ലോക്‌സഭാ തിരഞ്ഞടുപ്പിന്റെ ആദ്യ ഘട്ടം ഏപ്രില്‍ 19-ന് നടക്കാനിരിക്കെ പ്രചാരണം കൊടുമ്പിരികൊള്ളുകയാണ്. ഏതുവിധേനയും ആകാവുന്നത്ര സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തിലേക്കാണ് എത്താൻ ബിജെപി ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടി പാരമ്പര്യമോ, രാഷ്ട്രീയചരിത്രമോ ഒന്നും പരിഗണിക്കാതെ വിജയസാധ്യതയുള്ള ആളുകളെ മാത്രം നിർത്തുക എന്നതായിരുന്നു ബിജെപിയുടെ സമീപനം. എന്നാൽ ബിജെപി സ്ഥാനാഥികളിൽ നാലിലൊരാൾ പാർട്ടിമാറി വന്നവരാണെന്ന് മനസിലാകും.
ബിജെപി പ്രഖ്യാപിച്ച 417 സ്ഥാനാർഥികളിൽ 116 പേരും, അതായത് 28 ശതമാനം പേരും മറ്റൊരു പാർട്ടിയിൽനിന്ന് ബിജെപിയിലേക്ക് മാറിയവരാണ്. അതിൽ ഏറ്റവും കൂടുതൽ കോൺഗ്രസിൽനിന്ന് വന്നവരാണ്, 37 പേർ.
ഹരിയാനയിലെ ഹോഡലിൽ നിന്നുള്ള എംഎൽഎ ഗയ ലാൽ 1967-ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ചതാണ്. പിന്നീട് കോൺഗ്രസിൽ ചേർന്നു. അടുത്ത പതിനഞ്ച് ദിവസത്തിനുള്ളിൽ ഗയ ലാൽ മൂന്നു തവണയാണ് പാർട്ടി മാറിയത്. 1967 മുതൽ 1983 വരെ 2700 തവണയാണ് നേതാക്കൾ ഹരിയാനയിൽ പാർട്ടി മാറിയത്. അതിൽ പതിനഞ്ച് കൂറുമാറ്റങ്ങൾ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയായിരുന്നു. ഇത്തരത്തിൽ ഒരുപാട് കൂറുമാറ്റങ്ങൾ സംഭവിച്ചതിനെ തുടർന്നാണ് 1985-ൽ കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്നത്.
കൂറുമാറ്റ നിയം നിലവിൽ വന്നെങ്കിലും അതിനെ മറികടക്കാൻ സാധിക്കും. സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടിട്ടുണ്ടെങ്കിലും, നിയമത്തെ മറികടക്കാനുള്ള സാധ്യത ഇപ്പോഴും ബാക്കി നിൽക്കുന്നുണ്ട്. അവിശ്വാസപ്രമേയത്തിൽ കൂറുമാറുന്നതിനു പകരം ഇപ്പോൾ ആളുകൾ സ്വന്തം സംഘടനയിൽനിന്ന് രാജിവച്ച് മറ്റൊരു പാർട്ടിയിലേക്ക് പോയി നിയമപരമായ തടസത്തെ മറികടക്കുകയാണ്.
2016നും 2020നുമിടയിൽ രാജിവച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച 433 എംപിമാരെയും എംഎൽഎമാരെയും പരിഗണിച്ചാൽ അതിൽ 405 പേരും പാർട്ടി മാറിയതാണ്. അതിൽ 182 പേർ, അതായത് 45 ശതമാനവും ബിജെപിയിലേക്കാണ് പോയത്. പാർട്ടിമാറിയ 16 രാജ്യസഭാ എംപിമാരെ പരിഗണിക്കുകയാണെങ്കിൽ അതിൽ 10പേരും, അതായത് 60 ശതമാനം പോയത് ബിജെപിയിലേക്കാണ്.
കൂറുമാറ്റത്തിലൂടെ സർക്കാർ അട്ടിമറിക്കപ്പെട്ട അഞ്ച് സാഹചര്യങ്ങൾ
1. കർണാടക
224 അംഗങ്ങളുള്ള കർണാടക നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് ആവശ്യം. 115 എംഎൽഎമാരുമായി 2018ൽ കോൺഗ്രസ്-ജെഡിഎസ് സർക്കാർ അധികാരത്തിലേറി. എന്നാൽ അടുത്ത 14 മാസത്തിനിടെ കോൺഗ്രസിന്റെ 13 എംഎൽഎമാരും ജെഡിഎസിന്റെ മൂന്ന് എംഎൽഎമാരും രാജിവച്ചു. അങ്ങനെ കേവലഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളുടെ എണ്ണം 105ആയി. ബിജെപിക്കുള്ള എംഎൽഎമാരുടെ എണ്ണമാണെങ്കിൽ കൃത്യം 105. അവർ സർക്കാർ രൂപീകരിച്ചു.
2. മധ്യപ്രദേശ്
കമൽ നാഥ് നേതൃത്വം നൽകുന്ന മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിന്റെ തകർച്ച ആരംഭിക്കുന്നത് കോൺഗ്രസ് നേതാവും എംപിയുമായ ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടതോടെയാണ്. സിന്ധ്യയോട് ആഭിമുഖ്യമുള്ള എംഎൽഎമാരും ആറ് മന്ത്രിമാരും രാജിവച്ച് ബിജെപിയിലേക്ക് പോയി. അതോടുകൂടി കോൺഗ്രസ് സർക്കാർ തകർന്നു. ശേഷം ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകുന്ന സർക്കാർ ഭരണത്തിൽ വന്നു. ഇതിനെല്ലാം പ്രത്യുപകാരമെന്നോണം ജ്യോതിരാദിത്യ സിന്ധ്യ കേന്ദ്ര മന്ത്രിയുമായി.
3. മണിപ്പൂർ
2017ൽ നടന്ന മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 28 സീറ്റുകളിൽവിജയിച്ചു. ബിജെപി 21 സീറ്റുകളിലും. 60 അംഗ നിയമസഭയിൽ 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. ബിജെപിക്കും സഖ്യകക്ഷികൾക്കുമായി ആകെ 30 സീറ്റുകളുണ്ട്. ഭരിക്കാൻ ഒരു സീറ്റുകൂടി ആവശ്യമാണ്. ഒരു കോൺഗ്രസ് എംഎൽഎയുടെ പിന്തുണയോടെ ബിജെപി സർക്കാർ രൂപീകരിച്ചു. ശേഷം എട്ട് കോൺഗ്രസ് എംഎൽഎമാർ അനൗദ്യോഗികമായി ബിജെപിക്ക് പിന്തുണ നൽകി. കൂറുമാറ്റനിരോധ നിയമപ്രകാരമുള്ള നടപടികളിൽ നിന്ന് ഒഴിവാകുന്നതിന് അവർ സഭയിൽ പ്രതിപക്ഷത്ത് തന്നെ ഇരുന്നു, പാർട്ടി മാറിയതുമില്ല.
4. അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശിൽ 2014ൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരിലെ മുഖ്യമന്ത്രിയാണ് പേമ ഖണ്ടു. അദ്ദേഹം പാർട്ടിയിലെ 43 അംഗങ്ങളുമായി 2016ൽ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ (പിപിഎ) എന്ന സംഘടനയിൽ ചേർന്നു. ഈ സംഘടന ബിജെപിയുമായി സഖ്യത്തിലാണ്. ആ വർഷത്തിന്റെ അവസാനത്തോടെ 33 പിപിഎ എംഎൽഎമാർ ബിജെപിയിൽ ചേരുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു. ശേഷം രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു. ഒരു വർഷം കൊണ്ട് നിയമസഭയിൽ 47 അംഗങ്ങളുണ്ടായിരുന്ന കോൺഗ്രസ് സീറ്റുകൾ വെറും ഒന്ന് മാത്രമായി ചുരുങ്ങി.
5. മഹാരാഷ്ട്ര
2019ൽ നടന്ന തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ 105 സീറ്റുകളാണ് ബിജെപിക്കു കിട്ടിയത്. ശിവസേനയ്ക്ക് 56, എൻസിപിക്ക് 54, കോൺഗ്രസിന് 44 എന്നിങ്ങനെയായിരുന്നു ബിജെപി ഇതര കക്ഷികളുടെ സീറ്റ്നില. ബിജെപി ശിവസേന സർക്കാർ രൂപീകരിക്കപ്പെട്ടു. പിന്നീട് അവർ പരസ്പരം പിരിയുകയും കേന്ദ്ര സർക്കാർ രാഷ്‌ട്രപതി ഭരണം പ്രഖ്യാപിക്കുകയുംചെയ്തു. എൻസിപി വിട്ടുവന്ന അജിത് പവാറിന്റെയും സംഘത്തിന്റെയും പിന്തുണയോടെ ബിജെപി വീണ്ടും സർക്കാർ രൂപീകരിച്ചു. പക്ഷെ ആ സർക്കാർ 80 മണിക്കൂറുകൾ മാത്രമേ നിലനിന്നുള്ളു. സർക്കാർ തകർന്നു.
ശിവസേനയും എൻസിപിയും കോൺഗ്രസും ചേർന്നുകൊണ്ട് 2022 ജൂണിൽ മറ്റൊരു സർക്കാർ രുപീകരിച്ചു. 2022 ജൂണിൽ ഏക്നാഥ് ഷിൻഡെ ശിവസേന വിട്ട് ബിജെപിസഖ്യത്തോടൊപ്പം ചേർന്ന് സർക്കാർ രൂപീകരിച്ചു. ഷിൻഡെ മുഖ്യമന്ത്രിയും മുൻമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയുമായി.
ഈ സംഭവങ്ങളൊക്കെ പരിശോധിച്ചാൽ, കൂറുമാറ്റനിരോധന നിയമം എന്ന സുപ്രധാന നിയമം അടിയന്തരമായി പുതുക്കേണ്ടതുണ്ട് എന്ന് മനസിലാക്കാൻ സാധിക്കും. ഇത്തരം രീതികളെ പ്രതിരോധിക്കാൻ ഈ നിയമത്തിന് സാധിക്കാത്തതും ഈ കാരണങ്ങൾ കൊണ്ടാണ്.