ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ആരെ ജയിപ്പിക്കുമെന്ന ചോദ്യം പ്രചാരണം ശക്തമാകുന്നതിനു മുമ്പ് തന്നെ സജീവമാണ്. പ്രത്യേകിച്ച്, കഴിഞ്ഞ തവണത്തേതിൽനിന്ന് വ്യത്യസ്തമായി ഇടതുപക്ഷവും കോൺഗ്രസും തമ്മിൽ നിരവധി മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം പ്രതീക്ഷിക്കുമ്പോൾ. ഈ സാഹചര്യത്തിൽ ഏതു വിവാദവും വലിയ തോതിൽ തിരഞ്ഞെടുപ്പിനെയും രാഷ്ട്രീയപാർട്ടികളെയും ബാധിക്കാൻ സാധ്യതയുണ്ട്.
ശബരിമല യുവതീപ്രവേശം, കേരളത്തിൽ മത്സരിക്കാനുള്ള രാഹുൽഗാന്ധിയുടെ തീരുമാനം തുടങ്ങിയ ഘടകങ്ങൾകൊണ്ട് 2019ൽ ലഭിച്ച തിരിച്ചടിയിൽനിന്ന് പാഠമുൾക്കൊണ്ട് കേരളത്തിൽനിന്ന് പരമാവധി സീറ്റ് എന്ന ലക്ഷ്യവുമായാണ് ഇടതുമുന്നണി ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 2019 ലെ സാഹചര്യം ഇത്തവണയില്ലെന്നതും കാര്യമായ വിവാദങ്ങളിലൊന്നും പെടാത്തതും തിരഞ്ഞെടുപ്പിന് നേരത്തെ തന്നെ സജ്ജമായതും ആദ്യഘട്ടത്തിൽ ഇടതുമുന്നണിക്ക് മേൽക്കൈ നൽകിയിരുന്നു. യുഡിഎഫ് ക്യാമ്പ് സജ്ജമല്ലെന്നതും ഇടതുമുണിയുടെ ആത്മവിശ്വാസം കൂട്ടി. ഇത് പ്രതിഫലിക്കുന്നതായിരുന്നു കരുത്തരെ അണിനിരത്തിയുള്ള സ്ഥാനാർഥിപ്പട്ടികയും അത് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചതും. ഒരു പോളിറ്റ് ബ്യൂറോ അംഗം, നാല് കേന്ദ്ര കമ്മിറ്റി അംഗങ്ങൾ, മൂന്ന് ജില്ലാ സെക്രട്ടറിമാർ എന്നിവർ ഉൾപ്പെടെ മുതിർന്ന നേതാക്കളുമായി സിപിഎമ്മും ദേശീയ എക്സിക്യൂട്ടീവ് അംഗം ആനിരാജ, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ ഉൾപ്പടെ സിപിഐയും കരുത്തരെയാണ് ഇത്തവണ രംഗത്തിറക്കിയിരിക്കുന്നത്.
തുടർച്ചയായി സമ്മർദ്ദത്തിൽ നിന്നിരുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ പോന്ന ഒരു പിടിവള്ളിയാണ് പത്മജയുടെ ബിജെപി പ്രവേശം
പ്രചാരണത്തിലെ മേൽക്കൈ വളരെ പെട്ടെന്നു തന്നെ ഇടതുമുന്നണിക്ക് നഷ്ടമാകുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണവും വന്യജീവി ആക്രമണങ്ങളിൽ ആളുകൾ മരിക്കുന്നതും തിരഞ്ഞെടുപ്പ് നേട്ടത്തെ ബാധിക്കുന്ന തരത്തിൽ ഇടതുപക്ഷത്തെ പ്രതിസന്ധിയിലാക്കിയിരുന്നു. പിന്നാലെ സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയതും ഇടതുമുന്നണിയെ ബാധിച്ചു. എന്നാൽ എൽഡിഎഫ് വീണ്ടും ട്രാക്കിലേക്ക് വരുന്നതിന്റെ സൂചനകളാണ് ഇപ്പോൾ പ്രകടമാകുന്നത്.
