Lok Sabha Election 2024

ചൊടിപ്പിച്ചത് മോദിയെ വിമര്‍ശിച്ചതോ? ആകാശ് ആനന്ദിനെ 'വെട്ടിവീഴ്ത്തി' മായാവതി

രാഷ്ട്രീയ പിന്‍ഗാമിയല്ലെന്നും പ്രഖ്യാപിച്ചു. ആകാശിന് 'പക്വത വന്നിട്ടില്ല' എന്നാണ് മായാവതിയുടെ വിശദീകരണം

വെബ് ഡെസ്ക്

രാജ്യം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് എടുത്തുചാടാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 2023 ഡിസംബര്‍ പത്തിനാണ് അനന്തരവന്‍ ആകാശ് ആനന്ദിനെ മായവതി തന്റെ രാഷ്ട്രീയ പിന്തുടര്‍ച്ചവകാശിയായി പ്രഖ്യാപിച്ചത്. കൃത്യം അഞ്ച് മാസത്തിന് ശേഷം, മായാവതി തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോയിരിക്കുന്നു. ബിഎസ്പിയുടെ ദേശീയ കോ-ഓര്‍ഡിനേറ്റര്‍ പദവിയില്‍ നിന്ന് ആകാശിനെ പുറത്താക്കി. രാഷ്ട്രീയ പിന്‍ഗാമിയല്ലെന്നും പ്രഖ്യാപിച്ചു. ആകാശിന് 'പക്വത വന്നിട്ടില്ല' എന്നാണ് മായാവതിയുടെ വിശദീകരണം. കുറച്ചുനാള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ പഠിച്ച ശേഷം പദവികള്‍ നല്‍കാമെന്നാണ് മായാവതിയുടെ തീരുമാനം.

ബിജെപിയേയും നരേന്ദ്ര മോദിയേയും കടന്നാക്രമിച്ചു നടത്തിയ പ്രസംഗത്തിനെ തുടര്‍ന്ന് ആകാശിനെയും നാലുപേരേയും മാതൃക പെരുമാറ്റച്ചട്ട പ്രകാരം കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് മായാവതിയുടെ നീക്കം. ഇതോടെ, ബിജെപിയെ സഹായിക്കാനാണ് മായാവതി ശ്രമിക്കുന്നതെന്ന ആരോപണം കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. നിര്‍ണായകമായ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുമായി സഖ്യമുണ്ടാക്കാതിരുന്നതും ന്യൂനപക്ഷത്തിന്റെ വോട്ട് ഭിന്നിപ്പിക്കാനായി മുസ്ലിം സ്ഥാനാര്‍ഥികളെ മത്സരിപ്പിച്ചതും ബിജെപിയെ സഹായിക്കാനാണ് പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. അതിനിടെയാണ്, മായാവതിയുടെ അപ്രതീക്ഷിത നീക്കം.

' ബിജെപിയുടേത് രാജ്യവിരുദ്ധരുടെ ബുള്‍ഡോസര്‍ സര്‍ക്കാരാണ്. യുവാക്കളെ പട്ടിണിയിലാക്കുകയും മുതിര്‍ന്നവരെ അടിമകളാക്കുകയും ചെയ്യുന്ന ഒരു തീവ്രവാദ സര്‍ക്കാരാണ്. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അത്തരമൊരു സര്‍ക്കാരാണ് നടത്തുന്നത്', എന്നായിരുന്നു യുപിയിലെ സീതാപൂരില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിയില്‍ ആകാശ് പ്രസംഗിച്ചത്.

മോദി സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന ആകാശ് ആനന്ദിന്റെ നീക്കത്തിന് എതിരെ ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ മായാവതിയെ ഭീഷണിപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒന്നാം മോദി സര്‍ക്കാരിനെ കടന്നാക്രമിച്ചിരുന്ന മായാവതി, നിലവില്‍ ബിജെപിയെ പ്രത്യക്ഷത്തില്‍ വിമര്‍ശിക്കാറില്ല. അന്വേഷണ ഏജന്‍സികളെ കാണിച്ച് ബിജെപി ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മായാവതി പിന്നോട്ടുപോയതെന്ന് നേരത്തെതന്നെ ആരോപണമുണ്ട്. 2019-ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് ശേഷമാണ് ആകാശ് ആനന്ദിനെ മായവതി ബിഎഎസിപിയുടെ ദേശീയ കോ-ഓര്‍ഡിനേറ്ററാക്കിയത്. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ മായവതി കഴിഞ്ഞാല്‍, ബിഎസ്പിയുടെ രണ്ടാമത്തെ താര പ്രചാരകന്‍ ആകാശ് ആയിരുന്നു.

