സർക്കാർ രൂപീകരണത്തിന് ടിഡിപിയുടെയും ജെഡിയുവിന്റെയും പിന്തുണ അനിവാര്യമായ സാഹചര്യത്തിൽ എന്‍ഡിഎ പാർലമെന്ററി പാർട്ടി യോഗത്തിൽ മുന്നണി ഐക്യം ഊന്നിപ്പറഞ്ഞ് നരേന്ദ്ര മോദി. പഴയ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ചേർന്ന യോഗത്തിലെ പ്രസംഗത്തിൽ അനവധി തവണയാണ് മോദി എന്‍ഡിഎയെന്ന് പരാമര്‍ശിച്ചത്. യോഗം എൻഡിഎയുടെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.
മോദിയെന്നും ബിജെപി സര്‍ക്കാര്‍ എന്നും ആവർത്തിക്കുന്നതായിരുന്നു മോദിയുടെ മുൻകാല പ്രസംഗങ്ങളിൽ മിക്കതും. എന്നാല്‍, ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍, മുന്നണിയിലെ പാര്‍ട്ടികളെ പിണക്കിയാല്‍ നിലനില്‍പ്പില്ലെന്ന് മനസിലാക്കിയാണ് മോദിയുടെ പുതിയ പ്രസംഗമെന്നാണ് വിലയിരുത്തൽ.
നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും നരേന്ദ്ര മോദിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭ രൂപീകരണത്തില്‍ കടുത്ത നിബന്ധനകളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, മുന്നണിയെ ഉയര്‍ത്തിക്കാട്ടി മോദിയുടെ പ്രസംഗം. കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിനുശേഷം എന്‍ഡിഎ യോഗത്തിലും രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലും 'ഇത് മോദിയുടെ വിജയം' എന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ, സഖ്യത്തിന്റേത് ഉലയാത്ത ബന്ധമാണെന്നും അതിന്റെ വിജയമാണ് നേടിയതെന്നുമാണ് മോദി ഇന്നത്തെ പ്രസംഗത്തില്‍ പറഞ്ഞത്.
ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ മുന്നണിയാണ് എന്‍ഡിഎ സഖ്യമെന്നു മോദി അവകാശപ്പെട്ടു. എന്‍ഡിഎയുടെ എല്ലാ തീരുമാനങ്ങളും ഒറ്റക്കെട്ടായി എടുക്കണമെന്നും മോദി പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞു. രാത്രിയും പകലമില്ലാതെ പ്രവര്‍ത്തിച്ച എന്‍ഡിഎ സഖ്യത്തിലെ ഓരോ പ്രവര്‍ത്തകര്‍ക്കും അവകാശപ്പെട്ടതാണ് ഇത്തവണത്തെ വിജയമെന്നു മോദി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷമായ ഇന്ത്യ സഖ്യം ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചെന്നും ജയിച്ചെത്തിയ എന്‍ഡിഎ തോറ്റെന്ന് പ്രചരിപ്പിക്കുന്നുവെന്നും മോദി കുറ്റപ്പെടുത്തി.
ദക്ഷിണേന്ത്യയില്‍ എന്‍ഡിഎയ്ക്ക് നേട്ടമുണ്ടായെന്നു പറഞ്ഞ മോദി, കേരളത്തില്‍നിന്ന് ബിജെപിക്ക് ആദ്യമായി എംപിയെ കിട്ടിയെന്നും പറഞ്ഞു. എന്‍ഡിഎയ്ക്ക് പുതി പൂര്‍ണരൂപവും മോദി മുന്നോട്ടുവച്ചു. 'ന്യൂ ഇന്ത്യ, ഡെവലപ്ഡ് ഇന്ത്യ, ആസ്പിരേഷണല്‍ ഇന്ത്യ' എന്നാണ് മോദി എന്‍ഡിഎയ്ക്കു പുതിയ പൂര്‍ണരൂപം നിര്‍ദേശിച്ചിരിക്കുന്നത്.
മുതിര്‍ന്ന ബിജെപി നേതാവ് രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് സഖ്യത്തിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി നിര്‍ദേശിച്ചത്. മറ്റ് അംഗങ്ങള്‍ ഇത് ഐകകണ്‌ഠേന അംഗീകരിച്ചു. തുടർച്ചായി മൂന്നാം തവണയും പ്രധാനമന്ത്രിയായി ഞായറാഴ്ചയാണ് നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്യുന്നത്.
യോഗഹാളിലെത്തിയ മോദി ഭരണഘടനയെ തൊട്ടുവണങ്ങി. 2014-ലും എന്‍ഡിഎ യോഗത്തിന് തൊട്ടുമുന്‍പ് അദ്ദേഹം ഭരണഘടനയെ വണങ്ങിയിരുന്നു. ബിജെപിക്ക് 400 സീറ്റ് ലഭിച്ചാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന ഭയം ജനങ്ങളില്‍ വളര്‍ന്നത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. മാത്രവുമല്ല, ഭരണഘടന ഉയര്‍ത്തിയുള്ള രാഹുല്‍ ഗാന്ധിയുടെ പ്രചാരണം കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. ഇതേത്തുടര്‍ന്നാണ്, ഭരണഘടനയെ വണങ്ങിയുള്ള മോദിയുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തൽ.