13,600 കോടിരൂപ വായ്പയെടുക്കാൻ കേരളത്തിന് സുപ്രീംകോടതി അനുമതി നൽകിയതോടെ ക്ഷേമപെൻഷനും സർക്കാരുദ്യോഗസ്ഥരുടെ ശമ്പളവും പെൻഷനും നൽകി രംഗം തൽക്കാലത്തേക്ക് ശാന്തമാക്കാൻ ഇടതുപക്ഷത്തിന് സാധിക്കും. അപ്പോഴും വന്യജീവി അക്രമണമുൾപ്പെടെയുള്ള പ്രശ്നം ഇടതുപക്ഷത്തിനു മുന്നിൽ കീറാമുട്ടിയായി നിലനിൽക്കുകയായിരുന്നു. ഇതിൽനിന്ന് എങ്ങനെ ശ്രദ്ധ തിരിക്കുമെന്ന് ചന്തിച്ചിരുന്ന ഇടതുപക്ഷത്തിനും സിപിഎമ്മിനും മുന്നിലേക്കാണ് ഏറ്റവുമൊടുവിൽ കോൺഗ്രസ് നേതാവും കെ കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്നുവെന്ന വിവരം പുറത്തുവരുന്നത്.
തുടർച്ചയായി സമ്മർദ്ദത്തിൽ നിന്നിരുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ പോന്ന ഒരു പിടിവള്ളിയാണ് പത്മജയുടെ ബിജെപി പ്രവേശം. പത്മജ സാധാരണ കോൺഗ്രസ് നേതാവല്ല. മറിച്ച് മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന കെ കരുണാകരന്റെ മകളാണ്. അത്തരമൊരാൾ പാർട്ടി വിട്ട് ശത്രുപാളയത്തിലെത്തിയത് കോൺഗ്രസിന് നൽകിയ ക്ഷീണം ചെറുതല്ല. പത്മജ മാത്രമല്ല, സംസ്ഥാനത്തെ കോൺഗ്രസിലെ പലരും പോകുമെന്നും ബിജെപിക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാൻ കഴിയില്ലെന്നുമുള്ള പ്രചാരണം സിപിഎം സജീവമാക്കിക്കഴിഞ്ഞു. ടിപി ചന്ദ്രശേഖരൻ വധത്തെത്തുടർന്ന് രണ്ട് തവണ നഷ്ടപ്പെട്ട വടകര സീറ്റ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലും പത്മജയുടെ കൂടുമാറ്റം സിപിഎമ്മിന് നേട്ടമായേക്കും. സംസ്ഥാനത്ത് ഏറ്റവും ചൂടുപിടിച്ച മത്സരം പ്രതീക്ഷിക്കുന്ന മണ്ഡങ്ങളിലൊന്നായ വടകരയിൽ സിപിഎം സ്ഥാനാർഥി കെ കെ ശൈലജയെ നേരിടുന്നത് പത്മജയുടെ സഹോദരനും സിറ്റിങ് എംപിയുമായ കെ മുരളീധരനാണ്. പത്മജയ്ക്കു പിന്നാലെ മുരളീധരനും ബിജെപിയിൽ പോകുമെന്ന പ്രചാരണം ഇടത് സൈബർ ക്യാമ്പുകളിൽനിന്ന് ഉൾപ്പെടെ വ്യാപകമായി ഉയർന്നു കഴിഞ്ഞു.
പത്മജയുടെ ബിജെപി പ്രവേശം സംഭവിച്ചില്ലായിരുന്നെങ്കിൽ, വന്യജീവി ആക്രമണങ്ങൾ, സിദ്ധാർത്ഥന്റെ മരണം, സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകിയത് എന്നിവ ഈ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കെതിരായ ട്രെൻഡായി മാറുമായിരുന്നോ? എന്താണ് അതിനുള്ള സാധ്യതകൾ? അക്കാര്യങ്ങൾ വിശദമായി പരിശോധിക്കാം.
