തന്റെ തിരഞ്ഞടുപ്പ് പ്രസംഗങ്ങളില്‍ ഹിന്ദു-മുസ്ലിം പരാമര്‍ശങ്ങള്‍ ഒരിക്കലും ഉപയോഗിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. അങ്ങനെ പറയുന്ന തന്റെ പൊതുജീവിതം ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിവരുന്ന നരേന്ദ്ര മോദി, ഈ അവകാശവാദം ഉന്നയിച്ചതിന് പിന്നില്‍ എന്തെങ്കിലും കഴമ്പുണ്ടോ? ഇല്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പരിശോധിച്ചാല്‍ മനസിലാവുക.
നരേന്ദ്ര മോദി മാത്രമല്ല, ബിജെപിയുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളും ഹിന്ദു-മുസ്ലിം പരാമര്‍ശങ്ങള്‍ നിരന്തരം ഉപയോഗിച്ചിട്ടുണ്ട്. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം കോണ്‍ഗ്രസ് മുസ്ലിങ്ങള്‍ക്കു നല്‍കാന്‍ ശ്രമിക്കുന്നുവെന്ന പ്രചാരണമാണ് എല്ലാ പ്രസംഗങ്ങളിലും സ്ഥിരമായി മോദി നടത്തുന്നത്.
''മുസ്ലിങ്ങളെപ്പറ്റി പറയുമ്പോള്‍, നിങ്ങള്‍ അവരെ നുഴഞ്ഞുകയറ്റക്കാര്‍ എന്നും ധാരാളം കുട്ടികളുള്ള ആളുകള്‍ എന്നും വിശേഷിപ്പിച്ചു. എന്തായിരുന്നു അതിന്റെ ആവശ്യം?'' എന്നായിരുന്നു ന്യൂസ് 18 അഭിമുഖത്തില്‍ അവതാരകയുടെ ചോദ്യം. ''എനിക്ക് അത്ഭുതം തോന്നുന്നു. ആരാണ് ഇത് പറയുന്നത്? കൂടുതല്‍ കുട്ടികളുള്ള ആളുകളെക്കുറിച്ച് പറയുമ്പോള്‍, മുസ്ലിങ്ങളെ അതുമായി ബന്ധിപ്പിക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ മുസ്ലിങ്ങളോട് ഈ അനീതി ചെയ്യുന്നത്? മക്കളെ പഠിപ്പിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. മതവിഭാഗങ്ങളെ പരിഗണിക്കാതെ പറഞ്ഞാല്‍, ദാരിദ്ര്യമുള്ളിടത്തെല്ലാം കൂടുതല്‍ കുട്ടികളുണ്ട്,''എന്നായിരുന്നു നരേന്ദ്ര മോദിയുടെ മറുപടി.
അപ്പോള്‍ മുസ്ലിം വിഭാഗവും കൂടുതല്‍ കുട്ടികളുള്ളവര്‍ എന്ന പ്രയോഗവും തമ്മില്‍ ബന്ധമില്ലെന്നാണോ എന്ന അവതരാകയുടെ അടുത്ത ചോദ്യത്തിന് മോദിയുടെ മറുപടി ഇങ്ങനെ: ''ഹിന്ദുവെന്നോ മുസ്ലിമെന്നോ ഞാന്‍ പറഞ്ഞിട്ടില്ല. നിങ്ങള്‍ക്ക് പരിപാലിക്കാന്‍ കഴിയുന്ന കുട്ടികള്‍ മതിയെന്നാണ് ഞാന്‍ പറഞ്ഞത്.''
ഇനി കഴിഞ്ഞ ദിവസങ്ങളിലെ പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ പരിശോധിക്കാം. ഈ പ്രസംഗങ്ങളില്‍ സ്ഥിരമായി അദ്ദേഹം ഹിന്ദു-മുസ്ലിം പരാമര്‍ശം നടത്തിയിട്ടണ്ട്.
മേയ് 13-ഹാജിപൂര്‍ (ബിഹാര്‍)
''ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും മുന്‍ഗണന നിങ്ങളല്ല. അവരുടെ വോട്ട് ബാങ്കാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷിക്കപ്പെട്ട, ജംഗിള്‍ രാജ് ബിഹാറിലേക്കു കൊണ്ടുവന്നയാള്‍ പറയുന്നതു മുസ്ലിങ്ങള്‍ക്ക് സംവരണം നല്‍കണമെന്നാണ്. അതും മൊത്തമായി. അതിനര്‍ത്ഥം ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ സംവരണവും മുസ്ലിങ്ങള്‍ക്കു മാത്രമായിരിക്കും എന്നാണ്.''
