കൂട്ടിയും കിഴിച്ചും സമവാക്യങ്ങള്‍ മാറ്റിയെഴുതിയും എന്‍ഡിഎയും ഇന്ത്യ മുന്നണിയും തിരഞ്ഞെടുപ്പിനെ നേരിടാന്‍ സജ്ജമാവുകയാണ്. ജീവന്‍മരണ പോരാട്ടമാണ് ഇന്ത്യ മുന്നണിക്ക്. ബിജെപിക്കും ഇന്ത്യ മുന്നണിക്കും ഒരുപോലെ പ്രധാനമായ എട്ട് സംസ്ഥാനങ്ങളുണ്ട്. ഈ സംസ്ഥാനങ്ങളിലെ പാര്‍ട്ടികളുടെ ജയം തോല്‍വിയുമാണ് രാജ്യത്തിന്റെ ഭാവി തീരുമാനിക്കുന്നത്. നിര്‍ണായകമായ 331 ലോക്‌സഭ സീറ്റുകളുടെ ഉടമസ്ഥരായ എട്ടു സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം എങ്ങനെയാണെന്ന് പരിശോധിക്കാം.
ഉത്തര്‍പ്രദേശ്
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ എണ്‍പത് സീറ്റാണ് ലോക്‌സഭയിലേക്കുള്ളത്. ബിജെപിയുടെ ഉരുക്കുകോട്ട. ബിജെപിക്ക് 62 സീറ്റാണ് നിലവിലുള്ളത്. ബിഎസ്പിക്ക് പത്തും എസ്പിക്ക് അഞ്ചും സീറ്റുകള്‍. അപ്‌നാദള്‍ സോനേലാല്‍ പക്ഷത്തിന് രണ്ട് സീറ്റ്. കോണ്‍ഗ്രസിന് ആകെയുള്ളത് ഒറ്റ സീറ്റാണ്.
ബിജെപി, അപ്‌നാദള്‍ (എസ്), ആര്‍എല്‍ഡി, നിഷാദ് പാര്‍ട്ടി, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ജെഡിയു എന്നിവരാണ് യുപിയിലെ എന്‍ഡിഎയിലുള്ളത്. ഇതില്‍ ആര്‍എല്‍ഡി ഇന്ത്യ സഖ്യം ഉപേക്ഷിച്ച് ബിജെപിക്കൊപ്പം കൂടിയതാണ്. രണ്ട് വീതം സീറ്റുകളിലാണ് ആര്‍എല്‍ഡിയും അപ്‌നാ ദളും മത്സരിക്കുന്നത്. നിഷാദ് പാര്‍ട്ടിയും സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയും ഓരോ സീറ്റില്‍ മത്സരിക്കും.
മറുവശത്ത് ഇന്ത്യ മുന്നണിയില്‍, പതിനേഴ് സീറ്റാണ് എസ്പി കോണ്‍ഗ്രസിന് നല്‍കിയിരിക്കുന്നത്. അപ്‌നാദള്‍ കൃഷ്ണ പട്ടേല്‍ വിഭാഗത്തിന് ഒരു സീറ്റ് നല്‍കി. ചന്ദ്രശേഖര്‍ ആസാദിന്റെ ആസാദ് സമാജ് പാര്‍ട്ടിക്ക് ഒരു സീറ്റ് നല്‍കിയേക്കും. തൃണമൂല്‍ കോണ്‍ഗ്രസിന് ഒരു സീറ്റ് നല്‍കിയെങ്കിലും എസ്പി ചിഹ്നത്തില്‍ ആയിരിക്കും പാര്‍ട്ടി മത്സരിക്കുക. ബാക്കിയുള്ള സീറ്റുകളില്‍ എസ്പി മത്സരിക്കും. ഇരു മുന്നണിക്കും ഒപ്പമില്ലാതെ ഒറ്റയ്ക്ക് നില്‍ക്കാനാണ് മായാവതിയുടെ ബിഎസ്പിയുടെ തീരുമാനം. ഇതോടെ യുപിയില്‍ ശക്തമായ ത്രികോണ മത്സരം നടക്കും.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ നടത്തിയതും പൗരത്വ നിയം നടപ്പിലാക്കിയതും ബിജെപിക്ക് മുന്‍തൂക്കം നല്‍കുന്നു. അഖിലേഷ് യാദവിന്റെ പിഡിഎ (പിന്നോക്ക, ദളിത്, ന്യൂനപക്ഷ ഐക്യം) ഫോര്‍മുലയില്‍ ഊന്നിയാണ് ഇന്ത്യ മുന്നണിയുടെ പ്രചാരണം. എസ്പിയും കോഗ്രസും ഒരുമിച്ച് നിന്ന മുന്‍ തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികള്‍ക്കും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇത്തവണ രണ്ടുപേര്‍ക്കും ജീവന്‍ മരണ പോരാട്ടമാണെന്ന ബോധ്യമുണ്ട്. കര്‍ഷക സമരം അടക്കമുള്ള വിഷയങ്ങള്‍ അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് എസ്പി.
മഹാരാഷ്ട്ര
യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സീറ്റുകളുള്ള സംസ്ഥാനമായ മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളാണുള്ളത്. ശിവസേന ഏക്‌നാഥ് ഷിന്‍ഡെ, എന്‍സിപി അജിത് പവാര്‍ എന്നിവരാണ് ബിജെപി പക്ഷത്തുള്ളത്. മഹാരാഷ്ട്ര മഹായുതി സഖ്യം എന്നാണ് മുന്നണിക്ക് നല്‍കിയിരിക്കുന്ന പേര്. ബിജെപി 31 സീറ്റില്‍ മത്സരിക്കും. ശിവസേന 13, എന്‍സിപി നാല് സീറ്റിലും മത്സരിക്കും. അതേസമയം, ഇന്ത്യ മുന്നണിയില്‍ ഇതുവരേയും സീറ്റ് ധാരണയിലെത്തിയിട്ടില്ല. കോണ്‍ഗ്രസും ശിവസേന ഉദ്ധവ് താക്കറെ പക്ഷവും കൂടുതല്‍ സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതാണ് ഇന്ത്യ മുന്നണിക്ക് വെല്ലുവിളിയായിരിക്കുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിയും പിളര്‍പ്പിന് മുന്‍പുള്ള ശിവസേനയും സഖ്യമായണ് മത്സരിച്ചത്. ബിജെപി 23 സീറ്റും ശിവസേന 18 സീറ്റും നേടി. യുപിഎയ്ക്ക് അഞ്ച് സീറ്റാണ് ലഭിച്ചത്. പിളര്‍പ്പിന് മുന്‍പുള്ള എന്‍സിപിക്ക് നാലും കോണ്‍ഗ്രസിന് ഒന്നും. എൻസിപിയിലെ പിളർപ്പ് ഇന്ത്യ സഖ്യത്തെയും, ശിവസേനയിലെ പിളർപ്പ് എൻഡിഎയും ബാധിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.
പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിടുന്നത് കോണ്‍ഗ്രസിനെ അലട്ടുന്നുണ്ട്. ബിജെപി സഖ്യത്തിന് മേല്‍ക്കൈയുണ്ടാകും എന്നാണ് അഭിപ്രായ സര്‍വെ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.
പശ്ചിമ ബംഗാള്‍
പശ്ചിമ ബംഗാളാണ് പാര്‍ട്ടികളുടെ വിധി മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള മറ്റൊരു സംസ്ഥാനം. 42 സീറ്റുകളാണ് ബംഗാളിലുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചു. പതിനെട്ട് സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന് 22 സീറ്റ്. സിപിഎമ്മും കോണ്‍ഗ്രസും മുന്നണിയായി മത്സരിച്ചപ്പോള്‍, കോണ്‍ഗ്രസിന് രണ്ട് സീറ്റ് ലഭിച്ചു. സിപിഎം സംപൂജ്യരായി.
പൗരത്വ നിയമം നടപ്പിലാക്കിയതും സന്ദേശ്ഖാലി സംഭവങ്ങളും മുഖ്യ പ്രചാരണായുധമാക്കി ബിജെപി കളം പിടിക്കാനുള്ള ശ്രമത്തിലാണ്. മമത ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ഫലത്തിൽ ഇന്ത്യ മുന്നണി ബംഗാളിൽ ഇല്ലാതായി. ഇത് എത്രത്തോളം പ്രയോജനപ്പെടുത്താൻ ബിജെപിയ്ക്ക് കഴിയുമെന്നത് നിർണായകമാണ്.
ബിഹാര്‍
ഇന്ത്യ മുന്നണിയുടെ ജന്‍മഭൂമിയാണ് ബിഹാര്‍. നിതീഷ് കുമാര്‍ മറുകണ്ടം ചാടി എന്‍ഡിഎ പാളയത്തില്‍ എത്തിയതോടെ, ബിഹാറില്‍ പ്രതിപക്ഷ സഖ്യത്തിന് വലിയ തിരിച്ചടി നേരിട്ടു. നിര്‍ണായകമായ 40 സീറ്റുകളാണ് ബിഹാറിലുള്ളത്. കഴിഞ്ഞ തിരഞ്ഞെുപ്പില്‍ ബിജെപി, ജെഡിയു, ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ സഖ്യമായാണ് മത്സരിച്ചത്. ബിജെപിക്ക് പതിനേഴും ജെഡിയുവിന് പതിനാറും സീറ്റ് ലഭിച്ചു. എല്‍ജെപിക്ക് ആറ് സീറ്റ്. ആര്‍ജെഡി സംപൂജ്യരായ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റ സീറ്റില്‍ ഒതുങ്ങി. ബിഹാര്‍ രാഷ്ട്രീയത്തില്‍ നിതീഷ് കുമാര്‍ ഇപ്പോഴും നിര്‍ണായക ശക്തിയാണെന്ന് തിരിച്ചറിഞ്ഞ ബിജെപി, തങ്ങളുടെ 400 സീറ്റ് സ്വപ്‌നം പൂവണിയാനായി ജെഡിയുവിനെ വീണ്ടും കൂടെക്കൂട്ടുകയായിരുന്നു.
ആര്‍ജെഡിയുടെ കരുത്തിലാണ് ഇന്ത്യ മുന്നണിയുടെ പ്രതക്ഷ. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംപൂജ്യരായെങ്കിലും, അതിന് ശേഷം വന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന്റെ ആത്മവിശ്വാസം ആര്‍ജെഡിക്കുണ്ട്. നിതീഷ് കുമാറിന്റെ സ്ഥിരമായുള്ള മറുകണ്ടം ചാടലുകള്‍ ജനങ്ങള്‍ക്ക് മടുത്തു തുടങ്ങിയുട്ടെണ്ടും ആര്‍ജെഡി വിലയിരുത്തുന്നു. 30 സീറ്റില്‍ ആര്‍ജെഡിയും ഏഴ് സീറ്റില്‍ കോണ്‍ഗ്രസും മത്സരിക്കാനാണ് സാധ്യത. ബാക്കിയുള്ള മൂന്നു സീറ്റില്‍ ഒരെണ്ണം സിപിഐയ്ക്കും രണ്ടെണ്ണം സിപിഐ എംഎല്‍ ലിബറേഷനും നല്‍കിയേക്കും.
എന്‍ഡിഎയില്‍ ബിജെപി 17 സീറ്റിലും ജെഡിയും 16 സീറ്റിലും ചിരാഗ് പാസ്വാന്റെ എല്‍ജെപി അഞ്ച് സീറ്റിലും മത്സരിക്കും. ആദ്യമായാണ് ബിജെപി ജെഡിയുവിനെക്കാള്‍ കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത്. ബിഹാറിലെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതില്‍ നിര്‍ണായക ഘടകമായ അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം ഇത്തവണ 11 സീറ്റില്‍ മത്സരിക്കുന്നുണ്ട്.
തമിഴ്‌നാട്
ഇന്ത്യ മുന്നണിക്ക് നൂറു ശതമാനം പ്രതീക്ഷയുള്ള ഏക സംസ്ഥാനം തമിഴ്‌നാടാണ്. 39 സീറ്റുകളുള്ള ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ സംസ്ഥാനം ബിജെപിക്ക് ബാലികേറാ മലയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയമാണ് ഡിഎംകെ-കോണ്‍ഗ്രസ്-ഇടത് സഖ്യം നേടിയത്. ഇത്തവണയും വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന വിശ്വാസം ഡിഎംകെയ്ക്കുണ്ട്. 2019-ല്‍ 23 സീറ്റില്‍ മത്സരിച്ച ഡിഎംകെ എല്ലാ സീറ്റിലും ജയിച്ചു. 9 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് എട്ടിലും രണ്ടു വീതം സീറ്റുകളില്‍ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മുഴുവന്‍ സീറ്റിലും വിജയിച്ചു. 21 സീറ്റില്‍ മത്സരിച്ച എഐഎഡിഎംകെ ഒറ്റ സീറ്റില്‍ ഒതുങ്ങി. ബിജെപി അക്കൗണ്ട് തുറന്നില്ല. 21 സീറ്റിലാണ് ഇത്തവണ ഡിഎംകെ മത്സരിക്കുന്നത്. കോണ്‍ഗ്രസ് 9 സീറ്റിലും ഇടതു പാര്‍ട്ടികള്‍ രണ്ടുവീതം സീറ്റുകളിലും മത്സരിക്കും. എംഡിഎംകെ ഒരു സീറ്റിലും മത്സരിക്കും.
കഴിഞ്ഞതവണ എഐഎഡിഎംകെയും ബിജെപിയും തമ്മിലായിരുന്നു സഖ്യം. ഇത്തവണ ഇരു പാര്‍ട്ടികളും തനിച്ചാണ് മത്സരിക്കുന്നത്. എഐഎഡിഎംകെ ദുര്‍ബലമാകുന്നത് ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അണ്ണാ ഡിഎംകെ വോട്ടുകള്‍ തങ്ങളിലേക്ക് മാറുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. പാര്‍ലമെന്റില്‍ ചെങ്കോല്‍ സ്ഥാപിച്ചും തമിഴ് നേതാക്കളെ പുകഴ്ത്തിയും ബിജെപി കളം പിടിക്കാന്‍ ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം സംസ്ഥാനം സന്ദര്‍ശിക്കുന്നത് ദ്രാവിഡ മണ്ണില്‍, കാവി കൊടി പാറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്ത് പകരാനാണ്. നടന്‍ വിജയ് രാഷ്ട്രീയ പ്രവേശനം നടത്തിയതിന് ശേഷമുള്ള തിരഞ്ഞെടുപ്പ് എന്ന നിലയില്‍, ഡിഎംകെ കൂടുതല്‍ ജാഗ്രത പാലിക്കും.
കര്‍ണാടക
ദക്ഷിണേന്ത്യയില്‍ ബിജെപി നൂറു ശതമാനം പ്രതീക്ഷയര്‍പ്പിക്കുന്ന ഏക സംസ്ഥാനമാണ് കര്‍ണാടക. പക്ഷേ, നിയമസഭ തിരഞ്ഞെടുപ്പില്‍ നേടിയ വമ്പന്‍ വിജയം കോണ്‍ഗ്രസിന് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 28 സീറ്റില്‍ 25 ഇടത്തും ബിജെപി ജയിച്ചു. ജെഡിഎസും കോണ്‍ഗ്രസും ഓരോ സീറ്റ് വീതം നേടി. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 135 സീറ്റ് നേടി വന്‍ വിജയം സ്വന്തമാക്കി. ബിജെപിക്ക് 66 സീറ്റ്. ജെഡിഎസ് 19 സീറ്റിലൊതുങ്ങി. ഇത്തവണ 25 സീറ്റിലാണ് ബിജെപി മത്സരിക്കുന്നത്. മൂന്നിടത്ത് ജെഡിഎസും മത്സരിക്കും.
ഹിന്ദി ഹൃദയഭൂമിയിലെ രണ്ട് വലിയ സംസ്ഥാനങ്ങള്‍
മധ്യപ്രദേശില്‍ 29, രാജസ്ഥാനില്‍ 25 സീറ്റുകളുമാണ് ഉളളത്.. രണ്ടിടവും 2019-ല്‍ ബിജെപിയുടെ ഉരുക്കു കോട്ടകളായി. മധ്യപ്രദേശില്‍ 28 സീറ്റാണ് ബിജെപിക്കുള്ളത്. ഒരൊറ്റ സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അടിച്ചൊതുക്കിയ ആത്മവിശ്വാസത്തിലാണ് ബിജെപി കളത്തിലിറങ്ങുന്നത്. 163 സീറ്റിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് 2023ല്‍ ബിജെപി മധ്യപ്രദേശില്‍ അധികാരത്തിലെത്തിയത്. കോണ്‍ഗ്രസിന് 66 സീറ്റ്. പടലപ്പിണക്കങ്ങളില്‍ അടിപതറി നില്‍ക്കുന്ന കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി, മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് ബിജെപിയിലേക്ക് ചാടുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. മകന് സീറ്റ് നല്‍കിയാണ് തത്കാലത്തേക്ക് കമല്‍നാഥിനെ അനുനയിപ്പിച്ചിരിക്കുന്നത്. ജ്യോതിരാദിത്യ സിന്ധ്യയെ കൂടെക്കൂട്ടിയ ബിജെപിക്ക് നിയമസഭ തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചു.
രാജസ്ഥാനിലും സമാനമായ സാഹചര്യമാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. 25 ലോക്ഭ മണ്ഡലങ്ങളുള്ള രാജസ്ഥാനില്‍, 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 24 സീറ്റ് നേടി. കോണ്‍ഗ്രസ് സംപൂജ്യമായി. ആര്‍എല്‍പിക്ക് ഒരു സീറ്റ്. 2023-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റ് നേടി. കോണ്‍ഗ്രസ് 70 സീറ്റില്‍ ഒതുങ്ങി. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസിനെ തകര്‍ത്തു തരിപ്പണമാക്കി.
രാജസ്ഥാനിലും മധ്യപ്രദേശിലും ഒരു സീറ്റ് പോലും കുറയരുതെന്ന് ബിജെപിക്ക് നിര്‍ബന്ധമുണ്ട്. ജാതിസമാക്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് മുഖ്യമന്ത്രിമാരെ പോലും ബിജെപി തിരഞ്ഞെടുത്തത്. യാദവ വിഭാഗത്തില്‍ നിന്നുള്ള മോഹന്‍ യാദവിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയത് യുപിയില്‍ ഉള്‍പ്പെടെ നേട്ടമുണ്ടാക്കണം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്. രാജസ്ഥാനില്‍ ബ്രാഹ്‌മണ വിഭാഗത്തില്‍ നിന്നുള്ള ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രിയാക്കപ്പോള്‍, രാജ്പുത് വിഭാഗത്തില്‍ നിന്നുള്ള ജയ്പുര്‍ രാജകുടുംബാംഗം ദിയ കുമാരിയേയും ളിത് നേതാവ് പ്രേംചന്ദ് ഭൈര്‍വയേയും ഉപമുഖ്യമന്ത്രിമാരാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇത് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ബിജെപി.