വന്യജീവി ആക്രമണം
തിരഞ്ഞെടുപ്പ് അന്തരീക്ഷത്തിൽ ലഭിച്ച മേൽക്കൈ ഇടതു മുന്നണിയെ കൈവിട്ടു തുടങ്ങിയത് വന്യജീവി ആക്രമണങ്ങളിൽ ജനങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നതിൽ സർക്കാർ നിസഹായമായതോടെയാണ്. അത് ആരംഭിക്കുന്നത് ഫെബ്രുവരി 10ന് വയനാട്ടിലെ പടമല പനച്ചിയിൽ അജീഷ് എന്ന വ്യക്തി കാട്ടാന ആക്രമണത്തിൽ മരിച്ചത് മുതലാണ്. എന്നാൽ ഒരിടവേളയ്ക്കു ശേഷം കാട്ടാന ആക്രമണത്തിൽ മരിക്കുന്ന ആദ്യ വ്യക്തിയല്ല അജീഷ്. ജനുവരി 31ന് ലക്ഷ്മണനും ഡിസംബർ ഒൻപതിന് പ്രജീഷും നവംബർ നാലിന് ചോളമല കുഞ്ഞവറാനും മരിച്ചിട്ടുണ്ട്. പക്ഷേ വന്യജീവി ആക്രമണത്തിൽ മനം മടുത്ത് ജനം തെരുവിലിറങ്ങുന്ന സാഹചര്യത്തിലേക്ക് അജീഷിന്റെ മരണം നയിച്ചുവെന്നതാണ് ആ സംഭവത്തെ പ്രധാനപ്പെട്ടതായി കണക്കാക്കാനുള്ള കാരണം.
വന്യജീവി ആക്രമണങ്ങൾ അജീഷിൽ അവസാനിക്കുകയായിരുന്നില്ല, അത് അജീഷിൽ നിന്ന് പിന്നിലേക്കും മുന്നിലേക്കും നീളുകയായിരുന്നു. കഴിഞ്ഞ ദിവസം കോതമംഗലത്ത് വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയതും കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പാളാട്ടിൽ അബ്രഹാം മരിച്ച സംഭവവും ഇന്നുവരെ കണ്ടിട്ടില്ലാത്തതരം സമരങ്ങളിലേക്കാണ് നയിച്ചത്. കോതമംഗലത്ത് മൃതദേഹവുമായി നാട്ടുകാർ തെരുവിലിറങ്ങി. വന്യജീവി ആക്രമണങ്ങൾ സർക്കാരിനെതിരായ ആയുധമായി സമർഥമായി ഉപയോഗപ്പെടുത്താൻ കോൺഗ്രസ് ഓരോ തവണയും ശ്രമിച്ചിരുന്നു എന്നതാണ് ഇതിന്റെ മറുഭാഗം. കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് മൃതദേഹം പിടിച്ചുവാങ്ങിയാണ് കോതമംഗലത്ത് പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്.
ആളുകളുടെ വീട് തകർക്കപ്പെടുന്നതും കൃഷി നശിപ്പിക്കുന്നതുമായിരുന്നു ആ സമയത്ത് പ്രശ്നമെങ്കിൽ, ഇപ്പോൾ ആളുകൾക്ക് തുടർച്ചയായി ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നുവെന്നത് സർക്കാരിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്
വന്യജീവി ആക്രമണം എല്ലാകാലത്തും കേരളത്തിന്റെ മലയോരപ്രദേശങ്ങളിലെ ജനങ്ങൾ ഒരു പ്രശ്നമായി ഉയർത്തിക്കാണിക്കുന്നതാണ്. വീടും കൃഷിയിടവും ഇല്ലാതാക്കിയ അരിക്കൊമ്പനെ നാടുകടത്തിയിട്ട് അധികകാലമൊന്നുമായിട്ടില്ല. പക്ഷേ അന്നത്തേക്കാളും പ്രശ്നങ്ങളിലേക്കാണ് ഇപ്പോൾ വന്യജീവി ആക്രമണം ചെന്നെത്തുന്നത്.
ആളുകളുടെ വീട് തകർക്കപ്പെടുന്നതും കൃഷി നശിപ്പിക്കുന്നതുമായിരുന്നു ആ സമയത്ത് പ്രശ്നമെങ്കിൽ, ഇപ്പോൾ ആളുകൾക്ക് തുടർച്ചയായി ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നുവെന്നത് സർക്കാരിനെ വലിയ തോതിൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. വയനാട് മാനന്തവാടിയിൽ ബേലൂർ മഖ്‌ന എന്ന ആന അജീഷിനെ അക്രമിക്കുന്നതിലൂടെയാണ് സംഗതികൾ കൂടുതൽ സങ്കീർണമാക്കുന്നത്. അന്ന് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍തന്നെ ആളുകൾ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരുന്നു.
പിന്നീട് ഫെബ്രുവരി 17ന് കുറുവാദ്വീപിലെ സുരക്ഷാ ജീവനക്കാരനായ വെള്ളച്ചാൽ പോൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെടുന്നു. ഒരാഴ്ചയുടെ വ്യത്യാസത്തിൽ നടന്ന ഈ മരണം മറ്റൊരു വലിയ പ്രതിഷേധത്തിലേക്കാണ് കാര്യങ്ങളെ എത്തിച്ചത്. പോളിന്റെ മൃതദേഹവുമായി ആളുകൾ പുൽപ്പള്ളി ടൗണിൽ കുത്തിയിരുന്നു. ഫോറസ്റ്റ് ജീപ്പിനു മുന്നിൽ കടുവ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം കെട്ടിവയ്ക്കുന്നതുവരെ ആ പ്രതിഷേധം നീണ്ടു.
ജനുവരി 31ന് കൊല്ലപ്പെട്ട ലക്ഷ്മണയെയും കൂടി കണക്കിലെടുത്താൽ 17 ദിവസത്തിനുള്ളിൽ വയനാട്ടിൽ മാത്രം മൂന്നു പേർ കാട്ടാന ആക്രമണത്തിൽ മരിച്ചു. അടുത്ത ആക്രമണം നടക്കുന്നത് മൂന്നാറിലാണ്. ഫെബ്രുവരി 26ന് കാട്ടാന ഓട്ടോറിക്ഷ ആക്രമിക്കുന്നു. ഡ്രൈവറുൾപ്പെടെ നാലുപേരുണ്ടായിരുന്ന ഓട്ടോറിക്ഷയിൽനിന്ന് തെറിച്ചുവീണ ഡ്രൈവർ മണിയാണ് കൊല്ലപ്പെട്ടത്. മണിയെ ആന തുമ്പിക്കയ്യിൽ കോരിയെടുത്ത് എറിയുകയായിരുന്നു. തലയ്ക്കു ഗുരുതരമായ പരുക്കേറ്റ മണി തൽക്ഷണം മരിച്ചു. ഇതിനെല്ലാമൊടുവിലാണ് കഴിഞ്ഞ ദിവസം കോതമംഗലത്ത് വീട്ടമ്മ കാട്ടാന ആക്രമണത്തിലും കോഴക്കോട് കക്കയത്ത് പാലാട്ടില്‍ അബ്രഹാം കാട്ടുപോത്തിന്റെ ആക്രമണത്തിലും കൊല്ലപ്പെടുന്നത്.
ഇത്തരം സംഭവങ്ങൾ സാധാരണ ജനങ്ങളെ നേരിട്ട് ബാധിക്കുന്നതായതിനാലും വൈകാരിക വിഷയമായതിനാലും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പ്.
സിദ്ധാർത്ഥന്റെ മരണം വലിയ ചർച്ചയിലേക്കാണ് കേരളത്തെ എത്തിച്ചത്. ആത്മഹത്യയല്ലാതെ മറ്റു വഴികളില്ല എന്ന അവസ്ഥയിലേക്ക് ഒരു വിദ്യാർഥിയെ എത്തിച്ചത് ദിവസങ്ങൾ നീണ്ട അപമാനവും ആക്രമണവുമാണ്
സിദ്ധാർത്ഥന്റെ മരണം
വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിയായ സിദ്ധാർത്ഥന്റെ മരണമാണ് സർക്കാരിനും സിപിഎമ്മിനുമെതിരെ ഉയരുന്ന മറ്റൊരു പ്രധാനപ്പെട്ട ആരോപണം. ശക്തമായ റാഗിങ്ങും ശാരീരികവും മാനസികവുമായ പീഡനങ്ങളും അനുഭവിച്ച് ഒടുവിൽ ആത്മഹത്യ ചെയ്ത സിദ്ധാർത്ഥന്റെ മരണം കേരളം മുഴുവൻ ചർച്ചയായി. സിദ്ധാർത്ഥനെ ആക്രമിച്ച സംഘത്തിൽ നാലുപേർ എസ്എഫ്ഐ അംഗങ്ങളാണ് എന്നതാണ് വിവാദങ്ങൾ ശക്തമാക്കിയത്. എസ്എഫ്ഐയുടെ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമുൾപ്പെടെയുള്ളവരാണ് ഈ നാലുപേർ. ഒടുവിൽ പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ സിദ്ധാർത്ഥൻ നേരിട്ട അതിതീവ്രമായ ആക്രമണത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് പറയുന്നത്.
സിദ്ധാർത്ഥന്റെ മരണം വലിയ ചർച്ചയിലേക്കാണ് കേരളത്തെ എത്തിച്ചത്. ആത്മഹത്യയല്ലാതെ മറ്റു വഴികളില്ല എന്ന അവസ്ഥയിലേക്ക് ഒരു വിദ്യാർഥിയെ എത്തിച്ചത് ദിവസങ്ങൾ നീണ്ട അപമാനവും ആക്രമണവുമാണ്. ഒരു പെൺകുട്ടിയോട് അപമര്യാദയായിപെരുമാറിയെന്ന ആരോപണത്തെ തുടർന്നാണ് സിദ്ധാർത്ഥൻ ഹോസ്റ്റലിൽ പരസ്യവിചാരണയ്ക്കും ആക്രമണങ്ങൾക്കും വിധേയനായതെന്നാണ് വിദ്യാർഥികൾ നൽകുന്ന വിവരങ്ങളിൽനിന്നും കോളേജ് പുറത്തുവിട്ട ആഭ്യന്തര പരാതി പരിഹാര സെല്ലിന്റെ റിപ്പോർട്ടിൽനിന്നും വ്യക്തമാക്കുന്നത്.
ഒരു പെൺകുട്ടിയോട് ഒരാൾ അപമര്യാദയായി പെരുമാറിയെങ്കിൽ, പ്രത്യേകിച്ച് അത് ഒരു കോളേജിലാണെങ്കിൽ ആദ്യം ചെയ്യേണ്ടുന്ന കാര്യം പരാതി നൽകുകയാണെന്നിരിക്കെയാണ് നാട്ടിലേക്കുപോയ സിദ്ധാർത്ഥനെ തിരിച്ചു വിളിച്ച് ഹോസ്റ്റലിൽ വച്ച് ആക്രമിക്കുന്നത്. ഫെബ്രുവരി 12നാണ് സിദ്ധാർത്ഥൻ വിദ്യാർഥിയോട് അപമര്യാദയായി പെരുമാറിയെന്ന് പറയപ്പെടുന്നത്. സിദ്ധാർത്ഥൻ തന്റെ വീട്ടിലേക്കു പോകുന്നത് ഫെബ്രുവരി 15നാണ്. കോഴിക്കോട് നിന്ന് ട്രെയിൻ കയറിയ സിദ്ധാർത്ഥൻ എറണാകുളത്തെത്തിയപ്പോൾ കോളേജിൽ നിന്നും മറ്റു വിദ്യാർത്ഥികളുടെ വിളി വന്നു.
കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് അനുസരിച്ച്, ഈ പെൺകുട്ടിയുമായുള്ള പ്രശ്നം പരാതി നൽകാതെ ഹോസ്റ്റലിൽ പരസ്യവിചാരണ ചെയ്തു പരിഹരിക്കാമെന്ന തീരുമാനത്തിലാണ് കുട്ടികൾ സിദ്ധാർത്ഥനെ തിരിച്ചു വിളിച്ചത്. തിരിച്ചുചെന്ന സിദ്ധാർത്ഥനെ 16,17 തീയതികളിൽ അതിതീവ്രമായ പീഡനത്തിനിരയാക്കി. നഗ്നനാക്കി കോളേജിന്റെ നടുത്തളത്തിലിറക്കി നിർത്തി ബെൽറ്റുകൊണ്ടും വയറുകൾ കൊണ്ടും മർദ്ദിച്ചു. ശേഷം 18ന് സിദ്ധാർത്ഥൻ ആത്മഹത്യ ചെയ്തു.
ഈ സംഭവത്തിൽ പ്രതികളായ 18 പേരിൽ നാലു പേരും എസ്എഫ്ഐ ഭാരവാഹികളാണെന്നത് എസ്എഫ്ഐയെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി. ആ നാലുപേരിൽ എസ്എഫ്ഐയുടെ യൂണിറ്റ് പ്രസിഡന്റും സെക്രട്ടറിയുമുൾപ്പെടും. ഇത് എസ്എഫ്ഐയെ ചെറിയ തരത്തിലൊന്നുമല്ല പ്രതിരോധത്തിലാക്കിയത്. അതുവഴി സിപിഎമ്മിനെയും സർക്കാരിനെയും.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞാണ് അത് പുറത്തുവന്നതെന്നതും കുറ്റക്കാരെ സംരക്ഷിക്കുന്ന സമീപനമാണ് സർവകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും ആരോപണമുയർന്നു. ഒടുവിൽ കേരളമൊന്നാകെ പ്രതിഷേധിക്കുന്ന നിലയിലേക്കും വൈസ് ചാൻസലറെ ഗവർണർ സസ്പെൻഡ് ചെയ്യുന്നതിലേക്കും കാര്യങ്ങളെത്തിയതോടെ സർക്കാറും സിപിഎമ്മും പ്രതിരോധത്തിലായി.
സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ അത് സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് കേരളത്തിന്റെ ചരിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നത്
ശമ്പളം കിട്ടാത്ത സർക്കാർ ഉദ്യോഗസ്ഥർ
ഈ പ്രശ്നങ്ങളുടെ ഇടയിലാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം വൈകിയെന്ന വാർത്ത പുറത്തുവരുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കടുത്തതോടെയാണ് ശമ്പളം വൈകുന്ന സ്ഥിതിയുണ്ടായത്. ട്രഷറി അക്കൗണ്ടിൽ ശമ്പളം എത്തിയിട്ടുണ്ടെന്നു കാണിച്ചെങ്കിലും തുക ബാങ്കിലേക്കു കൈമാറാനോ പണമായി പിൻവലിക്കാനോ ജീവനക്കാർക്ക് കഴിഞ്ഞിരുന്നില്ല.
ധനപ്രതിസന്ധി നീങ്ങാത്തതിനാൽ ട്രഷറി വഴി ശമ്പളവും പെൻഷനും പിൻവലിക്കുന്നതിന് പ്രതിദിനം 50,000 രൂപയെന്ന പരിധി സർക്കാർ നിശ്ചരിച്ചിരുന്നു. എംപ്ലോയീ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ (ഇടിഎസ്ബി) നിന്ന് ശമ്പളം പിൻവലിക്കുന്നവർക്കാണ് നിയന്ത്രണം. പെൻഷൻ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ (പിടിഎസ്ബി) നിന്ന് പെൻഷൻ പിൻവലിക്കുന്നവർക്കും ഇത്തരത്തിൽ നിയന്ത്രണമുണ്ട്. എന്നാൽ ബാങ്ക് വഴി ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് മുഴുവൻ ശമ്പളത്തുകയും അക്കൗണ്ടിലെത്തി. ഇവർക്കു തുക പിൻവലിക്കാൻ നിയന്ത്രണമില്ല.
മേല്പറഞ്ഞ രണ്ടു സംഭവങ്ങളുമായി താരതമ്യം ചെയ്താൽ സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം വൈകുന്നത് താരതമ്യേനെ വലിയ പ്രശ്നമുള്ള കാര്യമല്ലല്ലോയെന്ന് ചിന്തിക്കാം. എന്നാൽ സർക്കാരുദ്യോഗസ്ഥർക്ക് ശമ്പളം കിട്ടിയില്ലെങ്കിൽ അത് സർക്കാരിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ പാർട്ടിയെ പ്രതിരോധത്തിലാക്കുമെന്നാണ് കേരളത്തിന്റെ ചരിത്രം നമ്മളെ ബോധ്യപ്പെടുത്തുന്നത്. സർക്കാരുദ്യോഗസ്ഥർക്ക് ലഭിക്കേണ്ട അലവൻസുകൾ മുടങ്ങുമ്പോൾ, ആനുകൂല്യങ്ങൾ വെട്ടിക്കുറച്ചാൽ കേരളം മുഴുവൻ അതിശക്തമായ സമരങ്ങൾ നടക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട്.
ഇതിന് ഒരുപാട് പഴയതല്ലാത്ത ഉദാഹാരണമുണ്ട്. 2018ൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത അത്രയും ഭീകരമായ പ്രളയമുണ്ടായപ്പോഴും ലോകം തന്നെ നിശ്ചലമായ കൊറോണ മഹാമാരി വന്നപ്പോഴും ദുരിതാശ്വാസപ്രവർത്തനത്തിനും പുനരധിവാസത്തിനുമായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഒരു വിഹിതമെടുക്കുന്ന 'സാലറി ചലഞ്ച്' അവതരിപ്പിച്ചപ്പോൾ അതിശക്തമായ പ്രതിഷേധമാണ് ജീവനക്കാരിൽ നിന്നുമുണ്ടായത്. വലിയ കോലാഹലങ്ങൾക്കൊടുവിൽ ജീവനക്കാർ കോടതിയിൽ പോകുന്ന സഹാചര്യവും ഒടുവിൽ ആ പദ്ധതിതന്നെ സർക്കാർ ഉപേക്ഷിക്കുന്ന അവസ്ഥയുമാണുണ്ടായത്.
കേരളത്തിലെ മധ്യവർഗത്തിന്റെ പ്രഖ്യാപിത പ്രതിനിധികളായി കണക്കാക്കാവുന്ന വിഭാഗമാണ് സർക്കാരുദ്യോഗസ്ഥർ. ഉദ്യോഗസ്ഥരുടെ സ്ഥിരതയുള്ള ജീവിതത്തെ ബാധിക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവിച്ചാൽ എല്ലാം മറന്ന് അവരൊരുമിക്കുകയും സർക്കാരിനെ തന്നെ മറിച്ചിടാൻ കഴിയുന്ന തരത്തിൽ ആ പ്രതിഷേധം മാറുകയും ചെയ്യുമെന്ന പേടി കേരളത്തിലെ എല്ലാ മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾക്കുമുണ്ട്.
സർക്കാരുദ്യോഗസ്ഥർക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടാകുമ്പോൾ കേരളത്തിലെ ജനങ്ങളുടെ വൈകാരികതയെ ബാധിക്കുന്ന തരത്തിൽ അതൊരു പ്രശ്നമായി മാറാറുണ്ടെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ ജീവനക്കാരെ ഒരുതരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാൻ എല്ലാ സർക്കാരുകളും ശ്രമിച്ചിട്ടുണ്ടെന്ന് പറയാം.
ഈ പ്രശ്‍നങ്ങളെല്ലാം ഒന്നൊഴിയാതെ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാകുന്നതിനിടെയാണ് ക്ഷേമ പെൻഷൻ കുടിശ്ശികയും സർക്കാരുദ്യോഗസ്ഥരുടെ ശമ്പളവും നൽകാൻ സാധിക്കുന്ന തരത്തിൽ 13,600 കോടി രൂപ വായ്പയെടുക്കാൻ സുപ്രീംകോടതി കേരളത്തിന് അനുമതി നൽകുന്നതും പണം നൽകാമെന്ന് കേന്ദ്രം അറിയിക്കുന്നതും. ശമ്പളത്തിന്റെ കാര്യം ഇതിലൂടെ പരിഹരിക്കാനാകും.
എന്നാൽ വന്യജീവി ആക്രമണവും സിദ്ധാർത്ഥന്റെ മരണവും അപ്പോഴും വാർത്തകളിൽ നിറഞ്ഞു തന്നെ നിൽക്കുകയായിരുന്നു. ഈ സമയത്താണ് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നുവെന്ന വാർത്ത ഇടതുമുന്നണി പുറത്തുവരുന്നത്. അതോടുകൂടി രാഷ്ട്രീയ ചർച്ചകൾ മുഴുവൻ ഈ വിഷയത്തിലേക്ക് കേന്ദ്രീകരിക്കപ്പെട്ടു. കോൺഗ്രസ് മറുപടി പറയാനാതെ പ്രതിരോധത്തിലേക്കും വലിയേണ്ടി വന്നു.