അതേദിവസം തന്നെ ഒരിക്കൽ കൂടി ഈ പരാമര്‍ശം നരേന്ദ്ര മോദി ആവര്‍ത്തിച്ചു. ബിഹാറിലെ സരണിലെ വേദിയിലായിരുന്നു പരാമര്‍ശം. ''ഇന്ത്യ സഖ്യം സംവരണം പിന്നാക്കക്കാരില്‍നിന്ന് തട്ടിയെടുത്ത് മുസ്ലിങ്ങള്‍ക്കു നല്‍കുന്നു. അതുകൊണ്ട്, ബിഹാറിലെ എല്ലാ പിന്നാക്കക്കാര്‍ക്കും ഓരോ ദളിതര്‍ക്കും ഓരോ ഗോത്രവര്‍ഗക്കാര്‍ക്കും ഇന്ന് ഞാന്‍ ഒരു ഉറപ്പ് നല്‍കുന്നു, ഈ ജംഗിള്‍ രാജുകാരും കോണ്‍ഗ്രസുകാരും എത്ര ശ്രമിച്ചാലും ദളിതരുടെയും പിന്നാക്കക്കാരുടെയും സംവരണം കൊള്ളയടിക്കാന്‍ മോദി അനുവദിക്കില്ല.''
മേയ് 12: ഹൗറ (ബംഗാള്‍)
ബിഹാറിലെ പ്രസംഗത്തിനു തൊട്ടു തലേദിവസവും മോദി ഈ പരാമര്‍ശം നടത്തി. പശ്ചിമ ബംഗാളിലെ ഹൗറയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി പറഞ്ഞത് ഇങ്ങനെയായിരുന്നു: ''തൃണമൂലിന്റെ എംഎല്‍എമാര്‍ ഹിന്ദുക്കളെ പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇവിടെ ഹിന്ദുക്കള്‍ കുറവാണ്, ഞങ്ങള്‍ ഹിന്ദുക്കളെ ഭാഗീരഥിയില്‍ മുക്കുമെന്ന് അവര്‍ പറയുന്നു. ടിഎംസി അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. പ്രീണനത്തിന്റെ ഒരു തുറന്ന കളി, അത്രയും മനുഷ്യത്വരഹിതമായ മുഖം.''
മേയ് 12: ബരഖ്‌പുര്‍ (ബംഗാള്‍)
അതേദിവസം ബംഗാളിലെ ബരഖ്‌പുരില്‍ നടത്തിയ പ്രസംഗത്തില്‍, ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഹിന്ദുക്കളെ രണ്ടാംതരക്കാരായി കാണുന്നു എന്നായിരുന്നു മോദിയുടെ പ്രസംഗം. ''ഇക്കൂട്ടര്‍ ബംഗാളില്‍ ഹിന്ദുക്കളെ രണ്ടാംകിട പൗരന്മാരാക്കി. എസ് സി, എസ് ടി, ഒബിസി സംവരണം എടുത്തുകളയാന്‍ ഇന്ത്യ സഖ്യം ആഗ്രഹിക്കുന്നു. ഈ സംവരണം മുസ്ലിങ്ങള്‍ക്കു നല്‍കണമെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്,'' മോദി പ്രസംഗിച്ചു.
മേയ് 10 നന്ദര്‍ബര്‍ (മഹാരാഷ്ട്ര)
പത്തിന് മഹാരാഷ്ട്രയിലെ നന്ദര്‍ബറില്‍ നടത്തിയ പ്രസംഗത്തിലും മോദി വിഭാഗീയ പരാമര്‍ശം ആവര്‍ത്തിച്ചു. ''കര്‍ണാടകയിലെ എല്ലാ മുസ്ലിങ്ങളെയും ഒറ്റരാത്രികൊണ്ട് ഒബിസിയാക്കി ഉത്തരവിറക്കി. ഒബിസിക്കു ലഭിക്കുന്ന സംവരണത്തിന്റെ ഏറ്റവും വലിയ ഭാഗം, ഒറ്റരാത്രികൊണ്ട് ഒബിസി ആയവര്‍ കൊള്ളയടിച്ചു,'' എന്നായിരുന്നു മോദിയുടെ പ്രസംഗം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ ഷെയര്‍ ചെയതപ്പോഴാണ് ബിജെപി സമൂഹ മാധ്യമ പേജുകള്‍ ഏറ്റവും കൂടുതല്‍ ഹിന്ദു-മുസ്ലിം പരാമര്‍ശങ്ങള്‍ നടത്തിയിട്ടുള്ളതെന്നതും ശ്രദ്ധേയമാണ്.