മായവതി

ആകാശിനെ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ച മായാവതി, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ചുമതലയും അദ്ദേഹത്തെ ഏല്‍പിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തിലടക്കം ആകാശിന്റെ ഇടപെടല്‍ വ്യക്തമായിരുന്നു. ബിഎസ്പിയുടെ പ്രചാരണ രീതിതന്നെ ആകാശ് മാറ്റിയിരുന്നു. മായാവതിയുടെ നേതൃത്വ കാലയളവില്‍ പദയാത്രകള്‍ നടത്താതിരുന്ന ബിഎസ്പി പദയാത്രകള്‍ നടത്താന്‍ തുടങ്ങിയത് ആകാശിന്റെ വരവോടെയാണ്. പിന്നാലെ, തങ്ങളുടെ പഴയ മുദ്രാവാക്യമായ ബഹുജന്‍ ഹിതായ്, ബഹുജന്‍ സുഖായ് എന്ന മുദ്രാവാക്യത്തിലേക്ക് മടങ്ങാന്‍ മായാവതി തീരുമാനിച്ചതിന് പിന്നിലും ആകാശിന്റെ സ്വാധീനമുണ്ടായിരുന്നു. 2007-ല്‍ കൊണ്ടുവന്ന ''സര്‍വജന്‍ ഹിതായ്, സര്‍വജന്‍ സുഖായ്,' എന്ന മുദ്രാവാക്യത്തിലൂന്നി ദളിത്-ബ്രാഹ്മണ വോട്ട് ബാങ്ക് ഉറപ്പിച്ച മായാവതി അന്ന് നിയമസഭ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു. പിന്നീട്, പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വോട്ടുകള്‍ തിരികെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പഴയ മുദ്രാവാക്യത്തിലേക്ക് തിരിച്ചുപോയത് എന്നാണ് ബിഎസ്പി വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍, എസ്പിയിലേക്കും കോണ്‍ഗ്രസിലേക്കും പോകാന്‍ സാധ്യതയുള്ള ദളിത് വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് ബിഎസ്പിയുടെ ശ്രമമെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

ചുരുങ്ങിയ കാലയളവില്‍ തന്നെ ബിഎസ്പി പ്രവര്‍ത്തകര്‍ക്കിടയില്‍ ആകാശ് ആനന്ദ് സ്വീകാര്യനായിരുന്നു. മികച്ച പ്രസംഗകനായി ആകാശ് മാറുകയും ചെയ്തു. ആകാശിന്റെ റാലികളില്‍ വന്‍ ജനക്കൂട്ടവുമുണ്ടാകാറുണ്ട്. ദളിത് യുവാക്കള്‍ക്കിടയില്‍ സ്വാധീനം ചെലുത്താന്‍ ആകാശിന് സാധിച്ചിട്ടുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണം കത്തിപ്പടരുന്ന വേളയില്‍ ആകാശിനെതിരായി നടപടി സ്വീകരിച്ചത് ബിഎസ്പിക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്.

ആരാണ് ആകാശ് ആനന്ദ്?

മായാവതിയുടെ സഹോദരനും ബിഎസ്പി ദേശീയ വൈസ് പ്രസിഡന്റുമായ ആനന്ദ് കുമാറിന്റെ മകനാണ് 28കാരനായ ആകാശ് ആനന്ദ്. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിഎസ്പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേല്‍നോട്ടം ആകാശിന് ആയിരുന്നു. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തെലങ്കാനയിലും ബിഎസ്പിക്ക് വേണ്ടി ആകാശ് പ്രവര്‍ത്തിച്ചു.

ലണ്ടനില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കി മടങ്ങിവന്ന ആകാശ്, 22-ാം വയസ്സിലാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. 2017ല്‍ ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരില്‍ മായാവതി നടത്തിയ റാലിയില്‍ ആകാശ് ആനന്ദ് ആദ്യമായി രാഷ്ട്രീയ രംഗത്ത് പ്രത്യക്ഷപ്പെട്ടു. അഖിലേഷ് യാദവിനും മായാവതിക്കുമൊപ്പം വേദി പങ്കിട്ട ആകാശ് ആനന്ദിന് അന്ന് മാധ്യമങ്ങള്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല.

2019 ലോക്സഭ തിരഞ്ഞെടുപ്പിലാണ് ആകാശ് ആനന്ദിന്റെ പേര് ആദ്യമായി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. മായാവതിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ആകാശ് ആയിരുന്നു. ആഗ്രയില്‍ നടന്ന ബിഎസ്പി റാലിയില്‍ ആദ്യമായി ആകാശ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. ആകാശിന്റെ വരവ് ബിഎസ്പി രീതികളില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടായിരുന്നു. ഉത്തര്‍പ്രദേശിന്റെ രാഷ്ട്രീയ ഭൂമികയില്‍ ബിഎസ്പിക്ക് ആഴത്തില്‍ വേരോട്ടമുണ്ടായിരുന്ന കാലത്തും മായവതി പദയാത്രകള്‍ നടത്തിയിരുന്നില്ല. 'സാര്‍വജന്‍ ഹിതായ്, 'സാര്‍വജന്‍ സുഖായ് സങ്കല്‍പ് യാത്ര' എന്ന പേരില്‍ രാജസ്ഥാനില്‍ ബിഎസ്പി 14 ദിവസം നീണ്ടുനിന്ന പദയാത്ര സംഘടിപ്പിച്ചു. ഇതിന് പിന്നില്‍ ആകാശ് ആനന്ദ് ആയിരുന്നു.

2022 ഉത്തര്‍പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ ചുമതലയും ആകാശിന് ആയിരുന്നു. 2022-ലെ ഹിമാചല്‍ നിയസഭ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ താര പ്രചാരകരുടെ പട്ടികയില്‍ രണ്ടാം സ്ഥാനക്കാരനായി ആകാശ് മാറി. ബാബാ സാഹേബ് അംബേദ്കറിന്റെ കാഴ്പ്പാടുകള്‍ പിന്തുടരുന്നയാളാണ് താന്‍ എന്നാണ് ആകാശ് സാമൂഹ്യ മാധ്യമങ്ങളില്‍ തന്നെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. വിദ്യാഭ്യാസത്തിനും ശാക്തീകരണത്തിനും സമത്വത്തിനും വേണ്ടിയാണ് തന്റെ പോരാട്ടമെന്നും ആകാശ് പറഞ്ഞിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