Lok Sabha Election 2024

തൃശൂരിലെ ഒറ്റക്കൊമ്പന്‍; കേരളത്തില്‍ താമര വിരിയിച്ച് സുരേഷ് ഗോപി

കേരളം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധിയായിരുന്നു തൃശൂരിലേത്

വെബ് ഡെസ്ക്

തൃശൂരില്‍ താമര വിരിയിച്ച്‌ സുരേഷ് ഗോപി. തിരഞ്ഞെടുപ്പു കമ്മിഷന്‍ വിവരങ്ങള്‍ പ്രകാരം, എന്‍ഡിഎ സ്ഥാനാര്‍ഥി 75079 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുന്നു. 409239 വോട്ടാണ് ഇതുവരെ സുരേഷ് ഗോപിക്ക് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാര്‍ 334160 വോട്ട് നേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ കെ മുരളീധരന്‍ 324431 വോട്ട് നേടി. ഇതോടെ സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറന്നു.

പോസ്റ്റല്‍ വോട്ടെണ്ണിയപ്പോള്‍ ഇടതുപക്ഷത്തിനായിരുന്നു ലീഡ്. പിന്നീട് സുരേഷ് ഗോപിയും സുനില്‍കുമാറും തമ്മില്‍ കടുത്ത പോരാട്ടമാണ് നടന്നത്. പിന്നീട്, സുനില്‍ കുമാറിന്റെ വോട്ട് പിന്നോട്ടുപോയി. ലീഡ് പടിപടിയായി ഉയര്‍ത്തിയ സുരേഷ് ഗോപി ഒടുവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

കേരളം ആകാംക്ഷയോടെ കാത്തിരുന്ന ജനവിധിയായിരുന്നു തൃശൂരിലേത്. സംസ്ഥാനത്തെ താര മണ്ഡലങ്ങളിലൊന്ന്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്‍പുതന്നെ തൃശൂരില്‍ പോര് തുടങ്ങിയിരുന്നു. സീറ്റുറപ്പിച്ച ബിജപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്‍പ് തന്ന പ്രചാരണം ആരംഭിച്ചു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിനെതിരെ ജാഥ നയിച്ചുകൊണ്ട് സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിതന്നെ നേരിട്ടെത്തി പ്രചാരണത്തിന് ആവേശം കൂട്ടി. രണ്ടുതവണയാണ ഇത്തവണ മോദി തൃശൂരില്‍ റാലി നടത്തിയത്.

സുരേഷ് ഗോപി

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ എല്‍ഡിഎഫും യുഡിഎഫും പ്രചാരണത്തിലേക്ക് കടന്നു. വിഎസ് സുനില്‍കുമാറിന് വേണ്ടി ചുമരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടു. പാര്‍ട്ടി പ്രഖ്യാപനം വരുന്നതിന് മുന്‍പ് സ്വന്തം നിലയ്ക്ക് പ്രചാരണം ആരംഭിച്ചതിന് എതിരെ സിപിഐയില്‍ വിഎസ് സുനില്‍കുമാറിന് എതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും പരസ്യ പ്രതികരണങ്ങള്‍ നേതത്വം അനുവദിക്കാതിരുന്നത് തുണച്ചു.

വിഎസ് സുനില്‍കുമാര്‍

ടിഎന്‍ പ്രതാപന്‍ തന്നെ വീണ്ടും സ്ഥാനാര്‍ഥിയാകും എന്ന ധാരണയില്‍ യുഡിഎഫുകാരും ചുമരെഴുത്തു നടത്തി. എന്നാല്‍, അപ്രതീക്ഷിതമായി കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി മാറ്റമുണ്ടായി. ടിഎന്‍ പ്രതാപന്റെ വിജയ സാധ്യതയില്‍ സംശയമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തെ മാറ്റി വടകരയില്‍ നിന്ന് കെ മുരളീധരനെ തൃശൂരിലേക്ക് കൊണ്ടുവന്നു. വടകരയില്‍ നിന്ന് മാറ്റിയതില്‍ അമര്‍ഷം വ്യക്തമാക്കിയെങ്കിലും ഒടുവില്‍ മുരളീധരന്‍ തൃശൂരിലെത്തി. പ്രതാപന് വേണ്ടിയെഴുതിയ ചുമരുകള്‍ ഒറ്റരാത്രികൊണ്ട് മാച്ചെഴുതേണ്ടിവന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്.

പിന്നീട് തൃശൂര്‍ കണ്ടത് മൂന്നു മൂന്നണികളുടേയും കാടിളക്കിയുള്ള പ്രചാരണം. സുനില്‍ കുമാറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് മുന്‍തൂക്കം നല്‍കിയെന്ന വിലയിരുത്തലില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകവെയായിരുന്നു തൃശൂര്‍ എംഎല്‍എ പി ബാലചന്ദ്രന്റെ വിവാദ രാമായണ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. രാമനും ലക്ഷ്മണനും സീത പൊറോട്ടയും ഇറച്ചിയും വിളമ്പിക്കൊടുത്തു എന്ന പോസ്റ്റാണ് വിവാദമായത്. പിന്നാലെ, ബാലചന്ദ്രനെതിരെ പാര്‍ട്ടി രംഗത്തെത്തുകയും അദ്ദേഹം മാപ്പു പറയുകയും ചെയ്തു.

ടിഎന്‍ പ്രതാപന്‍

ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടത്തിന്റെ തൂക്കത്തെ കുറിച്ചും വിവാദമുണ്ടായി. തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ, കരുണാകരന്റെ മകളും കെ മുരളീധരന്റെ സഹോദരിയുമായ പത്മജ വേണുഗോപാല്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് കടുത്ത ക്ഷീണമുണ്ടാക്കി. പത്മജയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് കെ മുരളീധരന്‍ രംഗത്തെത്തി. അദ്ദേഹം പത്മജയ്ക്ക് എതിരെ പറഞ്ഞ വാക്കുകള്‍ ബിജെപി പ്രചാരണായുധമാക്കി.

ചുവപ്പിനൊപ്പം നടന്ന തൃശൂര്‍

തൃശൂരിന്റെ മണ്ഡല ചരിത്രം കൂടി പരാമര്‍ശിച്ചു കടന്നുപോകാം. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷമുള്ള തൃശൂര്‍ പാര്‍ലമെന്റ് മണ്ഡലം. പഴയ മുകുന്ദപുരം മണ്ഡലം ഇല്ലാതായപ്പോള്‍, ഇരിങ്ങാലക്കുട തൃശൂരിനൊപ്പം ചേര്‍ന്നു. 2019-ല്‍ ഏഴിടത്തും യുഡിഎഫ് ആധിപത്യമായിരുന്നു.

1952 മുതല്‍ 2019 വരെ നടന്ന പൊതു തിരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാല്‍, തൃശൂര്‍ ചുവപ്പു പുതച്ചുനിന്ന കാലമാണ് കൂടുതലും. കോണ്‍ഗ്രസിന്റെ ഇയ്യുണ്ണി ചാലക്കയ്ക്കായിരുന്നു ആദ്യ വിജയം. 1957-ല്‍ സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പില്‍ തൃശൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കൊപ്പം നിലയുറിപ്പിച്ചു. കെ കൃഷ്ണവാര്യര്‍ ആയിരുന്നു ആദ്യ സിപിഐ എംപി. 1984-ല്‍ പി എ ആന്റണി കോണ്‍ഗ്രസ് ചിഹ്നത്തില്‍ ജയിക്കുന്നതുവരെ മണ്ഡലം സിപിഐയുടെ കുത്തകയായിരുന്നു.

സിപിഎമ്മും സിപിഐയും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴും വിജയം സിപിഐയ്ക്കായിരുന്നു. 1971-ലും 1977-ലും ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേര്‍ക്കുനേര്‍ പോരാടി. 1971-ല്‍ സിപിഎമ്മിന്റെ കെ പി അരവിന്ദാക്ഷനെ സിപിഐ സ്ഥാനാര്‍ഥി സി ജനാര്‍ദനന്‍ പരാജയപ്പെടുത്തി. 1977-ല്‍ അരവിന്ദാക്ഷന്‍ വീണ്ടും സിപിഎം സ്ഥാനാര്‍ഥിയായി. സിപിഐയുടെ കെ എ രാജനായിരുന്നു വിജയിച്ചത്.

1989-ലും 1991-ലും മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. 1996-ലും 1998-ലും വി വി രാഘവനിലൂടെ ഇടതുപക്ഷത്തേക്ക്. 1999-ല്‍ എസി ജോസിനൊപ്പം യുഡിഎഫ് പാളയത്തില്‍. 2004-ല്‍ അതികായനായ സികെ ചന്ദ്രപ്പനെ ഇറക്കി സിപിഐ മണ്ഡലം തിരിച്ചുപിടിച്ചു. 2004 മുതലാണ് ബിജെപി മണ്ഡലത്തില്‍ സാന്നിധ്യം അറിയിച്ചു തുടങ്ങിയത്. അതുവരെ അമ്പതിനായിരത്തിന് മുകളില്‍ വോട്ട് നേടാന്‍ സാധിക്കാതിരുന്ന ബിജെപി, അത്തവണ ആദ്യമായി 72,004 വോട്ട് നേടി. പി എസ് ശ്രീരാമന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ഥി. 3,20,960 വോട്ടായിരുന്നു സികെ ചന്ദ്രപ്പന്‍ നേടിയത്. എ സി ജോസ് നേടിയത് 2,74,999 വോട്ട്. 45,961വോട്ടിന് ചന്ദ്രപ്പന്‍ വിജയിച്ചു.

2009-ല്‍ പിസി ചാക്കോയിലൂടെ മണ്ഡലം വീണ്ടും കോണ്‍ഗ്രസിനൊപ്പം. സിഎന്‍ ജയദേവന്‍ ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. പിസി ചാക്കോ 385,297 വോട്ട് നേടിയപ്പോള്‍, ജയദേവന് ലഭിച്ചത് 360,146 വോട്ട്. മൂന്നാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാര്‍ഥി രമ രഘുനന്ദന് 54,680 വോട്ട്. പിസി ചാക്കോയ്ക്ക് 25,151 വോട്ടിന്റെ വിജയം.

2014-ല്‍ ചാലക്കുടിയില്‍നിന്ന് കെപി ധനപാലന്‍ തൃശൂരിലേക്കും പിസി ചാക്കോ തൃശൂരില്‍നിന്ന് ചാലക്കുടിയിലേക്കും മാറി. തൃശൂരില്‍ എല്‍ഡിഎഫിനുവേണ്ടി സി എന്‍ ജയദേവന്‍ വീണ്ടും ഇറങ്ങി. 2009-ല്‍ പി സി ചാക്കോയോട് തോറ്റ ജയദേവന്‍, ഇത്തവണ വിജയിച്ചുകയറി. രാജ്യത്തെ സിപിഐയുടെ ഏക എംപിയായി മാറി. 38,227വോട്ടിനായിരുന്നു ജയദേവന്റെ വിജയം. 12,75,288 (42.3ശതമാനം) വോട്ട് സിഎന്‍ ജയദേവന്‍ നേടി. ധനപാലന് ലഭിച്ചത് 3,50 982 വോട്ട് (38.1 ശതമാനം). ബിജെപി ആദ്യമായി ഒരു ലക്ഷം വോട്ട് കടന്നു. ബിജെപി സ്ഥാനാര്‍ഥി കെ പി ശ്രീശന് ലഭിച്ചത് 1,02,681 വോട്ട്. (11.2ശതമാനം). 2009-ല്‍ വെറും 6.7 ശതമാനം വോട്ടായിരുന്നു ബിജെപി നേടിയത്. 2014-ല്‍ ഇത് 11.2ശതമാനമായി. ആം ആദ്മി പാര്‍ട്ടിക്കുവേണ്ടി മത്സരിക്കാനിറങ്ങിയ പ്രമുഖ എഴുത്തുകാരി സാറാ ജോസഫിന് 44,638 വോട്ട് ലഭിച്ചു.

2019 മുതലാണ് തൃശൂര്‍ ലോക്സഭ മണ്ഡലം ദേശീയ ശ്രദ്ധയാകര്‍ഷിച്ച് തുടങ്ങിയത്. ഏറെ വൈകിയായിരുന്നു ബിജെപി ആ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി തൃശൂരിലെത്തുന്നു. 2016-ല്‍ രാജ്യസഭ എംപിയായത് മുതല്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സുരേഷ് ഗോപിയുടെ തൃശൂരിലേക്കുള്ള വരവ് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. ശശി തരൂരിന് എതിരായി തിരുവനന്തപുരത്ത് സുരേഷ് ഗോപി മത്സരിക്കുമെന്നായിരുന്നു രാഷ്ട്രീയ പാണന്മാര്‍ പാടിനടന്നത്.

എന്നാല്‍, കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജെപി സുരേഷ് ഗോപിയെ തൃശൂരിലേക്ക് അയച്ചു. ജയദേവനെ മാറ്റി രാജാജി മാത്യു തോമസിനെ ഇറക്കിയിരുന്നു സിപിഐ. ടിഎന്‍ പ്രതാപനെ ഇറക്കി കോണ്‍ഗ്രസ് അതിനോടകം തന്നെ കളം പിടിച്ചിരുന്നു.

പക്ഷേ, പ്രതാപന്റെ പ്രതാപം തകര്‍ക്കാന്‍ സുരേഷ് ഗോപിക്കായില്ല. ഫലം വന്നപ്പോള്‍, അക്ഷരാര്‍ത്ഥത്തില്‍ ബിജെപി ക്യാമ്പ് ഞെട്ടി. 93,633 വോട്ടിന് പ്രതാപന്‍ വിജയിച്ചു. സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 4,15,089 വോട്ട് നേടി (39.8 ശതമാനം) ടിഎന്‍ പ്രതാപന്‍ കോണ്‍ഗ്രസ് കൊടി പാറിച്ചു. ദുര്‍ബല സ്ഥാനര്‍ഥിയെന്ന് വിലയിരുത്തപ്പെട്ടിട്ടും രാജാജി മാത്യു തോമസ് മൂന്നാം സ്ഥാനത്തേക്ക് പോയില്ല. 3,21,456 വോട്ട് (30.9ശതമാനം) നേടി രാജാജി രണ്ടാം സ്ഥാനത്തെത്തി. 2,93,822 ആയിരുന്നു സുരേഷ് ഗോപിയുടെ സമ്പാദ്യം. ബിജെപിക്ക് ലഭിച്ചത് 28.2 ശതമാനം വോട്ട്. സുരേഷ് ഗോപിയും രാജാജി മാത്യു തോമസും തമ്മില്‍ 27,634 വോട്ടിന്റെ വ്യത്യാസം. പ്രതാപനുമായി സുരേഷ് ഗോപിക്ക് 1,21,267 വോട്ടിന്റെ വ്യത്യാസം.

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി