Lok Sabha Election 2024

കളര്‍ഫുള്ളായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു, സംസ്ഥാനം മറ്റന്നാള്‍ പോളിങ് ബൂത്തിലേക്ക്

വെബ് ഡെസ്ക്

ഒരു മാസത്തോളം നീണ്ട പരസ്യപ്രചാരണച്ചൂടിന് ആവേശകരമായ കൊട്ടിക്കലാശം. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും മൂന്നു മുന്നണികളുടെയും പ്രവര്‍ത്തകര്‍ ആവേശകരമായ റോഡ് ഷോ നടത്തി അവസാന മണിക്കൂറിലെ പ്രചാരണം കളര്‍ഫുള്ളാക്കി. വൈകിട്ട് ആറുമണിയോടെയാണ് പരസ്യപ്രചാരണത്തിന് അവസാനം കുറിച്ചത്. നാളെ നിശബ്ദ പ്രചാരണത്തിന്റെ ദിനമാണ്. മറ്റെന്നാള്‍ രാവിലെ ഏഴു മുതല്‍ സംസ്ഥാനം പോളിങ് ബൂത്തിലേക്ക് നീങ്ങും.

പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്ന് സംഘഘര്‍ഷം ഒഴിവാക്കാന്‍ വിപുലമായ സന്നാഹങ്ങളാണ് പതിനാല് ജില്ലകളിലും പോലീസ് ഒരുക്കിയത്. എന്നാല്‍ നാലു ജില്ലകളില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. മലപ്പുറത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പോലീസ് ലാത്തി വീശി.

കരുനാഗപ്പള്ളിയിലും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞു നടത്തിയ കല്ലേറില്‍ കരുനാഗപ്പള്ളി എംഎല്‍എ സി ആര്‍ മഹേഷിനും നാലു പോലീസുകാര്‍ക്കും പരുക്കേറ്റു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടി വന്നു. ഇതിനു പുറമേ മാവേലിക്കര, ഇടുക്കി, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലും നേരിയ തോതില്‍ സംഘര്‍ഷമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

പരസ്യപ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് രാവിലെ മുതല്‍ മണ്ഡലങ്ങളില്‍ ഓട്ടപ്പാച്ചിലിലായിരുന്നു സ്ഥാനാര്‍ഥികള്‍. വിട്ടുപോയ സ്ഥലങ്ങള്‍ അവസാന നിമിഷം സന്ദര്‍ശിച്ചും ഉറച്ച വോട്ടുകള്‍ ഒരിക്കല്‍ക്കൂടി ഉറപ്പാക്കിയും നീങ്ങിയ ശേഷം വൈകിട്ട് നാലു മണിയോടെയാണ് കൊട്ടിക്കലാശത്തിനായ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും നീങ്ങിയത്. ആവേശകരമായ റോഡ്‌ഷോയ്‌ക്കൊടുവില്‍ നടന്ന കൊട്ടിക്കലാശത്തിനിടയ്ക്ക് ചിലയിടങ്ങളില്‍ മഴ പെയ്തതും പ്രവര്‍ത്തകരുടെ ആവേശച്ചൂടുനെ ശമിപ്പിച്ചില്ല.

പരസ്യപ്രചാരണം അവസാനിച്ചതോടെ മൂന്നു മുന്നണികളും കണക്കുകൂട്ടലുകളിലാണ്. മുമ്പില്ലാത്ത വിധം വമ്പന്‍ മുന്നേറ്റം കാഴ്ചവച്ച് 20-ല്‍ 20 സീറ്റും നേടുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. അതേസമയം 2019-ല്‍ 19 സീറ്റാണ് തങ്ങള്‍ക്ക് ലഭിച്ചതെങ്കില്‍ ഇക്കുറി അത് 20 തികയും എന്നാണ് കോണ്‍ഗ്രസിന്റെ മറുപടി. മറുവശത്ത് പ്രധാനമന്ത്രി പറഞ്ഞതു പോലെ ഇക്കുറി തങ്ങളുടെ സീറ്റ് എണ്ണം രണ്ടക്കം കടക്കുമെന്നാണ് ബിജെപി അവകാശവാദമുന്നയിക്കുന്നത്. നാളെ വീടുകള്‍ കയറി അവസാനവട്ടം വോട്ട് ഉറപ്പിക്കാനുള്ള ഒരുക്കങ്ങളിലാണ് മുന്നണികള്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും