ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാന ഘട്ടത്തിലേക്ക്. കേരളമടക്കം 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഏഴ് മണി വരെയുള്ള കണക്കനുസരിച്ച് 60.96 ശതമാനം പോളിങ്ങാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.
കേരളത്തില്‍ 20, കര്‍ണാടകയില്‍ 14, രാജസ്ഥാനില്‍ 13, ഉത്തര്‍പ്രേദശിലും മഹാരാഷ്ട്രയിലും 13, മധ്യപ്രദേശില്‍ ഏഴ്, അസമിലും ബിഹാറിലും അഞ്ച്, പശ്ചിമ ബംഗാളിലും ചത്തീസ്ഗഡിലും മൂന്ന്, ജമ്മു കശ്മീര്‍, മണിപ്പൂര്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ ഒരു മണ്ഡലത്തിലുമാണ് ഇന്ന് വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയത്. ആകെ 1202 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹാരാഷ്ട്രയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 54.58 ശതമാനമാണ് മഹാരാഷ്ട്രയിലെ പോളിങ് ശതമാനം. 78.97 ശതമാനം രേഖപ്പെടുത്തിയ ത്രിപുരയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ 60 ശതമാനത്തിന് താഴെയാണ് പോളിങ് രേഖപ്പെടുത്തിയത്.
നേരത്തെ മധ്യപ്രദേശിലെ ബെതുല്‍ മണ്ഡലത്തെയും രണ്ടാം ഘട്ടം വോട്ടെടുപ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി അശോക് ബലവി മരിച്ചതോടെ ഇവിടുത്തെ വോട്ടെടുപ്പ് മൂന്നാം ഘട്ടമായ മെയ് ഏഴിലേക്ക് മാറ്റുകയായിരുന്നു. പല പ്രമുഖ നേതാക്കളുടെ ലോക്‌സഭയിലേക്കുള്ള മത്സരവും രണ്ടാം ഘട്ടത്തിലാണെന്ന പ്രത്യേകതയും ഉണ്ടായിരുന്നു. രാഹുല്‍ ഗാന്ധി, കെസി വേണുഗോപാല്‍, ആനി രാജ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഭൂപേഷ് ബാഗേല്‍, അശോക് ഗെഹ്‌ലോട്ടിന്റെ മകന്‍ വൈഭവ് ഗെഹ്‌ലോട്ട്, ഹേമ മാലിനി, അരുണ്‍ ഗോവില്‍, തേജസ്വി സൂര്യ, ഓം ബിര്‍ള തുടങ്ങിയവര്‍ ഇന്ന് ജനവിധി തേടി.
പലയിടങ്ങളിലും ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ അരങ്ങേറി. മഹാരാഷ്ട്രയിവെ നന്ദദില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് ഇരുമ്പ് വസ്തുകൊണ്ട് ഇവിഎം അടിച്ച് തകര്‍ച്ചു. കര്‍ഷകരെ അനുകൂലിക്കുന്ന, തൊഴിലാളികളെ അനുകൂലിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നതാണ് അക്രമത്തിന് കാരണമായി അദ്ദേഹം പോലീസിന് നല്‍കിയ മൊഴി. കേരളത്തിലും പശ്ചിമ ബംഗാളിലെയും ചില ബൂത്തുകളില്‍ വോട്ടിങ് മെഷീന്‍ തകരാറിലാകുകയും കള്ളവോട്ട് നടന്നുവെന്ന ആരോപണം ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മഥുരയിലെ നാല് ഗ്രാമങ്ങളും, രാജസ്ഥാനിലെ ബന്‍സ്വര, മഹാരാഷ്ട്രയിലെ പര്‍ഭാനിയിലും വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു. ത്രിപുരയിലെ ബ്രൂ വോട്ടര്‍മാര്‍ ആദ്യമായി അവരുടെ വോട്ടവകാശം വിനിയോഗിച്ചു. അതേസമയം കര്‍ണാടകയിലെ ബെംഗളൂരു റൂറല്‍ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് സുതാര്യമല്ലെന്ന ആരോപണം ഉന്നയിച്ച് മുന്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി രംഗത്തെത്തി. ക്യു ആര്‍ കോഡുള്ള സമ്മാന കൂപ്പണ്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വോട്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.