രാഷ്ട്രീയത്തിനും മുകളിലായി ജീവൽ പ്രശ്നങ്ങൾ ചർച്ചയാകുന്ന ലോക്‌സഭാ മണ്ഡലമാണ് ഇടുക്കി. മനുഷ്യ-മൃഗ സംഘർഷങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും പട്ടയപ്രശ്നങ്ങളും കർഷക ആത്മഹത്യകളും തുടങ്ങി പല പ്രതിസന്ധികൾക്ക് നടുവിൽ നിന്നാണ് ഇടുക്കി ഒരു തിരഞ്ഞെടുപ്പ് കൂടി നേരിടാൻ ഒരുങ്ങുന്നത്.
സ്ഥാനാർത്ഥികളെ ഇടുക്കിക്കാർക്ക് പരിചയപ്പെടുത്തേണ്ടതില്ല. കാരണം തുടർച്ചയായ മൂന്നാം തവണ ലോക്‌സഭയില്‍ ഏറ്റുമുട്ടാനൊരുങ്ങുകയാണ് അഡ്വ. ജോയ്‌സ് ജോർജും അഡ്വ. ഡീന്‍ കുര്യാക്കോസും. 2014 ൽ ജോയ്സും 2019 ൽ ഡീനുമാണ് വിജയം വരിച്ചത്. 1.71 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ വർഷത്തെ ഡീനിന്റെ വിജയം. എന്നാൽ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി നിന്നത് യുഡിഎഫിനൊപ്പമാണ്.
ഓരോ തവണയും തിരഞ്ഞെടുപ്പിൽ വിഷയങ്ങൾ മാറി മാറി വരുമ്പോഴും ഇടുക്കിയുടെ ചർച്ച വിഷയങ്ങൾ മാനുഷികമാണ്. നേരത്തെയുള്ള തിരഞ്ഞെടുപ്പ് സാഹചര്യങ്ങൾ അല്ല ഇപ്പോൾ മണ്ഡലത്തിലുള്ളത്. തങ്ങൾക്കൊപ്പം നില്ക്കാൻ ആരെന്നതാണ് ഇടുക്കിയുടെ ചോദ്യം.ആരാകും ഇടുക്കിയിൽ ഇക്കുറി വിജയക്കൊടി നാട്ടുക ?