രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പ് കാലത്തിലൂടെ കടന്നുപോവുകയാണ്. തിരഞ്ഞെടുപ്പ് ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിക്കാന്‍ സാധ്യമായ എല്ലാ വഴികളും പയറ്റിയാണ് രാഷ്ട്രീയക്കാര്‍ കളം പിടിക്കാന്‍ ശ്രമിക്കുക. ഇതിനിടയില്‍ പലപ്പോഴും വാക്കുകള്‍ അതിരുവിടുന്നതും അത് നിയമ യുദ്ധത്തിലേക്ക് എത്തുന്നതും പതിവാണ്.
സ്ത്രീകളായ നേതാക്കളാണ് പലപ്പോഴും ഇത്തരം ആക്ഷേപങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകാറുള്ളത്. അതില്‍ ഭരണ പ്രതിപക്ഷമെന്നോ മുതിര്‍ന്ന നേതാക്കളെന്നോ വ്യത്യാസം ഉണ്ടാകാറില്ല. ആക്ഷേപം ഉന്നയിക്കുന്ന നേതാക്കളിലും ഇരകളാക്കപ്പെടുന്ന വനിതാ നേതാക്കളിലും. 2019 ലെ തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം നേതാവായിരുന്ന എ വിജയരാഘന്‍ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ രമ്യ ഹരിദാസിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചയും വിവാദവും സൃഷ്ടിച്ചത് മലയാളികളും കണ്ടതാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്‍ നിര നേതാക്കളായ സോണിയ ഗാന്ധി, മായാവതി, മമത ബാനര്‍ജി, സ്മൃതി ഇറാനി, ജയപ്രദ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്
പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്ന ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുമ്പോഴും വനിത നേതാക്കള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും എതിരായ ലൈംഗിക ചുവയോടുകുടിയ പരാമര്‍ശങ്ങള്‍ക്ക് യാതൊരു കുറവും വന്നിട്ടില്ല. അതില്‍ ഇരകളുടെ സ്ഥാനത്ത് ബിജെപിയുടെ താര പ്രചാരകരായ ഹേമാ മാലിനിയും കങ്കണ റണാവത്തും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയും ഉള്‍പ്പെടുന്നു.
കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല ഹേമാ മാലിനിക്ക് എതിരെ നടത്തിയ പരാമര്‍ശമാണ് ഇതില്‍ ഏറ്റവും ഒടുവില്‍ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ ദേശീയ വനിതാ കമ്മീഷനെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും സമീപിച്ചിരിക്കുകയാണ് ബിജെപി.
ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു പൊതുപരിപാടിയില്‍ രണ്‍ദീപ് സുര്‍ജേവാല നടത്തിയ പരാമര്‍ശമാണ് കഴിഞ്ഞ ദിവസം വിവാദത്തിലേക്ക് നയിച്ചത്. ''ജനങ്ങളുടെ ശബ്ദം ഉയര്‍ത്തിപ്പിടിക്കാണ് എംപിമാരെയും എംഎല്‍എമാരെയും തിരഞ്ഞെടുക്കുന്നത്, എന്നാല്‍ ഹേമാമാലിനിയെ പോലെയുള്ളര്‍ അതിനല്ല...'' എന്നുള്‍പ്പെടുന്നതായിരുന്നു രണ്‍ദീപ് സുര്‍ജേവാലയുടെ പരാമര്‍ശം. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപി നേതാക്കള്‍ പുറത്തുവിട്ടതോടെയാണ് വിവാദം ആളിപ്പടര്‍ന്നത്.
മൂന്ന് തവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഹേമാ മാലിനി നേരത്തെയും സമാനമായ ആക്ഷേപങ്ങള്‍ കേട്ടിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവാണ് ഹേമാ മാലിനിയെ അധിക്ഷേപിച്ച മറ്റൊരു നേതാവ്. ബിഹാറിലെ റോഡുകള്‍ ഹേമാമാലിനിയുടെ കവിളുകള്‍ പോലെ മിനുസമാര്‍ന്നത് ആണെന്നായിരുന്നു അന്ന് ലാലുവിന്റെ പരാമര്‍ശം.
