിരെ ഉയര്‍ന്ന ലൈംഗികാരോപണം എന്‍ഡിഎയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 94 ലോക്‌സഭ മണ്ഡലങ്ങളിലേക്കാണ് മൂന്നാംഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്തിലെ ആകെയുള്ള-26, ഗോവ-2, ഛത്തീസ്ഗഡ്-7, കര്‍ണാടക-14, അസം-4, ബിഹാര്‍-5, മധ്യപ്രദേശ്-8, മഹാരാഷ്ട്ര-11, ഉത്തര്‍പ്രദേശ്-10, പശ്ചിമ ബംഗാള്‍-4, ദാദ്ര ആന്റ് നാഗര്‍ ഹവേലി, ദാമന്‍ ആന്റ് ദിയോ-2, ജമ്മു കശ്മീര്‍-1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

അമിത് ഷാ മുതല്‍ ഡിംപിള്‍ യാദവ് വരെ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ഈ ഘട്ടത്തില്‍ കളത്തിലിറങ്ങുന്ന 'ഹെലി വെയിറ്റ്'. ഗുജറാത്തിലെ ഗാന്ധിനഗറില്‍ നിന്നാണ് അമിത് ഷാ മത്സരിക്കുന്നത്. യുപിയിലെ മെയിന്‍പുരിയില്‍ നിന്ന് എസ്പിയുടെ ഡിംപിള്‍ യാദവ് ജനവിധി തേടുന്നു. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിലെ ഗുണയില്‍ നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്നു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ (വിദിഷ), എന്‍സിപിയുടെ സുപ്രിയ സുലെ (ബാരാമതി) തുടങ്ങിയവരും മൂന്നാംഘട്ടത്തില്‍ ജനവിധി തേടുന്ന പ്രധാനികളാണ്. ബാരാമതിയില്‍ സുപ്രിയയെ നേരിടുന്നത് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ്. ഇതോടെ, ഒരേ കുടുംബത്തിലെ രണ്ടുപേര്‍ തമ്മിലുള്ള പോരായി ബാരാമതിയിലെ മത്സരം മാറി. കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ മുന്‍പന്തിയിലാണ് ബാരാമതി. ലോക്‌സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി ബംഗാളിലെ ഭരംപുരില്‍ നിന്ന് ജനവിധി തേടുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് (രാജ്ഘര്‍), കര്‍ണാടകയിലെ ധാര്‍വാദില്‍ നിന്ന് കേന്ദ്രമന്ത്രി പ്രല്‍ഹാദ് ജോഷി മത്സരിക്കുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

സ്ഥാനാര്‍ഥികളുടെ പിന്‍മാറ്റം; അട്ടിമറി ആരോപണം

1,351 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മുഴുവന്‍ സീറ്റിലും വോട്ടെടുപ്പ് നടക്കുന്ന ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത്. 668 പേരാണ് ഗുജറാത്തില്‍ നിന്ന് മത്സരിക്കുന്നത്. ഇതില്‍, സൂറത്ത് മണ്ഡലത്തില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതോടെ, ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ ജയിച്ചത് വലിയ വിവാദമായിരുന്നു. കോണ്‍ഗ്രസിന്റെ നീലേഷ് കുംഭാണിയായിരുന്നു ദലാലിന്റെ പ്രധാന എതിരാളി. എന്നാല്‍, ഇദ്ദേഹത്തിന്റെ പത്രികയിലെ തെറ്റുകള്‍ ചൂണ്ടിക്കാണിച്ച് വരാണാധികാരി പത്രിക തള്ളി. നിലേഷിന്റെ സ്ഥാനാര്‍ഥിത്വത്തെ പിന്താങ്ങിയവരുടെ ഒപ്പ് വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. ഇതോടെ, ലോക്‌സഭ തിരഞ്ഞെടുപ്പിലെ ആദ്യ വിജയം ബിജെപിക്ക് സ്വന്തമായി. സൂറത്തിലേത് തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. സൂറത്തിന് പിന്നാലെ, ഇന്‍ഡോറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അക്ഷയ് ബാമും ഒഡീഷയിലെ പുരിയിലെ സുചാരിത മോഹന്തിയും പത്രിക പിന്‍വലിച്ചു. ഇത് ബിജെപിക്ക് എതിരായ ആരോപണങ്ങള്‍ കൂടുതല്‍ ശക്തിപകരുന്നതിന് കാരണമായി.

രാഹുല്‍ ഗാന്ധിയുടെ റായ്ബറേലിയിലേക്കുള്ള വരവ്

അമേഠിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമോ എന്ന ചോദ്യത്തിന് അവസാനമുണ്ടായതും മൂന്നാംഘട്ട പ്രചാരണത്തിനിടെയാണ്. അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തന്‍ കിഷോരിലാല്‍ ശര്‍മയെ ഇറക്കിയ കോണ്‍ഗ്രസ് രാഹുലിനെ റായ്ബറേലിയില്‍ സ്ഥാനാര്‍ഥിയാക്കി. സോണിയ ഗാന്ധിയുടെ മണ്ഡലത്തില്‍ രാഹുല്‍ ഇറങ്ങിയതോടെ, പ്രിയങ്ക ഗാന്ധി തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് അന്ത്യമായി. രാഹുല്‍ ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടുന്നു എന്ന് ആരോപിച്ചിരുന്ന ബിജെപി, ഇതോടെ പ്ലേറ്റ് തിരിച്ചു. വയനാട്ടിലെ ജനങ്ങളെ വഞ്ചിക്കുയാണെന്നും റായ്ബറേയില്‍ ജയിച്ചാല്‍ വയനാട്ടിലെ എംപി സ്ഥാനം രാജിവയ്ക്കുമെന്നും ബിജെപി പ്രചരിപ്പിക്കുന്നു.

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി

പ്രജ്വലിനെതിരായ ലൈംഗിക പീഡന പരാതി

മൂന്നാംഘട്ടത്തിന്റെ അവസാന ലാപ്പില്‍ കത്തിനില്‍ക്കുന്നത് കര്‍ണാടകയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി പ്രജ്വല്‍ രേവണ്ണയയ്ക്കും അച്ഛന്‍ എച്ച് ഡി രേവണ്ണയ്ക്കും എതിരെ ഉയര്‍ന്ന പീഡന കേസുകളാണ്. ഹാസനിലെ സിറ്റിങ് എംപിയായ പ്രജ്വല്‍ രേവണ്ണയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി പ്രചാരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ്, ഞെട്ടിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. പ്രജ്വലിന്റെ ലൈംഗിക പീഡനത്തിന് നിരവധി സ്ത്രീകള്‍ ഇരയായിട്ടുണ്ട് എന്നാണ് വെളിപ്പെടുത്തല്‍. മൂവായിരത്തോളം ദൃശ്യങ്ങളും ഇതിന്റേതായുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജര്‍മനിയിലേക്ക് പറന്ന പ്രജ്വലിനെ തിരിച്ചെത്തിക്കാന്‍ സിബിഐ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കും.

ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രജ്വലിന്റെ അച്ഛനും എച്ച്ഡി ദേവെഗൗഡയുടെ സഹോദരനുമായ എച്ച്ഡി രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയും ചെയ്തു. വീണുകിട്ടിയ അവസരം കോണ്‍ഗ്രസ് ഉപയോഗിച്ചു. രാഹുല്‍ ഗാന്ധി അടക്കം ബിജെപിക്ക് എതിരെ രൂക്ഷ ഭാഷയില്‍ പ്രതികരിച്ച് രംഗത്തെത്തി. അമ്മമാരേയും സഹോദരിമാരേയും ക്രൂരമായി ബലാത്സംഗം ചെയ്യുന്ന ക്രൂരന് വേണ്ടിയാണ് പ്രധാനമന്ത്രി നേരിട്ടെത്തി പ്രചാരണം നടത്തിയത് എന്നാണ് കോണ്‍ഗ്രസ് പ്രചരിക്കുന്നത്.

മുസ്ലിം സംവരണ വിവാദവും ബെംഗളൂരുവില്‍ അടക്കമുള്ള കുടിവെള്ള ക്ഷാമവും കോണ്‍ഗ്രസ് പ്രചാരണത്തെ പ്രതിരോധിക്കാന്‍ ബിജെപി പ്രയോഗിക്കുന്നുണ്ട്. ആദ്യഘട്ടത്തില്‍, കോണ്‍ഗ്രസ് തങ്ങളുടെ ജനക്ഷേമ പദ്ധതികളിലൂന്നി പ്രചാരണം നടത്തിയപ്പോള്‍, ബിജെപി ലവ് ജിഹാദും മുസ്ലിം സംവരണവും കുടിവെള്ള ക്ഷാമവും ചര്‍ച്ചയാക്കി. എന്നാല്‍, അവസാന ലാപ്പില്‍ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക പീഡനങ്ങളുടെ ഞെട്ടിക്കുന്ന കഥകളാണ് കര്‍ണാടകയിലെങ്ങും ചര്‍ച്ചാ വിഷയം.

ബിജെപി ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്ന സംസ്ഥനമാണ് കര്‍ണാടക. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ ഇരുപത്തിയഞ്ചും ബിജെപി തൂത്തുവാരിയ സംസ്ഥാനം. ഒരുവര്‍ഷം മുന്‍പ് നടന്ന നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാന്‍ ബിജെപി എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്നതിനിടെയാണ് പ്രജ്വലിന് എതിരായ ആരോപണം കത്തിപ്പടര്‍ന്നത്. ജെഡിഎസുമായി പലതവണ ചര്‍ച്ച നടത്തിയതിന് ശേഷമാണ് സഖ്യമുണ്ടാക്കിയത്. മൂന്നു സീറ്റാണ് ജെഡിഎസിന് നല്‍കിയത്. എന്നാല്‍, ജെഡിഎസുമായുള്ള സഖ്യം തള്ളാനും കൊള്ളാനും കഴിയാത്ത സാഹചര്യത്തിലാണ് ബിജെപി ഇപ്പോഴുള്ളത്.

മറുവശത്ത് കോണ്‍ഗ്രസ്, വീണുകിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ മകളെ കോളേജില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയ സംഭവം ഉയര്‍ത്തിക്കാട്ടി ബിജെപി കാടിളക്കിയുള്ള പ്രചാരണം നടത്തിയിരുന്നു. സംഭവം ലവ് ജിഹാദ് ആണെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. കോണ്‍ഗ്രസ് ഭരണത്തില്‍ കര്‍ണാടകയിലെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രസംഗിച്ചു. എന്നാല്‍, പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വൈകൃത കഥകള്‍ പുറത്തുവന്നതോടെ, ബിജെപിയും എന്‍ഡിഎയും പകച്ചുനില്‍ക്കുകയാണ്. ഈ വിഷയം ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയാക്കി മാറ്റുകയാണ് കോണ്‍ഗ്രസ്. പ്രതിമാസ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്രയും അടക്കം വനിതകളെ കയ്യിലെടുക്കാനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുന്ന കോണ്‍ഗ്രസിന്, ഈ വിഷയം സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപി വിരുദ്ധത കൂടുതല്‍ ഊട്ടിയുറപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. തങ്ങള്‍ക്കൊപ്പം നിന്ന് കാലുമാറിയ ജെഡിഎസിനെ ഒതുക്കാനുളള അവസരമായി കൂടി കോണ്‍ഗ്രസ് പ്രജ്വല്‍ രേവണ്ണ കേസ് കാണുന്നു.

പ്രജ്വല്‍ രേവണ്ണ

പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസിന് എതിരെ ഉയര്‍ന്ന പീഡന വിവാദവും മൂന്നാംഘട്ടത്തില്‍ ചര്‍ച്ചയായി. രാജ്ഭവനിലെ ജീവനക്കാരി നല്‍കിയ ലൈംഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിലാണ് ആനന്ദബോസിന് എതിരെ കല്‍ക്കത്ത പോലീസ് അന്വേഷണം നടത്തുന്നത്. സന്ദേശ്ഖാലിയിലെ പീഡന ആരോപണങ്ങളില്‍ പിടിച്ച് മമത ബാനര്‍ജിയ്ക്ക് എതിരെ വമ്പിച്ച പ്രചാരണം നടത്തിയ ബിജെപി, ആനന്ദബോസിനെതാരായുള്ള ആരോപണം വന്നതോടെ വെട്ടിലായി. കേസില്‍ പ്രതിയായ ഷാജഹാന്‍ ഷെയ്ഖ് അടക്കമുള്ള ടിഎംസി നേതാക്കള്‍ക്ക് എതിരെ ലൈംഗികാരോപണം ഉന്നയിക്കാന്‍ സ്ത്രീകളെ നിയോഗിക്കണമെന്ന് ബിജെപി നേതാവ് സുവേന്ദു അധിാകാരി തന്നോടുപറഞ്ഞു എന്ന ബിജെപി പ്രാദേശിക നേതാവിന്റെ വീഡിയോ കഴിഞ്ഞദിവസം തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തുവിടുകകൂടി ചെയ്തത് ബിജെപിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി.

എഎപിയുമായുള്ള കോണ്‍ഗ്രസ് സഖ്യത്തിന്റെ പേരില്‍ ഡല്‍ഹി കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായത് ഇന്ത്യ സഖ്യത്തിന് വെല്ലുവിളിയായി. കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച പിസിസി അധ്യക്ഷന്‍ അര്‍വിന്ദ് സിങ് ലവ് ലി ബിജെപിയില്‍ ചേര്‍ന്നു. ലവ്‌ലിയുടെ ചുവടുപിടിച്ച് നിരവധി പ്രാദേശിക നേതാക്കളും കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഇത് കോണ്‍ഗ്രസിനെയും ഇന്ത്യ സഖ്യത്തേയും പ്രതിരോധത്തിലാക്കി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