ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപിയുടെ മുട്ടിടിച്ചു തുടങ്ങിയോ? വല്ലാത്തൊരു ഭയം ബിജെപി ക്യാമ്പില്‍ വന്നു മൂടിയിട്ടുണ്ടെന്നു വേണം ആദ്യഘട്ട വോട്ടെടുപ്പിനുശേഷം, ബിജെപിയുടെ 'ശൈലീമാറ്റത്തില്‍' നിന്ന് മനസ്സിലാക്കാന്‍. മുസ്ലിം വിഭാഗത്തിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ വര്‍ഗീയ പരാമര്‍ശം നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തത് രാജസ്ഥാനിലെ ബന്‍സാരയാണ്. എന്തുകൊണ്ട് രാജസ്ഥാന്‍?
ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ വിധിയെഴുതിയ 12 ലോക്‌സഭ മണ്ഡലങ്ങളിലും വോട്ടിങ് ശതമാനത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 57.87 ശതമാനമാണ് പോളിങ് ശതമാനം. 2019-ല്‍ ഇതേ മണ്ഡലങ്ങളില്‍ എല്ലാംകൂടി 63.71 ആയിരുന്നു വോട്ടിങ് ശതമാനം. കോണ്‍ഗ്രസിനു മേല്‍ക്കൈ ലഭിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്ന ശിഖാവതി മേഖലയിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ഇവിടെ കുറഞ്ഞ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത് ബിജെപിയെ ഞെട്ടിച്ചിട്ടുണ്ട്. 2019-ല്‍ ഇരുപത്തിയഞ്ചില്‍ 25 സീറ്റും ലഭിച്ച രാജസ്ഥാനില്‍ അത്ര എളുപ്പത്തില്‍ ഇത്തവണ ജയിക്കാന്‍ സാധിക്കില്ലെന്ന ചിന്ത ബിജെപിക്കുണ്ടായിട്ടുണ്ട്.
2019-2024, കണക്കുകളില്‍ വന്‍ മാറ്റം
ഏറ്റവും വലിയ പോളിങ് ശതമാനം ലഭിച്ച ഗംഗാനഗര്‍ മണ്ഡലത്തില്‍ പോലും 2019-നെക്കാള്‍ വലിയ വ്യത്യാസമാണ് ഇത്തവണ സംഭവിച്ചിരിക്കുന്നത്. 2019-ല്‍ ഇവിടെ 74.39 ശതമാനം വോട്ടാണ് പോള്‍ ചെയ്തതെങ്കില്‍, ഇത്തവണ അത് 65.64 ആയി ചുരുങ്ങി. കരൗളി-ദോല്‍പൂര്‍ മണ്ഡലത്തില്‍ 49.29 ശതമാനം വോട്ടാണ് പോള്‍ ചെയ്തത്. 2019-ല്‍ ഇവിടെ 55.06 ശതമാനം ആയിരുന്നു വോട്ടിങ് ശതമാനം. ജയ്പൂരില്‍ 62.87 ശതമാനം വോട്ട് പോള്‍ ചെയ്തു. ബികാനിറില്‍ 53.96, ചുരു 62.98, സികര്‍ 57.28, ജയ്പുര്‍ റൂറല്‍ 56.58, ആള്‍വാര്‍ 59.79, ദൗസ 55.21, ഭരത്പുര്‍ 52.69, ജുന്‍ജുനു 51.62, നാഗൗര്‍ 56.89 എന്നിങ്ങനെയാണ് പോളിങ് ശതമാനം.
2019ലെ വോട്ടിങ് ശതമാനം കൂടി നോക്കാം. ജയ്പൂര്‍ 71.6, ബികനേര്‍ 62.1, ചുരു 68.2, ആള്‍വാര്‍ 61.7, ദൗസ 63.2, ഭരത്പുര്‍ 60.7, ജുന്‍ജുനു 64.6, നാഗൗര്‍ 69.8, സികര്‍ 67.5 എന്നിങ്ങനെയാണ് 2019-ല്‍ ഇവിടങ്ങളില്‍ പോള്‍ ചെയ്ത വോട്ട് ശതമാനം. ഇത് ബിജെപിയെ അസ്വസ്ഥപ്പെടുത്തുന്നതും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതുമാണ്. വോട്ടിങ് ശതമാനം കുറഞ്ഞാല്‍, ഭരണകക്ഷിക്ക് തിരിച്ചടിയാണ് എന്നാണ് പൊതുവേയുള്ള തിരഞ്ഞെടുപ്പ് ട്രെന്റുകള്‍ വ്യക്തമാക്കുന്നത്.
പ്രതിഷേധങ്ങള്‍ ബിജെപിയെ ബാധിച്ചോ?
