തിരഞ്ഞെടുപ്പ് റാലിക്കായി മംഗളുരുവിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഞ്ചാരവഴിയിലെ തേനീച്ചകളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനൊരുങ്ങുകയാണ് മംഗളുരു പോലീസ്. മരങ്ങളിലും കെട്ടിടങ്ങളിലുമുള്ള തേനീച്ചക്കൂടുകൾ സുരക്ഷാകാരണം ചൂണ്ടിക്കാട്ടിയാണ് നീക്കംചെയ്യാൻ പോകുന്നത്. ഏപ്രിൽ 14 നു നിശ്ചയിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ റോഡ് ഷോയും റാലിയും നടക്കുന്ന ഭാഗങ്ങളിലെ തേനീച്ചക്കൂടുകളാണ് നീക്കം ചെയ്യുക.
മംഗളുരു വിമാനത്താവളത്തിൽ പ്രത്യേക ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പ്രധാനമന്ത്രി തുറന്ന വാഹനത്തിൽ സഞ്ചരിക്കാൻ നിശ്ചയിച്ചിരിക്കുന്ന നാരായണ ഹിൽ സർക്കിൾ മുതൽ നവഭാരത സർക്കിൾ വരെയുള്ള ഭാഗത്തെ മരങ്ങളിലെ തേനീച്ചക്കൂടുകൾ നീക്കാൻ മംഗളുരു പോലീസ് വനം വകുപ്പിനോട് അനുമതി തേടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
മരങ്ങളിലേതു കൂടാതെ വിമാനത്താവളം, സർക്കാർ ആശുപത്രികൾ, മംഗളുരു നഗരസഭാ കെട്ടിടം, എസ് ഡി എം ലോ കോളേജ്, സർക്യൂട്ട് ഹൗസ് എന്നിവിടങ്ങളിലെയും കൂടുകൾ നീക്കണമെന്ന ആവശ്യവുമുണ്ട്. വിവിഐപി റൂട്ടാണ് ഈ കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭാഗമെന്നാണ് അധികൃതരുടെ വിശദീകരണം.
എന്നാൽ അധികൃതരുടെ ഈ നീക്കത്തിനെതിരെ ദക്ഷിണ കന്നഡ ജില്ലയിലെ പരിസ്ഥിതിവാദികൾ രംഗത്തുവന്നിരിക്കുകയാണ്. കാലാവസ്ഥ വ്യതിയാനം മൂലം തേനീച്ചകളുടെ നിലനിൽപ് ഭീഷണിയാകുകയും എണ്ണം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ തേനീച്ചക്കൂടുകൾ എടുത്തുമാറ്റുന്നത് ക്രൂരതയാണെന്ന് അവർ വാദിക്കുന്നു. തേനീച്ചകളുടെ പരാഗണസമയമായ ഇപ്പോൾ കൂടുകൾ നശിപ്പിക്കുന്നത് അവയുടെ നിലനില്പിന് ഭീഷണിയാകും. മനുഷ്യരുടെ കയ്യെത്താത്ത അത്രയും ഉയരത്തിലാണ് മരങ്ങളിലോ കെട്ടിടങ്ങളിലോ തേനീച്ചക്കൂടുകൾ കാണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തേനീച്ചകൾ തടസ്സമല്ലെന്നും കൂടുകൾ നശിപ്പിക്കാനുള്ള നീക്കം പ്രധാനമന്ത്രി ഇടപെട്ട് തടയണമെന്നും പരിസ്ഥിതി പ്രവർത്തകർ ആവശ്യപ്പെട്ടു.
"കുറച്ചുനേരത്തേക്കു മാത്രം നീളുന്ന ഒരു റോഡ് ഷോയ്ക്കുവേണ്ടി ഇത്രയും തേനീച്ചക്കൂടുകൾ നശിപ്പിക്കുന്നതു ചിന്തിക്കാനാവില്ല. രാഷ്ട്രീയ ഗിമ്മിക്കിനായി പാവം തേനീച്ചകളുടെ ജീവൻ കുരുതി കൊടുക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. പരിസ്ഥിതി സന്തുലനത്തിൽ നിർണായകസ്ഥാനമാണ് തേനീച്ചകൾക്ക്," പരിസ്ഥിതി പ്രവർത്തകൻ ദിനേശ് ഹോള്ള പറഞ്ഞു
അതേസമയം, പ്രധാനമന്ത്രിയുടെ ഓഫിസിന്റെ നിർദേശപ്രകാരമാണ് തേനീച്ചക്കൂടുകൾ നീക്കംചെയ്യാൻ വനം വകുപ്പിന്റെ അനുമതി തേടിയതെന്നു മംഗളുരു സിറ്റി പോലീസ് കമ്മിഷണർ അറിയിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് ആദ്യമായല്ലെന്നും നിർദേശം പാലിച്ചേ പറ്റൂയെന്നും പോലീസ് വ്യക്തമാക്കി.