രാഷ്ട്രീയത്തിലുള്ള വനിത നേതാക്കള്‍ എതിര്‍ പാളയത്തില്‍ നിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിയില്‍ നിന്നും ആധിക്ഷേപങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നവരാണെന്നാണ് വനിത അവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ മുന്‍ നിര നേതാക്കളായ സോണിയ ഗാന്ധി, മായാവതി, മമത ബാനര്‍ജി, സ്മൃതി ഇറാനി, ജയപ്രദ, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളും ഏതെങ്കിലും ഒരു ഘട്ടത്തിലെങ്കിലും ലൈംഗിക ചുവയുള്ള അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ട്.
ബിഎസ് പി നേതാവ് മായാവതിയെ ബിജെപി നേതാവ് ധ്യാന്‍ ശങ്കര്‍ സിങ് 2016 ല്‍ അധിക്ഷേപിച്ചത് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ചായിരുന്നു
ബീഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവിയെ കേന്ദ്രമന്ത്രി അശ്വിനി ചൗബെ പര്‍ദയ്ക്ക് പിന്നില്‍ നില്‍ക്കാന്‍ ഉപദേശിച്ചത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ പിതൃത്വം ചോദ്യം ചെയ്തായിരുന്നു സോണിയ ഗാന്ധിക്ക് എതിരെ ബിജെപി നേതാവ് വിനയ് കത്യാര്‍ ഒരിക്കല്‍ അധിക്ഷേപം ചൊരിഞ്ഞത്. നടിയും രാഷ്ട്രീയക്കാരിയും ആയ ഊര്‍മിള മണ്ടോന്ദ്കര്‍ക്ക് അവരുടെ രൂപം കൊണ്ടാണ് ടിക്കറ്റ് നല്‍കിയതെന്ന് ബിജെപി നേതാവ് ഗോപാല്‍ ഷെട്ടി ആക്ഷേപിച്ചതും രാജ്യം കണ്ടിട്ടുണ്ട്.
ബിഎസ് പി നേതാവ് മായാവതിയെ ബിജെപി നേതാവ് ധ്യാന്‍ ശങ്കര്‍ സിങ് 2016 ല്‍ അധിക്ഷേപിച്ചത് കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. ബിജെപിയുടെ അന്നത്തെ ഉത്തര്‍പ്രദേശ് ഉപാധ്യക്ഷന്റെ അഭിപ്രായപ്രകടനത്തിന്റെ പേരില്‍ പാര്‍ലമെന്റില്‍ കേശവ് പ്രസാദ് മൗര്യയും അരുണ്‍ ജെയ്റ്റ്ലിയും മാപ്പ് പറയുന്ന നിലയിലേക്ക് എത്തിച്ചു.
പശ്ചിമ ബംഗാളില്‍ 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനിടെ കാലിന് പരുക്കേറ്റ മമത ബാനര്‍ജിയെ അധിക്ഷേപിച്ച് ബിജെപി നേതാവ് ദിലിപ് ഘോഷായിരുന്നു മോശം പരാമര്‍ശം നടത്തിയത്. കാലിലെ പ്ലാസ്റ്റര്‍ പുറത്തുകാണും വിധം സാരി ധരിച്ചതിനെ പരാമര്‍ശിച്ചായിരുന്നു ദിലിപ് ഘോഷിന്റെ അധിക്ഷേപ പരാമര്‍ശം.
രാജ്യത്തെ സ്ത്രീകളുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവര്‍ത്തിക്കുന്നു എന്ന് അവകാശപ്പെടുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ തന്നെയാണ് വനിതാ പൊതുപ്രവര്‍ത്തകരെ അധിക്ഷേപിച്ച് രംഗത്തെത്തുന്നതും. ഇന്ത്യയിലെ ഒരു വനിത പൊതുപ്രവര്‍ത്തക നേരിടുന്ന എറ്റവും വലിയ വെല്ലുവിളി അവരുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണെന്ന് ഇത്തരം സംഭവങ്ങളില്‍ നിന്ന് വ്യക്തം.