Lok Sabha Election 2024

ലോക്‌സഭ: നാലാംഘട്ടത്തിലെ സ്ഥാനാർഥികളിൽ 21 ശതമാനം ക്രിമിനൽ കേസ് പ്രതികൾ, 274 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ

1717 സ്ഥാനാർഥികളിൽ 360 പേർക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. 70 ബിജെപി സ്ഥാനാര്‍ഥികളില്‍ 40 പേര്‍ക്കും 61 കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളില്‍ 35 പേര്‍ക്കുമെതിരെ കേസുണ്ട്

വെബ് ഡെസ്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ നാലാംഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ 21 ശതമാനം പേര്‍ ക്രിമിനല്‍ കേസ് പ്രതികൾ. 16 ശതമാനം പേർ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരാണെന്നും നാഷണല്‍ ഇലക്ഷന്‍ വാച്ചും അസോസിയേഷന്‍ ഫോര്‍ റീഫോംസും (എഡിആര്‍) ചേര്‍ന്ന് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.

മേയ് 13ന് നടക്കുന്ന നാലാംഘട്ട വോട്ടെടുപ്പിൽ 10 സംസ്ഥാന- കേന്ദ്ര ഭരണപ്രദേശങ്ങളിലെ 96 മണ്ഡലങ്ങളിലായി 1,717 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇതില്‍ 360 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്. സ്ഥാനാര്‍ത്ഥികള്‍ നാമനിർദേശപത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്നാണ് ക്രിമിനല്‍ കേസുകളുടെ കണക്കുകള്‍ ശേഖരിച്ചത്.

1717 സ്ഥാനാര്‍ത്ഥികളില്‍ 1710 സ്ഥാനാര്‍ത്ഥികളുടെ സത്യവാങ്മൂലമാണ് പരിശോധിച്ചത്. എഡിആര്‍ റിപ്പോര്‍ട്ട് പ്രകാരം 274 സ്ഥാനാര്‍ത്ഥികളുടെ (16 ശതമാനം) പേരില്‍ ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണുള്ളത്. അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഗുരുതരമായ കുറ്റകൃത്യത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ ജാമ്യമില്ലാ കുറ്റങ്ങള്‍, അഴിമതി പോലുള്ള തിരഞ്ഞെടുപ്പ് കുറ്റകൃത്യങ്ങള്‍, അക്രമം, കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു.

കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളുള്ള 11 സ്ഥാനാര്‍ത്ഥികളും ബലാത്സംഗമടക്കം സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിനുള്ള കേസുകളുള്ള 50 സ്ഥാനാര്‍ത്ഥികളും വര്‍ഗീയ പ്രസംഗം നടത്തിയ 44 പേരുമാണ് നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നു.

70 ബിജെപി സ്ഥാനാര്‍ത്ഥികളില്‍ 40 പേര്‍ക്കും 61 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ 35 പേര്‍ക്കുമെതിരെയാണ് ക്രിമിനല്‍ കേസുകളുള്ളത്. എഐഎംഐഎമ്മിനു വേണ്ടിമൂന്ന് സ്ഥാനാർഥികളാണ് നാലാംഘട്ടത്തിൽ മത്സരിക്കുന്നത്. ഈ മൂന്ന് പേർക്കെതിരെയും ക്രിമിനല്‍ കേസുകളുണ്ട്.

മറ്റു പാർട്ടികളുടെ ആകെ സ്ഥാനാർഥികളുടെയും ക്രിമിനൽ കേസ് നേരിടുന്നവരുടെയും കണക്ക് ഇങ്ങനെ: ആര്‍ജെഡി- നാല് (രണ്ട്), ശിവസേന (യുബിടി)- നാല് (രണ്ട്), ശിവസേന (ഷിൻഡെ വിഭാഗം)- മൂന്ന് (രണ്ട്), സമാജ്‌വാദി പാര്‍ട്ടി- 19 (ഏഴ്), ബിജു ജനതാദള്‍- നാല് (രണ്ട്), ഭാരത് രാഷ്ട്ര സമിതി- 17 (10), തെലുഗുദേശം പാര്‍ട്ടി- 17 (ഒൻപത്), വൈഎസ്ആര്‍സിപി- 25 (12), തൃണമൂല്‍ കോണ്‍ഗ്രസ്- എട്ട് (മൂന്ന്).

