Lok Sabha Election 2024

വംശീയ പരാമര്‍ശം തിരിച്ചടിയായി; കോണ്‍ഗ്രസ് ഓവര്‍സീസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ് സാം പിട്രോഡ

വെബ് ഡെസ്ക്

വംശീയപരാമര്‍ശം വിവാദമായതിനു പിന്നാലെ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവച്ച് സാം പിട്രോഡ. സ്ഥാനമൊഴിയുന്നതായി വ്യക്തമാക്കുന്ന കത്ത് അദ്ദേഹം എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കു കൈമാറി. രാജി സ്വീകരിച്ചതായി ഖാര്‍ഗെ പിന്നീട് വ്യക്തമാക്കി. ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെയും കിഴക്കേന്ത്യക്കാര്‍ ചൈനക്കാരെപ്പോലെയുമാണെന്നുമായിരുന്നു പിട്രോഡയുടെ വിവാദ പരാമര്‍ശം.

ഇന്ത്യയുടെ വൈവിധ്യത്തെക്കുറിച്ച് സംസാരിക്കവെയാണ് സാം പിട്രോഡ ഈ പരാമർശം നടത്തിയത്. "ഒരു വിഭാഗം രാമക്ഷേത്രത്തിനും ദൈവത്തിനും ചരിത്രത്തിനും പാരമ്പര്യത്തിനും വേണ്ടി വാദിക്കുമ്പോൾ, മറ്റൊരു വിഭാഗം തങ്ങളുടെ പൂർവികർ ബ്രിട്ടിഷുകാർക്കെതിരെ പോരാടിയത് ഒരു ഹിന്ദുരാഷ്ട്രം നിർമിക്കാനല്ല, പകരം ഒരു മതനിരപേക്ഷ രാജ്യത്തിനായാണെന്ന് പറയുന്നു. ഞങ്ങളാണ് ഈ ലോകത്ത് ജനാധിപത്യത്തിന്റെ തിളങ്ങുന്ന ഉദാഹരണം," സാം പിട്രോഡ രാജ്യാന്തര മാധ്യമമായ ദി സ്റ്റേറ്റ്സ്മാനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

''പല ശരീരഘടനയും രൂപവുമുള്ള ആളുകൾ ഇന്ത്യയിൽ സാഹോദര്യത്തോടെ ജീവിക്കുന്നതായും സാം പിട്രോഡ പറയുന്നു. " കിഴക്കുള്ളവരെ കാണാൻ ചൈനക്കാരെ പോലെയാണ്, പടിഞ്ഞാറുള്ളവർ അറബികളെപ്പോലെയും വടക്കുള്ളവർ വെള്ളക്കാരെപ്പോലെയും തെക്കുള്ളവർ ആഫ്രിക്കക്കാരെപ്പോലെയുമായിരിക്കും. എന്നാൽ ചില തർക്കങ്ങൾ അവിടിവിടെയായി നടന്നിട്ടുണ്ടെന്നതൊഴിച്ചാൽ, കഴിഞ്ഞ 70-75 വർഷങ്ങൾ ഞങ്ങൾ സന്തോഷത്തോടെയാണ് കഴിയുന്നത്," - പിട്രോഡ പറഞ്ഞു.

ലോക്‌സഭ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ ഈ പരാമര്‍ശം ബിജെപി വലിയ വിവാദമാക്കിയതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരുന്നു. വംശീയവും ജനങ്ങളെ വിഭജിക്കുന്ന തരത്തിലുമുള്ള പരാമർശമാണ് രാഹുൽ ഗാന്ധി തന്റെ രാഷ്ട്രീയഗുരുവായി കാണുന്ന സാം പിട്രോഡയുടെ പരാമർശമെന്നാണ് ബിജെപിയുടെ ആരോപണം.

നേരത്തെ അമേരിക്കയിൽ പൈതൃക സ്വത്തിന്മേൽ ചുമത്തുന്ന നികുതിയെക്കുറിച്ച് സാം പിട്രോഡ നടത്തിയ പരാമർശം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗങ്ങളിൽ വളച്ചൊടിച്ച് ഉപയോഗിച്ചിരുന്നു. കോൺഗ്രസ് രാജ്യത്തെ ജനങ്ങളുടെ സ്വത്തുക്കൾ അപഹരിച്ച് നുഴഞ്ഞുകയറിയവർക്കും കൂടുതൽ കുട്ടികളെ ഉൽപ്പാദിപ്പിക്കുന്നവർക്കും വിതരണം ചെയ്യുമെന്നുമായിരുന്നു സാം പിട്രോഡയുടെ പരാമർശം ഉപയോഗപ്പെടുത്തി മോദിയുടെ വാക്കുകൾ.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും