ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പൂര്‍ണമായതിനു പിന്നാലെ ഡല്‍ഹി കേന്ദ്രീകരിച്ച് നിര്‍ണായക രാഷ്ട്രീയ നീക്കങ്ങള്‍. ബിജെപിക്ക് ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ സഖ്യകക്ഷികളായ ടിഡിപി, ജെഡിയു എന്നിവരുടെ നിലപാടാണ് ഇന്ത്യന്‍ രാഷ്ട്രീയം ഒറ്റുനോക്കുന്നത്. തങ്ങളുടെ ശക്തി മനസിലായതോടെ ഇരുപാര്‍ട്ടികളും അതിശക്തമായ വിലപേശലിനാണ് തയാറെടുക്കുന്നത്. ഇന്നു ഡല്‍ഹിയില്‍ എന്‍ഡിഎ യോഗവും ഇന്ത്യ മുന്നണി യോഗവും ഉണ്ട്. ബിഹാറില്‍ നിന്ന് ഒര് വിമാനത്തിലാണ് ജെഡിയു നേതാവ് നിതീഷ് കുമാറും ആര്‍എല്‍ഡി നേതാവ് തേജസ്വി യാദവും ഡല്‍ഹിക്ക് പുറപ്പെട്ടത്. നിതീഷ് എന്‍ഡിഎ യോഗത്തിനും തേജസ്വി ഇന്ത്യ സഖ്യയോഗത്തിനുമാണ് എത്തുന്നത്.
എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്നും നിതീഷും ചന്ദ്രബാബു നായിഡുവും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ആന്ധ്ര പ്രദേശിന് പ്രത്യേക പദവി അടക്കം വലിയ ഉപാധികളോടെ ആണ് നായിഡുവിന്‍രെ വരവ്. ഇതുകൂടാതെ, ടിഡിപിക്കും ജനസേവ പാര്‍ട്ടിക്കും സുപ്രധാന വകുപ്പുകള്‍, എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം എന്നിവയാണ് നായിഡു മുന്നോട്ടു വയ്ക്കുന്ന ചില ഉപാധികള്‍. നിതീഷാകട്ടെ തന്റെ ആവശ്യങ്ങള്‍ യോഗത്തിനുള്ളില്‍ വ്യക്തമാക്കാമെന്ന നിലപാടിലാണ്. ഉപപ്രധാനമന്ത്രി പദം അടക്കം ആവശ്യങ്ങളാണ് നിതീഷ് മുന്നോട്ടുവയ്ക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ കെ സി വേണുഗോപാല്‍, കര്‍ണാടകയില്‍ നിന്ന് ഡി കെ ശിവകുമാര്‍ എന്നിവരടക്കം കോണ്‍ഗ്രസ് നേതാക്കളാണ് ടിഡിപി, ജെഡിയു നേതൃത്വവുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നത്.
അതേസമയം, നിതീഷുമായും നായിഡുവുമായും അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇരുവരുമായും പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ഇന്നത്തെ എന്‍ഡിഎ യോഗത്തില്‍ ബിജെപി സ്വീകരിക്കുന്ന നിലപാടിനനുസൃതമായിരിക്കും ഇരുപാര്‍ട്ടികളുടേയും രാഷ്ട്രീയ നീക്കങ്ങള്‍.
ആന്ധ്രയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ടിഡിപി, നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളില്‍ വന്‍ മുന്നേറ്റമാണ് നടത്തിയത്. 16 ലോക്സഭ സീറ്റുകളിലാണ് ടിഡിപി വിജയിച്ചത്. ബിജെപി മൂന്നു സീറ്റിലും വിജയിച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ് നാല് സീറ്റിലാണ് ജയിച്ചത്. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പില്‍ 132 സീറ്റാണ് തെലുങ്കുദേശം പാര്‍ട്ടി നേടിയത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് 16 സീറ്റില്‍ ഒതുങ്ങി. പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടി 20 സീറ്റ് നേടിയപ്പോള്‍ ബിജെപി 7 സീറ്റ് നേടി. ബിഹാറില്‍ ജനതാദള്‍ 12 സീറ്റിലാണ് വിജയിച്ചത്. ബിജെപിയും 12 സീറ്റുകളില്‍ വിജയിച്ചു.