സ്ഥാനാര്‍ത്ഥികളുടെ സാമ്പത്തിക സ്ഥിതിയും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. 476 സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു കോടിയോ അതിന് മുകളിലോ ഉള്ള സ്വത്തുക്കളുണ്ടെന്നാണ് സത്യവാങ്മൂലങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ബിജെപിയുടെ 65 സ്ഥാനാര്‍ഥികളും കോണ്‍ഗ്രസിന്റെ 56 സ്ഥാനാര്‍ത്ഥികളും കോടിപതികളാണെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ജെഡിയു, ശിവസേന (യുബിടി), ശിവസേന (ഷിൻഡെ വിഭാഗം), ബിജെഡി, ആര്‍ജെഡി, ടിഡിപി എന്നീ പാര്‍ട്ടികളുടെ മുഴുവന്‍ സ്ഥാനാര്‍ഥികളുടെ സമ്പത്തും ഒരു കോടിയോ അതിന് മുകളിലോ ആണ്.

സ്ഥാനാര്‍ത്ഥികളുടെ ശരാശരി സമ്പത്ത് 11.72 കോടിയാണ്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ ശരാശരി സ്വത്ത് 101.77 ശതമാനമാകുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ശരാശരി സ്വത്ത് 23.65 കോടിയുമാണ്.

സ്ഥാനാര്‍ഥികളെ മാത്രമായി പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് തെലുഗുദേശം പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. ചന്ദ്ര ശേഖര്‍ പെമ്മാസനിക്കാണ്. 5,705 കോടിക്ക് മുകളിലാണ് അദ്ദേഹത്തിന്റെ സ്വത്ത്. ബിജെപിയുടെ കൊണ്ട വിശ്വേശ്വര്‍ റെഡ്ഢി (4568 കോടിക്ക് മുകളില്‍), ടിഡിപിയുടെ പ്രഭാകര്‍ റെഡ്ഢി വെമിറെഡ്ഢി (716 കോടിക്ക് മുകളില്‍) എന്നിവരാണ് തൊട്ടുപിന്നില്‍. അതേസമയം 24 സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരു സ്വത്തുമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

944 സ്ഥാനാര്‍ത്ഥികള്‍ ബിരുദദാരികളോ അതിനു മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരോ ആണെന്നാണ് സ്വയം പ്രഖ്യാപിച്ചിരിക്കുന്നത്. 66 സ്ഥാനാര്‍ത്ഥികള്‍ ഡിപ്ലോമ പാസായവരും 644 സ്ഥാനാര്‍ത്ഥികള്‍ ആറാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെ വിദ്യാഭ്യാസം നേടിയവരാണ്. 30 സ്ഥാനാര്‍ത്ഥികള്‍ സാക്ഷരരാണെന്നും 26 സ്ഥാനാര്‍ത്ഥികള്‍ നിരക്ഷരരുമാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

സ്ഥാനാര്‍ഥികളില്‍ 10 ശതമാനം മാത്രമാണ് സ്ത്രീകള്‍. 1717ല്‍ 170 പേര്‍ മാത്രമാണ് വനിതാ സ്ഥാനാര്‍ഥികള്‍. 25 മുതല്‍ 40 വയസു വരെയുള്ള 642 പേരും 41 മുതല്‍ 60 വയസു വരെയുള്ള 842 പേരും 61 മുതല്‍ 80 വയസു വരെയുള്ള 226 പേരുമാണ് മത്സര രംഗത്തുള്ളത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