Lok Sabha Election 2024

'പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിന് തയാർ'; മുൻ ജഡ്ജിമാരുടെ ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

താനുമായി സംവാദത്തിന് പ്രധാനമന്ത്രിക്ക് താത്പര്യമില്ലെങ്കിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ സംവാദത്തിന് അയക്കാമെന്നും രാഹുല്‍ പറഞ്ഞു.

വെബ് ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പൊതു പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കൊപ്പം സംവാദത്തിന് തയാറാണെന്നും എന്നാല്‍ അദ്ദേഹം അതിന് തയാറാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയെയും രാഹുല്‍ ഗാന്ധിയെയും സംവാദത്തിന് ക്ഷണിച്ച് കൊണ്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ റാമും സുപ്രീം കോടതി മുന്‍ ജസ്റ്റിസ് മദന്‍ ലോകൂറും ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് അജിത് പി ഷായും കത്തയച്ചിരുന്നു. ലക്‌നൗവില്‍ നടന്ന രാഷ്ട്രീയ സംവിധാന്‍ സമ്മേളന്‍ എന്ന റാലിയില്‍ പങ്കെടുക്കവേ കത്തിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു രാഹുല്‍.

''പൊതു പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായി ഏത് വേദിയില്‍ വേണമെങ്കിലും സംവാദത്തിന് ഞാന്‍ 100 ശതമാനം ഞാന്‍ തയാറാണ്. പക്ഷേ അദ്ദേഹം എന്റെ കൂടെ സംവാദത്തിനിരിക്കില്ലെന്ന് 100 ശതമാനം എനിക്ക് ഉറപ്പാണ്. അദ്ദേഹത്തെ എനിക്ക് അറിയാം'', രാഹുല്‍ പറയുന്നു. താനുമായി സംവാദത്തിന് പ്രധാനമന്ത്രിക്ക് താത്പര്യമില്ലെങ്കിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ സംവാദത്തിന് അയക്കാമെന്നും രാഹുല്‍ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് ഇരു നേതാക്കളെയും സംവാദത്തിന് ക്ഷണിച്ചത്. ''ജനവിധി തേടുന്ന ഇരുപക്ഷത്തുനിന്നുമുള്ള പ്രമുഖ ശബ്ദങ്ങളെന്ന നിലയില്‍, ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളില്‍ പരസ്പരം ഒരു പൊതുസംവാദത്തിന് ഞങ്ങള്‍ നിങ്ങളെ ക്ഷണിക്കുകയാണ്. സംവാദത്തിന്റെ വേദി, ദൈര്‍ഘ്യം, മോഡറേറ്റര്‍മാര്‍, ഘടന എന്നിവ ഇരുപക്ഷത്തിനും യോജിച്ച വ്യവസ്ഥകളിലായിരിക്കും. അഭ്യര്‍ഥന നിങ്ങള്‍ ക്രിയാത്മകമായി പരിഗണിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു'', സംവാദത്തിന് ക്ഷണിച്ചുകൊണ്ടുള്ള കത്തില്‍ പറയുന്നു.

പക്ഷാപാതരഹിതവും ഓരോ പൗരന്റെയും താല്പര്യവും മുന്‍നിര്‍ത്തിയാണ് തങ്ങള്‍ ഈ നിര്‍ദേശവുമായി നിങ്ങളെ സമീപിക്കുന്നതെന്നും പതിനെട്ടാം ലോക്സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് പ്രക്രിയ ഇതിനോടകം തന്നെ പകുതിയെത്തിക്കഴിഞ്ഞുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു.

''റാലികളിലും പൊതുയോഗങ്ങളിലും അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയായ ബിജെപിയുടെയും പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെയും അംഗങ്ങള്‍ നമ്മുടെ ഭരണഘടനാ ജനാധിപത്യത്തിന്റെ കാതലുമായി ബന്ധപ്പെട്ട സുപ്രധാന ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. സംവരണം, അനുച്ഛേദം 370, സമ്പത്തിന്റെ പുനര്‍വിതരണം തുടങ്ങിയവയില്‍ കോണ്‍ഗ്രസിനെ പ്രധാനമന്ത്രി പരസ്യമായി വെല്ലുവിളിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളെക്കുറിച്ചും ഭരണഘടനാപരമായി സംരക്ഷിക്കേണ്ട സാമൂഹികനീതിയെപ്പറ്റിയുള്ള നിലപാടുകളെക്കുറിച്ചും ഇരുപക്ഷവും പരസ്പരം ചോദ്യങ്ങള്‍ ഉന്നയിച്ചു.

പൊതുജനങ്ങളെന്ന നിലയില്‍, ഞങ്ങള്‍ ഇരുവശത്തുനിന്നും ആരോപണങ്ങളും വെല്ലുവിളികളും മാത്രം കേട്ടതില്‍ ആശങ്കയുണ്ട്. അര്‍ത്ഥവത്തായ പ്രതികരണങ്ങളൊന്നും കേട്ടതുമില്ല. നമുക്കറിയാവുന്നതുപോലെ, ഇന്നത്തെ ഡിജിറ്റല്‍ ലോകത്തില്‍ തെറ്റായ വിവരങ്ങളും കൃത്രിമത്വവും നിറഞ്ഞ പ്രവണതയുണ്ട്. ഈ സാഹചര്യത്തില്‍, ചര്‍ച്ചയുടെ എല്ലാ വശങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ നന്നായി ബോധമുള്ളവരാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്'', കത്തില്‍ സൂചിപ്പിച്ചു. ഈ സംവാദത്തെ അഭിസംബോധന ചെയ്യാന്‍ മോദിക്കും രാഹുലിനും അസൗകര്യമുണ്ടെങ്കിൽ ഒരു പ്രതിനിധിയെ നാമനിര്‍ദ്ദേശം ചെയ്യാമെന്നും നിര്‍ദേശിച്ചാണ് കത്ത് അവസാനിപ്പിക്കുന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