Lok Sabha Election 2024

'ജഗന്നാഥൻ മോദിയുടെ ഭക്തൻ'; വിവാദ പരാമർശം നാക്കുപിഴയെന്ന് ബിജെപി നേതാവ്

വെബ് ഡെസ്ക്

ഒഡീഷയിലെ ഏറ്റവും ആരാധനാമൂർത്തിയായ ജഗന്നാഥനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയുംക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവന നാക്കുപിഴ സംഭവിച്ചതാണെന്ന് ബിജെപി നേതാവ് സംബിത് പത്ര. മാധ്യമങ്ങൾക്ക് നൽകിയ ബൈറ്റിൽ നാക്കുപിഴ സംഭവിച്ചതാണെന്നും ഇല്ലാത്ത ഒരു പ്രശ്നത്തിൻ്റെ പേരിൽ പ്രശ്നം ഉണ്ടാക്കരുതെന്നുമാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്. വിഷയത്തിൽ പത്രയെ വിമർശിച്ച് ഒഡീഷ മുഖ്യമന്ത്രിയും ഭരണകക്ഷിയായ ബിജു ജനതാദൾ നേതാവുമായ നവീൻ പട്‌നായിക്കിന്റെ എക്സ് പോസ്റ്റിന് മറുപടിയായാണ് വിശദീകരണം.

നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പുരിയിലെ ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിനു പിന്നാലെയായിരുന്നു സംബിത് പത്രയുടെ പരാമർശം. ഒരു സ്വകാര്യ ഒഡിയ പ്രാദേശിക വാർത്ത ചാനലിനോട് സംസാരിക്കവെ പത്ര പറഞ്ഞ കാര്യങ്ങളാണ് വലിയ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചത്. ' ജഗന്നാഥൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണ്' എന്നായിരുന്നു സംബിത് പത്ര പറഞ്ഞത്. പിന്നാലെ പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേരാണ് രൂക്ഷ വിമർശനങ്ങളുമായി രംഗത്തെത്തിയത്. ബിജെപിയുടെ പുരി ലോക്സഭാ സ്ഥാനാർത്ഥിയാണ് പത്ര.

സംബിത് പത്ര മോദിക്കൊപ്പം

“ഇന്ന് പുരിയിൽ ശ്രീ നരേന്ദ്ര മോദിജിയുടെ റോഡ് ഷോയുടെ വൻ വിജയത്തിന് ശേഷം ഞാൻ ഒന്നിലധികം മാധ്യമ ചാനലുകൾക്ക് നിരവധി ബൈറ്റുകൾ നൽകി. എല്ലായിടത്തും മോദി ജി ശ്രീ ജഗന്നാഥ മഹാപ്രഭുവിന്റെ കടുത്ത ഭക്തനാണെന്ന് ഞാൻ പരാമർശിച്ചു. ഒരു ബൈറ്റിൻ്റെ സമയത്ത് അബദ്ധവശാൽ ഞാൻ നേരെ മറിച്ചാണ് പറഞ്ഞത്. നിങ്ങൾക്കും ഇത് അറിയാമെന്നും മനസ്സിലാക്കാമെന്നും എനിക്കറിയാം. ഇല്ലാത്ത ഒരു പ്രശ്നത്തിൻ്റെ പേരിൽ പ്രശ്‌നമുണ്ടാക്കരുത്... നമുക്കെല്ലാവർക്കും ചിലപ്പോൾ നാക്കു പിഴ സംഭവിക്കാറുണ്ട്," തൻ്റെ തെറ്റിന് പശ്ചാത്തപിക്കാൻ മൂന്ന് ദിവസം ഉപവസിക്കുമെന്ന് എക്‌സിലെ ഒരു വീഡിയോയിൽ പത്ര പറഞ്ഞു.

