ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 57 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഈ ഘട്ടത്തില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ച പോരാട്ടം നടക്കുന്നത് ഡല്‍ഹിയിലാണ്. ഡല്‍ഹിയിലെ ഏഴ് ലോക്‌സഭ മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും. ഉത്തര്‍പ്രദേശില്‍ 14, ബിഹാറിലും ബംഗാളിലും 8 സീറ്റുകള്‍ വീതം, ഒഡീഷയില്‍ 6, ഝാര്‍ഖണ്ഡില്‍ 4, ജമ്മു കശ്മീരിലെ ഒരു മണ്ഡലം എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
889 സ്ഥാനാര്‍ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. പിഡിപി നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തിയാണ് പ്രധാന മുഖം. ജമ്മുവിലെ അനന്ദ്‌നാഗ്-രജൗരി മണ്ഡലത്തില്‍ നിന്നാണ് മെഹ്ബുബ മുഫ്തി മത്സരിക്കുന്നത്. നാഷണല്‍ കോണ്‍ഫറന്‍സിന്റെ മിയാന്‍ അല്‍ത്താഫ് ലാര്‍വിയാണ് മുഫ്തിയുടെ പ്രധാന എതിരാളി. ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. ഹരിയാനയില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഘട്ടറാണ് മറ്റൊരു പ്രധാന സ്ഥാനാര്‍ഥി. കര്‍ണാലില്‍ നിന്നാണ് ഘട്ടര്‍ ജനവിധി തേടുന്നത്. കോണ്‍ഗ്രസിന്റെ ദിവ്യാന്‍ഷു ബുദ്ധിരാജയാണ് എതിര്‍ സ്ഥാനാര്‍ഥി. യുപിയിലെ അസംഘഡില്‍ നിന്ന് എസ്പിയുടെ ധര്‍മേന്ദ്ര യാദവ് ജനവിധി തേടുന്നു. കോണ്‍ഗ്രസിന്റെ കനയ്യ കുമാര്‍, ബിജെപിയുടെ മനോജ് തിവാരി, മനേക ഗാന്ധി, രാജിവച്ച് ബിജെപിയില്‍ ചേര്‍ന്ന കല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി അഭിജിത് ഗംഗോപാധ്യയ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരാണ് ആറാം ഘട്ടത്തില്‍ ജനവിധി തേടുന്ന മറ്റു പ്രമുഖര്‍.
ഡല്‍ഹിയാണ് 'താരം'
ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ തുടക്കം മുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ഡല്‍ഹി, ഈ ഘട്ടത്തില്‍ ജനവിധി രേഖപ്പെടുത്തും. മദ്യനയ അഴിമതി കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഇഡി അറസ്റ്റില്‍ തുടങ്ങിയ വിവാദങ്ങള്‍, എഎപി എംപി സ്വാതി മലിവാളിനെ കെജ്‌രിവാളിന്റെ മുന്‍ പേഴ്‌സണല്‍ സെക്രട്ടറി ബൈഭവ് കുമാര്‍ മര്‍ദിച്ചന്ന പരാതിയില്‍ എത്തിനില്‍ക്കുന്നു. ബിജെപിയും എഎപിയും തമ്മിലാണ് ഡല്‍ഹിയില്‍ പ്രധാന ഏറ്റുമുട്ടല്‍. ഇന്ത്യസഖ്യത്തില്‍ എഎപി നാല് സീറ്റിലും കോണ്‍ഗ്രസ് മൂന്നിലും മത്സരിക്കുന്നു.
ജാമ്യം ലഭിച്ച് പുറത്തെത്തിയ ശേഷം, അരവിന്ദ് കെജ്‌രിവാളാണ് ഡല്‍ഹിയിലും പുറത്തും ഇന്ത്യ സഖ്യത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരകന്‍. കെജ്‌രിവാളിന്റെ അറസ്റ്റും സ്വാതി മലിവാള്‍ കേസും തങ്ങള്‍ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനുള്ള മോദി സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് തന്റെ അറസ്റ്റ് എന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. ഇന്ത്യ സഖ്യത്തിനും എഎപിക്കും വിജയം നേടാനായാല്‍ തനിക്ക് ജയിലിലേക്ക് പോകേണ്ടിവരില്ലെന്ന അരവിന്ദ് കെജ്‌രിവാളിന്റെ പ്രസംഗം ബിജെപി ആയുധമാക്കിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏഴില്‍ ഏഴ് സീറ്റും ബിജെപിക്കായിരുന്നു. കോണ്‍ഗ്രസ് നേതാവ് കനയ്യ കുമാര്‍ മത്സരിക്കുന്ന ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് മണ്ഡലമാണ് ദേശീയതലത്തില്‍ ചര്‍ച്ചയായ മണ്ഡലം. കനയ്യ കുമാറിന്റെ സ്ഥാനാര്‍ഥിത്വത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു. പിസിസി അധ്യക്ഷന്‍ അര്‍വിന്ദ് സിങ് ലവ്‌ലി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസിന് ക്ഷീണമായി.
തിരഞ്ഞെടുപ്പ് കമ്മിഷന്‍ 'എയറില്‍'
ആറാംഘട്ടത്തിലെ അവസാന ലാപ്പില്‍ ഏറെ ചര്‍ച്ചയായത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളായിരുന്നു. താര പ്രചാരകരോട് മിതത്വം പാലിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്കും കോണ്‍ഗ്രസിനും നോട്ടീസ് നല്‍കിയത് വലിയ ചര്‍ച്ചയായി. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വര്‍ഗീയ പരാമര്‍ശത്തിന്മേലാണ് ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടീസ് അയച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് രാജസ്ഥാനില്‍ നരേന്ദ്ര മോദി മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. ഇതിനെതിരെ നടപടി വേണമെന്ന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാല, മോദിയുടെ പേരെടുത്തു പറയാതെ വിശദീകരണം ചോദിച്ച് നഡ്ഡയ്ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. ഇക്കൂട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് എതിരായ ബിജെപി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കും കമ്മിഷന്‍ നോട്ടീസ് നല്‍കി. തുടര്‍ന്ന് ഇരു പാര്‍ട്ടികളും നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഏപ്രില്‍ 25-ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്കും കോണ്‍ഗ്രസിനും നിര്‍ദേശങ്ങള്‍ നല്‍കിയത്.