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും പലതവണ നേരിട്ടെത്തി ക്യാമ്പയിന്‍ നടത്തിയ മേലയാണ് ശിഖാവതി. ജാട്ട് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മേല്‍ക്കൈയുള്ള ഈ മേലയില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. 2023-ലെ തിരഞ്ഞെടുപ്പില്‍ മേഖലയിലുള്ള 96 നിയമസഭ മണ്ഡലങ്ങളില്‍ 42 ഇടത്ത് മാത്രമാണ് ബിജെപിക്ക് ജയിക്കാന്‍ സാധിച്ചത്. ബാക്കി 54 സീറ്റുകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇവിടെ തിരിച്ചടി നേരിടുമെന്ന് മുന്‍കൂട്ടി കണ്ടാണ് മോദി നേരിട്ടെത്തി ഈ മേഖലയില്‍ ക്യാമ്പയിന്‍ നടത്തിയത്.
ജാട്ട് വിഭാഗക്കാര്‍ക്കിടയില്‍ ശക്തമായ ബിജെപി വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. കര്‍ഷക സമരം, അഗ്നിപഥ്, ഗുസ്തി താരങ്ങളുടെ സമരം തുടങ്ങിയ വിഷയങ്ങള്‍ ബിജെപിയോട് അകലം പാലിക്കാന്‍ ജാട്ട് വിഭാഗക്കാരെ പ്രേരിപ്പിക്കുന്നുണ്ട്. കര്‍ഷക സമരത്തില്‍ മുന്നില്‍ നിന്നത് ജാട്ട് വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. കര്‍ഷകസമരത്തിനുനേരെ കേന്ദ്രസര്‍ക്കാര്‍ അഴിച്ചുവിട്ട കൊടിയ പോലീസ് മര്‍ദനം ഇവരെ ചൊടിപ്പിച്ചിട്ടുണ്ട്. വിവാദമായ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചെങ്കിലും താങ്ങുവില വര്‍ധിപ്പിക്കുന്നത് അടക്കമുള്ള കര്‍ഷകരുടെ ആവശ്യങ്ങളില്‍ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായിട്ടില്ല. ഇതും ജാട്ട് വിഭാഗക്കാര്‍ക്കിടയില്‍ അമര്‍ഷം ഉടലെടുക്കാന്‍ കാരണമായിട്ടുണ്ട്.
ഇവിടെ കോണ്‍ഗ്രസ് വോട്ട് ചോദിച്ചത് കര്‍ഷക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. സികറില്‍ കര്‍ഷക നേതാവായ സിപിഎം കേന്ദ്രകമ്മിറ്റി അംഗം അമ്രാ റാമിന് അവസരം നല്‍കിയതും കര്‍ഷക വോട്ടുകള്‍ കൈക്കലാക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. മാത്രവുമല്ല, ജാട്ട് വിഭാഗത്തില്‍ നിന്നുള്ളയാളാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് ദൊത്താസാര. ഇദ്ദേഹം, ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് വലിയതോതിലുള്ള പ്രചാരണം നടത്തുന്നുമുണ്ട്.
ജാട്ടുകളെ ചൊടിപ്പിച്ച മറ്റൊരു പ്രധാന വിഷയം ലൈംഗിക ആരോപണം നേരിടുന്ന ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിന സംരക്ഷിക്കുന്ന ബിജെപി നിലപാടാണ്. രാജസ്ഥാന്‍, ഹരിയാന മേഖലകളില്‍നിന്നുള്ള ഗുസ്തി താരങ്ങളില്‍ ഭൂരിഭാഗവും ജാട്ട് വിഭാഗത്തില്‍നിന്നുള്ളവരാണ്. ഇവരുടെ സമരത്തില്‍ കര്‍ഷക നേതാവ് രാകേഷ് ടികായത് അടക്കമുള്ളവര്‍ ഇടപെടാന്‍ പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. ഈ വിഷയം പ്രതികൂലമായി ബാധിക്കും എന്നറിഞ്ഞുകൊണ്ടാണ്, പാരാലിമ്പിക്‌സില്‍ ജാവലിന്‍ ത്രോ വിഭാഗത്തില്‍ രാജ്യത്തിന് വേണ്ടി സ്വര്‍ണം നേടിയ ദേവേന്ദ്ര ജജാരിയയെ ചുരു മണ്ഡലത്തില്‍ നിന്ന് ബിജെപി മത്സരിപ്പിച്ചത്. കായിക താരങ്ങളോട് തങ്ങള്‍ക്ക് മതിപ്പാണെന്ന് ഈ മണ്ഡലത്തിലെത്തി അമിത് ഷാ പ്രസംഗിച്ചതും ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തോടുള്ള ജാട്ട് വിഭാഗത്തിന്റെ അനുഭാവം തണുപ്പിക്കാന്‍ വേണ്ടിയായിരുന്നു. പക്ഷേ, ഈ മണ്ഡലത്തില്‍ 62.98 ശതമാനമാണ് പോള്‍ ചെയ്തത്. കഴിഞ്ഞതവണ ഇത് 68 ശതമാനമായിരുന്നു.
മറ്റൊരു വിഷയം അഗ്നിപഥ് പദ്ധതിയാണ്. ഈ മേഖലയില്‍നിന്ന് വലിയതോതില്‍ യുവാക്കള്‍ സൈന്യത്തില്‍ ചേര്‍ന്നിട്ടുണ്ട്. അഗ്നിപഥിനെതിരെ ആദ്യം സമരം പൊട്ടിപ്പുറപ്പെട്ടതും രാജസ്ഥനിലായിരുന്നു. ജുന്‍ജുനുവില്‍ വലിയതോതിലുള്ള പ്രതിഷേധങ്ങളുണ്ടായി. ഇത് പക്ഷേ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ടായിരുന്നു.
സച്ചിനും ഗെഹ്‌ലോട്ടും 'ഭായി ഭായി'
മറ്റൊന്ന്, രാജസ്ഥാന്‍ കോണ്‍ഗ്രസിനുള്ളില്‍ ഇത്തവണ വലിയ കലഹങ്ങളില്ലെ ന്നതാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ ഉടക്കിനിന്ന സച്ചിന്‍ പൈലറ്റും മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടും തമ്മില്‍ ഇത്തവണ കാര്യമായ ഉരസലില്ല. ജയിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രം മുന്‍നിര്‍ത്തി കളത്തിലിറങ്ങിയ സച്ചിന്‍ അസാമാന്യ സംയമനം പാലിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതികൂലമായി ബാധിച്ചത് ഇവരുടെ പോരായിരുന്നു. അശോക് ഗെഹ്‌ലോട്ട് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ സച്ചിന്റെ അഴിമതിവിരുദ്ധ സമരം ബിജെപിക്കാണു നേട്ടമായത്.
മാത്രവുമല്ല, 2018-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ വോട്ട് ചെയ്ത ഗുജ്ജര്‍ വിഭാഗക്കാര്‍ നിരാശരായതും 2023-ല്‍ തിരിച്ചടിയായി. സച്ചിന്‍ പൈലറ്റിന്റെ ജാതിയായ ഗുജ്ജര്‍ രാജസ്ഥാനില്‍ നിര്‍ണായക ശക്തിയാണ്. ഇവരുടെ വോട്ട് 2023-ല്‍ കൂട്ടത്തോടെ ബിജെപി സ്ഥാനാര്‍ഥികള്‍ക്കാണ് കിട്ടിയത്. ഇത്തവണ ഇവര്‍ കോണ്‍ഗ്രസിനൊപ്പം ഉറച്ചുനില്‍ക്കുന്നുണ്ട്. മാത്രവുമല്ല, സച്ചിന്റെ അനുയായികളെ കോണ്‍ഗ്രസ് ഈ മേഖലയില്‍ സ്ഥാനാര്‍ഥികളാക്കിയിട്ടുമുണ്ട്. അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ടിന് വോട്ട് ചോദിച്ച് സച്ചിന്‍ രംഗത്തിറങ്ങിയത് ഉള്‍പ്പെടെ കോണ്‍ഗ്രസ് ക്യാമ്പില്‍ ആവേശം ഉണര്‍ത്തിയിട്ടുണ്ട്.
മറ്റൊന്ന് രാജ്പുത് വിഭാഗത്തിനിടയിലെ അസ്വസ്ഥതകളാണ്. ബിജെപിക്കൊപ്പം എന്നും ശക്തമായി നിലകൊള്ളുന്ന രജപുത്രര്‍, ഇത്തവണ പിണങ്ങിനില്‍ക്കുകയാണ്. വസുന്ധര രാജെ സിന്ധ്യയെ സംസ്ഥാന ബിജെപി ഒതുക്കുന്നതാണ് ഇവരുടെ പിണക്കത്തിന്റെ കാരണങ്ങളില്‍ ഒന്ന്. മറ്റൊന്ന്, ഗുജറാത്തില്‍ കേന്ദ്രമന്ത്രി പരുഷോത്തം രൂപാല നടത്തിയ വിവാദ പ്രസംഗമാണ്. രാജകുടുംബാംഗങ്ങള്‍ ബ്രിട്ടീഷുകാര്‍ക്ക് വേണ്ടി പണിയെടുത്തവരാണെന്ന രാജ്‌കോട്ട് മണ്ഡലത്തില്‍നിന്ന് മത്സരിക്കുന്ന ഇദ്ദേഹത്തിന്റെ പ്രസംഗം ഗുജറാത്തില്‍ ബിജെപിയെ വലിയരീതിയില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മാപ്പ് പറഞ്ഞിട്ടും പ്രശ്‌നത്തിന് പരിഹാരമായില്ല. ഇദ്ദേഹത്തിനെതിരെ രാജ്പുത് സ്ത്രീകള്‍ നിരാഹാര സമരം നടത്തുന്ന സ്ഥിതിയിലേക്ക് ഗുജറാത്തിലെ കാര്യങ്ങള്‍ മാറി. എന്നാല്‍, പട്ടേല്‍ വിഭാഗത്തിന്റെ പിന്തുണയില്‍ വിശ്വസിക്കുന്ന ബിജെപി, ഗുജറാത്തില്‍ ഈ വിഷയം അത്രകാര്യമായി എടുക്കുന്നില്ല. പക്ഷേ, പ്രതിഷേധത്തിന്റെ അലയൊലികള്‍ രാജസ്ഥാനിലുമെത്തി. ഗുജറാത്തുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ മണ്ഡലങ്ങളില്‍ ഈ വിഷയം ബാധിക്കും. ഇവിടങ്ങളിലെ ഏറ്റവും പ്രബല വിഭാഗം രാജ്പുത് വിഭാഗക്കാരാണ്. 5.4 ശതമാനമാണ് 2011-ലെ സെന്‍സസ് പ്രകാരം ഇവരുടെ രാജസ്ഥാനിലെ ജനസംഖ്യ.
രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ബിജെപി കേന്ദ്രനേതൃത്വം നേരിട്ടാണ് നടത്തുന്നത്. കേന്ദ്രം പറയുന്ന കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണ് സംസ്ഥാന നേതൃത്വത്തിന്റെ റോള്‍. മോദിയും അമിത് ഷായും നിരന്തരമെത്തി റാലികള്‍ നടത്തിയിട്ടും വോട്ടിങ് ശതമാനത്തിലെ കുറവ് ബിജെപിയെ അസ്വസ്ഥരാക്കി. ഭിന്നിച്ചുനില്‍ക്കുന്ന വോട്ടര്‍മാരെ കൂടെനിര്‍ത്താന്‍ ഒരൊറ്റ വഴിയേ അന്നുമിന്നും ബിജെപിക്കറിയൂ. അത് കടുത്ത ഇതരമത വിദ്വേഷം പ്രചരിപ്പിക്കുകയെന്നതാണ്. ഒട്ടുംവൈകാതെ തന്നെ മോദി അതെടുത്തു പ്രയോഗിക്കുകയും ചെയ്തു. ഹിന്ദുത്വ വികാരം ഉയര്‍ത്തിവിട്ട്, രാജസ്ഥാന്റെ മണ്ണില്‍ ഉറങ്ങിക്കിടക്കുന്ന ഫ്രിഞ്ച് ഗ്രൂപ്പുകളെ ഉണര്‍ത്തുക എന്നതാണ് മോദി ലക്ഷ്യമിടുന്നത്.
രാജസ്ഥാന്‍ മാത്രമല്ല മോദി ലക്ഷ്യം വയ്ക്കുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ രാജ്യത്താകെ പോളിങ് ശതമാനം കുറവായിരുന്നു. 102 സീറ്റുകളിലായി ആകെ പോള്‍ ചെയ്തത് 65.5 ശതമാനം വോട്ടാണ്. 2019-നേക്കാള്‍ 4.4 ശതമാനം വോട്ടിന്റെ കുറവ്. ഇത് ആയുധമാക്കി ബിഹാറില്‍ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപിക്ക് അടിപതറി തുടങ്ങിയെന്ന തേജസ്വിയുടെ പ്രസ്താവന മോദിയേയും കൂട്ടരേയും ഉണര്‍ത്തിയിട്ടുണ്ട്.
ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ പൊതുവേ ആദ്യഘട്ടത്തില്‍ വോട്ടിങ് ശതമാനം കുറയാറില്ല. ഇതും ബിജെപിയെ ആകുലപ്പെടുത്തുന്നുണ്ട്. വരാനിരിക്കുന്ന ദിനങ്ങളില്‍ കൂടുതല്‍ അക്രമോത്സുക പ്രസ്താവനകള്‍ ബിജെപിയുടെ ഉത്തരവാദിത്തപ്പെട്ട നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായേക്കാം. മോദി തുടക്കമിട്ടത്, ഇനി ആരൊക്കെ, ഏത് രീതിയില്‍ 'കത്തിക്കും' എന്നുമാത്രമാണ് കാണേണ്ടത്.