നരേന്ദ്ര മോദി, അമിത് ഷാ 
Lok Sabha Election 2024

രാഹുൽ ഗാന്ധിക്ക് മാവോയിസ്റ്റ് ഭാഷ, വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു; കടുപ്പിച്ച് മോദിയും അമിത് ഷായും

രാഹുല്‍ ഗാന്ധി വ്യവസായങ്ങളെയും വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നുവെന്നും മോദി പറഞ്ഞു.

വെബ് ഡെസ്ക്

രാജ്യം അഞ്ചാം ഘട്ട വോട്ടെടുപ്പിന് ഒരുങ്ങുമ്പോള്‍ പ്രതിപക്ഷത്തിനും രാഹുല്‍ ഗാന്ധിക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും. രാഹുല്‍ ഗാന്ധിയെ വ്യക്തിപരമായി അധിക്ഷേപിക്കും വിധവും കോണ്‍ഗ്രസ് ഭരണത്തില്‍ വികസന മുരടിപ്പ് എന്ന ആക്ഷേപം ഉയര്‍ത്തിയുമാണ് ഇരു നേതാക്കളും ഇന്ന് തിരഞ്ഞെടുപ്പ് റാലികളില്‍ സംസാരിച്ചത്.

രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്നത് മാവോയിസ്റ്റ് ഭാഷയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രധാന ആരോപണം. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിക്ഷേപം നടത്താന്‍ ഏതൊരു വ്യവസായിയും 50 വട്ടമെങ്കിലും ചിന്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജംഷദ്പുരിലെ ഘട്ട്ഷിലയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിനും ജെഎംഎമ്മിനും വികസനത്തിന്റെ എബിസി അറിയില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു. ''കോണ്‍ഗ്രസിന്റെ രാജകുമാരന്‍ (രാഹുല്‍ ഗാന്ധി) വ്യവസായങ്ങളെയും വ്യവസായികളെയും നിക്ഷേപങ്ങളെയും എതിര്‍ക്കുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഏത് വ്യവസായിയാണ് നിക്ഷേപം നടത്തുക, അത്തരം സംസ്ഥാനങ്ങളിലെ യുവാക്കള്‍ക്ക് എന്ത് സംഭവിക്കും?'' മോദി ചോദിച്ചു.

വ്യവസായ വിരുദ്ധത പ്രത്യയശാസ്ത്രമാക്കിയ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ വ്യവസായികള്‍ മടിക്കുന്നുവെന്നും മോദി ആരോപിക്കുന്നു. ''രാജകുമാരന്റെ വ്യവസായ വിരുദ്ധവും വ്യവസായി വിരുദ്ധവുമായ പരാമര്‍ശങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും ഇന്ത്യ മുന്നണിയിലെ മുഖ്യമന്ത്രിമാരും വ്യക്തമാക്കണമെന്ന് ഞാന്‍ വെല്ലുവിളിക്കുന്നു. മാവോയിസ്റ്റുകളെ മോദി തുരത്തി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസും ജെഎംഎമ്മും വ്യവസായികളില്‍ നിന്നും ലെവി പിരിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്തു,'' അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ജനങ്ങളെ സംരക്ഷിക്കില്ലെന്നും ദാരിദ്ര്യം ഇല്ലാതാക്കുകയെന്ന (ഗരീബി ഹഠാവോ) മുദ്രാവാക്യം മാത്രമേ അവര്‍ക്കുള്ളുവെന്നും മോദി പറഞ്ഞു. എന്നാല്‍ പാവപ്പെട്ട ഒരു അമ്മയുടെ മകനാണ് താനെന്നും അതുകൊണ്ട് ദാരിദ്ര്യം എന്താണെന്ന് തനിക്കറിയാമെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് തന്നെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കര കയറ്റിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

റായ്ബലേറി മണ്ഡലത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തെയും മോദി പരിഹസിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി പോലും പറയാത്ത 'ഇത് എന്റെ അമ്മയുടെ സീറ്റാണെന്ന്' പറഞ്ഞാണ് രാഹുല്‍ മത്സരിക്കാന്‍ വരുന്നതെന്നും അദ്ദേഹം പറയുന്നു.

''ഇത് അമ്മയുടെ സീറ്റാണെന്നും പറഞ്ഞ് റായ്ബലേറിയില്‍ മത്സരിക്കാന്‍ വയനാട്ടില്‍ നിന്നും കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഓടി വരുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അച്ഛന്‍ പഠിച്ച സ്‌കൂള്‍, അച്ഛന്റെ സ്‌കൂളാണെന്ന് വിദ്യാര്‍ത്ഥികള്‍ പോലും പറയില്ല. അദ്ദേഹത്തിന്റെ അമ്മയും റായ്ബലേറി തന്റെ മകന് കൈമാറുകയാണെന്ന് പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷമായി കുടുംബത്തിന് വേണ്ടി സേവനം ചെയ്യുന്ന ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലും മത്സരിപ്പിക്കാന്‍ കിട്ടിയില്ലേ?'' അദ്ദേഹം പറഞ്ഞു. നിങ്ങള്‍ മക്കള്‍ക്ക് വേണ്ടി ജീവിതകാലം മുഴുവന്‍ സമ്പാദിച്ചത് കോണ്‍ഗ്രസ് തട്ടിയെടുക്കുമെന്നും മോദി റാലിയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പ്രതിപക്ഷ നേതാക്കള്‍ പങ്കെടുക്കാതിരുന്നത് വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭീതിയിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രതികരിച്ചു. ബിജെപിക്ക് ആരെയും പേടിയില്ലെന്നും അലഹബാദ് മണ്ഡലത്തിലെ പ്രചരണത്തിനിടെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമഭക്തര്‍ക്ക് നേരെ വെടിയുതിര്‍ത്തവരും രാമക്ഷേത്രം പണിത പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള യുദ്ധമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്നും അമിത് ഷാ പറഞ്ഞു.

''കോണ്‍ഗ്രസും എസ്പിയും 70 വര്‍ഷത്തോളം രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കാതെ വെച്ചു. കര്‍ സേവകര്‍ക്കെതിരെ എസ്പി സര്‍ക്കാര്‍ വെടിയുതിര്‍ത്തു. നിങ്ങള്‍ മോദിയെ രണ്ടാം തവണയും പ്രധാനമന്ത്രിയാക്കി. രാമക്ഷേത്രത്തിന് വേണ്ടിയുള്ള കേസില്‍ അദ്ദേഹം വിജയിച്ചു. ഭൂമീപൂജയും പ്രതിഷ്ഠാ ചടങ്ങും അദ്ദേഹം നടത്തി,'' അമിത് ഷാ പറയുന്നു. നുഴഞ്ഞുകയറ്റുകാരാണ് പ്രതിപക്ഷത്തിന്റെ വോട്ട് ബാങ്കെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം