ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പോളിങ്ങിനു മണിക്കൂറുകള്‍ മാത്രം ശേഷിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ മുസ്ലിംവിരുദ്ധ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മലയാള പത്രങ്ങള്‍. രാജസ്ഥാനിലെ ബന്‍സ്വാഡയിലും ജലോറിലും പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ വര്‍ഗീയവത്കരിക്കാനുള്ള ബോധപൂര്‍വമായ പദ്ധതിയുടെ ഭാഗമാണെന്നാണ് പ്രധാന വിമര്‍ശനം.
മാതൃഭൂമി ദിനപത്രം രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രിയുടെ മുസ്ലിംവിരുദ്ധ പ്രസംഗത്തെ വിമര്‍ശിക്കുന്നത്. ഒരു ബഹുസ്വര, ജനാധിപത്യ രാജ്യത്തിന്റെ ഭരണസാരഥിയില്‍നിന്ന് ഉതിര്‍ന്നുവീണ ഈ വിദ്വേഷവരികള്‍ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയില്‍നിന്നും നടപ്പുപ്രധാനമന്ത്രിയിലേക്ക് ഇന്ത്യ നടന്നുതീര്‍ത്ത ദൂരം പ്രത്യാശപകരുന്നതല്ലെന്നു വ്യക്തമാണെന്ന് മാതൃഭൂമി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉള്‍പ്പെടെയുള്ള നേതാക്കളുടെ പ്രസംഗത്തെ എടുത്തുപറഞ്ഞാണ് മുഖപ്രസംഗം വിമര്‍ശനം ഉന്നയിക്കുന്നത്. വര്‍ഗീയപ്രസംഗം നടത്തുകയെന്നത് പെരുമാറ്റച്ചട്ടത്തിന്റെയും ജനപ്രാതിനിധ്യനിയമത്തിന്റെയും ലംഘനം മാത്രമല്ല, ക്രിമിനല്‍ക്കുറ്റം കൂടിയാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153എ അനുച്ഛേദപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണത്. ന്യൂനപക്ഷമതവിഭാഗത്തിനെതിരേ അധിക്ഷേപ പ്രസംഗം നടത്തുന്ന പ്രധാനമന്ത്രി ഈ രാജ്യത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്ന ചോദ്യം ബാക്കിവച്ചാണ് മാതൃഭൂമി പ്രസംഗം അവസാനിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിലുള്‍പ്പെടെ വിദ്വേഷത്തിന്റെയും അവഹേളനത്തിന്റെയും ഭീഷണിയുടെയും ഭാഷ ഉപയോഗിക്കുന്നത് ഇന്ത്യന്‍ ഭരണഘടന ഉറപ്പാക്കുന്ന അടിസ്ഥാന മുല്യങ്ങളെ തകര്‍ക്കുന്നതാണ് എന്ന് ഓര്‍മിപ്പിക്കുകയാണ് മലയാള മനോരമ. 'മതനിരപേക്ഷതയ്ക്ക് മുറിവേറ്റുകൂടാ, വിദ്വേഷ പ്രസംഗങ്ങള്‍ ഉയര്‍ത്തുന്ന ആശങ്ക' എന്ന തലക്കെട്ടിലാണ് മനോരമയുടെ മുഖപ്രസംഗം.
തിരഞ്ഞെടുപ്പിന്റെ പ്രഥമഘട്ടം കഴിഞ്ഞപ്പോള്‍ ബിജെപി അവകാശപ്പെട്ട 400ല്‍പരം സീറ്റുകള്‍ എന്ന വീമ്പുപറച്ചില്‍ നടപ്പാകില്ലെന്ന തിരിച്ചറിവാണ് ഇപ്പോഴത്തെ വിദ്വേഷ പ്രസംഗങ്ങള്‍ക്കു പിന്നിലെന്ന് മാധ്യമം മുഖപ്രസംഗത്തില്‍ ആരോപിക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മിതിയോ പൗരത്വ ഭേദഗതി നിയമമോ അന്താരാഷ്ട്ര രാമായണ ആഘോഷ വാഗ്ദാനമോ ഒന്നുമല്ല, അതിരൂക്ഷമായ തൊഴിലില്ലായ്മയും കുതിച്ചുയരുന്ന വിലക്കയറ്റവും അതുപോലുള്ള ജനകീയ പ്രശ്‌നങ്ങളുമാണ് സമ്മതിദായകരെ അസ്വസ്ഥരാക്കുന്നതെന്ന് തിരിച്ചറിയണമെന്നും മാധ്യമം ഓര്‍മിപ്പിക്കുന്നു.
ഒരു 'ശത്രുവിനെ' സൃഷ്ടിച്ച്, ജനങ്ങളുടെ അതൃപ്തിയും രോഷവും ശത്രുവിനെതിരെ തിരിച്ചുവിട്ട് ജനങ്ങളെ തങ്ങളുടെ പിന്നില്‍ അണിനിരത്തുകയെന്നത് ഫാസിസ്റ്റ് പ്രത്യയശാസ്ത്ര രീതിയാണ് ബിജെപി പിന്തുടരുന്നതെന്ന് ദേശാഭിമാനി കുറ്റപ്പെടുത്തുന്നു. ജനരോഷം വഴിതിരിക്കാന്‍ വിദ്വേഷം എന്ന പേരില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് ദേശാഭിമാനിയുടെ വിമര്‍ശനം.
''2006ല്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് മന്‍മോഹന്‍ സിങ് നടത്തിയ പരാമര്‍ശം മുസ്ലിം പ്രീണനമായി വ്യാഖ്യാനിച്ചാണ് മോദിയുടെ പ്രകോപന പ്രസംഗം. തെരഞ്ഞെടുപ്പുയോഗങ്ങളില്‍ ഇത് ആവര്‍ത്തിച്ചത് വിദ്വേഷം പടര്‍ത്തുകയെന്ന കരുതിക്കൂട്ടിയുള്ള ഉദ്ദേശ്യത്തോടെതന്നെ. ആഭ്യന്തരമന്ത്രി അമിത് ഷായും മോദിയുടെ വര്‍ഗീയപ്രചാരണം ഏറ്റെടുത്തിട്ടുണ്ട്. മുസ്ലിംവിരുദ്ധത തിരഞ്ഞെടുപ്പ് വിഷയമാക്കുകയെന്ന ആസൂത്രിത അജന്‍ഡയുടെ ഭാഗമാണിതെന്ന് വ്യക്തം,'' എന്നാണ് ദേശാഭിമാനി പറയുന്നത്.
''ന്യൂനപക്ഷങ്ങള്‍ക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആള്‍ക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം. മുസ്ലിം സമുദായത്തിനെതിരേ രാജസ്ഥാനില്‍ പ്രധാനമന്ത്രി നടത്തിയ നിന്ദാപരമായ പ്രസംഗം വര്‍ഗീയതയെയും ഇതരമതവിദ്വേഷത്തെയും നെഞ്ചേറ്റിയവരല്ലാതെ മറ്റാരും ആസ്വദിച്ചിട്ടില്ല,'' എന്നാണ് വിദ്വേഷപ്രസംഗങ്ങള്‍ രാജ്യവിരുദ്ധം എന്ന തലക്കെട്ടിലുള്ള ദീപിക മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നത്.