ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ തെറ്റായ വിവരങ്ങള്‍ പരിമിതപ്പെടുത്തുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും നടപടികളുമായി മെറ്റ. ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ത്രെഡ്‌സ് തുടങ്ങിയ ജനപ്രിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ മാതൃസ്ഥാപനമാണ് മെറ്റ.
കമ്പനിയുടെ കീഴില്‍ വരുന്ന വിവിധ ആപ്ലിക്കേഷനുകളില്‍ വരാന്‍ സാധ്യതയുള്ള ഭീഷണികള്‍ ഒഴിവാക്കുന്നതിനും തത്സമയ നടപടികള്‍ സ്വീകരിക്കുന്നതിനുമായി ഇന്ത്യ കേന്ദ്രീകൃത 'ഇലക്ഷന്‍സ് ഓപ്പറേഷന്‍ സെന്റർ' ആരംഭിക്കുമെന്നും മെറ്റ അറിയിച്ചു. ഡാറ്റ സയന്‍സ്, എഞ്ചിനീറിങ്, റിസേർച്ച്, ഓപ്പറേഷന്‍സ്, കണ്ടന്റ് പോളിസി തുടങ്ങിയ വിവിധ മേഖലയില്‍ നിന്നും വിദഗ്ധരെ ഓപ്പറേഷന്‍സ് സെന്ററിന്റെ ഭാഗമാക്കുമെനനും മെറ്റ വ്യക്തമാക്കി.
മെറ്റയുടെ പദ്ധതി
വോട്ടിങ്ങിനെതിരായതോ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതോ ആയ ഉള്ളടക്കം ഉള്‍പ്പെട്ടതും തെറ്റായ വിവരങ്ങളടങ്ങിയതുമായ പോസ്റ്റുകള്‍ ഇതിനോടകം തന്നെ നീക്കം ചെയ്തതായാണ് മെറ്റ പറയുന്നത്. ഒരു മതത്തില്‍പ്പെട്ട വ്യക്തിയെ മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ ഉപദ്രവിച്ചെന്ന തരത്തിലുള്ള തെറ്റായ വിവരങ്ങളുണ്ടെങ്കില്‍ അതും കമ്പനി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനും വസ്തുത പരിശോധിക്കുന്നതിനുമായി സ്വതന്ത്ര വസ്തുതാ പരിശോധകരുടെ സംഘത്തെ വിപുലീകരിക്കാനും തീരുമാനമുണ്ട്. തെറ്റായ വിവരങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്തുന്നതിനായി കീവേഡ് സംവിധാനമായിരിക്കും ഉപയോഗിക്കുക. വസ്തുതാ പരിശോധകർക്ക് ഉള്ളടക്കത്തില്‍ (വിഡിയോ, ഓഡിയോ, ഫോട്ടൊ) മാറ്റം വരുത്തിയതായി മാർക്ക് ചെയ്യാനാകും. ഇത്തരത്തില്‍ മാർക്ക് ചെയ്യപ്പെടുന്ന പോസ്റ്റുകള്‍ ഫീഡില്‍ ഏറ്റവും താഴെയായിട്ടായിരിക്കും ലഭ്യമാകുക.