താരപ്രചാരകര്‍ വര്‍ഗീയപ്രചാരണം നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കമ്മിഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടു. സൈന്യത്തെ രാഷ്ട്രീയവത്കരിക്കരുതെന്നും സേനയുടെ സാമൂഹിക-സാമ്പത്തിക ഘടനയെക്കുറിച്ച് ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും കമ്മിഷന്‍ കോണ്‍ഗ്രസിന് നിര്‍ദേശം നല്‍കി. അഗ്‌നിവീര്‍ പദ്ധതിയെക്കുറിച്ചുള്ള കോണ്‍ഗ്രസിന്റെ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ നിര്‍ദേശം. ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന പ്രചാരണം നടത്തരുതെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോഴും വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ബിജെപിക്ക് അനുകൂലമായി പ്രവര്‍ത്തിക്കുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
പോളിങ് ശതമാനം രേഖപ്പെടുത്തുന്ന ഫോം 17-സിയുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പ് വെബ്സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ നിയമം വ്യവസ്ഥയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍ പറഞ്ഞതും ആറാംഘട്ടത്തിന്റെ അവസാന വേളകളില്‍ കണ്ടു. സ്ഥാനാര്‍ഥികള്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും മാത്രമല്ലാതെ മറ്റാര്‍ക്കും വിവരങ്ങള്‍ നല്‍കേണ്ടതില്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാന്‍ വൈകുന്നത് ചോദ്യം ചെയ്ത സമര്‍പ്പിച്ച ഹര്‍ജിക്ക് മറുപടിയായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.
ബിജെപി സ്വന്തം നിലയില്‍ ശക്തിയാര്‍ജിച്ചെന്നും ഇനി ആര്‍എസ്എസിന്റെ സഹായം വേണ്ടെന്നുമുള്ള പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജെപി നഡ്ഡയുടെ ഇന്ത്യന്‍ എക്‌സ്പ്രസ് അഭിമുഖവും ചര്‍ച്ചയായി. ''തുടക്കത്തില്‍ ഞങ്ങള്‍ക്ക് ശക്തി കുറവായിരുന്നു. ആര്‍എസ്എസിനെ ആവശ്യമായിരുന്നു. ഇന്ന് ഞങ്ങള്‍ വളര്‍ന്നു. ഇന്ന് ഞങ്ങള്‍ ശേഷിയുള്ളവരാണ്. ബിജെപി സ്വന്തമായി പ്രവര്‍ത്തിക്കുന്നു. അതാണ് ഇപ്പോഴുള്ള വ്യത്യാസം,'' എന്നായിരുന്നു നഡ്ഡയുടെ പരാമര്‍ശം.
അശാന്തം, നന്ദിഗ്രാം
ആറാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ബംഗാളിലെ നന്ദിഗ്രാമില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ബിജെപി പ്രവര്‍ത്തക കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം മേഖലയെ വീണ്ടും അശാന്തിയിലാക്കി. കൊലപാതകത്തെ തുടര്‍ന്ന് സോനാചുരയില്‍ വ്യാപക അക്രമങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകളാണ് കൊലപ്പെടുത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. നന്ദിഗ്രാം ഉള്‍പ്പെടുന്ന തംലുക് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നാണ് വോട്ടെടുപ്പ്. വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിനും ബിജെപി പ്രവര്‍ത്തക രതിരണി ആരിയുടെ മരണത്തിനും കാരണമായത്.
വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിനും ബിജെപി പ്രവര്‍ത്തകയുടെ മരണത്തിനും കാരണമായത്. രതിരണിയുടെ മകനും ബിജെപിയുടെ എസ് സി മോര്‍ച്ച നേതാവുമായ സഞ്ജയ് ആരിക്കും ചില ബിജെപി പ്രവര്‍ത്തകര്‍ക്കും സംഘര്‍ഷത്തില്‍ പരുക്കേറ്റിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗ്രാമത്തില്‍ പട്രോളിങ് നടത്തുന്നതിനിടെയാണ് ബിജെപി - ടിഎംസി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടാകുന്നത്. ഇതിനിടെ, മകനെ തിരക്കിയെത്തിയ രതിരണിയ്ക്ക് നേരെയും ആക്രമണം ഉണ്ടാവുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ ഏഴ് പേരെ നന്ദിഗ്രാം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രതിരണി മരിക്കുകയായിരുന്നു.
ഏപ്രില്‍ 19-നാണ് ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. അഞ്ച് ഘട്ടങ്ങളിലും പോളിങ് ശതമാനം കുറവായിരുന്നു. ആദ്യഘട്ടത്തില്‍ 66.14 ശതമാനമായിരുന്നു വോട്ടിങ് ശതമാനം. രണ്ടാംഘട്ടത്തില്‍ 66.71 ശതമാനം. മൂന്നാഘട്ടത്തില്‍ 65.68 ആയിരുന്നു. നാലാംഘട്ടത്തില്‍ 69.16, ആറാംഘട്ടത്തില്‍ 60.48. ജൂണ്‍ ഒന്നിനാണ് തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.