"ഞാൻ മഹാപ്രഭു ശ്രീ ജഗന്നാഥ് ജിയുടെ പാദങ്ങളിൽ വണങ്ങി ക്ഷമ ചോദിക്കുന്നു. എൻ്റെ തെറ്റ് തിരുത്താനും പശ്ചാത്തപിക്കാനും ഞാൻ അടുത്ത മൂന്ന് ദിവസം ഉപവസിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു.

പത്ര ദൈവത്തെ അവഹേളിച്ചു എന്നായിരുന്നു നവീൻ പട്‌നായിക്കിന്റെ പ്രതികരണം. "മഹാപ്രഭു ശ്രീ ജഗന്നാഥൻ പ്രപഞ്ചനാഥനാണ്. മഹാപ്രഭുവിനെ മറ്റൊരു മനുഷ്യൻ്റെ 'ഭക്തൻ' എന്ന് വിളിക്കുന്നത് ഭഗവാനോടുള്ള അപമാനമാണ്. ഇത് തികച്ചും അപലപനീയമാണ്. ഇത് കോടിക്കണക്കിന് ജഗന്നാഥ ഭക്തരുടെയും ലോകമെമ്പാടുമുള്ള ഒഡിയകളുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയും വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തു. ഏത് രാഷ്ട്രീയ വ്യവഹാരത്തിനും മുകളിൽ ദൈവത്തെ നിലനിർത്താൻ ഞാൻ ബിജെപിയോട് അഭ്യർത്ഥിക്കുന്നു. ഇതുവഴി നിങ്ങൾ ഒഡീഷയെ ആഴത്തിൽ വേദനിപ്പിച്ചു. ഒഡീഷയെ ജനങ്ങൾ ഇത് ദീർഘകാലം ഓർമ്മിക്കുകയും അപലപിക്കുകയും ചെയ്യും," നവീൻ പട്‌നായിക് എക്‌സ് പോസ്റ്റിൽ കുറിച്ചു.

നേരത്തെ പത്ര സംസാരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച കോൺഗ്രസ് അദ്ദേഹത്തെ രൂക്ഷമായി വിമർശിക്കുകയും പ്രധാനമന്ത്രി വിഷയത്തിൽ മറുപടി പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരിക്കുന്നു. അധികാരത്തിൻ്റെ ലഹരിയിൽ ബിജെപി ദൈവങ്ങളെപ്പോലും വെറുതെവിടില്ലെന്നായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. സാധ്യമായ ഏറ്റവും ശക്തമായ വാക്കുകളിൽ പരാമർശത്തെ അപലപിക്കുന്നുവെന്നും ജൂൺ 4 ന്, ഈ അഹങ്കാരം ജനങ്ങളുടെ ഇച്ഛയാൽ നശിപ്പിക്കപ്പെടുമെന്നും മല്ലികാർജുൻ ഖാർഗെ എക്‌സിൽ കുറിച്ചു.

കോടിക്കണക്കിന് ജനങ്ങളുടെ വികാരം വ്രണപ്പെടുത്താൻ ഒരുപിടി ബിജെപിക്കാർക്ക് ആരാണ് അവകാശം നൽകിയതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രി സ്വയം ഒരു ചക്രവർത്തിയായി കണക്കാക്കാൻ തുടങ്ങുമ്പോൾ, കൊട്ടാരക്കാർ അദ്ദേഹത്തെ ദൈവമായി കണക്കാക്കുമ്പോൾ, പാപത്തിൻ്റെ ലങ്കയുടെ പതനം അടുത്തിരിക്കുന്നുവെന്ന് വ്യക്തമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

സംബിത് പത്രയുടെ പരാമർശം ബിജെപി നേതാക്കളുടെ അഹങ്കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ആരോപിച്ചു. തങ്ങൾ ദൈവത്തിന് മുകളിലാണെന്ന് അവർ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. മോദിജിയെ ദൈവഭക്തൻ എന്ന് വിളിക്കുന്നത് ദൈവത്തെ അപമാനിക്കലാണ് എന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും