തിരഞ്ഞെടുപ്പ് ഏതുമാകട്ടെ, മത്സരിക്കാന്‍ മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെ ഗൗഡയുടെ കുടുംബത്തില്‍നിന്ന് എപ്പോഴും തയാറാണ് അര ഡസനോളം പേര്‍. ഇത്തവണ മൂന്നു പേരാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത്. മണ്ടിയ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും എച്ച് ഡി ദേവെഗൗഡയുടെ മൂത്ത മകനും നിലവില്‍ ചന്നപട്ടണ എംഎല്‍എയുമായ എച്ച് ഡി കുമാരസ്വാമി.
കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനായ പ്രജ്വല്‍ രേവണ്ണ ഹാസനില്‍നിന്നും സഹോദരി ഭര്‍ത്താവ് ഡോ. സി എന്‍ മഞ്ജുനാഥ് ബെംഗളൂരു റൂറലില്‍ ിന്നും ജനവിധി തേടും. ഇതില്‍ മഞ്ജുനാഥ് ബിജെപി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.
കര്‍ണാടകയില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ നിലവില്‍ വന്ന ബിജെപി - ജെഡിഎസ് സഖ്യത്തില്‍ മൂന്നു സീറ്റുകളാണ് ജെഡിഎസിന് ലഭിച്ചത്. മഞ്ജുനാഥിനെ പരാജയ സാധ്യത കണക്കിലെടുത്തു എന്‍ ഡി എ മുന്നണി ബിജെപി സ്ഥാനാര്‍ത്ഥിയാക്കി ബെംഗളൂരു റൂറലില്‍ ഇറക്കുകയായിരുന്നു. ഹാസനും മണ്ടിയയും കൂടാതെ കോലാറില്‍ കൂടി ജെഡിഎസ് മത്സരിക്കുന്നുണ്ട്.
ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നതിന്റെ ഭാഗമായാണ് താന്‍ മണ്ടിയയില്‍ ജനവിധി തേടുന്നതെന്ന് എച്ച് ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഇത് അത്യാവശ്യമാണ്. ജെഡിഎസിനെ എല്ലാ രീതിയിലും പുനരുജ്ജീവിപ്പിക്കാനും പ്രാദേശിക പാര്‍ട്ടി എന്ന നിലയില്‍ കര്‍ണാടകയിലെ ജനങ്ങളുടെ പ്രശ്‌നം കേന്ദ്രത്തിലെത്തിക്കാനുമാണ് ശ്രമമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു.
നിലവില്‍ കര്‍ണാടക നിയമസഭാംഗമായ കുമാരസ്വാമി, ലോക്‌സഭാ മണ്ഡലമായ മണ്ടിയയില്‍നിന്ന് വിജയിക്കുകയാണെങ്കില്‍ മകന്‍ നിഖില്‍ കുമാരസ്വാമിയെ ചന്നപട്ടണ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാമെന്നാണ് ഗൗഡകുടുംബം കണക്കുകൂട്ടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ രാമനഗര മണ്ഡലത്തില്‍ ജനവിധി തേടി പരാജയപ്പെട്ടയാളാണ് നിഖില്‍. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിഖില്‍ മണ്ടിയയില്‍ സുമലതയോടും തോറ്റിരുന്നു.
കുടുംബത്തില്‍ നിന്നുമാത്രം സ്ഥാനാര്‍ഥികള്‍ ഉയര്‍ന്നുവരുന്ന ഈ പ്രതിഭാസം കാരണം, ജനതാപരിവാര്‍ ആയിരുന്ന ജെഡിഎസ് ഇപ്പോള്‍ പൂര്‍ണമായും 'ഗൗഡ പരിവാറായി' മാറിയെന്ന ആക്ഷേപം പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നു തന്നെ ഉയര്‍ന്നുവന്നിട്ടുണ്ട്. ജയസാധ്യതയുള്ള മണ്ഡലങ്ങളിലെല്ലാം എപ്പോഴും സ്ഥാനാര്‍ത്ഥികള്‍ ദേവെഗൗഡയുടെ മക്കളോ മരുമകളോ പേരക്കുട്ടികളോ ആയിരിക്കും. 2019 മുതല്‍ ഇതുവരെ 'ഗൗഡ പരിവാറില്‍'നിന്ന് ദേവെഗൗഡ ഉള്‍പ്പടെ ഏഴ് പേരായിരുന്നു നിയമനിര്‍മാണ സഭകളില്‍ ഇടം പിടിച്ചത്. ജെഡിഎസ് നേതൃത്വത്തെക്കുറിച്ചുള്ള ഈ ആരോപണം ഒന്നൂകൂടി അരക്കിട്ടുറപ്പിക്കുകയാണ് കുമാരസ്വാമിയുടെ സ്ഥാനാര്‍ത്ഥിത്വം.
മണ്ടിയയില്‍ കുമാരസ്വാമി പോരിനിറങ്ങുന്നതോടെ, കോണ്‍ഗ്രസും എന്‍ഡിഎ മുന്നണയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരിന് മണ്ഡലം സാക്ഷിയാകും. ഇരു പാര്‍ട്ടികളുടെയും വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തിന് സ്വാധീനമുളള മേഖലയാണ് മണ്ടിയ. സ്റ്റാര്‍ ചന്ദ്രുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 2019-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുമലത അംബരീഷ് 1.25 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പാര്‍ലമെന്റില്‍ എത്തിയത്. ഇത്തവണ സുമലത ബിജെപി ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നെകിലും തിരഞ്ഞെടുപ്പ് സഖ്യമുള്ളതിനാലാണ് സീറ്റ് ജെഡിഎസിന് നല്‍കേണ്ടിവന്നത്. സുമലത മണ്ഡലത്തില്‍ വീണ്ടും സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇറങ്ങുകയാണെങ്കില്‍ കുമാരസ്വാമി വിയര്‍ക്കും.