മഹാരാഷ്ട്രയില്‍ നിന്ന് പരമാവധി ലോക്‌സഭാ സീറ്റ് ലക്ഷ്യമിട്ട് കളത്തിലിറങ്ങുന്ന ബിജെപി തിരഞ്ഞെടുപ്പിനു മുമ്പ് മറ്റൊരു നിര്‍ണായക നീക്കവുമായി രംഗം കൊഴുപ്പിക്കുകയാണ്. ശിവസേനയെ പിളര്‍ത്തി ഉദ്ധവ് താക്കറെയുടെ ചിറകരിഞ്ഞ അവര്‍ ഇപ്പോള്‍ ഉദ്ധവ് ഉയര്‍ത്തിയേക്കാവുന്ന വെല്ലുവിളികള്‍ മുളയിലേ നുള്ളാന്‍ ഉദ്ധവിന്റെ അര്‍ധസഹോദരനും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന(എംഎന്‍എസ്) അധ്യക്ഷനുമായ രാജ് താക്കറെയെ എന്‍ഡിഎ മുന്നണിയിലെത്തിക്കാനാണ് ശ്രമിക്കുന്നത്.
മഹാരാഷ്ട്ര ബിജെപിയിലെ അതികായനും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസാണ് ഈ നീക്കത്തിന് ചരട് വലിക്കുന്നത്. ഫഡ്‌നാവിസുമായുള്ള ആദ്യ ഘട്ട ചര്‍ച്ചകള്‍ക്കു ശേഷം രാജ് താക്കറെ ഡല്‍ഹിയിലെത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഇന്നു തന്നെ എംഎന്‍എസിന്റെ മുന്നണി പ്രവേശന പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
തന്നോട് ഡല്‍ഹിയില്‍ എത്താന്‍ ആവശ്യപ്പെട്ടുവെന്നും അതുപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും പറഞ്ഞ രാജ് താക്കറെ മുന്നണി പ്രവേശനം സംബന്ധിച്ച് പിന്നീട് വ്യക്തമാക്കാമെന്ന് മാധ്യമങ്ങളോടു പറഞ്ഞൊഴിഞ്ഞു. തങ്ങള്‍ എന്നും മറാത്തികളുടെ താല്‍പര്യത്തിന് വേണ്ടിയാണ് നിലകൊണ്ടതെന്നും ബിജെപി സര്‍ക്കാര്‍ മഹാരാഷ്ട്രയ്ക്ക് എന്നും പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ടെന്നും അവര്‍ എന്തു തീരുമാനമെടുത്താലും അത് നല്ലതിനാണെന്നാണ് തങ്ങള്‍ കരുതുന്നതെന്നും പിന്നീട് എംഎന്‍എസ് നേതാവ് സന്ദീപ് ദേശ്പാണ്ഡെ പ്രതികരിച്ചു.
ഫഡ്‌നാവിസിനും ബിജെപി മഹാരാഷ്ട്ര അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ഭവന്‍കുലെയ്ക്കുമൊപ്പമാണ് രാജ് താക്കറെ അമിത് ഷായെ കണ്ടത്. സംസ്ഥാനത്ത് കഴിഞ്ഞ തവണ നേടിയ വന്‍ വിജയം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപിയുടെ പുതിയ നീക്കം. 2019-ല്‍ ബിജെപിയും ശിവസേനയും ഒന്നിച്ചാണ് മഹാരാഷ്ട്രയില്‍ മത്സരിച്ചത്. ഇരു കൂട്ടരും ചേര്‍ന്ന് സംസ്ഥാനത്തെ 48 സീറ്റുകളില്‍ 41 എണ്ണവും തൂത്തുവാരിയിരുന്നു.
പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ജയം ആവര്‍ത്തിച്ചു. ബിജെപി 105 സീറ്റുകള്‍ നേടിയപ്പോള്‍ 56 സീറ്റുകളായിരുന്നു ശിവസേനയ്ക്ക് ലഭിച്ചത്. എന്നാല്‍ അധികാരത്തര്‍ക്കത്തെത്തുടര്‍ന്ന് ബിജെപിയുമായി ഇടഞ്ഞ ശിവസേന എന്‍ഡിഎ വിട്ട് കോണ്‍ഗ്രസും എന്‍സിപിയുമായി കൈകോര്‍ത്ത് മഹാവികാസ് അഘാഡി സഖ്യം രൂപീകരിച്ചു സംസ്ഥാന ഭരണം പിടിച്ചു.
എന്‍സിപിക്ക് 54 സീറ്റുകളും കോണ്‍ഗ്രസിന് 44 സീറ്റുകളുമായിരുന്നു ഉണ്ടായിരുന്നത്. ശിവസേനയുടെ വരവോടെ കേവല ഭൂരിപക്ഷമായ 145 സീറ്റ് എന്ന സംഖ്യ അനായാസം മറികടക്കാന്‍ മഹാവികാസ് അഘാഡി സഖ്യത്തിനായി. എന്നാല്‍ 2022-ല്‍ ബിജെപി നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ ശിവസേന പിളര്‍ന്നു.
ഉദ്ധവിനോട് ഇടഞ്ഞു ബഹുഭൂരിപക്ഷം എംഎല്‍എമാരുമായി 'സംസ്ഥാനം വിട്ട' ഏക്‌നാഥ് ഷിന്‍ഡെയെ കൂട്ടുപിടിച്ച് ബിജെപി അധികാരം സ്വന്തമാക്കി. ഷിന്‍ഡെയെ മുഖ്യമന്ത്രിയുമായി. ഉദ്ധവിന് പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടു. സമാനമായി എന്‍സിപിയിലും വിള്ളലുണ്ടാക്കാന്‍ ബിജെപിക്കായി. അജിത് പവാറിന്റെ നേതൃത്വത്തിലാണ് എന്‍സിപിയെ പിളര്‍ത്തി അടര്‍ത്തി മാറ്റിയെടുത്തത്. ശരദ് പവാറിനു പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടു.
ഇതോടെ മഹാവികാസ് അഘാഡി സഖ്യത്തിനു മേല്‍ വ്യക്തമായ ആധിപത്യം നേടിയ ശേഷമാണ് ഇപ്പോള്‍ ബിജെപി രാജ് താക്കറെയുടെ എംഎന്‍എസിനെക്കൂടി ഒപ്പം കൂട്ടാന്‍ ശ്രമിക്കുന്നത്. ഈ തിരഞ്ഞെടുപ്പില്‍ 48 ലോക്‌സഭാ മണ്ഡലങ്ങളും പിടിച്ചെടുക്കുകയാണ് ബിജെപി ലക്ഷ്യം വയ്ക്കുന്നത്. ഇതോടെ ഇത്തവണ മഹാരാഷ്ട്ര സാക്ഷ്യം വഹിക്കാനൊരങ്ങുന്നത് അത്യന്തം നാടകീയമായ തിരഞ്ഞെടുപ്പിനാണ്.